Auto

22.80 കിലേമീറ്റര്‍ മൈലേജ്, സ്റ്റൈലന്‍ ഡിസൈനും; ഹോണ്ടയുടെ ആദ്യ ഹൈബ്രിഡ് എഞ്ചിനുമായി ഇസഡ് ആര്‍ വി എത്തി

പൂർണമായും ജപ്പാനിൽ നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന (CBU) മോഡലാണ് ഇസഡ്‌ ആർ വി

Madism Desk

രണ്ട് മാസം മുമ്പ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച ഇസഡ്‌ ആർ വി ഹൈബ്രിഡ് എസ്‌യുവിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. 47.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില. ഹോണ്ട കാർസ് ഇന്ത്യയുടെ ആദ്യ ഹൈബ്രിഡ് എസ്‌യുവിയാണ് ഇസഡ്‌ ആർ വി. പൂർണമായും ജപ്പാനിൽ നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന (CBU) മോഡലാണ് ഇസഡ്‌ ആർ വി. ഇന്ത്യയിൽ നിലവിൽ ഹോണ്ടയുടെ ഏറ്റവും വലിയ എസ്‌യുവിയായാണ് ഇസഡ്‌ ആർ വി എത്തുന്നത്.

4,657 മില്ലീമീറ്റർ നീളവും 1,840 മില്ലീമീറ്റർ വീതിയും 1,621 മില്ലീമീറ്റർ ഉയരവുമുള്ള വാഹനത്തിന് 2,655 മില്ലീമീറ്റർ വീൽബേസാണുള്ളത്. മുൻവശത്ത് വലിയ ഗ്ലോസ് ബ്ലാക്ക് ഗ്രില്ലും മെലിഞ്ഞ എൽഇഡി ഹെഡ്‌ലാമ്പുകളും ബമ്പറിലെ എയർ വെന്റുകളും വാഹനത്തിന് പ്രീമിയം ലുക്ക് നൽകുന്നു. പിൻഭാഗത്ത് യു ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, റൂഫ് സ്‌പോയിലർ, റിയർ വൈപ്പർ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിലെ മോഡലിന് 18 ഇഞ്ച് അലോയ് വീലുകളാണ് ഉണ്ടാവുക.

പൂർണമായും കറുപ്പ് തീമിലുള്ള കാബിനിൽ ലെതർ സീറ്റുകൾ, കോൺട്രാസ്റ്റ് സ്റ്റിച്ചിങ്, സോഫ്റ്റ് ടച്ച് മെറ്റീരിയലുകൾ, മെറ്റാലിക് ഫിനിഷുകൾ എന്നിവ പ്രീമിയം ഫീൽ നൽകാൻ സഹായിക്കും. ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പത്ത് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 12 സ്പീക്കറുകളുള്ള ബോസ് ഓഡിയോ സംവിധാനം, മെമ്മറി ഫങ്ഷനോടുകൂടിയ ഇലക്ട്രിക് അഡ്ജസ്റ്റബിൾ മുൻസീറ്റുകൾ, വയർലെസ് ഫോൺ ചാർജിങ്, ഫ്രണ്ട് പാർക്കിങ് സെൻസറുകൾ, കുറഞ്ഞ വേഗതയിൽ ഇലക്ട്രിക് മോഡിൽ സഞ്ചരിക്കുമ്പോൾ മുന്നറിയിപ്പ് നൽകുന്ന അക്കോസ്റ്റിക് വെഹിക്കിൾ അലർട്ട് സംവിധാനവും ഉൾപ്പെടെ ഫീച്ചർ റിച്ചായാണ് ഇസഡ്‌ ആർ വി ഇന്ത്യയിലേക്കെത്തുക.

സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകിയാണ് വാഹനമെത്തുന്നത്. എട്ട് എയർബാഗുകൾ, നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലോ-സ്പീഡ് ഫോളോ, ഡ്രൈവർ അറ്റൻഷൻ മോണിറ്റർ എന്നിവ ഉൾപ്പെടുന്ന നൂതന ഡ്രൈവർ അസിസ്റ്റൻസ് സംവിധാനങ്ങളാണ് ഹോണ്ട ഇസഡ്‌ ആർ വിയിൽ ഒരുക്കിയിരിക്കുന്നത്. രണ്ട് ലിറ്റർ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും ചേർന്ന ശക്തമായ ഹൈബ്രിഡ് പവർട്രെയിനാണ് എസ്‌യുവിക്ക് കരുത്തേകുന്നത്. 181 ബി.എച്ച്.പി കരുത്തും 315 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്ന വാഹനം 7.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗം കൈവരിക്കും.

മണിക്കൂറിൽ 173 കിലോമീറ്ററാണ് പരമാവധി വേഗം. ഒരു ലിറ്റർ ഇന്ധനത്തിൽ 22.80 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്. ഇന്ത്യയിലെ പ്രീമിയം എസ്‌യുവി വിപണിയിൽ സ്‌കോഡ കൊഡിയാക്, ഫോക്‌സ്‌വാഗൺ ടൈറോൺ, ജീപ്പ് മെറിഡിയൻ എന്നീ മോഡലുകളുമായാണ് ഹോണ്ട ഇസഡ്‌ആർ-വി ഹൈബ്രിഡ് നേരിട്ട് ഏറ്റുമുട്ടുന്നത്. വാഹനത്തിന്റെ ഡെലിവറി ഉടൻ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

Japanese automaker Honda has launched the ZR-V Hybrid SUV in the Indian market, just two months after its global debut. The SUV is priced at ₹47.99 lakh (ex-showroom). The ZR-V is Honda Cars India's first hybrid SUV and is being brought to the country as a Completely Built Unit (CBU) imported from Japan. It also becomes the largest SUV currently offered by Honda in the Indian market.