പ്രീപ്രൈമറി അധ്യാപനം; 'പിച്ച കാശ്' നിവേദ്യമായി ലഭിക്കുന്ന 'തൊഴില്‍'

അധ്യാപികയെന്നാൽ അമ്മയ്ക്കു തുല്യമാണെന്ന സാമൂഹിക വ്യവസ്ഥിതിയിലെ ഇരകളാവുന്നതും അധ്യാപകർ തന്നെയാണ്. സാങ്കല്പിക വിഗ്രഹങ്ങൾ ഉടയ്ക്കാനാവാതെ പലപ്പോഴും പ്രതികരിക്കാൻ പോലും അധ്യാപകർക്ക് കഴിയുന്നില്ല.
പ്രീപ്രൈമറി അധ്യാപനം; 'പിച്ച കാശ്' നിവേദ്യമായി ലഭിക്കുന്ന 'തൊഴില്‍'
Published on

Education is the passport to the future, for tomorrow belongs to those who prepare for it today.

Malcolm X

പശ്ചാത്യ സംസ്കാരത്തിൽ നിന്നും ഏറെ വിഭിന്നമായ ഹൈന്ദവ സമ്പ്രദായിക രീതികളാണ് ഇന്ത്യൻ വിദ്യാഭ്യാസത്തിന് തറക്കില്ലിടുന്നത്. ജാതി ശ്രേണിയിലെ ഏറ്റവും ഉയർന്ന വിഭാ​ഗങ്ങൾക്ക് സംസ്കൃതവും വേദപഠനവും എളുപ്പം സാധ്യമാക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു പിന്നിൽ. ബ്രാഹ്മണർക്ക് വേദവും സംസ്കാരവും അറിവും ലഭിച്ചപ്പോൾ ക്ഷത്രിയർക്ക് യുദ്ധകലകളിലെ വിദ്യ അഭ്യസിക്കാനുള്ള അവസരങ്ങളൊരുങ്ങി. ​ഗുരു അഥവാ പ്രഭു അധ്യാപക സ്ഥാനത്ത് വരുന്ന ഈ രീതി മു​ഗളന്മാരുടെ ഇന്ത്യൻ അധിനിവേഷത്തോടെയാണ് മാറ്റങ്ങൾക്ക് വിധേയമാകുന്നത്. ​ശൂദ്ര വിഭാ​ഗങ്ങളിൽ ഉൾപ്പെട്ട വിഭാ​ഗങ്ങൾക്ക് ഇക്കാലയളവിൽ ജാതി അനുവദിക്കുന്ന തൊഴിലുമായി ബന്ധപ്പെട്ട പരിശീലനവും ലഭിച്ചുവന്നിരുന്നു. പരിശീലനമെന്നാൽ, ചെറു പ്രായത്തിൽ തന്നെ ജാതി വഴി ലഭിച്ച തൊഴിൽ ചെയ്ത് തുടങ്ങുകയെന്ന രാജകൽപ്പനയ്ക്കൊപ്പം വായിക്കാം.!

അതേസമയം രാജ്യത്തേക്ക് മു​ഗളന്മാരെത്തിയതോടെ വിദ്യാഭ്യാസ രീതികളിൽ വലിയ തരത്തിലുള്ള മാറ്റങ്ങൾ വിധേയമായി. മദ്രസ അഥവ മത പഠന കേന്ദ്രങ്ങൾ ഇതോടെയാണ് ഇന്ത്യയുടെ വിദ്യഭ്യാസ ഘടനയിലേക്ക് കടന്നുവരുന്നത്.

നേരത്തെ പ്രതിപാദിച്ച ​ഗുരു സമ്പ്രദായം ഇക്കാലയളവിൽ ​'ഗുരു ​ഗൃഹ'ത്തിലേക്കും അമ്പലങ്ങളിലെ 'ആൽമര' ചുവടുകളിലേക്കും മാറിയിരുന്നു. ​ഗുരുകുല സമ്പ്രദായമെന്ന് പരിഷ്കരിച്ച നാമകരണവും ലഭിക്കുന്നത് ഈ മാറ്റങ്ങളോടെയാണ്. ഉയർന്ന ജാതിക്കാരുടെ വീട്ടിലെ ഭക്ഷണം, ചിലപ്പോഴൊക്കെ അമ്പലങ്ങളെ അതിഥി വേഷം, വേതനമായി ചില നേരങ്ങളിൽ സംഭാവനയും ​ഗുരുക്കന്മാരെ തേടി വന്നു. ബ്രിട്ടീഷ് അധിനിവേഷ കാലഘട്ടമായതോടെ അടിമൂടി പാഞ്ചാത്യ രീതികളിലേക്ക് കൂടുമാറിയ ഇന്ത്യൻ വിദ്യാഭ്യാസ രീതികൾ ജാതിയുടെ അതിർവരമ്പുകളിൽ നിന്ന് ചെറുതായി വ്യതിചലിക്കാൻ തുടങ്ങി. നേരത്തെ ഭാഷ പഠനത്തിനൊപ്പം മാത്തമാറ്റിക്സ്, ആസ്ട്രോണമി, മത​ഗ്രന്ഥ പഠനം തുടങ്ങി മേഖലകളിൽ മാത്രമായിരുന്ന സിലബസുകളും വികസിച്ചു. ഇം​ഗ്ലീഷ് പരിജ്ഞാനവും ശാസ്ത്ര വിദ്യഭ്യാസവും പ്രധാന ഘടകങ്ങളായി മാറി. സ്വാതന്ത്ര്യാനന്തര വിദ്യാഭ്യാസ വിപ്ലവത്തിൽ ഡോ. ബിആർ അംബേദ്കറിനെപ്പോലുള്ള മഹത് വ്യക്തികളുടെ പരിഷ്കരണ പോരാട്ടങ്ങളും ഫലം കണ്ടതോടെ ജാതി ശ്രേണിയിൽ താഴെത്തട്ടിലുള്ളവർക്കും വിദ്യഭ്യാസം മൗലിക അവകാശമാണെന്ന് ഭരണഘടന ഉറപ്പു നൽകി.

