

ഈ ഒക്ടോബർ 2 ന് ഗാന്ധിയുടെ ജീവിതത്തിലെ ഏത് മുഹൂർത്തത്തെയാണ് നാം സ്മരിക്കേണ്ടത് ? 1893 ജൂൺ 7 ന് ദക്ഷിണാഫ്രിക്കയിലെ പീറ്റർമാരിസ് ബർഗ് റെയിൽവേ സ്‌റ്റേഷനിൽ വെച്ച്, വർണ്ണ വിവേചനം മൂലം ട്രെയിന് പുറത്തേയ്ക്ക് വലിച്ചെറിയപ്പെട്ട കറുത്ത ഗാന്ധിയെ? ജോൺ റസ്കിൻ്റെ "അൺ ടു ദി ലാസ്റ്റ്" എന്ന പുസ്തകത്തെ സ്വന്തം ശരീരത്തിലേയ്ക്ക് വിവർത്തനം ചെയ്യാൻ ശ്രമിച്ചതിൻ്റെ ഭാഗമായി 1904 ൽ ഡർബനിൽ ഫിനിക്സ് ആശ്രമം സ്ഥാപിച്ച ഗാന്ധിയെ? ഏഷ്യാറ്റിക് രജിസ്ട്രേഷൻ ആക്റ്റിനെതിരെ ജോഹന്നാസ് ബർഗിൽ വെച്ച് 1906 ൽ സത്യാഗ്രഹം എന്ന സമരമുറ ആവിഷ്ക്കരിച്ച പോരാളിയായ ഗാന്ധിയെ?
ഇന്ത്യയിൽ തിരിച്ചെത്തി 1917 ൽ ചമ്പാരനിലെ നീലം കർഷകർക്ക് വേണ്ടി പൊരുതിയ സമര നായകനായ ഗാന്ധിയെ? 1920 ലെ നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിവെച്ച ജനകീയ നേതാവായ ഗാന്ധിയെ? ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ ഭൂരിപക്ഷ - ന്യൂനപക്ഷ മൈത്രി ഇന്ത്യയിൽ സാധിച്ചെടുത്ത ഗാന്ധിയെ? നിസ്സാരമായ ഉപ്പിൽ നിന്ന് സമരാഗ്നി കൊളുത്തിയ 1930 കളിലെ തന്ത്രജ്ഞനായ ഗാന്ധിയെ? അംബേദ്ക്കറുമായി സംവേദിച്ച് നൂറ്റാണ്ടിൻ്റെ സംവാദമണ്ഡലം തുറന്നിട്ട ഗാന്ധിയെ ? 1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തിലൂടെ ഇന്ത്യക്കാരിൽ ഭൂരിപക്ഷത്തേയും "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക " എന്ന അങ്ങേ അറ്റത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയ ഗാന്ധിയെ? അസ്പൃശ്യതയ്ക്കെതിരെ തൻ്റേതായ രീതിയിൽ നിരന്തരമായി പ്രവർത്തിച്ച ഗാന്ധിയെ? അഹിംസ ഒരു ഭൗതിക-രാഷ്ട്രീയ പ്രയോഗമാണ് എന്ന് തെളിയിച്ച ഗാന്ധിയെ?
പലവട്ടം ഓർമ്മിക്കപ്പെട്ട, പലവട്ടം വിശകലനം ചെയ്യപ്പെട്ട ഈ ചരിത്രമുഹൂർത്തങ്ങൾക്കപ്പുറം, കരയുന്ന ഗാന്ധിയെ ഓർക്കേണ്ട ദിവസം കൂടിയാണ് ഒക്ടോബർ 2. 1946 ൽ ബ്രിട്ടീഷുകാർ ഇന്ത്യ വിടാൻ തീരുമാനിച്ച ശേഷം, ഇന്ത്യ പ്രത്യാശയിലേയ്ക്കല്ല ഉണർന്നത്. വിഭജനത്തിൻ്റെ നരകത്തിലേയ്ക്കാണ്. 1946 ഓഗസ്റ്റ് മുതൽ ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറും ചോരയുടേയും കണ്ണീരിൻ്റേയും കഥകൾ എഴുതാൻ ആരംഭിച്ചു. കൊൽക്കൊത്തയും നവഖലിയും ബീഹാറും പഞ്ചാബും കൊലകളുടെ അരങ്ങായി. ഇന്ത്യക്കാർ ഭൂരിപക്ഷവും ന്യൂനപക്ഷവുമായി തിരിഞ്ഞു. വർഗ്ഗീയത എന്ന പേരിൽ കൊലകളും നിഷ്ഠുരതകളും നിത്യയാഥാർത്ഥ്യമായി. രാവിലെ ഉണർന്നവരിൽ പലരും രാത്രി നിത്യനിദ്ര പൂകി. ആവാസസ്ഥാനങ്ങൾ തകർക്കപ്പെട്ടു. ശരീരം വേദനയുടേയും വെറുപ്പിൻ്റേയും മാധ്യമമായി. സമൂഹം എന്ന ആശയം ഊടും പാവും കീറിയ പേക്കോലമായി.
