ജിഡിപി കണക്കുകളിൽ അടിമുടി മാറ്റം: എന്താണ് ഡബിൾ ഡിഫ്ലേഷൻ? എന്തിനാണ് ഈ പൊളിച്ചെഴുത്ത്?

അടിസ്ഥാന വർഷം മാറ്റുന്നതിനൊപ്പം ജിഡിപി കണക്കാക്കുന്ന രീതിയിലും മന്ത്രാലയം വലിയ മാറ്റങ്ങൾ വരുത്തി
ജിഡിപി കണക്കുകളിൽ അടിമുടി മാറ്റം: എന്താണ് ഡബിൾ ഡിഫ്ലേഷൻ? എന്തിനാണ് ഈ പൊളിച്ചെഴുത്ത്?
Published on

ഇന്ത്യയുടെ സാമ്പത്തിക കണക്കുകളിന്മേലുള്ള ചർച്ചകൾക്ക് ഒരിക്കലും അവസാനമില്ല. പഴയതോ പുതിയതോ പരിഷ്കരിച്ചതോ ആയ ജിഡിപി നിരക്കുകളാണ് എപ്പോഴും കൂടുതൽ വിവാദങ്ങൾക്കും ചോദ്യങ്ങൾക്കും വഴിയൊരുക്കിയത്. ഈ ആഴ്ചയും അതിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല.

2023-24 സാമ്പത്തിക വർഷം മുതലുള്ള പഴയ ജിഡിപി നിരക്കുകളിൽ സർക്കാർ വലിയ മാറ്റങ്ങൾ വരുത്തിയത് വീണ്ടും ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്. പഴയ വളർച്ചാ നിരക്കുകൾ എന്തുകൊണ്ടാണ് ഇങ്ങനെ മാറ്റിമറിക്കുന്നത് എന്നതിന് ലളിതമായ ഉത്തരമുണ്ട്. ഡബിൾ ഡിഫ്ലേഷൻ എന്ന സാമ്പത്തിക പ്രക്രിയയ്ക്കായി പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് ഉപയോഗിക്കാൻ തുടങ്ങിയതാണ് ഈ മാറ്റങ്ങൾക്ക് കാരണം.

കഴിഞ്ഞകാല ജിഡിപി കണക്കുകളിൽ പ്രത്യേകിച്ച്, ത്രൈമാസ കണക്കുകളിൽ മാറ്റങ്ങൾ വരുത്തുന്നത് ഒരു സാധാരണ സംഭവമാണ്. ത്രൈമാസ കണക്കുകൾ ആദ്യം തയ്യാറാക്കുന്നത് ബെഞ്ച്മാർക്ക് ഇൻഡികേറ്റർ എന്ന രീതി ഉപയോ​ഗിച്ചാണ്. അതായത്, കാർഷിക വിളകളുടെ ഉത്പ്പാദനം, സിമന്റ് ഉത്പ്പാദനം, സ്റ്റീൽ ഉപയോ​ഗം, വാണിജ്യ വാഹനങ്ങളുടെ വിൽപ്പന തുടങ്ങിയവയിലെ അപ്പപ്പോഴുള്ള മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകൾ ആദ്യം പുറത്തുവിടുന്നത്.

ജിഡിപി കണക്കുകളിൽ അടിമുടി മാറ്റം: എന്താണ് ഡബിൾ ഡിഫ്ലേഷൻ? എന്തിനാണ് ഈ പൊളിച്ചെഴുത്ത്?
ഒരു വർഷത്തിനിടെ 23,953 ബാങ്കിങ് തട്ടിപ്പ് കേസുകൾ; വ്യക്തി​ഗത രേഖകൾ വാട്ട്സ്ആപ്പിലൂടെ അയക്കുന്നവർ ഇക്കാര്യങ്ങൾ അറിയണം