ചരിത്രനിമിത്തമായ പരിഷ്കരണങ്ങളിലൂടെ ഇന്ത്യയുടെ വിദ്യഭ്യാസ സമ്പ്രദായങ്ങൾ പലകുറി മാറ്റങ്ങൾക്ക് വിധേമായിട്ടുണ്ടെങ്കിലും 1920കൾക്ക് ശേഷം മാറ്റമില്ലാതെ തുടരുന്ന ചിലതുണ്ട്, അത് ​ഗുരു, അധ്യാപകൻ, ടീച്ചർ തുടങ്ങി പല ഭാഷ വകഭേദങ്ങൾ ഉൾകൊള്ളുന്ന പദവിയോടുള്ള നമ്മുടെ സമീപനമാണ്. നാം എന്നാൽ സമൂഹം എന്ന വ്യാപ്തിയുള്ള തലത്തിൽ വേണം വായിച്ചെടുക്കാൻ. കഴിഞ്ഞ പത്ത് വർഷത്തിനിടെ പുറത്തിറങ്ങിയ ചില വിദേശ പഠനങ്ങൾ പ്രകാരം അധ്യാപകരായി ഇന്ത്യയിൽ സേവനമനുഷ്ഠിക്കുന്ന 60 ശതമാനത്തിലേറെ പേരും തുച്ഛമായ വേതനത്തിലാണ് തൊഴിലെടുക്കുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചരിത്രപരമായ ഹൈന്ദവ ​ഗുരു വീക്ഷണങ്ങൾ വിലങ്ങു തടിയായി നിലനിൽക്കുന്നത് കൊണ്ട് മാതാപിതാക്കൾക്ക് ശേഷം ​ഗുരുവെന്ന് നാം പറയാറുണ്ട്, അതിന് ശേഷമാണ് ദൈവങ്ങൾ പോലും! യഥാർത്ഥത്തിൽ ഹൈന്ദവ പൗരാണിക സങ്കൽപ്പം സാമൂഹിക സേവനമായി ​അധ്യാപനത്തെ നിർവചിക്കാനുള്ള എളുപ്പ യുക്തിയായിട്ടാണ് മനസിലാക്കാൻ സാധിക്കുക. സാമൂഹിക സേവനത്തിൽ വേതനം അപ്രസക്തമാണ്! ശരീരത്തെ, മനസിനെ, സമയത്തെ പൂർണമായും സമർപ്പിച്ചുള്ള സന്യാസ പൂർണമായ ജീവിതമാണ് സേവനം എന്ന ഇന്ത്യൻ സങ്കൽപ്പം. ഇത് മനപൂർവ്വം തിരുത്തപ്പെടേണ്ട അബദ്ധജഡിലമായ ധാരണയുമാണ്.!