നവഖലിയിൽ ഗാന്ധി എത്തിയ അക്കാലത്തെ എഴുതിയ ഒരാൾ നിർമ്മൽ കുമാർ ബോസാണ്. നിഷ്ക്കർഷാർത്ഥത്തിൽ ഗാന്ധിയൻ ഒന്നും ആയിരുന്നില്ല നിർമ്മൽ കുമാർ ബോസ്. ശാസ്ത്രജ്ഞൻ. അദ്ധ്യാപകൻ. ഗാന്ധിയുടെ ജനകീയതയുടെ രഹസ്യം ആരായാനുള്ള, ഒരർത്ഥത്തിൽ ശാസ്ത്രീയമായ ത്വരയാണ് അദ്ദേഹത്തെ ഗാന്ധിക്കടുത്ത് എത്തിച്ചത്. ഐതിഹാസികമായ നവഖലി യാത്രയിൽ, ബംഗാളി പരിഭാഷകനായും സെക്രട്ടറിയുമായും നിർമ്മൽ കുമാർ ബോസ് ഗാന്ധിയുടെ കൂടെ പുറപ്പെട്ടു. കിഴക്കൻ ബംഗാളിലെ നവഖലി, ടിപ്പേറ ജില്ലകൾ ചോരയൊലിപ്പിക്കുന്ന കാലത്തായിരുന്നു ആ യാത്ര. ഗാന്ധിയുടെ കൂടെ പുകൾപെറ്റ നേതാക്കൾ ഒന്നുമില്ല. ഏതാനും സ്ത്രീകളും കുറച്ച് പുരുഷ സന്നദ്ധ പ്രവർത്തകരും. എഴുപത്തി ഏഴ് വയസ്സ് കഴിഞ്ഞിരുന്നു ഗാന്ധിക്ക്. അന്നത്തെ ശരാശരി ആയുർദൈർഘ്യം പുരുഷന് 30 വയസ്സും സ്ത്രീയ്ക്ക് 34 വയസ്സും ആയിരുന്നു എന്നോർക്കണം. എങ്കിലേ എഴുപത്തി ഏഴു വയസ്സിൻ്റെ ദൈർഘ്യം തിരിച്ചറിയൂ.
നവഖലിയിലേയ്ക്ക് പുറപ്പെടുമ്പോൾ എന്ത് ചെയ്യണം എന്ന മൂർത്തമായ ഒരു പദ്ധതിയും ഗാന്ധിയുടെ പക്കൽ ഇല്ലായിരുന്നു. ഒറ്റക്കാര്യം മാത്രമേ നിശ്ചയിച്ചിട്ടുണ്ടായിരുന്നുള്ളൂ. രക്തച്ചൊരിച്ചിൽ നിന്നാൽ മാത്രമേ താൻ നവഖലിയിൽ നിന്നു തിരിക്കൂ എന്ന കാര്യം. ഇന്ന് ബംഗ്ലാദേശിലുള്ള ശ്രീരാംപൂരിലെ തകരക്കുടിലിൽ തങ്ങി എന്ത് ചെയ്യണം എന്ന് ഗാന്ധി ആലോചിച്ചു. അഹിംസ പരാജയപ്പെടില്ല എന്ന് ഗാന്ധിക്ക് ഉറപ്പുണ്ടായിരുന്നു. എന്നാൽ അഹിംസയുടെ ഉപകരണം എന്ന നിലയിൽ താൻ തകർന്ന് വീഴുമോ എന്ന അഗാധമായ ആശങ്കയും. അതിൻ്റെ പാരമ്യത്തിലാണ് ആളുകൾ ഏറ്റുമുട്ടുന്ന വഴികളിലൂടെ നഗ്നപാദനായി നടക്കാൻ ഗാന്ധി നിശ്ചയിച്ചത്.
