സക്കറിയയുടെ ജീവിതവും എഴുത്തും സിനിമയില്‍ കണ്ടുമുട്ടുമ്പോള്‍

"സിനിമയുടെയും പാട്ടിന്റെയും ലോകം അക്കാലത്തെ ഏതൊരു ചെറുപ്പക്കാരനെയും എന്നത് പോലെ സക്കറിയയും സ്വാധീനിക്കുന്നു. കോളജ് ലൈബ്രറികളിലും റോഡ് വക്കിലെ സെക്കന്‍ഡ് ഹാന്‍ഡ് പുസ്തക കടകളിലുമായി വായനയുടെ ലോകം തളിര്‍ക്കുന്നു"
സക്കറിയയുടെ ജീവിതവും എഴുത്തും സിനിമയില്‍ കണ്ടുമുട്ടുമ്പോള്‍
Published on: 

സാഹിത്യവും സിനിമയും തമ്മില്‍ എങ്ങനെയാണ്? സിനിമയും ജീവചരിത്രവും തമ്മിലോ? ഇണക്കാനാവുന്നതും തീരെ ഇണക്കാനാവാത്തതുമായ കാര്യങ്ങള്‍ ഇവയ്ക്ക് ഇടയില്‍ യഥേഷ്ടമുണ്ടെന്നാണ് തോന്നിയിട്ടുള്ളത്. കഴിഞ്ഞ ദിവസം സക്കറിയ എന്ന ഡോക്യുമെന്ററി കാണുമ്പോള്‍ ജീവിതത്തിനും സിനിമയ്ക്കും ഇടയിലെ അകലമെല്ലാം ഒലിച്ചു പോയതായി തോന്നി. മലയാള ചെറുകഥയുടെ മൂല ധാതുക്കള്‍ പണിതുറപ്പിച്ച എഴുത്തുകാരില്‍ പ്രമുഖനാണ് മലയാളിക്ക് സക്കറിയ. എട്ട് പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ ജീവിതത്തെയും സംഭവബഹുലമായ എഴുത്തു ജീവിതത്തെയും ഈ ഡോക്യുമെന്ററി മിഴിവോടെ പകര്‍ത്തിയിട്ടുണ്ട്.

ഒരു മണിക്കൂര്‍ ദൈര്‍ഘ്യത്തിലാണ് ഷൈനി ബെഞ്ചമിന്‍ ഇത് ഒരുക്കിയിട്ടുള്ളത്. നാല്‍പ്പതിലേറെ മണിക്കൂര്‍ ഷൂട്ട് ചെയ്തതില്‍ നിന്നാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യത്തിലേക്ക് സിനിമ എഡിറ്റ് ചെയ്തിട്ടുള്ളത്. ജീവിതം സംഭവിച്ച ഇടങ്ങളിലേക്ക് സക്കറിയ വീണ്ടും നടന്നെത്തുന്നതും പ്രദീപ് പനങ്ങാടിനോട് അഭിമുഖ രൂപേണ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന വിധത്തിലുമാണ് സിനിമ ജീവചരിത്രത്തെ വെളിപ്പെടുത്തുന്നത്.

1945-ല്‍ കോട്ടയത്തിനടുത്ത് ഉരുളികുന്നത്ത് ജനിച്ച സക്കറിയയുടെ ബാല്യ കൗമാരങ്ങളില്‍ ഗ്രാമം വരച്ചുചേര്‍ത്ത ഇരുണ്ട പച്ചയുടെയും ചെമ്മണ്ണിന്റെയും ജൈവ പ്രകൃതി ചിത്രീകരിച്ചു കൊണ്ടാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. ബാല്യകാലത്തിന്റെ ഏകാന്ത സഞ്ചാരങ്ങളും പ്രകൃതിയും മനുഷ്യനും മുഖാമുഖം വരുന്ന മനോഹരമായ ഫ്രയുമുകളും ഇവിടെ നിറയുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിക്കുന്നതും മെല്ലെ മെല്ലെ ഗ്രന്ഥശാലകള്‍ ജീവിതത്തിലെ സ്വാധീനശക്തി ആയിത്തീരുന്നതിലേയ്ക്കും സിനിമ സഞ്ചരിക്കുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദ പഠനത്തിന് മൈസൂരിലേക്ക് പോവുകയും അവിടെ നിന്നു ഉപരി പഠനത്തിന് ബാംഗ്ലൂരിലേക്ക് പോകുകയും ചെയ്യുന്നതോടെ സക്കറിയയുടെ ജീവിതത്തിലേയ്ക് നഗരം വച്ചു നീട്ടിയ മാന്ത്രിക ലോകം വന്നുനിറയുന്നത് നമുക്ക് കാണാം.

