

ജെൻ സി തലമുറയ്ക്കിടയിൽ ട്രെൻഡിങ്ങാവുകയാണ് 'സ്ലോ ട്രാവൽ' (Slow Travel). കേവലം ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ക്കും ചിത്രങ്ങള്‍ക്കും ലൊക്കേഷൻ ടാഗുകൾക്കും പിന്നാലെ ഓടാതെ, യാത്രകളിലെ ഓരോ നിമിഷവും ആസ്വദിക്കാനും അതൊരു 'വൈബായി' നിലനിർത്താനുമാണ് ജെന്‍സി ഇപ്പോൾ ആഗ്രഹിക്കുന്നത്.
പലപ്പോഴും യാത്രകൾ പ്ലാൻ ചെയ്യുന്നത് തിരക്കേറിയ ജീവിതത്തിൽനിന്ന് ഒന്ന് വിശ്രമിക്കാനാണ്. എന്നാൽ ആ യാത്രകളും മറ്റൊരു ഓട്ടമത്സരമായി മാറാറില്ലേ? മൂന്ന് ദിവസം കൊണ്ട് പത്ത് സ്ഥലങ്ങൾ കാണണം, നൂറുകണക്കിന് സെൽഫികൾ എടുക്കണം, ഇൻസ്റ്റാഗ്രാമിൽ ഉടൻ തന്നെ റീലുകൾ പോസ്റ്റ് ചെയ്യണം. ഈ ബഹളങ്ങൾക്കിടയിൽ യാത്ര ചെയ്തെത്തിയ സ്ഥലവും അവിടുത്തെ ശാന്തതയും സമാധാനമോ ശരിക്കും ആസ്വദിക്കുന്നുണ്ടോ എന്ന ചോദ്യമുയരാറുണ്ട്! ഇവിടെയാണ് 'സ്ലോ ട്രാവൽ' എന്ന പുതിയ ആശയം പ്രസക്തമാകുന്നത്. യാത്രകൾ ഇപ്പോൾ വെറുമൊരു കാഴ്ചകാണൽ മാത്രമല്ല, അതൊരു ജീവിതരീതിയായി സ്വീകരിക്കണമെന്നാണ് ജെന്‍സി വാദം.
എത്ര സ്ഥലങ്ങൾ കണ്ടു എന്നതിനേക്കാൾ, കണ്ട സ്ഥലങ്ങളിൽനിന്ന് എന്തൊക്കെ അനുഭവങ്ങള്‍ ലഭിച്ചു എന്നതിനാണ് സ്ലോ ട്രാവൽ മുൻഗണന നൽകുന്നത്. വിനോദസഞ്ചാര ഭൂപടത്തിലെ എല്ലാ പോയിന്റുകളും വേഗത്തിൽ സന്ദർശിച്ച് മടങ്ങുന്നതിനു പകരം, ഒരു ഗ്രാമത്തിലോ നഗരത്തിലോ കുറച്ചുദിവസം താമസിച്ച് അവിടുത്തെ മനുഷ്യരുടെ ജീവിതം കാണുക, അവിടുത്തെ തനത് ഭക്ഷണങ്ങൾ പരീക്ഷിക്കുക, ഗൂഗിൾ മാപ്പിലില്ലാത്ത ഇടവഴികളിലൂടെ അലയുക - ഇതാണ് സ്ലോ ട്രാവൽ കൊണ്ടു അർത്ഥമാക്കുന്നത്.
പ്രകൃതിയെ 'നശിപ്പിച്ച്' ആസ്വദിക്കുന്ന യാത്രാരീതിയില്‍നിന്ന് ഏറെ വ്യത്യസ്തരാണ് സ്ലോ ട്രാവലേഴ്സ്. വാഹനയാത്രകൾ കുറച്ച്, കൂടുതൽ സമയം ഒരിടത്ത് തന്നെ ചെലവഴിക്കുന്നവരാണ് അവർ. പരിസ്ഥിതി മലിനീകരണമോ, അനിയന്ത്രിതമായ പ്ലാസ്റ്റിക് ഉപയോഗമോ സ്ലോ ട്രാവലേഴ്സിന്‍റെ ലൈഫ് സ്റ്റൈലിന്‍റെ ഭാഗമല്ല. 'സുസ്ഥിര വിനോദസഞ്ചാരം' (Sustainable Tourism) എന്നതും സ്ലോ ട്രാവലേഴ്സിലൂടെ ശക്തിപ്പെടുന്നുണ്ട്.
സ്ലോ ട്രാവൽ അനുഭവങ്ങള്‍ക്കായി യാത്ര ചെയ്യാവുന്ന ഇന്ത്യയിലെ മികച്ച സ്ഥലങ്ങൾ നോക്കാം
വയനാട്, ഇടുക്കി
തിരക്കുകളില്ലാത്ത ഗ്രാമീണ പാതകളിലൂടെ സൈക്കിൾ ചവിട്ടാനും സുഗന്ധവ്യഞ്ജന തോട്ടങ്ങൾക്കിടയിലൂടെ നടക്കാനും ഇവിടം മികച്ചതാണ്.