എന്നാൽ, വാർഷിക ജിഡിപി കണക്കാക്കുന്നത് യഥാർത്ഥ ഉത്പ്പാദന കണക്കുകളെ അടിസ്ഥാനമാക്കിയാണ്. കമ്പനികളുടെ സാമ്പത്തിക റിപ്പോർട്ടുകളും സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ വിവിധ സർവേകളും ഉൾപ്പെടെയുള്ള കൂടുതൽ യഥാർത്ഥ വിവരങ്ങൾ പിന്നീട് ലഭ്യമാകുമ്പോൾ ആദ്യം പുറത്തുവിട്ട ഈ പഴയ ത്രൈമാസ കണക്കുകൾ കൂടുതൽ കൃത്യതയോടെ പുതുക്കും.

2026 സാമ്പത്തിക വാർഷത്തിന്റെ അവസാന പാദത്തിലെ(ജനുവരി-മാർച്ച്) വളർച്ചാ നിരക്ക് 7.8 ശതമാനത്തിൽ നിന്ന് 8.6 ശതമാനമായി വലിയ തോതിൽ ഉയർന്നതിന് പിന്നിലെ പ്രധാന കാരണവും ഈ പുതിയ വിവരങ്ങളുടെ കൂട്ടിച്ചേർക്കലാണ്. ഇതിനെല്ലാം പുറമെ, നാമമാത്ര ജിഡിപിയെ വിലക്കയറ്റം കുറച്ച് യഥാർത്ഥ ജിഡിപിക്കായി മാറ്റുന്നതിനായി സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് എന്ന പുതിയ സൂചിക ഉപയോ​ഗിക്കാൻ തുടങ്ങിയതുമാണ് പഴയ കണക്കുകളിൽ ഇത്രത്തോളം മാറ്റങ്ങൾ വരാൻ പ്രധാനമായും ഇടയാക്കിയത്.

യഥാർത്ഥ ജിഡിപി കണ്ടെത്താൻ വിലക്കയറ്റം കുറയ്ക്കുന്നു

ഈ വർഷം ഫെബ്രുവരി 27ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം ജിഡിപി കണക്കാക്കുന്നതിനുള്ള അടിസ്ഥാന വർഷം 2011-12ൽ നിന്നും 2022-23 ആക്കി മാറ്റിക്കൊണ്ട് പുതിയ ജിഡിപി കണക്കുകൾ പുറത്തുവിട്ടു. പുതിയ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനും കണക്കുകൂട്ടലിലെ കൃത്യക വർധിപ്പിക്കുന്നതിനുമായി ലോകത്തെ എല്ലാ സമ്പദ്‌വ്യവസ്ഥകളും ഇടയ്ക്കിടെ ഇത്തരത്തിൽ അടിസ്ഥാന വർഷം പുതുക്കാറുണ്ട്.

അടിസ്ഥാന വർഷം മാറ്റുന്നതിനൊപ്പം ജിഡിപി കണക്കാക്കുന്ന രീതിയിലും മന്ത്രാലയം വലിയ മാറ്റങ്ങൾ വരുത്തി. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് നാമമാത്ര ജിഡിപിയിൽ നിന്ന് വിലക്കയറ്റത്തിന്റെ സ്വാധീനം ഒഴിവാക്കി യഥാർത്ഥ ജിഡിപി കണ്ടെത്തുന്ന രീതി.

ഓരോ മേഖലയും ഉത്പ്പാദിപ്പിക്കുന്ന മൂല്യങ്ങളെ അഥവാ ​ഗ്രോസ് വാല്യൂ ആഡഡിനെ (GVA) ഒരുമിച്ച് കൂട്ടി, അതിൽ സർക്കാരിന് ലഭിച്ച പരോക്ഷ നികുതികൾ ചേർക്കുകയും, സർക്കാർ നൽകിയ സബ്സിഡികൾ കുറയ്ക്കുകയും ചെയ്തുകൊണ്ടാണ് ജിഡിപി കണക്കാക്കുന്നത്. ഒരു മേഖല ഉത്പ്പാദിപ്പിക്കുന്ന ഉത്പ്പന്നത്തിന്റെ മൂല്യത്തിൽ നിന്ന് അത് നിർമ്മിക്കാനെടുത്ത അസംസ്കൃത വസ്തുക്കളുടെ മൂല്യം കുറയ്ക്കുമ്പോഴാണ് ഈ ജിവിഎ ലഭിക്കുന്നത്. നിലവിലെ വിപണി വിലയുടെ അടിസ്ഥാനത്തിൽ കണക്കാക്കുന്ന ഇതിനെയാണ് നാമമാത്ര ജിവിഎ (Nominal GVA) എന്ന് വിളിക്കുന്നത്.

