അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏകാധിപത്യ നയങ്ങൾക്കെതിരായ ജനാധിപത്യ വിശ്വാസികളുടെ സമരം നാൾക്കുനാൾ ശക്തിപ്പെടുകയാണ്. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച യുദ്ധം ഒരു മാസം പിന്നിടുന്ന സാഹചര്യത്തിൽ ‘നോ കിംഗ്സ്’ കാർഡുകളുമായി യുവാക്കളും വയോധികരുമടക്കം നിരവധിപേർ അമേരിക്കൻ തെരുവീഥികളിൽ പ്രതിഷേധ റാലികളികളിൽ പങ്കുചേർന്നു. ട്രംപ് രണ്ടാം തവണ അധികാരമേറ്റതിന് ശേഷം നടക്കുന്ന മൂന്നാമത്തെ രാജ്യവ്യാപക പ്രതിഷേധമാണിത്.
‘നോ കിംഗ്സ്’ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, 50 സംസ്ഥാനങ്ങളിലായി 3,300-ത്തിലധികം പരിപാടികളാണ് ട്രംപിന്റെ ഏകാധിപത്യ ഭരണനയങ്ങളെ വിമർശിച്ചുകൊണ്ട് പൊതു പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ന്യൂയോർക്ക്, ലോസ് ആഞ്ചലസ്, വാഷിംഗ്ടൺ ഡി.സി. തുടങ്ങിയ അമേരിക്കയുടെ സുപ്രധാന നഗരങ്ങളിൽ സമാന പ്രതിഷേധ സദസ്സുകൾ നടത്താനാണ് ട്രംപ് വിരുദ്ധ ജനാധിപത്യ കൂട്ടായ്മകളുടെ തീരുമാനം. കൂടാതെ റോം, പാരിസ്, ബെർലിൻ എന്നിവ ഉൾപ്പെടെ ലോകത്തിലെ മറ്റ് പ്രധാന നഗരങ്ങളിലും സമാന പ്രതിഷേധങ്ങൾ അലയടിക്കുന്നുണ്ട്. പരമ്പരാഗതമായി റിപ്പബ്ലിക്കൻ സ്വാധീനമുള്ളതും പ്രധാന നഗരങ്ങൾക്കു പുറത്തുള്ളതുമായ മേഖലകളിൽ കൂടുതൽ ആളുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തികൊണ്ടുള്ള പ്രതിഷേധങ്ങളാണ് പ്രതിഷേധകർ ലക്ഷ്യം വെക്കുന്നത്. നിലവിലെ വിലയിരുത്തലുകൾ അനുസരിച്ച് നഗരങ്ങൾക്ക് പുറത്തുള്ള പ്രതിഷേധങ്ങളിൽ ഏകദേശം മൂന്നിൽ രണ്ട് എന്ന കണക്കിൽ ആളുകളിൽ പങ്കെടുക്കും. പങ്കാളിത്തത്തിലെ എണ്ണം മാത്രമല്ല, പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന സ്ഥലങ്ങളാണ് ഈ പ്രതിഷേധങ്ങളുടെ പ്രത്യേകതയെന്നാണ് ‘ഇൻഡിവിസിബിൾ’ സംഘടനയുടെ സഹസ്ഥാപകയായ ലിയ ഗ്രീൻബർഗ് വ്യക്തമാക്കിയത്.
കുടിയേറ്റക്കാർക്കെതിരെ ട്രംപ് കടുത്ത നിയന്ത്രണ നടപടികൾ സ്വീകരിച്ച മേഖലയായ മിന്നസോട്ടയിലെ മിനിയാപ്പോളിസ്-സെയിന്റ് പോളിലാണ് (ട്വിൻ സിറ്റീസ്) പ്രധാന പരിപാടി നടന്നത്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധനയം തന്നെയാണ് ഈ മേഖല തന്നെ തിരഞ്ഞെടുക്കാൻ സംഘാടകരെ പ്രേരിപ്പിച്ചതും. ‘ഓപ്പറേഷൻ മെട്രോ സർജ്’ എന്ന പേരിൽ ട്രംപ് ഈ മേഖലയിൽ ആയിരക്കണക്കിന് ഫെഡറൽ ഏജന്റുമാരെ വിന്യസിക്കുകയും, നിർബന്ധിത നാടുകടത്തൽ നടപടികളുടെ ഭാഗമായി ക്രൂരമായ അതിക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്‌തെന്ന ആരോപണങ്ങൾ ഉയരുകയും ചെയ്തിരുന്നു.
