Auto

പുതിയ കളർ ഓപ്ഷനുകളുമായി ജാവ 42 ബോബര്‍ ഓള്‍ സ്റ്റാര്‍ ; വില 2.09 ലക്ഷം മുതൽ

2,08,942 മുതലാണ് ഡൽഹിയിലെ എക്സ്-ഷോറൂം വില

Ali Thurakkal, Madism Desk

പുതിയ കളർ ഓപ്ഷനുകളും വ്യത്യസ്തമായ ഗ്രാഫിക്സ് ഡിസൈനുമായി ജാവ 42 ബോബര്‍ ഓള്‍ സ്റ്റാര്‍ ഇന്ത്യയിൽ അവതരിപ്പിച്ചു. സെപ്റ്റംബർ 5ന് ബെംഗളൂരുവിൽ നടന്ന ഗ്ലോബൽ ചെസ് ലീഗിനിടെയാണ് പുതിയ സ്പെഷ്യൽ എഡിഷൻ രാജ്യത്ത് അവതരിപ്പിച്ചത്. 2,08,942 മുതലാണ് ഡൽഹിയിലെ എക്സ്-ഷോറൂം വില.

എഞ്ചിനിലോ ബൈക്കിന്റെ പ്രധാന സാങ്കേതിക സംവിധാനങ്ങളിലോ മാറ്റം വരുത്താതെയാണ് ഓള്‍ സ്റ്റാര്‍ പതിപ്പ് വിപണിയിലെത്തുന്നത്. പുതിയ നിറങ്ങളും ചെക്കേർഡ് ഗ്രാഫിക്സുമാണ് പ്രധാന ആകർഷണം. ഉപഭോക്താക്കൾക്ക് കൂടുതൽ വ്യത്യസ്തവും സ്പോർട്ടി ലുക്കും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

മിസ്റ്റിക് കോപ്പർ, ജാസ്പർ റെഡ്, സിൽവർ നൈറ്റ്, ഷാഡോ ബ്ലാക്ക്, ബ്ലാക്ക് മിറർ എന്നീ അഞ്ച് നിറങ്ങളിലാണ് ജാവ 42 ബോബര്‍ ഓള്‍ സ്റ്റാര്‍ ലഭ്യമാകുക. നിറവും ഫിനിഷും അനുസരിച്ച് 2.09 ലക്ഷം രൂപ മുതൽ 2.20 ലക്ഷം രൂപ വരെയാണ് വിവിധ വേരിയന്റുകളുടെ എക്സ്-ഷോറൂം വില.

എഞ്ചിൻ 334 സിസി തന്നെ

നിലവിലുള്ള 42 ബോബറിലെ അതേ 334 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഓള്‍ സ്റ്റാര്‍ പതിപ്പിലും ഉപയോഗിച്ചിരിക്കുന്നത്. ആറ് സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന എഞ്ചിൻ 29.9 പിഎസ് പരമാവധി കരുത്തും 30 എന്‍എം ടോർക്കും ഉത്പാദിപ്പിക്കും.

740 മില്ലിമീറ്റർ സീറ്റ് ഹൈറ്റും 145 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് ബൈക്കിന്റെ മറ്റൊരു പ്രത്യേകത. 12.5 ലിറ്റർ ശേഷിയുള്ള ഫ്യുവൽ ടാങ്കും നൽകിയിട്ടുണ്ട്. ദൈനംദിന യാത്രകൾ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി എല്‍സിഡി ഇൻസ്ട്രുമെന്റ് കൺസോളും ഹാൻഡിൽബാറിൽ യുഎസ്ബി ചാർജിംഗ് പോർട്ടും ലഭിക്കും.

