

ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ ഒരേസമയം കടുത്ത പ്രതിരോധത്തിലാക്കി അലഹബാദ് ഹൈക്കോടതിയുടെ ചരിത്രപരമായ വിമര്‍ശനവും ഭരണകക്ഷി മുന്നണിക്കുള്ളിലെ അപ്രതീക്ഷിത രാഷ്ട്രീയ കലാപവും. വ്യാജ പൊലീസ് ഏറ്റുമുട്ടലുകളെയും പൊലീസിന്റെ ഏകപക്ഷീയമായ നടപടികളെയും രൂക്ഷമായി വിമര്‍ശിച്ച കോടതി വിധിക്ക് പിന്നാലെ, സഖ്യകക്ഷികള്‍ തന്നെ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുവന്നത് യുപി ഭരണനേതൃത്വത്തിന് കനത്ത തിരിച്ചടിയായി. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങവെ, ഭരണഘടനാ സംവിധാനങ്ങളെയും ഭരണകക്ഷിയുടെ നിര്‍ണായകമായ പിന്നാക്ക ജാതി വോട്ട് ബാങ്കുകളെയും ഒരുപോലെ പിടിച്ചുലയ്ക്കുന്ന രാഷ്ട്രീയ പ്രതിസന്ധിക്കാണ് യുപി ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.
ഗാസിയാബാദിലെ ഒരു കുടുംബത്തിനെതിരെ ചുമത്തിയ ഗാങ്സ്റ്റര്‍ ആക്ട് കേസിലെ നടപടികള്‍ പൂര്‍ണമായി റദ്ദാക്കിക്കൊണ്ട് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വിനോദ് ദിവാകര്‍ പുറപ്പെടുവിച്ച വിധിയാണ് യോഗി ആദിത്യനാഥ് സർക്കാരിനു വെല്ലുവിളിയായിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ വിശ്വസ്തതയും അനുസരണവും ഭരണഘടനയോടല്ല, മറിച്ച് നിലവിലെ ഭരണകൂടത്തോടാണെന്ന് അദ്ദേഹം വിധിന്യായത്തില്‍ കുറ്റപ്പെടുത്തി. തങ്ങളുടെ സ്ഥലംമാറ്റങ്ങളും പ്രമോഷനുകളും നിയന്ത്രിക്കുന്ന രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ തക്കവണ്ണമാണ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്. ഇത്തരം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും തിരഞ്ഞുപിടിച്ചുള്ള അടിച്ചമര്‍ത്തലുകളും തങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന വ്യക്തികള്‍ക്കെതിരെ ഗാങ്സ്റ്റര്‍ ആക്ട് പോലുള്ള കരിനിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതും കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ജസ്റ്റിസ് വിനോദ് ദിവാകര്‍ കൂട്ടിച്ചേര്‍ത്തു.
ആദിത്യനാഥ് സര്‍ക്കാരിന്റെ മുഖമുദ്രയായ 'കുറ്റവാളികളോട് വിട്ടുവീഴ്ചയില്ല' എന്ന കടുത്ത ഭരണശൈലിയുടെ അന്തസ്സത്തയെത്തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ വിധി. പൊലീസിന്റെ ഏകപക്ഷീയമായ നടപടികള്‍ക്കു പിന്നില്‍ രാഷ്ട്രീയ താല്പര്യങ്ങളും ഉദ്യോഗസ്ഥരുടെ സ്വാര്‍ത്ഥതയുമാണെന്ന് കോടതി അടിവരയിട്ടു വ്യക്തമാക്കിയതോടെ, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കാലങ്ങളായി ഉന്നയിക്കുന്ന ആശങ്കകള്‍ക്ക് ഇപ്പോള്‍ ഔദ്യോഗികമായ നിയമസാധുത ലഭിച്ചിരിക്കുകയാണ്.