സി ബി എസ് സി

പശ്ചാത്യ സംസ്കാരത്തോടും ഇം​ഗ്ലീഷ് ഭാഷയോടും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭ്രമമാണ് സി ബി എസ് സി സംവിധാനത്തെ ഇവിടെ വേരുറപ്പിക്കാൻ സഹായിക്കുന്നത്. കൊമേഷ്യലൈസ് ചെയ്യപ്പെട്ട ഉപഭോ​ഗ വസ്തുവായി വിദ്യഭ്യാസം മാറുന്നതിൽ സി ബി എസ് സിയുടെ വേലിയേറ്റങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വിഷയത്തിലേക്ക് വന്നാൽ, വളരെ നിശബ്ദമായി വലിയ രീതിയിലുള്ള തൊഴിൽ ചൂഷണം നിയമപരമായി നടക്കുന്ന മേഖലയാണ് സിബിഎസ്ഇ പ്രീ പ്രൈമറി സ്കൂളുകൾ. കാസർ​ഗോ‍ഡ് മുതൽ പാറശാല വരെ എണ്ണിയാലൊടുങ്ങാത്ത സിബിഎസ്ഇ പ്രീ പ്രൈമറി സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. ഇത്തരം സ്ഥാപനങ്ങളിലെ അധ്യാപകരുടെ വേതനം, തൊഴിൽ സമയം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിൽ പോലും മാനേജ്മെന്റോ സർക്കാരോ ഇതര എൻജിഒ സ്ഥാപനങ്ങളോ ഇടപെടുന്നില്ല എന്നതാണ് വാസ്തവം. ഇവർക്കെല്ലാം മൂലധനം ഫീസായും സ്പോൺസർഷിപ്പായും എത്താറുണ്ടെന്നാണ് കണക്കുകൾ പറയുന്നത്! പണമില്ലാത്തതിനാലാണ് സേവനമായി ഇത്തരം സ്ഥാപനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് മുട്ടുന്യായം, സത്യത്തിൽ കണക്കുകൾ നോക്കിയാൽ പൊളി‍ഞ്ഞു പോകുന്നതേയുള്ളു. മറ്റൊരു കാര്യം സർക്കാർ ഇത്തരം സ്ഥാപനങ്ങളുടെ നൂലാമാലകളിലൂടെ സഞ്ചരിക്കാറില്ല. പ്രീപ്രൈമറി സ്വകാര്യ മേഖലകളുടെ കുത്തകയാണ്, ആരംഭകാലം മുതൽ ഇത്തരം സ്ഥാപനങ്ങളോട് മത്സരിച്ച് സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടാറുണ്ടെന്നതാണ് മറ്റൊരു രസകരമായ വസ്തുത.!

സി.ബി.എസ്.സി, ഐ.സി.എസ്.സി, എയ്ഡഡ് സ്കൂളുകൾ തമ്മിലുള്ള അഡ്മിഷൻ മത്സരയോട്ടത്തിന്റെ ഏറ്റവും വലിയ ഇരകൾ കെജി അധ്യാപകരാണ്. സ്കൂളിന്റെ ഭാവി നിർണയിക്കുന്നത് അവിടത്തെ പ്രീ പ്രൈമറി വിഭാഗത്തിലെ കുട്ടികളുടെ എണ്ണമാണ് എന്ന കച്ചവട രസതന്ത്രം നിലനിൽക്കുന്നിടത്തോളം ടാർഗറ്റ് പൂർത്തീകരിക്കാനുള്ള ശ്വാസം മുട്ടിക്കലുകൾ എല്ലാ വർഷത്തെയും കലാപരിപാടിയായി അരങ്ങേറും. മാർക്കറ്റിങ് സെയിൽസ് ജോലിക്ക് തുല്യമാണ് ഈ 'കുട്ടികളെ പിടുത്തം'. അഡ്മിഷൻ കണക്കുകൾ വ്യാജമായി നിർമ്മിച്ച് സർക്കാർ സ്കൂളിലെ അധ്യാപകർ തൊഴിൽ സ്ഥിരത ഉറപ്പുവരുത്തിയിരുന്ന ചില വാർത്തകൾ കാണാറില്ലേ? സമാനം സാഹചര്യമാണിവിടെയും

പക്ഷേ ഇവിടെ കണക്കുകൾ വ്യാജമാവരുത്! കുട്ടികളെ പിടിക്കാനായി ഇറങ്ങുകയും വേണം.!