എന്തുകൊണ്ട് 'ട്രംപ്' വിരുദ്ധ വികാരം
ട്രംപിന്റെ ഏകാധിപതിയായ രാജാവിന്റെ ഭരണരീതികളാണെന്ന വിമർശനം ഉയർത്തിയാണ് 'നോ കിങ്‌സ്' മുദ്രാവാക്യവുമായി അമേരിക്കൻ ജനത തെരുവീഥികളിൽ ഇറങ്ങി പ്രതിഷേധിക്കുന്നത്. ഭരണകൂടത്തെയോ, സ്വന്തം രാജ്യത്തെ ജനവികാരത്തെയോ കണക്കിലെടുക്കാതെ 'സ്വപ്രഖ്യാപിത രാജാവായി' അമേരിക്കയുടെ സർവ്വ സന്നാഹത്തെയും ഉപയോഗിച്ച് ലോകത്തെ തന്നെ നിയന്ത്രിച്ചേക്കാമെന്ന തരത്തിൽ വാഴുകയാണ് ട്രംപ് എന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. ഇറാനെതിരെ, അമേരിക്കയെ കൂട്ടുപിടിച്ച് ഇസ്രായേൽ സംഘർഷങ്ങൾ ആരംഭിച്ച സമയം മുതൽ 'ഇത് നമ്മുടെ യുദ്ധമല്ല' എന്ന നിലപാടിലുറച്ച് ഭരണതലത്തിലടക്കം അഭിപ്രായ ഭിന്നതകൾക്ക് തുടക്കം കുറിച്ചിരുന്നു. ഇത്തരത്തിൽ, യുദ്ധത്തെ പിന്തുണയ്ക്കാൻ തന്റെ മനസാക്ഷിക്ക് കഴിയുന്നില്ലെന്നും, ആക്രമണം അവസാനിപ്പിക്കണമെന്നും ഇസ്രയേലിന് വേണ്ടി നടത്തുന്ന ഈ യുദ്ധം അമേരിക്കയ്ക്ക് ആവശ്യമില്ലായിരുന്നുവെന്നും ആരോപിച്ചായിരുന്നു അമേരിക്കയുടെ ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ മുൻ ഡയറക്ടർ ജോ കെന്റ് രാജിവെച്ചത്. ഇപ്പോഴിതാ ഭരണകൂടത്തിന് അകത്ത് മാത്രമല്ല, ഇറാനെതിരായ സൈനിക നടപടികൾക്കും യുദ്ധത്തിനുമെതിരെ ജനങ്ങൾക്കിടയിലും വലിയ പ്രതിഷേധമാണുള്ളത്. സമാധാനം പുനഃസ്ഥാപിക്കണമെന്നും യുദ്ധത്തിൽ നിന്നും അമേരിക്ക പിന്മാറണമെന്നും ആവശ്യപ്പെട്ട പ്രതിഷേധക്കാർ, സമീപകാലത്ത് ട്രംപ് സ്വീകരിച്ച നയങ്ങൾക്കെതിരെയും കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. അമേരിക്കൻ ജനാധിപത്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മെഗാ റാലികകളാണ് അമേരിക്കയിൽ സംഘടിക്കുന്നത്.
സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന തലത്തിൽ ജീവിതച്ചെലവ്, ഇന്ധന വില, അവശ്യസാധനങ്ങളുടെ വിലക്കയറ്റം എന്നിവയിലുണ്ടായ വർധനവും, സാമ്പത്തിക പ്രതിസന്ധിയും ജനകീയ റാലികളിൽ പ്രകടമാണ്.
കുടിയേറ്റ വിരുദ്ധ നയങ്ങളുടെ ഭാഗമായി ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി അഴിച്ചു വിടുന്ന ക്രൂരമായ റെയ്ഡുകൾക്കും കൂട്ട നാടുകടത്തലുകൾക്കുമെതിരെ ശക്തമായ മനുഷ്യാവകാശ ചോദ്യങ്ങൾ ഉയരാൻ കാരണമായിട്ടുണ്ട്. . ജനുവരിയിൽ മിനസോട്ടയിൽ നടന്ന പ്രതിഷേധത്തിനിടെ ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റ് അമേരിക്കൻ പൗരന്മാരായ അലക്‌സ് പ്രെറ്റിയും റെനി നിക്കോൾ ഗുഡും കൊല്ലപ്പെട്ടത് രാജ്യവ്യാപക പ്രതിഷേധങ്ങൾക്കും ജനരോഷം ആളിപടരാനും കാരണമായി. ഈ മരണങ്ങളെ അനുസ്മരിച്ച് വിവിധ സാമൂഹിക പ്രവർത്തകരും തൊഴിലാളി നേതാക്കളും രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്ത പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.