വാറന്റിയും റോഡ്‌സൈഡ് അസിസ്റ്റൻസും

ജാവയുടെ 'ഓണര്‍ഷിപ്പ് അഷ്വറന്‍സ്' പദ്ധതിയുടെ ഭാഗമായി നാല് വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറന്റിയാണ് കമ്പനി നൽകുന്നത്. ഇത് ആറ് വർഷം വരെ നീട്ടാനുള്ള ഓപ്ഷനും ലഭ്യമാണ്. രാജ്യത്തുടനീളമുള്ള 450ലേറെ ഔട്ട്‌ലെറ്റുകൾ വഴി റോഡ്‌സൈഡ് അസിസ്റ്റൻസും എഎംസി സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

വിലയും ഡെലിവറിയും

മിസ്റ്റിക് കോപ്പർ ബേസ് വേരിയന്റിന് ഡൽഹി, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ 2,08,942 രൂപയാണ് എക്സ്-ഷോറൂം വില. സാധാരണയായി 5,000 രൂപയാണ് ബുക്കിംഗ് ടോക്കൺ തുകയായി ഡീലർമാർ ഈടാക്കുന്നത്. ഈ തുക പിന്നീട് ഇൻവോയ്സിൽ ക്രമീകരിക്കാവുന്നതാണ്.

പ്രധാന മെട്രോ നഗരങ്ങളിൽ സ്റ്റോക്ക് ലഭ്യത അനുസരിച്ച് ഉടൻ തന്നെ വാഹനത്തിന്റെ ഡെലിവറി ലഭിക്കാം. ചിലയിടങ്ങളിൽ രണ്ട് മുതൽ നാല് ആഴ്ച വരെ കാത്തിരിക്കേണ്ടി വരും. ചില കളർ വേരിയന്റുകൾക്ക് 30 ദിവസം വരെ കാത്തിരിപ്പ് കാലയളവുണ്ടാകാനും സാധ്യതയുണ്ട്.

എതിരാളികൾ ആരൊക്കെ?

വിലയുടെ കാര്യത്തിൽ ജാവ 42 ബോബര്‍ ഓള്‍ സ്റ്റാറിന് പ്രധാനമായും മത്സരം നേരിടുന്നത് റോയല്‍ എന്‍ഫില്‍ഡ് ക്ലാസിക് 350, ട്രയംഫ് സ്പീഡ് 400, ഹാര്‍ലി ഡേവിഡ്സണ്‍ X440 തുടങ്ങിയ മോഡലുകളോടാണ്.

റോയല്‍ എന്‍ഫില്‍ഡ് ക്ലാസിക് 350 350യുടെ ഡൽഹി എക്സ്-ഷോറൂം വില 1.87 ലക്ഷം രൂപ മുതലാണ്. ട്രയംഫ് സ്പീഡ് 400ന് 2.34 ലക്ഷം രൂപയും ഹാര്‍ലി ഡേവിഡ്സണ്‍ X440ന് 2.35 ലക്ഷം രൂപയുമാണ് തുടക്കവില.

ക്ലാസ്സിക് 350നെ അപേക്ഷിച്ച് വില കൂടുതലാണെങ്കിലും വ്യത്യസ്തമായ ബോബർ ഡിസൈൻ, താഴ്ന്ന സീറ്റ് ഹൈറ്റ്, പുതിയ കളർ ഓപ്ഷനുകൾ എന്നിവ ഹാര്‍ലി ഡേവിഡ്സണിന്‍റെ പ്രധാന ആകർഷണങ്ങളാണ്. പരമ്പരാഗത മോഡലുകളിൽ നിന്ന് വ്യത്യസ്തമായ ഡിസൈനുള്ള ബൈക്ക് ആഗ്രഹിക്കുന്ന റൈഡർമാരെ ലക്ഷ്യമിട്ടാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. ബൈക്ക് സ്വന്തമാക്കാൻ ഉദ്ദേശിക്കുന്നവർ ബുക്കിംഗിന് മുമ്പ് തങ്ങൾക്ക് ആവശ്യമുള്ള കളർ വേരിയന്റിന്റെ ലഭ്യത, ബുക്കിംഗ് തുക, കാത്തിരിപ്പ് കാലയളവ്, ഓൺ-റോഡ് വില എന്നിവ ഡീലർഷിപ്പിൽ നേരിട്ട് സ്ഥിരീകരിക്കുന്നത് ഉചിതമാണ്.