വിഗ്രഹങ്ങളെന്ന മേലങ്കി

സ്ത്രീകൾക്ക് ഏറ്റവും ഉചിതമായ തൊഴിലുകളിലൊന്നാണ് അധ്യാപനമെന്ന അന്ധവിശ്വാസം നിലനിൽക്കുന്ന നാടാണ് നമ്മുടേത്. ആയതിനാൽ ലക്ഷകണക്കിന് സ്ത്രീകളാണ് ഈ മേഖലയിൽ മാനസികമായ സംഘർഷങ്ങൾ പലതും അനുഭവിച്ചു വലയുന്നത്. ഇത്രയേറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ട് എന്തിനവർ ഈ മേഖലയിൽ തുടരുന്നുവെന്നു ചോദിച്ചാൽ അതിനു സമൂഹം സൃഷ്ടിച്ചു വെച്ചിരിക്കുന്ന 'കുടുംബത്തിന്റെ താളവും തൊഴിലും ഒന്നിച്ചു കൊണ്ടുപോകേണ്ടുന്നവളാണ് സ്ത്രീ' എന്ന സാമൂഹിക വ്യവസ്ഥയുണ്ടാക്കൽ മുതൽ, അധ്യാപന സ്വപ്‍നം തുടങ്ങി ഒരുപാട് കാര്യങ്ങളിലേക്ക് ചർച്ച പുരോഗമിക്കും. കുറച്ചു കൂടി വ്യക്തത വരുത്തിയാൽ, പലപ്പോഴും ഗതികേട് കൊണ്ട് കൂടിയാണ് മനുഷ്യർ അവിടെ പിടിച്ചു തൂങ്ങി നിൽക്കുന്നതെന്നു വ്യക്തം. ലോകത്താകെ ട്രെൻഡിങ് ആയികൊണ്ടിരിക്കുന്ന മോണ്ടിസോറി, പിന്നെ പി.പി.ടി.ടി.സി, എൻ.ടി.ടി.സി, ടി.ടി.സി തുടങ്ങി ചുരുങ്ങിയ സമയം കൊണ്ട് അധ്യാപനമെന്ന സ്വപ്‍ന സാക്ഷാത്‍കാരത്തിനായി കോഴ്സുകൾ പലതും ചെയ്തതിനു ശേഷം ഉദ്യോഗാർത്ഥികൾ കയറിച്ചെല്ലുന്നത് ദിവസത്തിൽ ലക്ഷങ്ങളുടെ ബിസിനസ് നടക്കുന്ന വമ്പന്മാരുടെ ഫ്രാഞ്ചൈസികളിലേക്കോ, സി.ബി.എസ്.സി , ഐ.സി.എസ്.സി മടകളിലേക്കോ ആണ്. അഡ്മിഷൻ കുറവാണ്, ബിസ്സിനസ്സ് കുറവാണ്‌ എന്നൊക്കെയുള്ള മുടന്തൻ ന്യായങ്ങൾ കൊണ്ട് മെഴുകിയ വലിയ തൊഴിൽ ചൂഷണമാണ് അവിടെ അവർ നേരിടേണ്ടി വരുന്നത്.

അഭിമുഖത്തിന് കയറി ചെല്ലുമ്പോൾ കാണുന്ന മനോഹര ചിരിയുടെയും സുന്ദര വാ​ഗ്ദാനങ്ങളുടെയും നിഴൽ പോലും പിന്നീട് കണ്ടെന്നു വരില്ല. പലപ്പോഴും കരിയർ ഗ്യാപ്, അമ്മമാരായ സ്ത്രീകൾ ആണെങ്കിൽ മക്കളുടെ സ്കൂൾ സമയം, ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും സൗകര്യം എന്നിവ പരിഗണിച്ചു കൊണ്ട് വേണം സ്വന്തമായൊരു വരുമാന മാർഗം കണ്ടെത്താൻ. ചിലർക്ക് തങ്ങളുടെ സൗകര്യപൂർണമായ ആവരണത്തിൽ നിന്നും പുറത്തേക്കിറങ്ങാനുള്ള ആകുലതകൾ. ഇത്തരത്തിലുള്ള സ്ത്രീകളാണ് പ്രധാനമായും ഈ മേഖലയിൽ ചൂഷണം ചെയ്യപ്പെടുന്നത്. ചില സ്ഥാപനങ്ങൾ ദിവസത്തിൽ അഞ്ചോ ആറോ മണിക്കൂറുകൾ മാത്രം തൊഴിൽ ചെയ്താൽ മതിയെന്ന് ആവശ്യപെടുമ്പോഴും പലപ്പോഴും നിയന്ത്രണരേഖയും കടന്നു ജോലി ചെയ്യേണ്ടി വരുന്നു. തൊഴിൽ സമയം കഴിഞ്ഞ് വീടുകളിൽ എത്തിയാലും ഉറക്കത്തെ പോലും ബാധിച്ചേക്കാവുന്ന രീതിയിൽ ജോലി ചെയ്യാൻ കടപ്പെട്ടവരോ നിർബന്ധിതരോ ആവുന്നു.

അധ്യാപികയെന്നാൽ അമ്മയ്ക്കു തുല്യമാണെന്ന സാമൂഹിക വ്യവസ്ഥിതിയിലെ ഇരകളാവുന്നതും അധ്യാപകർ തന്നെയാണ്. സാങ്കല്പിക വിഗ്രഹങ്ങൾ ഉടയ്ക്കാനാവാതെ പലപ്പോഴും പ്രതികരിക്കാൻ പോലും അധ്യാപകർക്ക് കഴിയുന്നില്ല. മാതാ-പിതാ-ഗുരു-ദൈവം എന്ന ജല്പനകളിലൂടെ ഒരു വിഭാഗത്തിന്റെ അവകാശലംഘനം തന്നെയാണ് സംഭവിക്കുന്നത്. തങ്ങൾ ചെയ്യുന്ന ജോലിയ്ക്ക് പര്യാപ്തമായ വേതനം ചോദിച്ചു വാങ്ങുന്നതിൽ നിന്നും ഈ വിഗ്രഹ സങ്കൽപം അവരെ പിന്നോട്ട് വലിക്കുന്നു.

കോടതി പറയുന്നത്

ഗുജറാത്തിലെ ഗവണ്മെന്റ് എൻജിനീയറിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ അടിസ്‌ഥാന ശമ്പളവുമായി സംബന്ധിച്ചുയർന്നു വന്ന അപ്പീലിൽ 2025 ആഗസ്റ്റ് 22 നു വന്ന ഉത്തരവിൽ സുപ്രീം കോടതി പറയുന്ന വാക്കുകൾ ഇവിടെ കൂടുതൽ പ്രസക്തമാവുകയാണ്. അധ്യാപകരെ ദൈവത്തോട് ഉപമിച്ച് പറയുന്നത് കൊണ്ട് മാത്രം കാര്യമില്ലെന്നും രാജ്യം അവരെ എങ്ങനെ സമീപിക്കുന്നു എന്നതിലാവണം ആ ബഹുമാനമെല്ലാം പ്രതിഫലിക്കേണ്ടതെന്നും കോടതി പറഞ്ഞിരുന്നു. അക്കാദമീഷ്യന്മാരും ലക്ചറർമാരും പ്രൊഫസർമാരും ഭാവി തലമുറകളുടെ ബുദ്ധിയും സ്വഭാവവും രൂപപ്പെടുത്തുന്നതിനായി ജീവിതം സമർപ്പിക്കുന്നതിനാൽ, അവർ ഏത് രാജ്യത്തിന്റെയും ബൗദ്ധിക നട്ടെല്ലാണെന്ന് അന്ന് ബെഞ്ച് ചൂണ്ടിക്കാണിച്ചു. പാഠങ്ങൾ പഠിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല അവരുടെ ജോലി. മെന്ററിംഗ്, ഗവേഷണ മാർഗനിർദ്ദേശം, വിമർശനാത്മക ചിന്ത വളർത്തൽ, സമൂഹത്തിന്റെ പുരോഗതിക്ക് സഹായകരമായ മൂല്യങ്ങൾ നട്ടുവളർത്തൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നുവെന്നും അന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ പല സാഹചര്യങ്ങളിലും ലഭിക്കുന്ന പ്രതിഫലം അതിനൊത്തതല്ലെന്നും കോടതി വ്യക്തമാക്കി. അധ്യാപകർക്ക് യഥാർഥമായ ബഹുമാനവും മാന്യമായ പ്രതിഫലവും നൽകാതിരുന്നാൽ, അത് ഒരു രാജ്യം അറിവിന് നൽകുന്ന മൂല്യം കുറയുന്നതിന് കാരണമാകുകയും രാജ്യത്തിന്റെ ബൗദ്ധിക മൂലധനം നിർമ്മിക്കുന്ന ചുമതലയുള്ളവരുടെ പ്രേരണയെ തകർക്കുകയും ചെയ്യുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

സമ്മർ ക്യാമ്പുകൾ എന്ന പേരിലും, 'മലയാള ഭാഷ ട്യൂഷൻ' പോലെയുള്ള ഹ്രസ്വകാല ഭാഷാ സഹായി കോഴ്‌സുകൾ മറ്റുമായി അഡ്മിഷൻ വർദ്ധനവ് ലക്ഷ്യമിട്ട് മാനേജ്‌മന്റ് രൂപം കൊടുക്കുന്ന വിവിധ പദ്ധതികളുടെ മുഴുവൻ ഭാരം വലിക്കേണ്ടതും അധ്യാപകർ തന്നെയാണ്

