

പ്രായം കൂടുന്തോറും ഓർമയും പേശികളുടെ ശക്തിയും കുറയുന്നത് സ്വാഭാവികമാണ്. വാർധക്യത്തിന് മുമ്പ് എളുപ്പത്തിൽ ചെയ്തിരുന്ന പല കാര്യങ്ങളും പ്രായമാകുമ്പോൾ ചെയ്യാൻ പ്രയാസമാകും. എന്നാൽ ഇവയെ ഒരു പരിധിവരെ ചെറുക്കാൻ സഹായിക്കുന്ന ഘടകമാണ് ക്രിയാറ്റിൻ. ജിമ്മിൽ പോകുന്നവരും കായികതാരങ്ങളും സപ്ലിമെന്റായും ക്രിയാറ്റിൻ ഉപയോഗിക്കുന്നുണ്ട്. വ്യായാമത്തിനുള്ള ഊർജം നൽകാനും പേശികളുടെ ക്ഷമത മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
മാംസം, മത്സ്യം തുടങ്ങിയ ഭക്ഷണങ്ങളിൽനിന്നും ശരീരത്തിന് ക്രിയാറ്റിൻ ലഭിക്കുന്നുണ്ട്. ശരീരത്തിൽ പേശികളിലാണ് ക്രിയാറ്റിൻ സംഭരിക്കപ്പെടുന്നത്. ഓടുക, ചാടുക, ഭാരം ഉയർത്തുക തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ പേശികൾക്ക് ഊർജം ആവശ്യമാണ്. ഈ സമയത്ത് കോശങ്ങൾക്ക് ഊർജം നൽകുന്ന എടിപി പുനഃസ്ഥാപിക്കാൻ ക്രിയാറ്റിൻ സഹായിക്കുന്നു. അതുകൊണ്ടാണ് കായികതാരങ്ങൾക്കും വ്യായാമം ചെയ്യുന്നവർക്കും ഇത് പ്രയോജനമാകുന്നത്.
30 വയസ്സിന് ശേഷം ഓരോ പത്ത് വർഷം കഴിയുമ്പോഴും ശരീരത്തിലെ പേശികളുടെ അളവ് സ്വാഭാവികമായി കുറയുന്നുണ്ട്. വൈദ്യശാസ്ത്രത്തിൽ ഈ അവസ്ഥയെ സാർക്കോപീനിയ എന്നാണ് പറയുന്നത്. പ്രായം കൂടുന്തോറും ഈ മാറ്റം കൂടുതലാകും. പേശികളുടെ ബലം കുറയുന്നത് ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടാനും ദൈനംദിന കാര്യങ്ങൾ ചെയ്യാനാകാത്ത അവസ്ഥക്കും കാരണമാകും. ഇത്തരം സാഹചര്യത്തിൽ ക്രിയാറ്റിൻ ഉപയോഗിക്കുന്നത് പേശികളുടെ കരുത്തും അളവും മെച്ചപ്പെടുത്താൻ സഹായിക്കും. പ്രത്യേകിച്ച് പ്രായമായവരിൽ പേശികളുടെ ആരോഗ്യം നിലനിർത്തുന്നതിന് ഇത് സഹായകരമായേക്കാം. സ്ത്രീകളിൽ ആർത്തവവിരാമത്തിന് ശേഷം ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുന്നത് പേശിബലത്തെയും എല്ലുകളുടെ ആരോഗ്യത്തെയും ബാധിക്കാം.
2026-ൽ ശരാശരി 62 വയസ്സുള്ള 608 സ്ത്രീകളുടെ വിവരങ്ങൾ പരിശോധിച്ചതിൽ നിന്ന് ക്രിയാറ്റിൻ ഉപയോഗിച്ചവരിൽ പേശികളുടെ ബലത്തിലും കാലിന്റെ കരുത്തിലും പുരോഗതി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ ഗുണങ്ങൾ പ്രധാനമായും ദിവസവും കുറഞ്ഞത് അഞ്ച് ഗ്രാം ക്രിയാറ്റിൻ ഉപയോഗിക്കുകയും അതോടൊപ്പം പേശികളുടെ കരുത്ത് വർധിപ്പിക്കുന്ന വ്യായാമങ്ങൾ ചെയ്തവരിലുമാണ് കണ്ടെത്തിയത്.