ജിഡിപി കണക്കുകളിൽ അടിമുടി മാറ്റം: എന്താണ് ഡബിൾ ഡിഫ്ലേഷൻ? എന്തിനാണ് ഈ പൊളിച്ചെഴുത്ത്?
പൊതുജനങ്ങളുടെ കൈവശമുള്ളത് 41.8 ലക്ഷം കോടി രൂപ; രാജ്യത്ത് യു.പി.ഐ ഉപയോഗം കുറയുന്നു, ജനങ്ങള്‍ പണമിടപാടുകളിലേക്ക് മടങ്ങുന്നുവോ?

ഇതിൽ നിന്നാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. അതായത് യഥാർത്ഥ ജിവിഎ കണക്കാക്കുമ്പോൾ മുൻകാലങ്ങളിൽ കാർഷിക, ഖനന മേഖലകൾ ഒഴികെ ബാക്കി എല്ലാ മേഖലകളിലും അസംസ്കൃത വസ്തുക്കളുടെയും ഉത്പ്പന്നങ്ങളുടെയും മൂല്യത്തിൽ നിന്ന് വലിക്കയറ്റം കുറച്ചിരുന്നത് ഒരേ നിരക്ക് ഉപയോ​ഗിച്ചാണ്. ഇത് ഉപഭോക്തൃ വില സൂചികയോ (ചില്ലറ പണപ്പെരുപ്പം) അല്ലെങ്കിൽ മൊത്ത വില സൂചികയോ (മൊത്ത പണപ്പെരുപ്പം) അല്ലെങ്കിൽ അവയുടെ മറ്റേതെങ്കിലും ഉപസൂചികകളോ ആയിരുന്നു. ഇങ്ങനെ വിലക്കയറ്റം കുറച്ചുകിട്ടുന്ന യഥാർത്ഥ ഇൻപുട്ട് മൂല്യത്തെ യഥാർത്ഥ ഔട്ട്പുട്ട് മൂല്യത്തിൽ നിന്ന് കുറച്ച് യഥാർത്ഥ ജിവിഎ കണ്ടെത്തുകയായിരുന്നു പഴയ രീതി. ഈ പ്രക്രിയയെയാണ് സിംഗിൾ ഡിഫ്ലേഷൻ എന്ന് പറയുന്നത്.

സിംഗിൾ ഡിഫ്ലേഷനും ഡബിൾ ഡിഫ്ലേഷനും തമ്മിലുള്ള വ്യത്യാസം

അസംസ്കൃത വസ്തുക്കളുടെയും ഉത്പ്പന്നങ്ങളുടെയും വില ഒരേ നിരക്കിൽ മാറുമ്പോൾ മാത്രമേ സിം​ഗിൾ ഡിഫ്ലേഷൻ രീതി കൃത്യമാവുകയുള്ളൂ. എന്നാൽ ഇത് രണ്ടും വ്യത്യസ്ത നിരക്കിലാണ് മാറുന്നതെങ്കിൽ കണക്കുകളിൽ വലിയ പിഴവുകൾ സംഭവിക്കാം. അതുകൊണ്ട് ഇൻപുട്ടിന്റെ മൂല്യത്തിൽ നിന്ന് അതിലെ വിലക്കയറ്റവും ഔട്ട്പുട്ടിന്റെ മൂല്യത്തിൽ നിന്ന് അതിലെ വലിയക്കയറ്റവും വെവ്വേറെ കുറയ്ക്കുന്നതാണ് ഏറ്റവും അനുയോജ്യമായ രീതി. ഇതിനെയാണ് ഡബിൾ ഡിഫ്ലേഷൻ എന്ന് വിളിക്കുന്നത്. യഥാർത്ഥ ജിവിഎ കൃത്യമാണെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു.