യാഥാർത്ഥ്യം മറ്റൊന്ന്

മുകളിൽ കോടതി നടത്തിയ നിരീക്ഷണങ്ങളോ? വിലയിരുത്തലുകളോ യഥാവിധി നടപ്പിലാക്കിയ സ്ഥാപനങ്ങൾ വിരലിലെണ്ണാവുന്നവ മാത്രമാണ്. സ്കൂൾ തലങ്ങളിലെ അധ്യാപകർക്ക് ആശ്വാസവാക്കായി പോലും ഇത്തരം വിലയിരുത്തലുകൾക്ക് സാധിക്കാറില്ലെന്നതാണ് മറ്റൊരു വസ്തുത. പ്രായപൂർത്തിയായ വിദ്യാർത്ഥിയെ വിദ്യ അഭ്യസിപ്പിക്കുന്നതിനേക്കാൾ വെല്ലുവിളി നിറഞ്ഞതു തന്നെയാണ് ആദ്യമായി അറിവിന്റെ ലോകത്തിലേക്ക് ചുവടുറപ്പിക്കുന്ന കുഞ്ഞുങ്ങളുടെ പാഠ്യപദ്ധതികൾക്ക് മേൽനോട്ടം വഹിക്കുകയെന്നത്. അവിടെ അധ്യാപകർക്ക് പല വേഷങ്ങൾ കൈകാര്യം ചെയ്യേണ്ടതായി വരുന്നുണ്ട്. ഇതിൽ 60 ശതമാനത്തിലേറെ പേർ വേതനം തുച്ഛമായിരുന്നിട്ടും പോലും ജോലിയിൽ തുടരാൻ പലവിധ സാഹചര്യങ്ങൾ കാരണം നിർബന്ധിതരാണ്. സമ്മർ ക്യാമ്പുകൾ എന്ന പേരിലും, 'മലയാള ഭാഷ ട്യൂഷൻ' പോലെയുള്ള ഹ്രസ്വകാല ഭാഷാ സഹായി കോഴ്‌സുകൾ മറ്റുമായി അഡ്മിഷൻ വർദ്ധനവ് ലക്ഷ്യമിട്ട് മാനേജ്‌മന്റ് രൂപം കൊടുക്കുന്ന വിവിധ പദ്ധതികളുടെ മുഴുവൻ ഭാരം വലിക്കേണ്ടതും ഇതേ അധ്യാപകർ തന്നെയാണ്. സ്റ്റോറി ടെല്ലിങ്, നൃത്തം, പാട്ട്, സ്കിറ്റ് തുടങ്ങി അധിക സമയവും കഠിനാധ്വാനവും ചെലവഴിക്കുന്നതിനു അതിനനുസൃതമായ തുക നൽകാതിരിക്കുന്ന സ്‌ഥാപനങ്ങൾ വരെയുണ്ട്. സോഷ്യൽമീഡിയയുടെ വളർച്ച ചെറിയൊരു വിഭാഗം അധ്യാപകർക്ക് ഗുണം ചെയ്യുന്നുണ്ടെങ്കിലും പ്രീസ്‌കൂൾ അധ്യാപകരെ സംബന്ധിച്ചിടത്തോളം മറ്റനേകം തലവേദനകളിലേക്ക് ഒന്നു കൂടി ചേർക്കപ്പെടുകയാണ് ചെയ്യുന്നത്. ആഴ്ചയിൽ തീർക്കാനുള്ള കരിക്കുലം ഒരു വശത്തു മലപോലെ കെട്ടികിടക്കുന്ന സമയത്തും സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് മാനേജ്‌മന്റ് പ്ലാൻ ചെയ്യുന്ന ബിസിനസിന് വേണ്ടിയുള്ള വിഡിയോകളും ചിത്രങ്ങളും ദിനവും പകർത്തണം, ഭംഗിയായി എഡിറ്റ് ചെയ്ത് നൽകണം എന്നിങ്ങനെ ജോലി സമയം കഴിഞ്ഞാലും സ്ഥാപനത്തിന് വേണ്ടി ഇവർക്ക് അധ്വാനിക്കേണ്ടി വരുന്നു.

പ്രീപ്രൈമറി അധ്യാപനം; 'പിച്ച കാശ്' നിവേദ്യമായി ലഭിക്കുന്ന 'തൊഴില്‍'
മനുഷ്യരെ കൊല്ലാൻ പ്രേരിപ്പിക്കുന്ന പ്രൊപ്പഗാണ്ട യുദ്ധം

വിവേചനത്തിന്റെ ശമ്പള പരിഷ്കരണം

ചിലയിടങ്ങളിൽ എങ്കിലും വേതനത്തിന്റെ മൂല്യനിർണയത്തിന് അടിസ്ഥാനമാക്കുന്നത് നിറം സൗന്ദര്യവും ജാതിയും മതവുമൊക്കെയാണെന്നത് കയ്പ്പേറിയ സത്യമാണ്. കൊറോണയോടു കൂടി നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ വലിയ വിപ്ലവം സൃഷ്ടിച്ച വെർച്വൽ ക്ലാസ്സുകളുടെ ഇപ്പോഴത്തെ നടത്തിപ്പിൽ പോലും ഈ വ്യത്യാസങ്ങൾ പ്രകടമാണ്. പലപ്പോഴും ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുമ്പോൾ ക്ലാസ്സെടുക്കാൻ നിയോഗിക്കപ്പെടുന്നത് സ്ഥാപനത്തിലെ അധ്യാപകർക്കിടയിലെ വെളുത്തതോ, സമൂഹം കല്പിച്ചു നൽകിയ ഘടകങ്ങളുള്ള സൗന്ദര്യവതികളോ ആയ അധ്യാപകരാണ്. ഓൺലൈൻ ക്ലാസ്സുകളിൽ ഇരുണ്ട നിറമുള്ള അധ്യാപികയെ കണ്ടാൽ കുട്ടികൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ല!. വരേണ്യ കേരളത്തിന്റെ വേരിലൂന്നി നിൽക്കുന്ന ജാതിബോധത്തിൽ നിന്ന് കൊണ്ടാണ് ഇത്തരം തസ്തികളിലേക്കുള്ള അഭിമുഖങ്ങൾ പോലും സംഘടിപ്പിക്കപ്പെടാറുള്ളത്. ജാതി ശ്രേണി വേതനം നിശ്ചയിക്കുന്ന മാനദണ്ഡമാകുന്നത്, പലപ്പോഴും ആരും തിരിച്ചറിയാത്ത രൂപത്തിലാണെന്ന് ധരിക്കരുത്, വളരെ പരസ്യമായി ജാതിപ്പേര് ഉന്നയിച്ചു തന്നെ മിക്കപ്പോഴും അഭിമുഖങ്ങൾ നടക്കാറുണ്ട്.