ഹൈക്കോടതി വിധി പുറത്തുവന്ന അതേ സമയത്തുതന്നെയാണ് കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരില്‍ കമലേഷ് ബിന്ദ് എന്ന ഇരുപത്തിയെട്ടുകാരൻ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. ഇതോടെ വിഷയം വലിയൊരു രാഷ്ട്രീയ കൊടുങ്കാറ്റായി മാറി. ഒരു വ്യാപാരിയുടെ മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കമലേഷ് ബിന്ദ് തങ്ങള്‍ക്കുനേരെ വെടിയുതിര്‍ത്തപ്പോള്‍ സ്വയംരക്ഷയ്ക്കായി തിരിച്ചടിച്ചതാണെന്നാണ് പൊലീസ് വക്താക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ കമലേഷിനെ തലേദിവസം തന്നെ പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തിരുന്നെന്നും ക്രൂരമായ മര്‍ദ്ദനത്തിനുശേഷം ജനവാസമില്ലാത്ത സ്ഥലത്തെത്തിച്ച് വ്യാജ ഏറ്റുമുട്ടലിലൂടെ വെടിവെച്ചുകൊല്ലുകയായിരുന്നെന്നുമാണ് കുടുംബം ആരോപിക്കുന്നത്. ഈ വിവാദ സംഭവം ഭരണകക്ഷിയായ എന്‍ഡിഎ മുന്നണിയില്‍ വിള്ളലുണ്ടാക്കി.
പിന്നാക്ക വിഭാഗമായ നിഷാദ് - മല്ല സമൂഹത്തിന്റെ പ്രതിനിധിയും സംസ്ഥാന കാബിനറ്റ് മന്ത്രിയുമായ ഡോ. സഞ്ജയ് നിഷാദ് സ്വന്തം സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുവന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരിട്ടുകണ്ട് കമലേഷ് ബിന്ദിന്റെ കൊലപാതകത്തില്‍ ഉന്നതതല പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ സഖ്യകക്ഷികളെ പിണക്കുന്നത് വന്‍ രാഷ്ട്രീയ തിരിച്ചടിക്കും വോട്ട് ചോര്‍ച്ചയ്ക്കും കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഈ രാഷ്ട്രീയ വിള്ളല്‍ സംസ്ഥാന കാബിനറ്റിലേക്കും പ്രതിപക്ഷത്തിലേക്കും വേഗത്തില്‍ പടര്‍ന്നു.
ബിജെപിയുടെ ഏറ്റവും പ്രമുഖനായ ഒബിസി നേതാവും ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യ, പൊലീസിന്റെ ഭാഗത്തുനിന്ന് മനഃപൂര്‍വമായ വീഴ്ചയോ അതിക്രമമോ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പ്രത്യേകമായി അന്വേഷിക്കുമെന്ന് പ്രസ്താവിച്ചു. ഇതു ഭരണപക്ഷത്തിനുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളുടെയും ജാതി സമവാക്യങ്ങളുടെയും സൂചനയാണ് നല്‍കുന്നത്. അതേസമയം, സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ ഡിംപിള്‍ യാദവും അഫ്‌സല്‍ അന്‍സാരിയും ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. പ്രതിയെ ജീവനോടെ പിടികൂടാമായിരുന്നിട്ടും കോടതി വിചാരണകള്‍ പൂര്‍ണമായി മറികടക്കുന്ന തരത്തിൽ വെടിവെച്ചുകൊന്നത് എന്തിനാണെന്ന് അവര്‍ ചോദ്യമുയർത്തി.
ഈ പ്രതിസന്ധി കേവലം ഒരു ക്രമസമാധാന പ്രശ്‌നം മാത്രമല്ല, മറിച്ച് ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ വിജയ സമവാക്യമായിരുന്ന ഒബിസി വോട്ട് ബാങ്കിലെ വലിയൊരു വിള്ളല്‍ കൂടിയാണ്. ബിന്ദ്, മല്ല, നിഷാദ് എന്നീ പിന്നാക്ക സമുദായങ്ങളുടെ ശക്തമായ പിന്തുണയാണ് യുപിയില്‍ ബിജെപിയെ അധികാരത്തിലേറ്റാന്‍ പ്രധാന പങ്കുവഹിച്ചത്. സമാജ്‌വാദി പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകളെ പ്രതിരോധിക്കാന്‍ ബിജെപി ആശ്രയിക്കുന്നതും ഈ ജനവിഭാഗങ്ങളെയാണ്.