വ്യായാമമില്ലാതെ ചെറിയ അളവിൽ ക്രിയാറ്റിൻ ഉപയോഗിച്ചവരിൽ കാര്യമായ മാറ്റം കണ്ടെത്തിയിട്ടില്ല. അവരിൽ എല്ലുകളുടെ സാന്ദ്രതയിലും വ്യക്തമായ പുരോഗതി ഉണ്ടായില്ല. 2024-ലെ ശാസ്ത്രീയ പഠനങ്ങൾ ക്രിയാറ്റിൻ ഉപയോഗിക്കുന്നവരിൽ ഓർമശക്തിയിലും വിവരങ്ങൾ വിശകലനം ചെയ്യുന്ന വേഗതയിലും നേരിയ പുരോഗതിയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചില പരിശോധനകളിൽ പ്രതികരണ വേഗവും മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ ആസൂത്രണം ചെയ്യുക, പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ വ്യക്തമായ ഗുണം കണ്ടെത്താനായില്ല. അൽഷിമേഴ്സ് രോഗമുള്ളവരിലും ക്രിയാറ്റിന്റെ സ്വാധീനമുണ്ടായിട്ടുണ്ട്. എട്ട് ആഴ്ച ക്രിയാറ്റിൻ നൽകിയ 20 പേരിൽ തലച്ചോറിലെ ക്രിയാറ്റിന്റെ അളവ് വർധിച്ചതായി കണ്ടെത്തി. ചിലരുടെ ഓർമശക്തി പരിശോധനകളിലും പുരോഗതിയുണ്ടായി.
പ്രായമായവരിൽ ആരോഗ്യമുള്ള മിക്കവർക്കും ദിവസവും മൂന്ന് മുതൽ അഞ്ച് ഗ്രാം വരെ ക്രിയാറ്റിൻ മോണോഹൈഡ്രേറ്റ് മതിയാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വെള്ളം, ജ്യൂസ്, സ്മൂത്തി, പാൽ, കാപ്പി, ചായ തുടങ്ങിയവയിൽ കലർത്തി ഉപയോഗിക്കാം. ഏത് സമയത്ത് കഴിക്കുന്നു എന്നതിനേക്കാൾ ദിവസവും കൃത്യമായി ഉപയോഗിക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടത്.
സസ്യാഹാരം മാത്രം കഴിക്കുന്നവരിൽ ശരീരത്തിലെ ക്രിയാറ്റിന്റെ അളവ് താരതമ്യേന കുറവായിരിക്കാം. കാരണം മാംസം, മത്സ്യം തുടങ്ങിയ ഭക്ഷണങ്ങളിലാണ് ക്രിയാറ്റിൻ കൂടുതലായി കാണപ്പെടുന്നത്. അതിനാൽ സസ്യാഹാരികൾക്ക് ക്രിയാറ്റിൻ സപ്ലിമെന്റുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ആരോഗ്യമുള്ളവരിൽ ക്രിയാറ്റിൻ മോണോഹൈഡ്രേറ്റ് പൊതുവെ സുരക്ഷിതമാണെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ വ്യക്തമാക്കുന്നത്. എങ്കിലും വൃക്കരോഗമുള്ളവർ ഡോക്ടറുടെ നിർദേശമില്ലാതെ ഉപയോഗിക്കരുത്. വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന മരുന്നുകൾ കഴിക്കുന്നവരും ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ അഭിപ്രായം തേടണം.
പ്രായമാകുമ്പോൾ പേശികളുടെ കരുത്തും ശാരീരികക്ഷമതയും നിലനിർത്താൻ ക്രിയാറ്റിൻ സഹായകമാകും. എന്നാൽ വാർധക്യം തടയാനോ അൽഷിമേഴ്സ്, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ രോഗങ്ങൾ ചികിത്സിക്കാനോ ക്രിയാറ്റിന് കഴിയുമെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. കൃത്യമായ വ്യായാമം, പോഷകസമൃദ്ധമായ ഭക്ഷണം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയ്ക്കൊപ്പം മാത്രമേ ക്രിയാറ്റിൻ ഉപയോഗിച്ചിട്ട് കാര്യമുള്ളൂ.
Creatine may help to maintain muscle strength, physical performance and memory as people age. Studies suggest that combining creatine supplements with strength training can improve muscle health, particularly in older adults. It may also offer modest benefits for certain cognitive functions. However, creatine is not a proven treatment for Alzheimer's or age-related diseases. Regular exercise, a balanced diet and medical guidance are important for safe use.