പ്രവർത്തി പരിചയം കൂടുതന്നതിനു അനുസരിച്ചു ശമ്പളത്തിൽ മാറ്റം വരുത്തേണ്ടി വന്നേക്കുമെന്ന പേടിയാണ് മാനേജ്മെന്റിനെ ഈ മനുഷ്യവിരുദ്ധ പ്രവൃത്തിയിലേക്ക് നയിക്കുന്നത്.

സ്വകാര്യമേഖലയിൽ ഒരാൾ ഒരു സ്കൂളിൽ തന്നെ രണ്ടോ മൂന്നോ വർഷത്തിലധികം അധ്യാപനവൃത്തി തുടരുന്ന സാഹചര്യം ഇന്ന് വളരെ അപൂർവ്വമാണ്. തുടക്കാർ എന്ന നിലയിലോ കോഴ്സിന്റെ ഭാഗമായിട്ടുള്ള ട്രൈനിങ്ങിന്റെ ഭാഗമായിട്ടോ 5000 രൂപ മുതൽ മാസ ശമ്പളത്തിൽ പ്രീ സ്കൂളുകളിൽ പ്രവർത്തിച്ചു വരുന്ന അധ്യാപകരുണ്ട്. രണ്ടോ മൂന്നോ വർഷങ്ങൾ കഴിയുമ്പോൾ പല കാരണങ്ങളാൽ അധ്യാപകരെ പിരിച്ചു വിടുന്നു, മിക്കവരും ആയിരമോ രണ്ടായിരമോ കൂടുതൽ ലഭിക്കുന്നിടത്തേക്ക് ചേക്കേറുകയാണ് പതിവ്. കോഴ്സ് കഴിഞ്ഞു പുറത്തിറങ്ങുന്ന പുതിയ ആളുകളെ കൊണ്ടുവന്നു ചെറിയ വേതനത്തിൽ തൊഴിലെടുപ്പിച്ച് വേതന വർധനവ് നൽകാതെ പിരിച്ചുവിട്ട് ഇതേ പ്രവൃത്തി ആവർത്തിക്കുന്ന സ്ഥാപനങ്ങളും എണ്ണത്തിൽ കുറവല്ല. അപൂർവങ്ങളിൽ അപൂർവ്വം ചില സാഹചര്യങ്ങളിലാണ് അധികം വർഷങ്ങൾ ചില ആളുകൾക്ക് തുടരാൻ സാധിക്കുന്നത്.

പ്രവർത്തി പരിചയം കൂടുതന്നതിനു അനുസരിച്ചു ശമ്പളത്തിൽ മാറ്റം വരുത്തേണ്ടി വന്നേക്കുമെന്ന പേടിയാണ് മാനേജ്മെന്റിനെ ഈ മനുഷ്യവിരുദ്ധ പ്രവൃത്തിയിലേക്ക് നയിക്കുന്നത്. ഒഴിവാക്കാനായി കോർപ്പറേറ്റുകൾ പോലും നാണിച്ചുപോകുന്ന 'സിസ്റ്റമാറ്റിക് സ്കില്ലുകൾ' ഇത്തരം സ്ഥാപന നടത്തിപ്പുകാർക്കുണ്ട്. അസഹനീയമായ മാനസിക സംഘർഷങ്ങൾ സൃഷ്ടിച്ചു നൽകുന്നതിലൂടെ തൊഴിലിടത്തോട് തന്നെയുണ്ടാകുന്ന മടുപ്പ് തന്റെ തൊഴിലിനോടും ഇല്ലാതിരിക്കാൻ അവിടം വിട്ടു മനുഷ്യർ ഇറങ്ങുന്നു. പക്ഷെ എത്രയൊക്കെ ആളുകൾ മാറി മാറി വന്നു പോകുന്നുവെങ്കിലും മാറ്റമില്ലാതെ തുടർന്ന് പോകുന്ന നിശ്ചിത ശമ്പള തുകയാണ് ഇവരെയെല്ലാം കാത്തിരിക്കുന്നത്. 10000 രൂപയിലധികം ശമ്പളം വാങ്ങുന്നത് പലപ്പോഴും ഡിവിഷനുകൾ അധികമുള്ളിടത്തു വരാൻ സാധ്യതയുള്ള വകുപ്പ് മേധാവി അഥവാ കോ-ഓർഡിനേറ്റർ പദവിയുള്ളവർക്കായിരിക്കാം. പദവിയോടൊപ്പം തന്നെ ഇരുവരും മറ്റുള്ള അധ്യാപകരെ പോലെ തന്നെ അധികം സമയവും ജോലികളും ചെയ്യാൻ നിർബന്ധിതർ ആയിരിക്കും.