അനുശോചനങ്ങളുടെയും പ്രതിഷേധത്തിന്റെ ഭാഗമായി പ്രഗത്ഭനായ സെനറ്റർ ബെർണി സാൻഡേഴ്സ് പ്രസംഗിക്കുകയും, റോക്ക് ഗായകൻ ബ്രൂസ് സ്പ്രിംഗ്സ്റ്റീൻ, ഫോക് ഗായിക ജോൺ ബെയ്സ് എന്നിവർ സംഗീത പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. റെക്കോർഡുചെയ്ത സന്ദേശത്തിലൂടെ നടൻ റോബർട്ട് ഡി നിരോ ജനങ്ങളെ അഭിസംബോധന ചെയ്തു. അതേസമയം, വാഷിംഗ്ടൺ ഡി.സി.യിലെ ലിങ്കൺ മെമ്മോറിയൽ, വാഷിംഗ്ടൺ സ്മാരകം എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ സമരം നടത്തുകയും ചെയ്തു. പ്രതിഷേധങ്ങളുടെ ഭാഗമായി ട്രംപ് ഭരണകൂടത്തെ പരിഹസിക്കുന്ന പ്ലക്കാർഡുകളും പ്രതിമകളും പ്രതിഷേധകർ ഉയർത്തിയിരുന്നു. ഇതിന്റെ ഭാഗമായി ജൂണിലും ഒക്ടോബറിലും നടന്ന ‘നോ കിംഗ്സ്’ പ്രതിഷേധങ്ങളിൽ ലക്ഷക്കണക്കിന് ആളുകളായിരുന്നു പങ്കെടുത്തത്. ഒക്ടോബർ പ്രതിഷേധത്തിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ വിവാദമായ എഐ വീഡിയോ ട്രംപ് പങ്കുവെച്ചിരുന്നു. കോൺഗ്രസിലെ ഭൂരിപക്ഷം നിലനിർത്താൻ റിപ്പബ്ലിക്കൻ പാർട്ടി ശ്രമിക്കുമ്പോൾ, അധിക സീറ്റുകൾ നേടാനാണ് ഡെമോക്രാറ്റുകൾ ലക്ഷ്യമിടുന്നത്. രാജ്യം അധികാരാധിപത്യത്തിലേക്കോ ധനികരുടെ ആധിപത്യത്തിലേക്കോ വീഴാൻ അനുവദിക്കില്ലെന്നും, അമേരിക്കയിൽ ജനങ്ങളാണ് ഭരണാധികാരികൾ, പ്രതിഷേധങ്ങളുടെ ഭാഗമായി എന്ന് ബെർണി സാൻഡേഴ്സ് തന്റെ പ്രസംഗത്തിലൂടെ വ്യക്തമാക്കുകയും ചെയ്തു.
വിവിധ ട്രാൻസ്‍ജൻഡർ വിഭാഗങ്ങൾക്കും LGBTQIA+++ സമൂഹത്തിനും നേരെയുള്ള ഭരണകൂടത്തിന്റെ വിവേചനപരമായ നയങ്ങൾ അവസാനിപ്പിക്കണമെന്ന ആവശ്യവും പ്രതിഷേധങ്ങളും പ്രകടമാണ്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാരിന്റെ ഇടപെടൽ ശക്തമാക്കണമെന്നാണ് പ്രധാനമായും സമരക്കാർ മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം. 'തുല്യത ', ' LGBTQIA+++ അവകാശങ്ങൾ സംരക്ഷിക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് സമരക്കാർ തെരുവിലിറങ്ങിയത്. ഇത്തരത്തിൽ സമത്വത്തിനും മാനവികതയ്ക്കും വേണ്ടി ശബ്ദമുയർത്തുന്ന പ്രതിഷേധങ്ങൾ രാജ്യത്തെ സാമൂഹിക-രാഷ്ട്രീയ ചർച്ചകളിൽ വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. കൂടാതെ എല്ലാ പൗരന്മാരുടെയും വോട്ടവകാശവും തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കണമെന്നും തരത്തിലെ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉയർത്തുന്നുണ്ട്.
