

താജ് ആഗ്രയിലെ ജീവനക്കാരനോട് അതിഥി മോശമായി പെരുമാറിയ സംഭവവും അതിൽ ഹോട്ടൽ മാനേജ്മെന്റ് സ്വീകരിച്ച നടപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അതിഥിയെ ഹോട്ടലിൽ നിന്ന് ആജീവനാന്തം വിലക്കിയ തീരുമാനത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. പണം ചെലവഴിക്കുന്ന അതിഥിയാണെന്നതുകൊണ്ട് ജീവനക്കാരെ അപമാനിക്കാനുള്ള അവകാശമില്ലെന്ന മാനേജ്മെന്റിന്റെ നിലപാടിനെയും പ്രശംസിച്ച് കൊണ്ട് നിറവിധപേർ രംഗത്ത് വന്നിട്ടുണ്ട്.
ആഗ്രയിലെ താജ് ഹോട്ടലിലെ റസ്റ്ററന്റിൽ ജോലി ചെയ്യുന്ന കാന്തി എന്ന ജീവനക്കാരനാണ് അതിഥിയുടെ മർദനത്തിന് ഇരയായത്. ഭക്ഷണസേവനത്തിനിടെ ഇംഗ്ലീഷിലുള്ള ആശയവിനിമയത്തിൽ സംഭവിച്ച പിഴവാണ് തർക്കത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ അറിയാത്തതിനെത്തുടർന്ന് അതിഥിയുമായി ഉണ്ടായ ആശയക്കുഴപ്പത്തിനിടെ ഇയാൾ കാന്തിയെ അടിക്കുകയായിരുന്നു എന്നാണ് ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ട സ്ഥാപനത്തിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടറായ പരിതോഷ് ലധാനി ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്.
"ഞങ്ങളുടെ താജ് ആഗ്ര പ്രോപ്പർട്ടിയിൽ ജോലി ചെയ്യുന്ന ഒരു വെെയ്റ്ററോടുള്ള ഈ മോശമായ പെരുമാറ്റം കാരണം ഞാൻ ഒരാളെ ജീവകാലത്തേക്ക് ബ്ലാക്ക്ലിസ്റ്റ് ചെയ്തിരിക്കുന്നു! ഈ വെെയ്റ്ററുടെ പേര് കാന്തി എന്നാണ്. കാന്തി ഞങ്ങളുടെ റെസ്റ്റോറന്റിൽ ഒരു അതിഥിക്ക് ഭക്ഷണം വിളമ്പുകയായിരുന്നു... അദ്ദേഹത്തിന് ഇംഗ്ലീഷ് ശരിയായി സംസാരിക്കാൻ കഴിയുമായിരുന്നില്ല... അതുകാരണം അതിഥിയുമായി ചെറിയ ആശയവിനിമയ തടസ്സമുണ്ടായി... ഒടുവിൽ ആ അതിഥി അദ്ദേഹത്തെ അടിക്കുകയാണുണ്ടായത്! അതെ, തന്റെ ജോലി മാത്രം ചെയ്ത ഒരു മനുഷ്യനെ അയാൾ ശാരീരികമായി മർദ്ദിച്ചു! സത്യം പറഞ്ഞാൽ, അയാൾ പരാതിപ്പെടുമെന്നോ, സംഭവം റിപ്പോർട്ട് ചെയ്യുമെന്നോ, അല്ലെങ്കിൽ സ്വന്തം ഭാഗം ന്യായീകരിക്കുമെന്നോ നിങ്ങൾ കരുതിയേക്കാം. പക്ഷേ അദ്ദേഹം ഒന്നും ചെയ്തില്ല! അതിനെക്കുറിച്ച് മിണ്ടുകപോലുമുണ്ടായില്ല. കാര്യമെന്താണെന്ന് ഞാൻ ചോദിച്ചപ്പോൾ, അദ്ദേഹത്തിന്റെ മറുപടി എന്റെ മനസ്സ് തകർത്തു. അദ്ദേഹം പറഞ്ഞു: 'ഞാൻ ആഗ്രയ്ക്ക് അടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലെ പാവപ്പെട്ട കർഷക കുടുംബത്തിൽ നിന്നാണ് വരുന്നത്. ഈ ഹോട്ടലിൽ ജോലി ചെയ്യുക എന്നത് എന്റെ വലിയൊരു സ്വപ്നമാണ്. അത് അപകടത്തിലാക്കുന്നതോ നശിപ്പിക്കുന്നതോ ആയ യാതൊന്നും ചെയ്യാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല!' ഒന്ന് ആലോചിച്ചു നോക്കൂ! ആ ജോലി അദ്ദേഹത്തിന് എത്രത്തോളം പ്രധാനപ്പെട്ടതായിരുന്നു എന്ന്! ഇതിനെക്കുറിച്ച് അറിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ദേഷ്യം വന്നു. തൊട്ടടുത്ത ദിവസം തന്നെ ഞാൻ ആ അതിഥിയെ ഞങ്ങളുടെ പ്രോപ്പർട്ടിയിൽ നിന്ന് ബ്ലാക്ക്ലിസ്റ്റ് ചെയ്തു (അയാൾ ഇപ്പോഴും ബ്ലാക്ക്ലിസ്റ്റിലാണ്)! ഒരു ലീഡർ എന്ന നിലയിൽ, നിങ്ങൾ എത്ര സമ്പന്നനാണെന്നോ, എത്ര സ്വാധീനമുള്ളവനാണെന്നോ അല്ലെങ്കിൽ ഞങ്ങളുടെ ഹോട്ടലിൽ എത്ര പണം ചെലവഴിക്കുന്നുണ്ടെന്നോ ഉള്ളതൊന്നും എനിക്ക് വിഷയമേയല്ല."
കാന്തിയുടെ അറിഞ്ഞതോടെ അതൃപ്തി അറിയിച്ച പരിതോഷ് അടുത്ത ദിവസം തന്നെ അതിഥിയെ ഹോട്ടലിൽ നിന്ന് ആജീവനാന്തം വിലക്കാൻ തീരുമാനിക്കുകയായിരുന്നു. അതിഥിയുടെ സാമ്പത്തികശേഷിയോ സ്വാധീനമോ ഹോട്ടലിൽ ചെലവഴിക്കുന്ന പണമോ ജീവനക്കാരോടുള്ള പെരുമാറ്റത്തെ നിശ്ചയിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ടീമിലുള്ള ഒരാളെ അപമാനിക്കാനോ ശാരീരികമായി ഉപദ്രവിക്കാനോ ആർക്കും അവകാശമില്ലെന്നും പരിതോഷ് കുറിച്ചു.
ജീവനക്കാർക്ക് സ്വന്തം ആത്മാഭിമാനത്തിനുവേണ്ടി സംസാരിക്കാൻ പോലും ഭയമുണ്ടെങ്കിൽ അവർക്കുവേണ്ടി നിലകൊള്ളേണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്തമാണെന്ന പരിതോഷിന്റെ വാക്കുകൾക്കും വലിയ പിന്തുണയാണ് ലഭിക്കുന്നത്. സംഭവത്തിൽ അതിഥിയെ വിലക്കിയ നടപടിയെ അഭിനന്ദിച്ച നിരവധി പേർ, ജീവനക്കാരുടെ സുരക്ഷയ്ക്കും അന്തസ്സിനും പ്രാധാന്യം നൽകിയ ഹോട്ടൽ മാനേജ്മെന്റിനെ പ്രശംസിച്ചു.
വിലക്ക് ഏർപ്പെടുത്തിയതിനു പുറമേ അതിഥിക്കെതിരെ കേസ് നൽകണമെന്നും ചിലർ അഭിപ്രായപ്പെട്ടു. അതേസമയം, ജീവനക്കാരനെ മർദിച്ച അതിഥിയുടെ പേര് പരസ്യപ്പെടുത്താത്തതിനെ ചോദ്യം ചെയ്തവരുമുണ്ട്. ഉപഭോക്താവിന്റെ സംതൃപ്തിക്കൊപ്പം ജീവനക്കാരുടെ സുരക്ഷയും ആത്മാഭിമാനവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവം വീണ്ടും ചർച്ചയാക്കുന്നത്.
A guest was reportedly banned for life from Taj Agra after allegedly slapping a waiter over a communication misunderstanding. The incident came to light through a LinkedIn post by Paritosh Ladhani, Joint Managing Director of SLMG Beverages. The hotel's decision has received widespread support on social media.