ഒരു കുഞ്ഞിന്റെ ജീവന്‍ നല്‍കിയ മൗലികാവകാശം; സുപ്രീം കോടതി വിധിച്ച റൈറ്റ് ടു വാക്ക് ഇന്ത്യയെ മാറ്റുമോ?

സ്വകാര്യ കാറുകള്‍ ഉപയോഗിക്കുന്നവരേക്കാള്‍ റോഡപകടങ്ങള്‍ക്കിരയാകുന്നത് കാല്‍നടയാത്രക്കാരും സൈക്കിള്‍ യാത്രക്കാരുമാണ്
ഒരു കുഞ്ഞിന്റെ ജീവന്‍ നല്‍കിയ മൗലികാവകാശം; സുപ്രീം കോടതി വിധിച്ച റൈറ്റ് ടു വാക്ക് ഇന്ത്യയെ മാറ്റുമോ?
Published on

ക്ലാസ്സ് മുറിയിലെ ബഹളങ്ങള്‍ക്കിടയില്‍ നിന്നും തോളില്‍ തൂക്കിയ സ്‌കൂള്‍ ബാഗുമായി അവന്‍ പുറത്തേക്കിറങ്ങി. ഇന്ത്യയിലെ ഏതൊരു സാധാരണ നഗരത്തിലെയും പോലെ കാല്‍നടയാത്രക്കാര്‍ക്കു വഴിയില്ലാത്ത, വാഹനങ്ങള്‍ ഹോണ്‍ മുഴക്കി പാഞ്ഞുപോകുന്ന ഒരു ഇടുങ്ങിയ റോഡരികിലൂടെയായിരുന്നു അവന്റെയും വീട്ടിലേക്കുള്ള യാത്ര. ലക്ഷ്യം ഏതാനും മീറ്ററുകള്‍ മാത്രം അകലെയുള്ള സുരക്ഷിതമായ വീടായിരുന്നു.

പക്ഷേ, ആ കുഞ്ഞ് വീട്ടിലെത്തിയില്ല. നിയന്ത്രണം വിട്ടു പാഞ്ഞുവന്നൊരു വണ്ടി അവനെ തെറിപ്പിച്ചു കളഞ്ഞു. നിമിഷനേരം കൊണ്ട് ആ റോഡരികില്‍ ചോര പടര്‍ന്നു. വീണുകിടന്ന ബാഗില്‍ നിന്നും ചിതറിത്തെറിച്ച പുസ്തകത്താളുകളില്‍ ചോരത്തുള്ളികള്‍ വീണു പടര്‍ന്നു. പാതിവഴിയില്‍ നിലച്ചുപോയ ആ കുഞ്ഞുജീവന്‍ ഒരു നാടിന്റെ മുഴുവന്‍ കണ്ണീരായി മാറി. കാറുകള്‍ക്കും വലിയ വാഹനങ്ങള്‍ക്കും വേണ്ടി മാത്രം കോണ്‍ക്രീറ്റ് പാതകള്‍ പണിയുന്ന നമ്മുടെ രാജ്യത്തെ അശാസ്ത്രീയ വികസനത്തിന്റെയും അനാസ്ഥയുടെയും ഇരയായിരുന്നു ആ സ്‌കൂള്‍ വിദ്യാര്‍ത്ഥി.

പലപ്പോഴും ഇത്തരം അപകടങ്ങള്‍ വെറുമൊരു ഇന്‍ഷുറന്‍സ് ക്ലെയിമിലോ ഡ്രൈവറുടെ അറസ്റ്റിലോ അവസാനിക്കാറാണ് പതിവ്. എന്നാല്‍ ഈ ദാരുണ മരണം വെറുമൊരു റോഡപകട കേസിന്റെ ഫയലുകളില്‍ ഒതുങ്ങിപ്പോകാന്‍ സുപ്രീം കോടതി തയ്യാറായില്ല. ആ കുരുന്നിന്റെ ജീവനറ്റ ശരീരം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ രാജ്യം അത്രമേല്‍ പ്രധാനപ്പെട്ട ഒരു പുതിയ നിയമചരിത്രത്തിലേക്ക് വഴിമാറുകയായിരുന്നു.

സ്വകാര്യ കാറുകള്‍ ഉപയോഗിക്കുന്നവരേക്കാള്‍ റോഡപകടങ്ങള്‍ക്കിരയാകുന്നത് കാല്‍നടയാത്രക്കാരും സൈക്കിള്‍ യാത്രക്കാരുമാണ്. ഇവരില്‍ ഭൂരിഭാഗവും മറ്റു വാഹനങ്ങള്‍ വാങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്തതുകൊണ്ട് മാത്രം നടക്കാന്‍ നിര്‍ബന്ധിതരാകുന്ന സാധാരണക്കാരാണ്

വിവേചനത്തിന്റെ റോഡുകള്‍ അഥവാ 'എലൈറ്റ് ക്യാപ്ചര്‍'

ഈ കേസ് പരിഗണിച്ച സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വിധി പ്രസ്താവിച്ചപ്പോള്‍ അത് ഇന്ത്യന്‍ നിയമചരിത്രത്തിലെ തന്നെ ഏറ്റവും വലിയൊരു നാഴികക്കല്ലായി മാറി. റോഡരികുകളില്‍ കൃത്യമായി വേര്‍തിരിച്ച നടപ്പാതകളിലൂടെ സുരക്ഷിതമായി നടക്കുകയെന്നതു പൗരന്റെ മൗലികാവകാശമാണ് എന്ന് കോടതി പ്രഖ്യാപിച്ചു.

