Auto

എട്ട് വർഷത്തെ ബാറ്ററി വാറണ്ടി, 200 കിലോമീറ്റർ റേഞ്ച്; കാറിന്റെ ഫീച്ചറിൽ ഒരു ബൈക്ക്

ഇലക്ട്രിക് കാറുകളിൽ സാധാരണയായി കാണപ്പെടുന്ന ഉയർന്ന വോൾട്ടേജ് ആർക്കിടെക്ചർ ഇരുചക്ര വാഹന മേഖലയിൽ അവതരിപ്പിച്ചാണ് കമ്പനി ശ്രദ്ധേയമായത്.

Madism Desk

ഇന്ത്യയിലിപ്പോൾ ഇലക്ട്രക് വാ​ഹനങ്ങളുടെ തരം​ഗമാണ്. ഫോർവീലറുകളിലും ടൂ വീലറുകളിലും ഇലക്ട്രിക് വാഹനങ്ങൾ ധാരാളം ഇറങ്ങുന്നുണ്ട്. എങ്കിലും ഇലക്ട്രിക് മോട്ടോർ സൈക്കിൾ സ​ഗ്മമെന്റ് അത്ര കാര്യമായി ഇന്ത്യയിൽ സജീവമല്ല. കൂടുതലും ഇലക്ട്രിക് സ്കൂട്ടറുകളാണ്. എന്നാൽ അതിന് അപവാദമെന്നോണം വന്ന രണ്ട് ബ്രാന്റുകളായിരുന്നു അൾട്രാവയലറ്റ്, റിവോൾട്ട് എന്നിവ. പക്ഷേ, എന്നാൽ കാർ പോലെ ഫാസ്റ്റ് ചാർജ് ചെയ്യാനാവുന്ന ഇലക്ട്രിക് മോട്ടോർസൈക്കിളുമായി എത്തി ഏവരെയും അതിശയിപ്പിച്ച ഒരു വാഹനബ്രാന്റും ഇന്ത്യയിലുണ്ട്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ റാപ്റ്റി HV. ഇലക്ട്രിക് കാറുകളിൽ സാധാരണയായി കാണപ്പെടുന്ന ഉയർന്ന വോൾട്ടേജ് (HV-Tec) ആർക്കിടെക്ചർ ഇരുചക്ര വാഹന മേഖലയിൽ അവതരിപ്പിച്ചാണ് കമ്പനി ശ്രദ്ധേയമായത്.

ആദ്യഘട്ടത്തിൽ ചെന്നൈയിൽ മാത്രം വിൽപ്പന നടത്തിയിരുന്ന കമ്പനിയുടെ പ്രവർത്തനം പിന്നീട് ബെംഗളൂരുവിലേക്കും വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി നഗരത്തിൽ പുതിയ എക്സ്പീരിയൻസ് സെന്ററും ആരംഭിച്ചു. പുതിയ എക്സ്പീരിയൻസ് സെന്ററിൽ സന്ദർശകർക്ക് T30 ഇലക്ട്രിക് വാഹനത്തിന്റെ സാങ്കേതികവിദ്യ അടുത്തറിയാനും വാഹനത്തിന്റെ സവിശേഷതകൾ നേരിട്ട് പരിചയപ്പെടാനും ടെസ്റ്റ് റൈഡ് നടത്താനും അവസരമുണ്ടാകും. ലോകമെമ്പാടുമുള്ള ഇലക്ട്രിക് കാറുകളിൽ ഉപയോഗിക്കുന്ന ഹൈ-വോൾട്ടേജ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി വികസിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഹൈ-വോൾട്ടേജ് ഇലക്ട്രിക് മോട്ടോർസൈക്കിളായ T30-യുടെ രണ്ടാമത്തെ വിപണിയാണ് ബെംഗളൂരു.

കേരളം ഉൾപ്പെടെ ഇലക്ട്രിക് വാഹനങ്ങൾക്ക് മികച്ച സ്വീകാര്യതയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്കും വിൽപ്പന വ്യാപിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് റാപ്റ്റി അറിയിച്ചു. ദക്ഷിണേന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിലേക്ക് ഈ വർഷാവസാനത്തോടെ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള നടപടികൾ കമ്പനി ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷമാണ് റാപ്റ്റി T30 ഇലക്ട്രിക് ബൈക്ക് 2.39 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ വിപണിയിലെത്തിയത്.

എതിരാളികളെ അപേക്ഷിച്ച് വാഹനത്തിന് വില അൽപ്പം കൂടുതലാണെന്ന് തോന്നുമെങ്കിലും എട്ട് വർഷത്തെ ബാറ്ററി വാറന്റിയും മൂന്ന് വർഷത്തെ വാഹന വാറന്റിയും കമ്പനി നൽകുന്നുണ്ട്. DC ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയാണ് റാപ്റ്റി T30-യുടെ പ്രധാന സവിശേഷതകളിലൊന്ന്. DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 36 മിനിറ്റിനുള്ളിൽ ബാറ്ററി 20 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വീട്ടിലെ ഓൺ-ബോർഡ് ചാർജർ ഉപയോഗിച്ചും വാഹനം ചാർജ് ചെയ്യാൻ സാധിക്കുമെങ്കിലും അതിന് ഒരു മണിക്കൂറിലധികം സമയമെടുക്കും. CCS2 ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടിൽ ഹൈസ്പീഡ് ചാർജിങ്, ശക്തമായ ഓൺ-ബോർഡ് ചാർജർ, ഭാരം കുറഞ്ഞ ഇൻറേണൽ ചാർജിംഗ് കേബിൾ എന്നിവ ഉൾപ്പെടെ നിരവധി ഇൻ-ഹൗസ് ചാർജിംഗ് സവിശേഷതകളും T30-യുടെ ഹൈ-വോൾട്ടേജ് പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നുണ്ട്.

5.4 kWh ശേഷിയുള്ള ബാറ്ററി പായ്ക്കാണ് റാപ്റ്റി T30-യിൽ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റത്തവണ ഫുൾ ചാർജിൽ പരമാവധി 200 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 29.5 bhp കരുത്തും 70 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്തേകുന്നത്. IP67 റേറ്റിംഗ് ലഭിച്ച ബാറ്ററി പായ്ക്കും മോഡലിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ്.

പെർഫോമെന്റിസിന്റെ കാര്യത്തിൽ, വെറും 3.5 സെക്കൻഡിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ T30-ക്ക് കഴിയും. എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ, എൽഇഡി ടെയിൽ ലൈറ്റ്, ഇരുചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകൾ എന്നിവ വാഹനത്തിൽ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. കൂടാതെ ഓട്ടോമോട്ടീവ്-ഗ്രേഡ് ലിനക്സ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി വികസിപ്പിച്ച കസ്റ്റം ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും T30-യുടെ സവിശേഷതകളിൽ ഉൾപ്പെടുന്നു.

India is witnessing a strong surge in electric vehicle adoption, with a growing number of EVs entering both the four-wheeler and two-wheeler segments. However, the electric motorcycle market remains relatively small compared to the booming electric scooter segment. Ultraviolette and Revolt have been among the few brands to establish a presence in this space.

Now, Chennai-based startup Raptee HV has grabbed attention with an electric motorcycle that supports fast charging similar to electric cars. The company stands out for introducing high-voltage (HV-Tec) architecture—commonly found in electric cars—to the two-wheeler segment in India.