ഗ്യാനേഷ് കുമാറിന്റെ രാജിക്കായി മുറവിളി: രാജ്യവ്യാപക പ്രതിഷേധം, തെരുവിലിറങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍

കോണ്‍ഗ്രസ്, സിപിഎം ഉള്‍പ്പെടെയുള്ള ഇടത് പാര്‍ട്ടികള്‍, വിദ്യാര്‍ഥി സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം
ഗ്യാനേഷ് കുമാറിന്റെ രാജിക്കായി മുറവിളി: രാജ്യവ്യാപക പ്രതിഷേധം, തെരുവിലിറങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍
Published on: 

വോട്ടര്‍പട്ടിക പരിഷ്‌കരണത്തിലെ (എസ്‌ഐആര്‍) അപാകതകള്‍, തിരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ കടുത്ത ഭിന്നതകള്‍ എന്നിവ പുറത്തുവന്നതിന് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യം ശക്തമാകുന്നു. ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഇടങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. കോണ്‍ഗ്രസ്, സിപിഎം ഉള്‍പ്പെടെയുള്ള ഇടത് പാര്‍ട്ടികള്‍, വിദ്യാര്‍ഥി സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ന്നു. ഗ്യാനേഷ് കുമാറിനെ കുറ്റവിചാരണ ചെയ്ത് പുറത്താക്കി വിചാരണ നടപടികള്‍ക്ക് വിധേയനാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഇടത് വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ നേതൃത്വത്തില്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന ഉപരോധ സമരം പൊലീസുമായി ഏറ്റുമുട്ടലില്‍ കലാശിച്ചു. സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ്, ഐസ ദേശീയ പ്രസിഡന്റ് നേഹ തുടങ്ങിയ പ്രമുഖ നേതാക്കളെയടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധം ശക്തമായതോടെ ജന്തര്‍ മന്തര്‍ അടച്ചു. പ്രദേശത്ത് ക്രമസമാധാന പാലനത്തിനായി കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചു. ഡല്‍ഹി പൊലീസിന് പുറമെ കേന്ദ്രസേനകളായ സിആര്‍പിഎഫ്, ബിഎസ്എഫ്, എസ്എസ്ബി എന്നിവരെ വിന്യസിച്ചിട്ടുണ്ട്. അസമില്‍ നടന്ന പ്രതിഷേധത്തില്‍ ലോക്‌സഭാ ഡെപ്യൂട്ടി ലീഡര്‍ ഗൗരവ് ഗോഗോയിയും അറസ്റ്റിലായിട്ടുണ്ട്.

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി മുറവിളി: രാജ്യവ്യാപക പ്രതിഷേധം, തെരുവിലിറങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍
തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഭിന്നത! തീരുമാനങ്ങളെല്ലാം ഗ്യാനേഷ് കുമാറിന്റേതെന്ന് സന്ധുവും ജോഷിയും, വിവാദം

ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച റോഡ് ഉപരോധത്തിന് നേരെയും പൊലീസ് നടപടിയുണ്ടായി. എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം ഉണ്ടായി. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കി. പൊലീസ് നടപടിക്ക് എതിരെ പ്രതിഷേധവുമായി ഇടത് എംപിമാരായ ടി ശിവദാസന്‍, എഎ റഹീം എന്നിവരും പ്രദേശത്തെത്തി. ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും വന്‍ പ്രതിഷേധ മാര്‍ച്ചുകള്‍ നടന്നു. വരുന്ന മണിക്കൂറുകളില്‍ കൂടുതല്‍ ബഹുജന സംഘടനകള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് തെരുവിലിറങ്ങുമെന്നറിയിച്ചതിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ കടുപ്പിച്ചത്. വിഷയത്തില്‍ സിപിഎം നാളെ മുതല്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും.