നമ്മുടെ റോഡുകള്‍ രൂപകല്‍പ്പന ചെയ്യുമ്പോള്‍ പണക്കാരുടെ ആവശ്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും സാധാരണക്കാരായ കാല്‍നടയാത്രക്കാരെ പൂര്‍ണമായും അവഗണിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. വികസന രംഗത്ത് ഇതിനെ 'എലൈറ്റ് ക്യാപ്ചര്‍' എന്നാണ് വിളിക്കുന്നത്. അതായത്, ഭൂരിപക്ഷമുള്ള സാധാരണക്കാരന്റെ നികുതിപ്പണം കൊണ്ട് പണിയുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ന്യൂനപക്ഷമായ വരേണ്യവര്‍ഗത്തിന്റെ കാറുകള്‍ക്കും ആഡംബരങ്ങള്‍ക്കുമായി മാത്രം മാറ്റിവെക്കപ്പെടുന്നു.

ഒരു കുഞ്ഞിന്റെ ജീവന്‍ നല്‍കിയ മൗലികാവകാശം; സുപ്രീം കോടതി വിധിച്ച റൈറ്റ് ടു വാക്ക് ഇന്ത്യയെ മാറ്റുമോ?
കേരളത്തില്‍ 70 ശതമാനം കര്‍ഷകരും കടക്കെണിയില്‍; പ്രതിവര്‍ഷം 1,069 ആത്മഹത്യകള്‍; മരണക്കെണിയാകുന്ന വിളനിലങ്ങൾ

സ്വകാര്യ കാറുകള്‍ ഉപയോഗിക്കുന്നവരേക്കാള്‍ റോഡപകടങ്ങള്‍ക്കിരയാകുന്നത് കാല്‍നടയാത്രക്കാരും സൈക്കിള്‍ യാത്രക്കാരുമാണ്. ഇവരില്‍ ഭൂരിഭാഗവും മറ്റു വാഹനങ്ങള്‍ വാങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്തതുകൊണ്ട് മാത്രം നടക്കാന്‍ നിര്‍ബന്ധിതരാകുന്ന സാധാരണക്കാരാണ്. റോഡുകളുടെ ഈ സുരക്ഷിതത്വമില്ലായ്മ ദരിദ്രരുടെ ജീവിതനിലവാരത്തെ കൂടുതല്‍ തകര്‍ക്കുന്നു. കുട്ടികള്‍ക്ക് സുരക്ഷിതമായി സ്‌കൂളില്‍ പോകാനോ കളിക്കാനോ കഴിയുന്നില്ല. ഭരണഘടനയുടെ അനുച്ഛേദം 19(1)(ഡി) പ്രകാരം ഇന്ത്യയിലുടനീളം സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും അനുച്ഛേദം 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശവും മുന്‍നിര്‍ത്തിയാണ് നടക്കാനുള്ള അവകാശം മൗലികാവകാശമായി കോടതി പ്രഖ്യാപിച്ചത്. അതായത്, ഒരു കുഞ്ഞിന്റെ ജീവന്‍ നല്‍കിയ വിലയാണ് ഈ മൗലികാവകാശം!

സുപ്രീം കോടതി ചൂണ്ടിക്കാണിച്ചതുപോലെ, 'നടത്തം എന്നത് വെറുമൊരു ചലനം മാത്രമല്ല. അത് ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്യം (അനുച്ഛേദം 19(1)(എ)), ഒത്തുചേരലിനും (അനുച്ഛേദം 19(1)(ബി)), ഒത്തുചേര്‍ന്ന് ജീവിക്കാനുമുള്ള അവകാശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഈ വിധി ഇന്ത്യയെ മാറ്റുമോ? മുന്നിലുള്ള കടമ്പകള്‍

കോടതി വിധി വന്നെങ്കിലും അത് യഥാര്‍ത്ഥത്തില്‍ നടപ്പിലാകണമെങ്കില്‍ നിലവിലുള്ള ഭരണപരമായ അനാസ്ഥയും ഏകോപനമില്ലായ്മയും അവസാനിക്കണം. നിലവില്‍ നമ്മുടെ നടപ്പാതകളുടെ അവസ്ഥ പല തട്ടുകളായി ചിതറിക്കിടക്കുകയാണ്. അത് ഇങ്ങനെയാണ്:

മരം വെട്ടലും ശുചീകരണവും: മുനിസിപ്പാലിറ്റികള്‍ ചെയ്യുന്നു.

