

'എത്ര ഭക്ഷണം നല്കിയാലും വിശപ്പ് മാറാത്തവരാണു നിങ്ങള്‍. കോര്‍പറേറ്റ് നികുതി 30 ശതമാനമാക്കിയിരുന്നത് 22 ശതമാനമാക്കി കുറച്ചു. 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായനികുതി ഒഴിവാക്കി നല്കി. നികുതി ഇളവ് നല്‍കിയതിനു പിന്നാലെ നിങ്ങള്‍ ജീവനക്കാരുടെ ശമ്പളം കൂട്ടിയോ? ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചോ? ഇല്ല. എല്ലാം മോദിജി ചെയ്യട്ടെ, ഞങ്ങള്‍ നോക്കിക്കൊള്ളാം എന്നാണു നിങ്ങളുടെ നിലപാട്'. നാല് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു. സ്വകാര്യ കമ്പനികള്‍ക്ക് നല്കിയ നികുതിയിളവുകള്‍ക്ക് ആനുപാതികമായി ജീവനക്കാരുടെ ശമ്പളവും തൊഴിലവസരങ്ങളും വര്‍ധിപ്പിച്ചില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനം രാജ്യത്ത് വലിയ ചര്‍ച്ചയ്ക്കാണ് തുടക്കമിട്ടത്. നവംബര്‍ 19ന് ഡല്‍ഹിയില്‍ നടന്ന വ്യവസായ സംഘടനയായ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (ഫിക്കി) നൂറാം വാര്‍ഷിക സമ്മേളനത്തിലായിരുന്നു കോര്‍പ്പറേറ്റ് മേഖലയെ പ്രധാനമന്ത്രി വിമര്‍ശിച്ചത്.
സര്‍ക്കാരിന്റെ ഇളവുകള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി കോര്‍പറേറ്റ് സ്ഥാപനങ്ങളെ വിമര്‍ശിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്വന്തം സ്ഥാപനങ്ങളിലെ തൊഴില്‍ കണക്കുകളും ചര്‍ച്ചയാവുകയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും പൊതുമേഖലാ ബാങ്കുകളിലും സ്ഥിരം ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ തൊഴില്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പ്രധാനമന്ത്രി കോര്‍പറേറ്റുകളോട് ചോദിച്ചതിന് സമാനമായ ചോദ്യങ്ങള്‍ സര്‍ക്കാരിനുനേരെയും ഉയരുകയാണ്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാരുടെ എണ്ണം 2014-15ല്‍ 12.91 ലക്ഷമായിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം 2024-25 ആയപ്പോഴേക്കും ഇത് 7.84 ലക്ഷമായി കുറഞ്ഞു. പത്തുവര്‍ഷത്തിനിടെ ഏകദേശം 5.07 ലക്ഷം സ്ഥിരം തൊഴിലുകളാണ് ഇല്ലാതായത്. 2024-25ല്‍ മാത്രം സ്ഥിരം ജീവനക്കാരുടെ എണ്ണത്തില്‍ 29,752ന്റെ കുറവുണ്ടായി.
അതേസമയം, കരാര്‍, താല്‍ക്കാലിക, ദിവസവേതന ജീവനക്കാരുടെ എണ്ണം 54,124 വര്‍ധിച്ച് 7.59 ലക്ഷത്തിലെത്തി. ഇതോടെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ആകെ ജീവനക്കാരുടെ എണ്ണം 15.42 ലക്ഷമായി ഉയര്‍ന്നെങ്കിലും ഈ വളര്‍ച്ചയുടെ പ്രധാന പങ്കും സ്ഥിരമല്ലാത്ത നിയമനങ്ങളിലൂടെയായിരുന്നു. ആകെ ജീവനക്കാരില്‍ താല്‍ക്കാലിക, കരാര്‍ ജീവനക്കാരുടെ വിഹിതം 49.19 ശതമാനമായി ഉയരുകയും ചെയ്തു.
പൊതുമേഖലാ ബാങ്കുകളിലും സ്ഥിതി വ്യത്യസ്തമല്ല. റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം 2014-15ല്‍ 8.60 ലക്ഷമായിരുന്ന ജീവനക്കാരുടെ എണ്ണം 2025 മാര്‍ച്ചില്‍ ഏകദേശം 7.49 ലക്ഷമായി കുറഞ്ഞു. മറുവശത്ത്, സ്വകാര്യ ബാങ്കുകളിലെ ജീവനക്കാരുടെ എണ്ണം ഇതേ കാലയളവില്‍ 3.19 ലക്ഷത്തില്‍നിന്ന് 8.38 ലക്ഷമായി വര്‍ധിച്ചു. ബാങ്കുകളുടെ ലയനം, ഡിജിറ്റലൈസേഷന്, വിരമിക്കല്‍, ജീവനക്കാരുടെ പുനഃക്രമീകരണം എന്നിവ പൊതുമേഖലാ ബാങ്കുകളിലെ കുറവിന് കാരണമായിട്ടുണ്ട്. കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനും ജീവനക്കാരുടെ എണ്ണം ക്രമീകരിക്കേണ്ടിവരുമെന്ന വാദമായിരിക്കും സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുക. എന്നാല്‍ സ്ഥിരം തൊഴിലുകള്‍ കുറയുകയും കരാര്‍ നിയമനങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന പ്രവണത തൊഴില്‍ സുരക്ഷയെക്കുറിച്ചും ആശങ്കയുയര്‍ത്തുന്നതാണ്.
Prime Minister Narendra Modi’s criticism of corporate India for failing to create jobs and increase salaries despite receiving tax concessions has raised questions about the employment record of government-owned enterprises. Official data shows that permanent employment in Central Public Sector Enterprises (CPSEs) declined from 12.91 lakh in 2014-15 to 7.84 lakh in 2024-25, a reduction of nearly 39%. During the same period, public sector banks saw their workforce shrink from 8.60 lakh to around 7.49 lakh. While total employment in CPSEs increased marginally, the growth was largely driven by contractual and temporary hiring. In contrast, private sector banks expanded their workforce significantly. The figures highlight the decline in secure public sector jobs and raise questions about the government's accountability in employment generation, particularly as it urges private companies to translate tax benefits into higher wages and more jobs.