ഭൂമി കയ്യേറ്റമെന്ന പേരില്‍ സ്വാതന്ത്ര്യത്തിനു മുന്‍പുള്ള മസ്ജിദ് പൊളിച്ചു നീക്കിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ സഹാരന്‍പൂര്‍ ജില്ലാ കളക്ടറേറ്റ് വളപ്പില്‍ സ്ഥിതി ചെയ്തിരുന്ന 115 വര്‍ഷത്തിലേറെ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ പള്ളിയാണ്, സര്‍ക്കാറിന്റെ ഭൂമി കൈയേറി നിര്‍മ്മിച്ചതാണെന്ന പ്രാദേശിക കോടതിയുടെ വിധിയെത്തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ അധികൃതര്‍ പൊളിച്ചുനീക്കിയത്. അഞ്ച് കമ്പനി സായുധ പൊലീസിനെയും കലാപവിരുദ്ധ സേനയെയും പ്രദേശത്ത് വന്‍തോതില്‍ വിന്യസിച്ച ശേഷമായിരുന്നു പൊളിക്കല്‍. എന്നാല്‍ കോടതി വിധിവന്ന് വെറും മൂന്ന് ദിവസത്തിനകം അപ്പീല്‍ നല്‍കാന്‍ പോലും സമയം അനുവദിക്കാതെ നടത്തിയ ഈ നടപടി സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. നടപടി നടക്കുന്ന സമയത്ത് പ്രതിപക്ഷ ജനപ്രതിനിധികളെ സ്ഥലത്തേക്ക് കടക്കാന്‍ അനുവദിച്ചിരുന്നില്ല.
കോടതി വിധിയും ഭരണകൂടത്തിന്റെ വാദവും
സര്‍ക്കാരിന്റെ ഈ നടപടി നിയമവിരുദ്ധവും അനാവശ്യവുമാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് മുഖ്യമന്ത്രി ആദിത്യനാഥിന്റെ സര്‍ക്കാരും ഭരണകൂടവും മുസ്ലീം സമുദായത്തിന്റെ ആരാധനാലയങ്ങളെ ലക്ഷ്യമിടുകയാണെന്ന് സമാജ്വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, ബിഎസ്പി, എഎപി നേതാക്കള്‍ ആരോപിച്ചു. ജൂലൈയില്‍ സിറ്റി മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഒഴിപ്പിക്കല്‍ ഉത്തരവിനെതിരെ മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി നല്‍കിയ അപ്പീല്‍ സെപ്റ്റംബര്‍ രണ്ടിന് ജില്ലാ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ സെപ്റ്റംബര്‍ അഞ്ചിനാണ് അധികൃതര്‍ പൊളിക്കല്‍ നടപടികള്‍ നടത്തിയത്. 315 ചതുരശ്ര മീറ്റര്‍ വരുന്ന സര്‍ക്കാര്‍ ഭൂമി 'അനധികൃതമായി കൈവശം വെച്ചതിന്' 6.41 കോടി രൂപ പിഴ ചുമത്തുകയും ഒഴിഞ്ഞുകൊടുക്കാന്‍ 30 ദിവസത്തെ സമയപരിധി നല്‍കുകയും ചെയ്തിരുന്നു.
റവന്യൂ റെക്കോര്‍ഡുകള്‍ പ്രകാരം, ഈ ഭൂമി കളക്ടറേറ്റ് സമുച്ചയത്തിന്റെ ഭാഗമായ സര്‍ക്കാര്‍ ഭൂമിയാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വാദം. കോടതി ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങള്‍ക്കുള്ള വിശ്രമകേന്ദ്രമായി നിര്‍മ്മിച്ച കെട്ടിടം കാലക്രമേണ മസ്ജിദാക്കി മാറ്റുകയായിരുന്നുവെന്നും ഇവിടെ പ്രവര്‍ത്തിച്ചിരുന്ന സബ് പോസ്റ്റ് ഓഫീസില്‍ നിന്ന് മസ്ജിദ് കമ്മിറ്റി അനധികൃതമായി വാടക ഈടാക്കിയെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. അതേസമയം, വസ്തുവിന്റെ ഉടമസ്ഥാവകാശവും നിയമപരമായ കൈവശാവകാശവും തെളിയിക്കാന്‍ മസ്ജിദ് കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
2025-ല്‍ ബജ്റംഗ് ദള്‍ പ്രവര്‍ത്തകന്‍ വികാസ് ത്യാഗി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് മസ്ജിദ് ആദ്യമായി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് റവന്യൂ വകുപ്പ് അന്വേഷണം നടത്തുകയും സഹാരന്‍പൂര്‍ ഡിഎം വഴി സംസ്ഥാന സര്‍ക്കാര്‍ കേസ് ഫയല്‍ ചെയ്യുകയുമായിരുന്നു.