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി മുറവിളി: രാജ്യവ്യാപക പ്രതിഷേധം, തെരുവിലിറങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍
അർഹർക്കും വോട്ടവകാശം നഷ്ടമായി; ഗോവയിൽ 97 പേർ വോട്ടർപട്ടികയ്ക്ക് പുറത്ത്

തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ രൂക്ഷമായ പ്രതികരണമാണ് വിവിധ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ നടത്തിയത്. ഗ്യാനേഷ് കുമാര്‍ ഉടന്‍ രാജിവെക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെ കുറിച്ച് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച അദ്ദേഹം ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമാണെന്ന് ഇന്നലെ തന്നെ ആരോപിച്ചിരുന്നു. ഗ്യാനേഷ് കുമാറിനെ ഉടന്‍ നീക്കണമെന്നും സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം പി ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങള്‍ പാര്‍ലമെന്ററി കമ്മിറ്റി പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ആവശ്യപ്പെട്ടു.

കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങള്‍ രേഖപ്പെടുത്തിയ നിയമപരമായ അഭിപ്രായങ്ങള്‍ പോലും തള്ളിക്കളഞ്ഞുകൊണ്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നടത്തുന്ന ഏകാധിപത്യപരമായ ഇടപെടലുകള്‍ അങ്ങേയറ്റം ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങള്‍ മുമ്പൊരിക്കലുമില്ലാത്തവിധം വലിയ ഭീഷണി നേരിടുകയാണ്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ട ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ക്കപ്പെടുന്ന ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൂട്ടുത്തരവാദിത്തം പൂര്‍ണ്ണമായും ഇല്ലാതാക്കിയ അദ്ദേഹം, ഭരണകക്ഷിക്ക് അനുകൂലമായി കമ്മീഷനെ ചലിപ്പിക്കാനും അധികാരം അട്ടിമറിക്കാനും ശ്രമിക്കുകയാണ്. എസ്‌ഐആര്‍, എസ്.എസ്.ആര്‍ തുടങ്ങിയ വോട്ടര്‍പട്ടിക പുനഃപരിശോധനാ പ്രക്രിയകളില്‍ സുതാര്യതയില്ലാത്ത തീരുമാനങ്ങളാണ് അടിച്ചേല്‍പ്പിക്കുന്നത്. മാത്രമല്ല, ഈ കൃത്രിമങ്ങള്‍ക്കെല്ലാം ഇലക്ഷന്‍ കമ്മീഷന്‍ ആസ്ഥാനത്ത് നിന്നുതന്നെയാണ് നേതൃത്വം നല്‍കിയത് എന്ന മാധ്യമ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഈ ഗൂഢാലോചന, ഭരണഘടന ഉറപ്പുനല്‍കുന്ന സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം എന്ന അടിസ്ഥാന അവകാശത്തെയാണ് ഇല്ലാതാക്കുന്നത്.

ഈ ഗുരുതരമായ സാഹചര്യത്തില്‍ നമുക്ക് മൗനം പാലിക്കാനാകില്ല. ഈ ജനാധിപത്യ ധ്വംസനത്തിനെതിരെ രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി രംഗത്തുവന്നിരിക്കുകയാണ്. ഭരണകക്ഷിക്ക് അനുകൂലമായി ജനാധിപത്യ സംവിധാനത്തില്‍ കൃത്രിമം കാണിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഉടനടി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണം. സുതാര്യമല്ലാത്ത വോട്ടര്‍പട്ടിക പുനഃപരിശോധനാ പ്രക്രിയകള്‍ അടിയന്തരമായി നിര്‍ത്തിവെച്ച്, പട്ടികയില്‍ നിന്ന് അന്യായമായി ഒഴിവാക്കപ്പെട്ടവരുടെ വോട്ടവകാശം പുനഃസ്ഥാപിക്കാന്‍ തയ്യാറാകണം.

നമ്മുടെ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തില്‍ നാം ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുണ്ട്. സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 2 വരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിന്റെ നിലനില്‍പ്പിനായി ഈ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ ഒന്നിച്ച് പ്രതിഷേധിക്കാനും പിണറായി ആഹ്വാനം ചെയ്തു.

Summary

Demands for the resignation and removal of Chief Election Commissioner Gyanesh Kumar have intensified amid the political controversy surrounding the Special Intensive Revision (SIR) of electoral rolls and reports of differences within the Election Commission. Reports have said Election Commissioners S. S. Sandhu and Vivek Joshi raised objections on several occasions over issues including voter registration, deletion of names and electoral-roll data. The Election Commission, however, has rejected the suggestion of a breakdown in decision-making, saying differing views are part of institutional deliberations and that its recent orders were unanimous.

Madism Digital
madismdigital.com