

തന്റെ ചികിത്സയ്ക്കായി ആരോടും പണപ്പിരിവ് നടത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് നടിയും മോഡലുമായ രേണു സുധി. ചികിത്സ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കാൻസർ മറ്റു ശരീരഭാഗങ്ങളിലേക്കും വ്യാപിച്ചെന്നും യുട്യൂബ് വീഡിയോയിൽ രേണു പറഞ്ഞു.
''എന്റെ പേരിൽ എന്തോ പിരിവ് നടക്കുന്നുണ്ടെന്ന് അറിഞ്ഞു. ഒരിക്കലും അത് ഞാൻ അറിഞ്ഞിട്ടില്ല, എന്റെ സമ്മതത്തോടു കൂടിയേ അല്ല. എന്റെ അസുഖത്തിനുവേണ്ടി പിരിക്കാൻ ഞാൻ ആരോടും പറഞ്ഞിട്ടില്ല. എന്നെ സ്‌നേഹിക്കുന്നവർ മാനേജർ കരിഷ്മയെ കോൺടാക്ട് ചെയ്യുക. മാനേജർ ആണ് ചികിത്സയ്ക്കായുള്ള പണത്തിന്റെ കാര്യങ്ങൾ നോക്കുന്നത്,'' രേണു പറഞ്ഞു.
തന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേർ നേരിട്ടെത്തിയും ഫോണിലൂടെയും ബന്ധപ്പെടുന്നുണ്ട്. പറ്റുന്ന പോലെ സഹായം ചെയ്യുന്നവരുമുണ്ട്. അവരോടെല്ലാം വലിയ നന്ദി. ബ്രെസ്റ്റിൽനിന്ന് രോഗം കക്ഷത്തിലേക്കും മറ്റു ശരീരഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. കൈ ഉയർത്താനൊക്കെ ബുദ്ധിമുട്ടും വേദനയുമാണ്. ചികിത്സയ്ക്കു ഒരുപാട് പണം ആവശ്യമാണ്. അതിനുവേണ്ടിയാണ് യുട്യൂബ് വീഡിയോയും ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷനുമൊക്കെ നടത്തുന്നത്. പഴയ പോലെ ജോലിക്കു പോകാൻ ബുദ്ധിമുട്ടായതുകൊണ്ടാണ്. എന്നാൽ മറ്റാരോടും തന്റെ പേരിൽ പണപ്പിരിവ് നടത്താൻ പറഞ്ഞിട്ടില്ല.
തനിക്കെതിരെ നടക്കുന്ന കുപ്രചാരണങ്ങളിലും രേണു പ്രതികരിച്ചു. പ്രാർത്ഥിച്ചില്ലെങ്കിലും ആരും എന്റെ ഫോട്ടോ വെച്ച് ഈയിടെ ചെയ്തതുപോലെ ആദരാഞ്ജലി പോസ്റ്റ് ഇടരുത്. എന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേർ ഇതുകണ്ട് സങ്കടപ്പെടും. എന്റെ മകനുണ്ട്. അവർക്കൊക്കെ ഇത് വലിയ വേദനയാകും. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്നും രേണു കൂട്ടിച്ചേർത്തു.
Renu Sudhi clarified that she has not authorized anyone to raise funds on her behalf for cancer treatment. She revealed that the cancer has spread from her breast to other parts of her body, causing pain and mobility difficulties. While treatment is expensive, she said she relies on her YouTube channel and Instagram subscriptions for support and asked well-wishers to contact her manager regarding any assistance. She also urged people not to spread false rumors or post premature tribute messages about her.