സക്കറിയയുടെ ജീവിതവും എഴുത്തും സിനിമയില്‍ കണ്ടുമുട്ടുമ്പോള്‍
മത്സ്യാവതാരങ്ങൾ

സിനിമയുടെയും പാട്ടിന്റെയും ലോകം അക്കാലത്തെ ഏതൊരു ചെറുപ്പക്കാരനെയും എന്നത് പോലെ സക്കറിയയും സ്വാധീനിക്കുന്നു. കോളജ് ലൈബ്രറികളിലും റോഡ് വക്കിലെ സെക്കന്‍ഡ് ഹാന്‍ഡ് പുസ്തക കടകളിലുമായി വായനയുടെ ലോകം തളിര്‍ക്കുന്നു. ബാംഗ്ലൂരില്‍ പൊടിപിടിച്ച റാവുവിന്റെ ചെറിയ പുസ്തക കടയില്‍ സ്ഥിരമായി കാണാറുള്ള തലപ്പാവുകാരന്‍ സി വി രാമന്‍ ആണെന്ന് സക്കറിയ പറയുമ്പോള്‍ ഒരു മനുഷ്യനെ ചരിത്രം സന്ധിക്കുന്ന വൈവിധ്യം നമ്മുക്ക് അനുഭവവേദ്യമാകും. കത്തോലിക്ക സഭ അക്കാലത്ത് ബൈബിള്‍ വീട്ടില്‍ സൂക്ഷിക്കാന്‍ അനുവദിച്ചിരുന്നില്ലയെന്നും പിന്നീട് ബൈബിള്‍ വായിക്കുന്നതോടെ യേശുവിനെ ഒരു മനുഷ്യനെന്ന നിലയില്‍ സക്കറിയ അറിയാന്‍ തുടങ്ങി.

മത ജീവിതത്തില്‍ നിന്ന് അകന്ന് കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് പിന്നീട് ആഭിമുഖ്യം തോന്നുന്നതും പിന്നീട് 57-ല്‍ വിമോചന സമരത്തിന്റെ ഭാഗമാകുന്നതും സക്കറിയ സിനിമയില്‍ ഓര്‍ത്തെടുക്കുന്നു. ഈ അടുപ്പങ്ങള്‍ സ്മരിക്കുന്നുണ്ടെങ്കിലും ഇതിനോടൊക്കെ അകലുന്ന സന്ദര്‍ഭങ്ങള്‍ പറയുന്നില്ല. പഠനശേഷം നാട്ടില്‍ ലഭിച്ച കോളജ് അധ്യാപക ജീവിതം ഉപേക്ഷിച്ച് കോയമ്പത്തൂരിലേക്ക് വണ്ടി കയറുന്നതോടെയാണ് 'ഉണ്ണി എന്ന കുട്ടി' എഴുതിക്കൊണ്ട് പഠന കാലത്തുതന്നെ ആരംഭിച്ച കഥയെഴുത്ത് ശീലം സജീവമാകുന്നത്.

സക്കറിയയുടെ സാഹിത്യ ജീവിതത്തെയും കഥകളുടെ ആന്തരിക ലോകത്തെയും സിനിമയില്‍ അനിമേഷന്‍ ഉപയോഗിച്ചാണ് ഇണക്കി ചേര്‍ത്തിട്ടുള്ളത്. സുനില്‍ നമ്പുവിന്റെ കരവിരുതില്‍ വിരിഞ്ഞ അനിമേഷന്‍ ചിത്രങ്ങളും റാസിയുടെ വി എഫ് എക്‌സ് വര്‍ക്കും സിനിമയ്ക്ക് മികച്ച ദൃശ്യ ഭാഷ സമ്മാനിക്കുന്നു. ബാംഗ്ലൂരിലും കോയമ്പത്തൂരിലും ഡല്‍ഹിയിലും തന്റെ ജീവതത്തെ സ്പര്‍ശിച്ചവരെക്കുറിച്ച് സക്കറിയ സംസാരിക്കുന്ന രംഗങ്ങള്‍ ഹൃദയസ്പര്‍ശിയാണ്. തന്റെ ജേഷ്ഠസഹോദരനും ജോണ്‍ എബ്രഹാമും അരവിന്ദനും ഒ വി വിജയനും വി കെ മാധവന്‍കുട്ടിയും എല്ലാം തീഷ്ണ സ്മരണകളായി കടന്നുവരുന്നു.