പള്ളി കമ്മിറ്റിയുടെ വാദങ്ങള്‍
പള്ളി 1911-ന് മുന്‍പ് നിര്‍മ്മിക്കപ്പെട്ടതാണെന്നും 1991-ലെ 'ആരാധനാലയ നിയമം' പ്രകാരം ഇതിന് സംരക്ഷണത്തിന് അര്‍ഹതയുണ്ടെന്നും മസ്ജിദ് മുതവല്ലി മുഹമ്മദ് തന്‍വീര്‍ അഹമ്മദ് വ്യക്തമാക്കി. 1957 മുതല്‍ മുന്‍സിപ്പല്‍ രേഖകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഈ നിര്‍മ്മിതി വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും ഇവിടെ പ്രവര്‍ത്തിച്ചിരുന്ന പോസ്റ്റ് ഓഫീസിന് 1960 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ വാടക നല്‍കുന്നുണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. ഈ ഭൂമി സമീന്ദാരി ഭൂമിയായി രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും അല്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ പൊതുസ്വത്തല്ലെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഈ വിഷയത്തില്‍ ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിനെ കക്ഷിയാക്കിയിട്ടില്ലെന്നും അതിനാല്‍ വഖഫ് ആക്ടിലെ സെക്ഷന്‍ 85 പ്രകാരം സഹാരന്‍പൂര്‍ ഭരണകൂടം നല്‍കിയ കേസ് നിലനില്‍ക്കില്ലെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു. എന്നാല്‍ തെളിവുകളില്‍ നിയമപരമോ വസ്തുതാപരമോ ആയ തെറ്റുകളില്ലെന്നു ജഡ്ജി കുമാര്‍ നിരീക്ഷിച്ചു. തുടര്‍ന്ന് അപ്പീല്‍ തള്ളുകയും ചെയ്തു.
പ്രതിപക്ഷ നേതാക്കള്‍ വീട്ടുതടങ്കലില്‍
മസ്ജിദ് പൊളിക്കുന്ന സമയത്ത് തങ്ങളെ വീട്ടില്‍ തടഞ്ഞുവെച്ചതായി കൈരാനയില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി എംപി ഇഖ്റ ഹസന്‍ ആരോപിച്ചു. ഹൈക്കോടതിയെ സമീപിക്കാന്‍ സമയം അനുവദിക്കാതെയാണ് അതിവേഗം പൊളിച്ചുനീക്കല്‍ നടത്തിയതെന്ന് ഇഖ്റ ഹസ കുറ്റപ്പെടുത്തി. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബിഎസ്പി അധ്യക്ഷ മായാവതി, കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ്, എഎപി എംപി സഞ്ജയ് സിംഗ് എന്നിവരും സര്‍ക്കാരിന്റെ അതിവേഗ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ കോടതി ഉത്തരവുകള്‍ കൃത്യമായി പാലിച്ചും നോട്ടീസ് കാലാവധി പൂര്‍ത്തിയാക്കിയുമാണ് ഒഴിപ്പിക്കല്‍ നടപ്പിലാക്കിയതെന്നും നിയമം അതിന്റെ വഴിക്കാണ് പോയതെന്നും ബിജെപി പ്രാദേശിക നേതൃത്വവും ഭരണകൂടവും ന്യായീകരിച്ചു.
The Uttar Pradesh government has demolished a more than 115-year-old mosque located inside the Saharanpur District Collectorate premises, citing illegal occupation of government land. The demolition was carried out in the early hours of September 5, just three days after a district court dismissed the mosque management committee’s appeal against an earlier eviction order. Authorities deployed five companies of armed police and riot-control personnel, while opposition representatives were reportedly prevented from entering the area. The administration maintains that the 315-square-metre site is government land and that the structure, originally built as a resting facility for people visiting the court, was later converted into a mosque. The mosque committee, however, claims that the mosque predates 1911, has been recorded in municipal documents since 1957 and is registered with the Waqf Board. It has also argued that the mosque is protected under the Places of Worship Act, 1991.