സംസ്ഥാന ഭരണകൂടത്തില്‍ നിലനില്‍ക്കുന്ന ജാതിവിവേചനമാണ് ഈ സംഭവത്തിലൂടെ പുറത്തുവരുന്നതെന്ന് സഞ്ജയ് നിഷാദും പ്രതിപക്ഷവും ആരോപിക്കുന്നു. കമലേഷ് ബിന്ദ് കൊല്ലപ്പെട്ട അതേ കൊലപാതക കേസിലെ പ്രധാന സൂത്രധാരനും ഉയര്‍ന്ന ജാതിക്കാരനുമായ ശങ്കര്‍ പാണ്ഡെയെ പിടികൂടാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. കുറ്റവാളികള്‍ക്ക് ജാതിയില്ലെന്ന് പറയുന്നവര്‍ ഒരു പിന്നാക്ക വിഭാഗക്കാരനെ വേഗത്തില്‍ വെടിവെച്ചുകൊല്ലുകയും ഉയര്‍ന്ന ജാതിക്കാരനായ പ്രതിയെ സംരക്ഷിക്കുകയുമാണെന്ന് സഞ്ജയ് നിഷാദ് കുറ്റപ്പെടുത്തി.
പ്രതിഷേധിക്കുന്ന കുടുംബത്തിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്ന പൊലീസിന്റെ ഭീഷണിക്കെതിരെ അദ്ദേഹം കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. കൊളോണിയല്‍ ഭരണകാലത്ത് ബ്രിട്ടീഷുകാര്‍ തങ്ങളുടെ സമുദായത്തെ 'ക്രിമിനല്‍ ഗോത്രങ്ങള്‍' എന്ന് മുദ്രകുത്തി പീഡിപ്പിച്ചതിന് തുല്യമാണിതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരെ ജയിലിലടയ്ക്കാനാണ് ഭാവമെങ്കില്‍ ഞങ്ങള്‍ അതിനെ നേരിടുമെന്നും ഞങ്ങളെ തടവിലിടാന്‍ ഉത്തര്‍പ്രദേശിലെ ജയിലുകള്‍ തികയാതെ വരുമെന്നും സഞ്ജയ് നിഷാദ് സര്‍ക്കാരിനെ വെല്ലുവിളിച്ചു.
ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു നേരെയാണ് ഇപ്പോള്‍ ഒരേസമയം കോടതിയുടെയും സ്വന്തം സഖ്യകക്ഷികളുടെയും വെല്ലുവിളികള്‍ ഉയരുന്നത്. മുഖ്യമന്ത്രിയുടെ പ്രധാന രാഷ്ട്രീയ എതിരാളിയായി അറിയപ്പെടുന്ന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പോലും അന്വേഷണത്തെ അനുകൂലിച്ചത് ഭരണകക്ഷിക്കുള്ളിലെ ആഭ്യന്തര ഭിന്നതകള്‍ എത്രത്തോളം രൂക്ഷമാണെന്നതിന്റെ തെളിവാണ്.
പ്രധാന പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടി ഈ വിഷയം ജനങ്ങള്‍ക്കിടയിലേക്കെത്തിച്ച് പിന്നാക്ക ജനവിഭാഗങ്ങളുടെ അതൃപ്തി വോട്ടുകളാക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ യോഗി സര്‍ക്കാര്‍ വലിയൊരു പ്രതിസന്ധിയിലാണ്. തങ്ങളുടെ കര്‍ക്കശമായ പൊലീസ് നയങ്ങളുമായി മുന്നോട്ടുപോവുക, അല്ലെങ്കില്‍ സഖ്യം നിലനിര്‍ത്താനായി പൊലീസിനെതിരെയുള്ള അന്വേഷണത്തിന് വഴങ്ങുകയെന്ന പരുക്കൻ യാഥാർഥ്യമാണ് ഇപ്പോള്‍ സര്‍ക്കാരിന് മുന്നിലുള്ളത്.
English Summary: The government of Uttar Pradesh, led by Yogi Adityanath, is facing mounting pressure following a sharp criticism from the Allahabad High Court and growing dissent from within its own ruling alliance. The court's strong remarks against alleged fake police encounters and unilateral police actions have raised serious concerns about law enforcement practices in the state. Adding to the government's troubles, alliance partners have publicly voiced their dissatisfaction, exposing cracks within the ruling coalition. As Uttar Pradesh moves closer to the next Assembly elections, the controversy threatens to impact both the government's governance credentials and its crucial support base among backward caste communities, creating a significant political challenge for the BJP-led administration.