1946 ഡിസംബർ 12 ന് പുലർച്ചയ്ക്ക് മൂന്നുമണിക്ക് നടന്ന സംഭവ വികാസങ്ങൾ നിർമ്മൽ കുമാർ ബോസ് പകർത്തിയിട്ടുണ്ട്. ഗാന്ധിക്കൊപ്പം എൻ്റെ ദിനങ്ങൾ എന്ന പുസ്തകത്തിൽ. തലേന്ന് സുശീല നയ്യാർ എത്തിയിരുന്നു. ഗാന്ധിജിയുടെ ഡോക്ടർ ആയിരുന്നു ,സഹപ്രവർത്ത കൂടിയായിരുന്ന സുശീല നയ്യാർ. വെളുപ്പിന് മൂന്നുമണി കഴിഞ്ഞപ്പോൾ ഗാന്ധി താമസിച്ചിരുന്ന മുറിയിൽ നിന്ന് ഗാന്ധിയും സുശീല നയ്യാറും ഉച്ചത്തിൽ നടത്തുന്ന വാദപ്രതിവാദങ്ങളുടെ ശബ്ദം കേട്ട് നിർമ്മൽ കുമാർ ബോസും കുറച്ച് സഹപ്രവർത്തകരും വാതില്ക്കലെത്തി. എന്താണെന്ന് വ്യക്തമല്ലെങ്കിലും വഴക്കാണ് നടക്കുന്നതെന്ന് അവർക്ക് മനസ്സിലായി. അതിൻ്റെ പാരമ്യത്തിൽ ആരോ ആരേയോ ശരീരത്തിൽ കൈ കൊണ്ടടിക്കുന്ന ശബ്ദം കേട്ടു . അതിനെ തുടർന്ന് ഗാന്ധിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടു . പിന്നെ അത് തേങ്ങലായി.
അത്രയുമെത്തിയപ്പോൾ വാതിൽ തള്ളിത്തുറന്ന് നിർമ്മൽ കുമാർ ബോസ് പടിയിൽ നിന്നു. ഗാന്ധി തന്റെ കിടക്കയിൽ ,ചുമർ ചാരിയിരുന്ന് കരയുകയാണ്. കണ്ണുകളിൽ നിന്നും കുടുകുടെ കണ്ണീർ ഒലിക്കുന്നു. സുശീല നയ്യാർ അടുത്ത് വിഷണ്ണയായി നില്ക്കുന്നു. അവരുടെ മുഖവും കണ്ണീരിൽ കുതിർന്നിട്ടുണ്ട്. ഗാന്ധിക്കു നേരെ കുനിഞ്ഞ് അവർ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഗാന്ധി അനിഷ്ടം ഭാവിച്ച് അവരെ അകലേയ്ക്ക് തള്ളി നീക്കുന്നുമുണ്ട്. ആ സന്ദർഭത്തിൽ അവരെ അങ്ങനെ തന്നെ വിടുന്നതാണ് ഉത്തമം എന്ന് കരുതി നിർമ്മൽ കുമാർ ബോസ് തിരികെ പോന്നു.
പിറ്റേന്ന് രാവിലെ എന്താണ് നടന്നത് എന്ന് ഗാന്ധി ,നിർമ്മൽ കുമാർ ബോസിനോട് വെളിവാക്കി. നവഖലിയിൽ രക്തമൊലിക്കുന്ന ഗ്രാമത്തിലൂടെ നഗ്നപാദനായി സഞ്ചരിക്കാനുള്ള തീരുമാനം വെളിപ്പെടുത്തിയപ്പോൾ, ഡോക്ടറെന്ന നിലയിൽ സുശീല തടഞ്ഞു. അതിനുള്ള ആരോഗ്യം, ആ ശരീരത്തിൽ അവശേഷിച്ചിട്ടില്ല എന്ന തിരിച്ചറിവായിരുന്നു, അതിൻ്റെ കാരണം. ഇനി നടക്കാൻ തീരുമാനിച്ചാൽ തന്നെ, തന്നെപ്പോലുള്ള ഡോക്ടർമാരുടെ അകമ്പടിയോട് കൂടി മാത്രമേ, അത് പാടൂ എന്നും അവർ നിഷ്ക്കർഷിച്ചു. അല്ലാത്ത പക്ഷം വലിയ അപകടം ഗാന്ധിയുടെ ശരീരത്തെ പിടികൂടുമെന്നും .രണ്ട് നിർദ്ദേശങ്ങളും ഗാന്ധി സ്വീകരിച്ചില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളും പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നത് പ്രാവർത്തികമാക്കേണ്ട മുഹൂർത്തമല്ലാതെ മറ്റൊന്നുമായിരുന്നില്ല ,അത്.
