

ചന്ദ്രനിൽ പോയാലും ഭൂമിയിൽ എത്രയും വേഗം തിരിച്ചെത്താൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ഘടകം ഒരുപക്ഷേ വീടായിരിക്കും. പ്രത്യേകിച്ച്, അവിടെ നിങ്ങളെ കാത്ത് ഒരു ഓമനമൃഗം ഉണ്ടെങ്കിൽ. അങ്ങനെയൊരു സ്നേഹപ്രകടനമാണ് സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞദിവസം ലോകം കണ്ടത്.
ആർട്ടെമിസ് II ദൗത്യത്തിലെ ഒൻപത് ദിവസത്തെ യാത്ര പൂർത്തിയാക്കി തിരിച്ചെത്തിയ ക്രിസ്റ്റീന കോച്ചിനെ വീട്ടിൽ കാത്തിരുന്നത് അത്യന്തം വൈകാരികമായ ഒരു മുഹൂർത്തമായിരുന്നു. ക്രിസ്റ്റീന വീട്ടിലേക്ക് കടന്നുവരുന്ന നിമിഷം, വളർത്തുനായ സാഡി ലൂ പ്രകടപ്പിച്ച ആവേശവും സന്തോഷവും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി.
ക്രിസ്റ്റീന കോച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, സാഡി കുരച്ചും, ചുറ്റും ഓടിയും ആവേശത്തോടെ തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ സ്വാഗതം ചെയ്യുകയാണ്. ദീർഘകാലം അകന്നിരുന്നതിന്റെ സന്തോഷം മുഴുവൻ പ്രകടമാക്കുന്ന ഈ നിമിഷങ്ങൾ നിരവധി ആളുകൾ സോഷ്യൽ മീഡിയയിലൂടെ കാണുകയും പങ്കുവെക്കുകയും ചെയ്തു.
''ഈ പുനസമാഗമത്തിൽ കൂടുതൽ സന്തോഷം എനിക്കാണ്, വൈകാരിക പിന്തുണയുള്ള മനുഷ്യനാകാനുള്ള കാര്യങ്ങളെക്കുറിച്ച് സാഡി എന്നെ ഏറെ പഠിപ്പിച്ചു,'' എന്ന് കുറിച്ചുകൊണ്ടാണ് ക്രിസ്റ്റീന വീഡിയോ പങ്കുവെച്ചത്.
സാങ്കേതികവും ചരിത്രപരവുമായ നേട്ടങ്ങൾക്കൊപ്പം, സാഡിയുമായുള്ള ഈ സ്നേഹനിമിഷം മനുഷ്യബന്ധങ്ങളുടെ ചൂടും സ്നേഹവും ഓർമിപ്പിക്കുന്നതാണെന്നാണ് വൈറലായ വീഡിയോ വ്യക്തമാക്കുന്നത്.
2019-2020 കാലയളവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 328 ദിവസം ചെലവഴിച്ച്, ദീർഘകാല ബഹിരാകാശ യാത്ര നടത്തിയ വനിതയായി റെക്കോർഡ് നേടിയ ക്രിസ്റ്റീന, വനിതകൾ മാത്രം ഉൾപ്പെട്ട ആദ്യ ബഹിരാകാശ നടത്തത്തിലും പങ്കാളിയായിട്ടുണ്ട്. ഇപ്പോൾ ആർട്ടെമിസ് II ദൗത്യത്തിലൂടെ ചന്ദ്രനെ ചുറ്റിപ്പറന്ന് മടങ്ങിയെത്തിയ ആദ്യ വനിതയായി മറ്റൊരു ചരിത്രനേട്ടവും സ്വന്തമാക്കി. അപ്പോളോ 13 സൃഷ്ടിച്ച ദൂരം മറികടന്ന്, ഭൂമിയിൽനിന്ന് ഏറ്റവും ദൂരത്ത് മനുഷ്യർ സഞ്ചരിച്ച റെക്കോർഡും ഈ ദൗത്യത്തിലൂടെ പുതുക്കപ്പെട്ടു.
English Summary: NASA astronaut Christina Koch returns to Earth after completing the Artemis II lunar mission, marking a historic achievement as she circles the Moon. A heartwarming reunion with her pet dog Sadie Lou captured in a viral video highlights emotional human connections beyond space exploration.