Auto

ഡിസംബറിൽ വാഹന വിപണിയിൽ വൻ മാറ്റങ്ങൾ; പുതിയ ഇലക്ട്രിക് എസ്‌യുവികളും ഹൈബ്രിഡ് മോഡലുകളും എത്തുന്നു

ഹോണ്ട ആൽഫ, ജെഎസ്ഡബ്ല്യു കോംബാറ്റ്, പുതുക്കിയ ഫോക്‌സ്‌വാഗൺ വിർടസ്, ഹ്യുണ്ടായ് അയോണിക് പി തുടങ്ങി മോഡലുകൾ വിപണിയിലെത്തും.

Madism Desk

വർഷാവസാനത്തോടെ ഇന്ത്യൻ വാഹന വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾക്കും ഹൈബ്രിഡ് സാങ്കേതികവിദ്യയ്ക്കും പ്രാധാന്യം നൽകുന്ന നിരവധി പുതിയ കാറുകളാണ് ഡിസംബറിൽ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി, ജെഎസ്ഡബ്ല്യു മോട്ടോഴ്‌സിന്റെ ആദ്യ വാഹനം, ഫോക്‌സ്‌വാഗൺ വിർടസിന്റെ പുതുക്കിയ പതിപ്പ് തുടങ്ങിയവയാണ്  ഡിസംബറിൽ വാഹനവിപണിയിൽ ശ്രദ്ധ നേടാനൊരുങ്ങുന്ന പ്രധാന മോഡലുകൾ.

ഡിസംബർ രണ്ടിന് ഹോണ്ടയുടെ പുതിയ ഇലക്ട്രിക് എസ്‌യുവിയായ ഹോണ്ട ആൽഫയുടെ ആഗോളതലത്തില്‍ അവതരിപ്പിക്കും. ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹന രംഗത്തേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കമ്പനിയുടെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ മോഡലിന്റെ വരവ്.

ഇതിന്റെ സാങ്കേതിക വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏകദേശം 65kwh മുതല്‍ 75kwh വരെ ശേഷിയുള്ള രണ്ട് തരം എല്‍ എഫ് പി ബാറ്ററി ഓപ്ഷനുകള്‍ ഇതില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഒറ്റ ചാർജിൽ ഏകദേശം 400 മുതൽ 650 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്നാണ് സൂചന. 

ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ് ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്ന ഹൈബ്രിഡ് കോംബാറ്റ് എസ് യു വി ഡിസംബറിൽ നിരത്തിലെത്തും. ഡിസംബർ മൂന്നിനാണ് മോഡലിന്റെ അവതരണം പ്രതീക്ഷിക്കുന്നത്. ചൈനീസ് വാഹനനിർമാതാക്കളായ ചെറി ഗ്രൂപ്പിന്റെ ജെറ്റൂർ ടി2 അടിസ്ഥാനമാക്കിയുള്ള എസ്‌യുവിയാണിത്.

ഒന്നര ലിറ്റർ ടർബോ പെട്രോൾ എൻജിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഉൾപ്പെടുന്ന പ്ലഗ്-ഇൻ ഹൈബ്രിഡ് സംവിധാനം വാഹനത്തിലുണ്ടാകുമെന്നാണ് സൂചന. ഓഫ്-റോഡ് എസ്‌യുവികളെ അനുസ്മരിപ്പിക്കുന്ന രൂപകൽപ്പനയും വാഹനത്തിന്റെ പ്രത്യേകതയായിരിക്കും.

ഫോക്‌സ്‌വാഗൺ വിർടുസിന്റെ ഫേസ് ലിഫ്റ്റ്‌  പതിപ്പാണ് ഡിസംബറിലെ മറ്റൊരു പ്രധാന മോഡൽ. ഡിസംബർ 11ന് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റിൽ പുറംരൂപത്തിലും സാങ്കേതിക സൗകര്യങ്ങളിലും മാറ്റങ്ങളുണ്ടാകും. പുതുക്കിയ ബമ്പറുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, പുതിയ അലോയ് വീലുകൾ എന്നിവയ്ക്കൊപ്പം 360 ഡിഗ്രി ക്യാമറയും വലിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിച്ചേക്കും.

ഹ്യുണ്ടായിയുടെ പുതിയ കോംപാക്ട് ഇലക്ട്രിക് എസ്‌യുവിയായ അയോണിക് പിയും വിപണിയിൽ ശ്രദ്ധ നേടുന്ന മോഡലാണ്. ബോക്‌സി ഡിസൈൻ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, പിക്സൽ മാതൃകയിലുള്ള ലൈറ്റുകൾ എന്നിവയാണ് പ്രതീക്ഷിക്കുന്ന സവിശേഷതകൾ. വലിയ ബാറ്ററി പതിപ്പിന് 500 കിലോമീറ്ററിലധികം റേഞ്ച് ലഭിക്കുമെന്നാണ് സൂചന.

ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയും പരമ്പരാഗത വാഹന വിഭാഗത്തിന്റെ സാധ്യതകളും ഒരുപോലെ പരീക്ഷിക്കുന്നതായിരിക്കും ഡിസംബറിലെ ഈ പുതിയ വാഹനങ്ങളുടെ വരവ്. വിലയും പൂർണ സാങ്കേതിക വിവരങ്ങളും ഔദ്യോഗികമായി പുറത്തുവരുന്നതോടെ ഇന്ത്യൻ വാഹന വിപണിയിലെ മത്സരം കൂടുതൽ വ്യക്തമാകും.

The Indian automobile market is set to witness several new launches in December, including Honda’s first electric SUV, the JSW Combat plug-in hybrid SUV, and the updated Volkswagen Virtus. Hyundai’s upcoming compact electric SUV is also expected to attract attention. These launches highlight the growing focus on electric and hybrid mobility in India.