റോഡ് നിര്‍മാണം: പിഡബ്ല്യുഡിഅല്ലെങ്കില്‍ ദേശീയപാത അതോറിറ്റികള്‍ ചെയ്യുന്നു.

തടസ്സങ്ങള്‍ സൃഷ്ടിക്കല്‍: ഇലക്ട്രിസിറ്റി ബോര്‍ഡ് പോസ്റ്റുകളും വാട്ടര്‍ അതോറിറ്റി പൈപ്പുകളും യാതൊരു ദാക്ഷിണ്യവുമില്ലാതെ നടപ്പാതകളില്‍ കൊണ്ടിടുന്നു.

പാര്‍ക്കിങ്: ട്രാഫിക് പൊലീസും മുനിസിപ്പാലിറ്റിയും നിയന്ത്രിക്കുന്നുവെങ്കിലും നടപ്പാതയിലെ അനധികൃത പാര്‍ക്കിങ്ങിന് ആരും ഉത്തരവാദിത്തം ഏല്‍ക്കുന്നില്ല.

ഒരു കുഞ്ഞിന്റെ ജീവന്‍ നല്‍കിയ മൗലികാവകാശം; സുപ്രീം കോടതി വിധിച്ച റൈറ്റ് ടു വാക്ക് ഇന്ത്യയെ മാറ്റുമോ?
45 സര്‍ജറികള്‍, കോടികളുടെ തട്ടിപ്പ്; മുംബൈയില്‍നിന്ന് കേരളത്തിലേക്കുവരെ നീളുന്ന ഇന്‍ഫെര്‍ട്ടിലിറ്റി മാഫിയ, ഇരകൾ ദരിദ്രസ്ത്രീകൾ

ഇതിനൊരു പരിഹാരമായാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് (മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍, പഞ്ചായത്തുകള്‍) പൂര്‍ണ ഉത്തരവാദിത്തമുള്ള നിയന്ത്രണ സംവിധാനം സുപ്രീം കോടതി ആവശ്യപ്പെടുന്നത്.

റോഡപകടത്തില്‍ പൊലിഞ്ഞുപോയ ആ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഓര്‍മള്‍ക്കു മുന്നില്‍ രാജ്യം നല്‍കുന്ന ഏറ്റവും വലിയ പ്രായശ്ചിത്തമാണ് ഈ വിധി

ഈ ചരിത്രപരമായ വിധിയിലൂടെ രാജ്യത്തെ കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മൂന്നു പ്രധാന മാറ്റങ്ങള്‍ക്കാണ് സുപ്രീം കോടതി തുടക്കമിട്ടിരിക്കുന്നത്.

പ്രത്യേക കാല്‍നടയാത്ര നിയമം: കാല്‍നടയാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി രാജ്യം ഒട്ടാകെ ബാധകമാകുന്ന ഒരു പുതിയ നിയമം നിര്‍മിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്തം: കെഎസ്ഇബി പോസ്റ്റുകളോ വാട്ടര്‍ അതോറിറ്റി പൈപ്പുകളോ വെച്ച് നടപ്പാതകള്‍ തടസ്സപ്പെടുത്തിയാല്‍ ഇനി തദ്ദേശസ്ഥാപനങ്ങള്‍ കോടതിയില്‍ മറുപടി പറയേണ്ടി വരും.

സുരക്ഷിത ഇടനാഴികള്‍: സ്‌കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയ്ക്കു ചുറ്റുമുള്ള പ്രദേശങ്ങളില്‍ കുട്ടികള്‍ക്കും സാധാരണക്കാര്‍ക്കും സുരക്ഷിതമായി നടക്കാന്‍ പ്രത്യേക കാല്‍നട ശൃംഖലകള്‍ അടിയന്തരമായി നിര്‍മിക്കണം.

റോഡപകടത്തില്‍ പൊലിഞ്ഞുപോയ ആ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഓര്‍മള്‍ക്കു മുന്നില്‍ രാജ്യം നല്‍കുന്ന ഏറ്റവും വലിയ പ്രായശ്ചിത്തമാണ് ഈ വിധി. കുറച്ചു കോണ്‍ക്രീറ്റ് നടപ്പാതകള്‍ നിര്‍മിക്കുന്നതിനപ്പുറം, ഇനി വരുന്ന ഒരു കുഞ്ഞിനും റോഡില്‍ ജീവന്‍ നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കുന്ന ഒരു പുതിയ നഗരസംസ്‌കാരത്തിന് ഈ സുപ്രീം കോടതി വിധി കാരണമാകുമോയെന്നത് ഇനി അധികാരികള്‍ ഇത് എങ്ങനെ നടപ്പാക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു. എങ്കിലും, സാധാരണക്കാരന്റെ നടത്തത്തിന് നിയമത്തിന്റെ കാവലൊരുക്കാന്‍ ആ കുരുന്നിന്റെ ചോര വേണ്ടി വന്നുവെന്നത് ഇന്ത്യന്‍ ഭരണകൂടങ്ങള്‍ക്കുള്ള ഒരു വലിയ മുന്നറിയിപ്പാണ്.

Madism Digital
madismdigital.com