ഉയർന്നു വരുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെ മുഖവിലയ്‌ക്കെടുക്കാതെ ഇന്ധന ഉത്പാദനത്തിനായി ഫോസിലിനെ കൂടുതലായി ആശ്രയിക്കുന്ന ഭരണകൂട നയം വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഈ നയത്തിൽ നിന്നും പിന്മാറണമെന്നുള്ള ആവശ്യങ്ങളും റാലികളിൽ ഉന്നയിക്കുന്നുണ്ട്. ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാകാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വെനസ്വേലൻ തലവനെയും ജീവിതപങ്കാളിയെയും സൈനിക നടപടിയിലൂടെ അറസ്റ്റ് ചെയ്ത്, വെനസ്വലയുടെ അധികാരം പിടിച്ചെടുത്തത്തിലെ ട്രംപിന്റെ ധാർഷ്ട്യത്തിനെതിരെയും അമേരിക്കൻ ജനതയ്ക്കിടയിൽ എതിർപ്പുകൾ ശക്തമായിരുന്നു. ചിക്കാഗോ, ഡാലസ്, ന്യൂയോർക്ക്, ഫിലഡൽഫിയ, പിറ്റ്സ്ബർഗ്, സാൻ ഫ്രാൻസിസ്കോ, സിയാറ്റിൽ തുടങ്ങിയ പ്രധാന നഗരങ്ങളിലായി ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.
കോൺഗ്രസിന്റെ അനുമതിയില്ലാതെ ആക്രമണം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അധികാരമില്ലെന്ന വിമർശനവും ശക്തമായി ഉയർന്നിരുന്നു. ട്രംപ് ഭരണഘടനാപരമായ ബാധ്യതകളെ മറികടന്നതായും മുതിർന്ന ഡെമോക്രാറ്റ് നേതാക്കൾ ആരോപിച്ചു. യുഎസ് ഐക്യരാഷ്ട്രസഭാ ചാർട്ടർ ലംഘിച്ചുവെന്ന വിമർശനങ്ങൾ അന്താരാഷ്ട്ര തലത്തിലും ഉയർന്നിരുന്നു.
'ഇറാഖിലെ സദ്ദാം ഹുസൈൻ ഭരണകാലമായാലും, അഫ്ഗാനിസ്ഥാനിലെ താലിബാനായാലും, പനാമയോ ലിബിയയോ ആയാലും അമേരിക്ക അധിനിവേശം നടത്തുമ്പോഴെല്ലാം ദുരിതം അനുഭവിക്കേണ്ടി വരുന്നത് ആ രാജ്യങ്ങളിലെ സാധാരണ ജനങ്ങളാണ്' എന്നായിരുന്നു ചിക്കാഗോ കമ്മിറ്റി എഗെയിൻസ്റ്റ് വാർ ആൻഡ് റേസിസം പ്രവർത്തകൻ ആൻഡി തേയർ പ്രതിഷേധത്തിനിടെ ചൂണ്ടിക്കാണിച്ചത്. അന്ന് സിയാറ്റിലിൽ ‘ആൻസർ’ (Act Now to Stop War and End Racism) എന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ 'നോ ബ്ലഡ് ഫോർ ഓയിൽ', 'സ്റ്റോപ്പ് ബോംബിങ് വെനിസ്വെല നൗ!' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധക്കാർ പ്രതികരിച്ചത്.
സമീപകാലത്ത് ട്രംപിനെതിരായി നടക്കുന്ന പ്രതിഷേധങ്ങളിലൂടെ വ്യക്തമാകുന്നത് അമേരിക്കയുടെ വിദേശ സൈനിക ഇടപെടലുകൾക്കെതിരായ ആഭ്യന്തര പ്രതിഷേധം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനകളാണ്.
English Summary: Mass “No Kings” protests have erupted across the United States against Donald Trump’s policies, including war actions, immigration crackdowns, and alleged authoritarian governance. Demonstrators also raised concerns over LGBTQIA+ rights, economic issues, and US foreign interventions.