പല സ്കൂളുകൾ, പല നടത്തിപ്പു രീതികൾ, പല സിലബസുകൾ

ഒന്നാം ക്ലാസ്സിന്റെ ഇന്റർവ്യൂ കടന്നു കിട്ടുവാൻ അറിവിന്റെ എവറസ്റ്റ് മല തന്നെ നമ്മുടെ കുഞ്ഞുങ്ങളെ കൊണ്ട് എടുപ്പിക്കാൻ ശ്രമിക്കുമ്പോൾ അതേ കല്ലെടുപ്പിക്കലിന്റെ സമ്മർദ്ദം വന്നു ചേരുന്നതും അധ്യാപകരുടെ തോളുകളിലേക്കാണ്. കേരളത്തിൽ മാത്രം പല തരത്തിലെ പ്രീസ്കൂളുകൾ നിലവിലുണ്ട്. 'ഹോളിസ്റ്റിക് സ്റ്റഡി' എന്നോ 'ഇന്റർനാഷണൽ കരിക്കുലം' എന്നൊക്കെയോ ഓമനപ്പേരും നൽകി അവിടെയൊക്കെ അവർ തന്നെ രൂപം ചെയ്യുന്ന പാഠ്യപദ്ധതികളുമുണ്ട്. ഏതു വിദഗ്‌ധ സമിതിയുടെ അംഗീകാരത്തോടു കൂടിയാണ് ഇവർ ഈ പരിഷ്കാരങ്ങളും പരീക്ഷണങ്ങളും കുട്ടികൾക്ക് മേലെ നടത്തുന്നതെന്ന് അന്വേക്ഷിക്കേണ്ടതുണ്ട്. വൃത്തിയായ അടിത്തറ പാകലാണ് ലക്ഷ്യമെന്ന രീതിയിൽ നമ്മുടെ കുഞ്ഞു തുമ്പികൾ മല ചുമക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആവുന്നു. ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട മോണ്ടിസോറിയുടെ അപരിഷ്കൃത രൂപമാണ് ഇന്നിവിടെ പ്രീ പ്രൈമറി സ്കൂളുകൾ ഭരിക്കുന്നതെന്ന് പറയാതെ വയ്യ. നിലവിൽ NEP വിഭാവനം ചെയ്യുന്ന രീതിയിൽ എത്ര സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട് എന്നത് പോലും സംശയമാണ്.

'ബാലവാടിക' വിഭാഗത്തിൽ സ്വകാര്യ സ്കൂളുകൾ തോന്നും വിധം ചെയ്തു കൊണ്ടിരിക്കുന്ന പരീക്ഷണങ്ങൾക്ക് പിന്നാലെ പോകുവാനോ അധിക പഠന ഭാരം നമ്മുടെ കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തെ ഏതു രീതിയിൽ ബാധിക്കുന്നു എന്നോ, ഓരോ അധ്യായന വർഷവും ജോലിഭാരം സഹിക്കാൻ വയ്യാതെ ആകർഷകമായ അടിസ്ഥാന ശമ്പളം പോലുമില്ലാതെ എത്ര മികച്ച അധ്യാപകർക്കാണ് തങ്ങളുടെ പാഷൻ ഉപേക്ഷിച്ചു മറ്റു തൊഴിൽ മേഖലകളിലേക്ക് തിരിയേണ്ടി വരുന്നതെന്നും, നമ്മുടെ നാട്ടിലെ എത്ര നല്ല അധ്യാപകരാണ് വിദേശത്തേക്ക് പോകുന്നതും അവിടെ അവരുടെ സേവനം നൽകുന്നത് തുടങ്ങിയ കാര്യങ്ങളിൽ വിവരശേഖരണം നമ്മുടെ കണ്ണു തുറപ്പിക്കുമെന്ന് തീർച്ചയാണ്. അതേസമയം അധ്യാപകരുടെ പ്രശ്നങ്ങളുടെ കാഠിന്യം വ്യക്തമാകുന്ന കൃത്യമായൊരു പഠനം പോലും ഇപ്പോഴും സാധ്യമായിട്ടില്ലെന്നതാണ് മറ്റൊരു സത്യം.

തുടരും..

Related Stories

No stories found.
Madism Digital
madismdigital.com