മജുലി (അസം)
ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപാണിത്. ഇവിടുത്തെ മുളകൊണ്ടുള്ള വീടുകളും തനത് ഗോത്ര സംസ്കാരവും ആസ്വദിച്ച് കുറച്ചുദിവസം ശാന്തമായി താമസിക്കാം.
ചെട്ടിനാട് (തമിഴ്‌നാട്)
പൈതൃക ഭവനങ്ങൾക്കും രുചികരമായ ഭക്ഷണത്തിനും പേരു കേട്ട ഇടം. ഇവിടുത്തെ പഴയ കൊട്ടാരങ്ങളും കൈത്തറി ശൈലികളും നേരിട്ട് കണ്ടറിയാം.
സ്പിതി വാലി (ഹിമാചൽ പ്രദേശ്)
ഹിമാലയത്തിന്റെ മടിത്തട്ടിലെ ഈ മനോഹരമായ താഴ്വര ബുദ്ധമത കേന്ദ്രങ്ങൾക്കും ഗ്രാമീണ ജീവിതത്തിനും പ്രശസ്തമാണ്. മലനിരകളുടെ നിശബ്ദത ആസ്വദിക്കാൻ പറ്റിയ ഇടം.
മാവ്‌ലിനോങ് (മേഘാലയ)
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം. ലിവിംഗ് റൂട്ട് ബ്രിഡ്ജുകളും ഖാസി സംസ്കാരവും ഇവിടുത്തെ പ്രത്യേകതയാണ്.
ജിബി (ഹിമാചൽ പ്രദേശ്)
ഹിമാലയത്തിലെ ഈ ചെറിയ ഗ്രാമം നദീതീരത്തെ താമസം ഇഷ്ടപ്പെടുന്നവർക്കും നേച്ചർ വാക്കിനും (Nature Walk) അനുയോജ്യമായ ശാന്തമായ ഒരിടമാണ്.
കൂർഗ് (കർണാടക)
കോഫി തോട്ടങ്ങൾക്കിടയിലൂടെയുള്ള നടത്തവും പ്രകൃതിയോടിണങ്ങിയുള്ള വിനോദസഞ്ചാരവും കൂർഗിനെ സ്ലോ ട്രാവലർമാരുടെ പ്രിയപ്പെട്ട കേന്ദ്രമാക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധ മത കുടിയേറ്റ ഗ്രാമം കൂടിയാണ് കൂർഗ്.
ഗോവ (ഗ്രാമീണ മേഖലകൾ)
കടൽതീരങ്ങൾക്കപ്പുറം സലിഗാവോ, അൽഡോണ തുടങ്ങിയ ഗ്രാമങ്ങളിലെ പൈതൃക നടത്തങ്ങളും പഴയ ബേക്കറികളും ഗോവയുടെ മറ്റൊരു മുഖം നമുക്ക് കാട്ടിത്തരും.
ചോപ്ത (ഉത്തരാഖണ്ഡ്)
'ഇന്ത്യയുടെ മിനി സ്വിറ്റ്‌സർലൻഡ്' എന്നറിയപ്പെടുന്ന ഇവിടം ട്രെക്കിംഗിനും പക്ഷികളെ നിരീക്ഷിക്കാനും ഇഷ്ടപ്പെടുന്നവർക്ക് ശാന്തമായ അന്തരീക്ഷം നൽകുന്നു.
ഗ്രാമീണ രാജസ്ഥാൻ (ഖിംസർ/ജോധ്പൂർ)
തിരക്കുകളില്ലാതെ താർ മരുഭൂമിയെ അറിയാനും പ്രാദേശിക കലാകാരന്മാരെയും അവരുടെ കരകൗശല വിദ്യകളെയും നേരിട്ട് കാണാനും ഇവിടം സഹായിക്കും.
Gen Z തുടങ്ങിവെച്ച 'സ്ലോ ട്രാവൽ' ട്രെൻഡ് എല്ലാ പ്രായക്കാർക്കും പരീക്ഷിക്കാവുന്നതാണ്. ജീവിതത്തിന്റെ അതിവേഗം നഷ്ടപ്പെടുത്തുന്ന 'മീടൈം(ME TIME)' തിരിച്ചുപിടിക്കാൻ ഇത്തരം യാത്രകൾ സഹായിക്കും. കൗമാരക്കാരത്തിലും യവ്വൗനത്തിലും വാർധക്യത്തിലും ഇത് സാധ്യമാണ്. അതുകൊണ്ട്, അടുത്ത തവണ ബാഗ് പാക്ക് ചെയ്യുമ്പോൾ ഓട്ടമത്സരത്തിനുള്ള തയ്യാറെടുപ്പുകള്‍ വേണ്ട! Happy Slow Traveling!
English Summary: Slow travel is becoming a popular trend among Gen Z, focusing on enjoying experiences rather than rushing to cover many destinations. The trend encourages travelers to stay longer, explore local culture and support sustainable tourism.