പക്ഷേ, നിർമ്മൽ കുമാർ ബോസിൻ്റെ മനസ്സിൽ അപ്പോഴും തലേന്ന് കേട്ട രണ്ട് അടിയുടെ ശബ്ദം തങ്ങി നിന്നു. തൻ്റെ കൂട്ടത്തിൽ അംഗമാക്കാനും സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാനും ഗാന്ധി തന്ന അനുമതിയുടെ ബലത്തിൽ, അദ്ദേഹം ഗാന്ധിയോട് ചോദിച്ചു. " ഈ വഴക്കിൻ്റെ അവസാനം താങ്കൾ സുശീലയെ അടിച്ചോ? "
ഗാന്ധി ചിരിച്ചു. എന്നിട്ട് പറഞ്ഞു . " ഞാൻ സുശീലയെ അടിച്ചില്ല. പക്ഷെ എൻ്റെ തന്നെ നെറ്റിയിൽ ആഞ്ഞടിച്ചു. എനിക്ക് ഇരുപത്തഞ്ചു വയസ്സുള്ളപ്പോൾ മകനെ അടിച്ച ശേഷം ,ആരേയും ഞാൻ അടിച്ചിട്ടില്ല. "
ബ്രിട്ടനെതിരെ നീണ്ടകാലം പൊരുതി വിജയം കണ്ടശേഷം സ്വന്തം തലയ്ക്ക് ആഞ്ഞടിച്ച് ,അധികാര കേന്ദ്രത്തിൽ നിന്നും ദൂരെ ദൂരെ ,ഒരു തകരക്കുടിലിൽ ,പരസ്പരം വെട്ടിക്കീറുന്ന മനുഷ്യരെയോർത്ത്, സ്വന്തം തലയ്ക്ക് ആഞ്ഞടിച്ചു കരയുന്ന ആ വൃദ്ധരൂപത്തെ ഓർക്കാതെ ഈ ഒക്ടോബർ 2 കടന്നു പോകാൻ പാടുള്ളതല്ല. അവിടെ നിന്നാണ് ആ മനുഷ്യൻ 47 ഗ്രാമങ്ങളിലൂടെ,110 കിലോമീറ്റർ നഗ്നപാദനായി സഞ്ചരിച്ച് നവഖലിയിലെ മുറിവ് ഉണക്കിയത്. ബീഹാറിൽ ഹിന്ദുത്വ രാഷ്ട്രീയക്കാർ മുസ്ലീങ്ങളെ കൊന്നും പലായനം ചെയ്യിച്ചും ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാൻ ഹിംസകൊണ്ട് പണിയെടുക്കുമ്പോൾ ,''ഹിന്ദുക്കളും മുസ്ലീങ്ങളും സഹോദരരെപ്പോലല്ല ,അവർ സഹോദരർ തന്നെയാണ് " എന്ന് പ്രാർത്ഥനാ സമ്മേളനത്തിൽ അടിവരയിടുന്നത്. കൊൽക്കൊത്തയിൽ 72 മണിക്കൂർ നീണ്ടുനിന്ന നിരാഹാര സത്യഗ്രഹത്തിലൂടെ ഹിന്ദു - മുസ്ലീം വൈരത്തിന് വിരാമമിടുന്നത്. മൃതനഗരം എന്ന് പ്യാരേലാൽ വിശേഷിപ്പിച്ച ഡെൽഹിയിൽ തിരിച്ചെത്തി ആ നഗരത്തിന് ജീവൻ വെപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. അഞ്ചുദിവസം നീണ്ടു നിന്ന നിരാഹാരത്തിലൂടെ പരസ്പരം കുത്തിക്കീറിയിരുന്ന ഹിന്ദുക്കളുടേയും സിക്കുകാരുടേയും മുസ്ലീങ്ങളുടേയും കൈകൾ ചേർത്തുവെയ്ക്കുന്നത്. 1948 ജനുവരി 27 ന് ഡെൽഹിയിൽ, മെഹ്റോളിയിലുള്ള ക്വാജാ കുത്ബുദ്ദീൻ്റെ ഖബറിൽ, ഡെൽഹിയിലെ മുസ്ലീങ്ങൾക്കൊപ്പം ഉറൂസ് കൊണ്ടാടുന്നത്. 1948 ജനുവരി 30 ൻ്റെ വൈകുന്നേരത്ത് ബിർളാ ഹൗസിൽ നാഥുറാം വിനായക് ഗോഡ്സേയുടെ തോക്കിലൂടെ ഹിന്ദുത്വ ഫാസിസ്റ്റുകൾ വർഷിച്ച വെടിയുണ്ടകളേറ്റ് നിലം പതിക്കുന്നത്.
കരയുന്ന ഗാന്ധിയിൽ നിന്ന് കൂടിയാണ് നാം വിശ്വസിക്കുന്ന മതേതര ഇന്ത്യ ഉണ്ടായത്. ഒക്ടോബർ 2 ഇക്കാര്യം ഓർമ്മിക്കാൻ കൂടിയാണ്.
The note asks what aspect of Mahatma Gandhi’s life should be remembered on October 2, Gandhi Jayanti. It recalls several defining moments in Gandhi’s journey—from being thrown out of a train in South Africa because of racial discrimination and establishing the Phoenix Settlement, to developing Satyagraha, leading the Champaran struggle, launching the Non-Cooperation and Quit India movements, mobilising people through the Salt Satyagraha, engaging in dialogue with B. R. Ambedkar, opposing untouchability, and demonstrating non-violence as a form of political action. The central question is whether Gandhi should be remembered through any single episode or through the larger legacy of his struggles and ideas.