സക്കറിയയുടെ ജീവിതവും എഴുത്തും സിനിമയില്‍ കണ്ടുമുട്ടുമ്പോള്‍
വേരുകൾ തിരയുന്ന പടർപ്പുകൾ

ജോസഫ് എന്ന പുരോഹിതന്‍ സിനിമയാക്കുന്നതിനായി തിരക്കഥ പണിഞ്ഞ ദീര്‍ഘകാലത്തെയും മരണപ്പെടുന്നതിന് കുറച്ചുനാള്‍ മുമ്പ് വന്ന് ജോണ്‍ തിരക്കഥ ഫൈനലാക്കി പോയതും സക്കറിയ ഓര്‍മ്മിക്കുന്നു. പ്രശസ്ത ചെറുകഥാകൃത്ത് ഉണ്ണി ആര്‍ അരവിന്ദന്റെ മരണം സക്കറിയയെ എങ്ങനെ ബാധിച്ചു എന്ന് പറയുന്ന വോയ്‌സ് ക്ലിപ്പില്‍ ഷൈനി ഒരുക്കുന്ന സക്കറിയയുടെ ചിത്രം കണ്ണു നനയിക്കുന്നതാണ്. പിന്നീട് അതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ സക്കറിയ പറഞ്ഞത്, തന്നെ ഗ്രൂം ചെയ്‌തെടുത്ത സൗഹൃദമായിരുന്നു അരവിന്ദനുമൊത്തുണ്ടായിരുന്നത് എന്നാണ്.

എന്താണ് സക്കറിയ മലയാള ഭാഷയില്‍ ചെയ്തത്? കെ സി നാരായണന്റെ ഒരു ശബ്ദ ശകലം ഈ സിനിമയില്‍ കേള്‍പ്പിക്കുന്നുണ്ട് ഷൈനി. സംസ്‌കൃതത്തെ വെടിഞ്ഞ് ലാളിത്യമാര്‍ന്ന ഒരു തെളിമലയാളത്തെ നമുക്ക് പ്രാപ്യമാക്കിയെന്നതാണ് സക്കറിയ നല്‍കിയ വലിയ സംഭാവന എന്ന് കെ സി നാരയണന്‍ പറയുന്നു. സത്യത്തില്‍ സംസ്‌കൃതത്തെ മാറ്റിനിര്‍ത്തി എന്നത് മാത്രമല്ല വിശുദ്ധീകൃതമായിരുന്ന (Sacred) മലയാള ഗദ്യവ്യവഹാരങ്ങളെ അപനിര്‍മിച്ചുകൊണ്ട് ജനാധിപത്യവല്‍ക്കരിക്കുകയാണ് സക്കറിയ ചെയ്തത്. അമര്‍ന്ന കറുത്ത ഹാസ്യത്തിന്റെ ഒരു അടിയൊഴുക്ക് തന്റെ ഗദ്യത്തില്‍ സന്നിവേശിപ്പിക്കുകയാണ് അതിനായി അദ്ദേഹം ചെയ്തത്.

സെക്കുലറായ ഒരു മലയാള ഗദ്യത്തിന്റെ പിറവിക്ക് സക്കറിയ ചെയ്ത സംഭാവന സമാനതകളില്ലാത്തതാണ്. മതമാകട്ടെ സാമ്പത്തിക ലോകക്രമമാകട്ടെ രാഷ്ട്രീയ വ്യവസ്ഥയാകട്ടെ ഇണക്കി കുഞ്ഞാടായി മെരുക്കിക്കളയുന്നതാണ് വിദ്യയെന്ന് സക്കറിയക്ക് എങ്ങനെയോ പണ്ടേ മനസ്സിലായിട്ടുണ്ട്. അതിനാല്‍ ഇണങ്ങിചേര്‍ന്നു പോകാതെ തെറ്റി നില്‍ക്കുന്ന ഒരു റിബലിനെ അദ്ദേഹം എന്നും ഉള്ളില്‍ സൂക്ഷിച്ചിരുന്നു. എഴുത്തിലും ജീവിതത്തിലും ഉള്ള ആ റിബല്‍ ഒട്ടും ചോര്‍ന്നുപോകാതെ ഷൈനി ബഞ്ചമിന്‍ സിനിമയില്‍ സക്കറിയയെ പകര്‍ത്തിവച്ചു. സക്കറിയയുടെ സാഹിത്യ സംഭാവനകളോടൂം ജീവിത സന്ദര്‍ഭങ്ങളോടും നീതി പുലര്‍ത്തുകയെന്നത് മാത്രമല്ല, കലാമൂല്യമുള്ള മികച്ച ഒരു കാഴ്ചാനുഭവമായിരിക്കുകയെന്നതും ഈ സിനിമ നിര്‍വ്വഹിച്ചിട്ടുണ്ട്.

Summary

The documentary Zachariah brings together the life, memories and literary journey of Malayalam writer Zacharia, offering an intimate cinematic portrait of one of the most influential figures in Malayalam short fiction. Directed by Shiny Benjamin, the one-hour documentary captures eight decades of the writer's life and his distinctive literary sensibilities, blurring the boundaries between biography, literature and cinema.