ഇൻപുട്ട്, ഔട്ട്പുട്ട് വിലകളിലെ മാറ്റങ്ങൾക്കനുസരിച്ച് സിംഗിൾ ഡിഫ്ലേഷൻ രീതി ഉപയോഗിക്കുന്നത് യഥാർത്ഥ വളർച്ചയെ ഒന്നുകിൽ യാഥാർഥ്യത്തേക്കാൾ കൂട്ടിയോ അല്ലെങ്കിൽ കുറച്ചോ കാണിക്കാൻ കാരണമാകുന്നു എന്ന് നിരന്തരമായി വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് 2022-23 അടിസ്ഥാന വർഷമാക്കിയുള്ള പുതിയ ജിഡിപി സീരീസിൽ ഡബിൾ ഡിഫ്ലേഷൻ രീതിയിലേക്ക് മാറാൻ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം തീരുമാനിച്ചത്.

പഴയ സിംഗിൾ ഡിഫ്ലേഷൻ രീതി സാമ്പത്തിക വളർച്ചയെ യാഥാർഥ്യത്തേക്കാൾ കൂട്ടിയോ കുറച്ചോ കാണിക്കുന്നു എന്ന വിമർശനങ്ങളെ തുടർന്നാണ് പുതിയ ജിഡിപി കണക്കുകളിൽ (2022-23 അടിസ്ഥാന വർഷം) കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം ഡബിൾ ഡിഫ്ലേഷൻ രീതിയിലേക്ക് മാറിയത്.

ഉദാഹരണത്തിന്, ഒരു കമ്പനിയുടെ അസംസ്‌കൃത വസ്തുക്കളുടെ വില അഞ്ച് ശതമാനം വർധിക്കുകയും, എന്നാൽ അവർ നിർമ്മിക്കുന്ന ഉത്പ്പന്നങ്ങളുടെ വില രണ്ട് ശതമാനം മാത്രം വർധിക്കുകയും ചെയ്യുമ്പോൾ, ഇവയ്ക്ക് പൊതുവായി മൂന്ന് ശതമാനം പണപ്പെരുപ്പം കണക്കാക്കുന്നത് (സിംഗിൾ ഡിഫ്ലേഷൻ) തെറ്റായ വളർച്ചാ നിരക്ക് നൽകും. ഇൻപുട്ടിലെ 5 ശതമാനവും ഔട്ട്പുട്ടിലെ 2 ശതമാനവും വെവ്വേറെ കുറയ്ക്കുമ്പോഴാണ് (ഡബിൾ ഡിഫ്ലേഷൻ) യഥാർത്ഥ സാമ്പത്തിക വളർച്ച ലഭിക്കുന്നത്.

ശരിയായ സൂചിക കണ്ടെത്തൽ

ഈ വർഷം ഫെബ്രുവരിയിൽ പുതിയ കണക്കുകൾ ആദ്യം പുറത്തിറക്കിയപ്പോൾ ഉപഭോക്തൃ വില സൂചികയും മൊത്ത വില സൂചികയും ഉപയോഗിച്ചായിരുന്നു ഡബിൾ ഡിഫ്ലേഷൻ ചെയ്തിരുന്നത്. എന്നാൽ പിന്നീട്, നികുതികളും ഗതാഗത ചെലവുകളും ഒഴിവാക്കി ഫാക്ടറികളിൽ നിന്ന് പുറത്തിറങ്ങുന്ന ഉത്പ്പന്നങ്ങളുടെ യഥാർത്ഥ വില അളക്കുന്ന പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് അഥവാ പിപിഐ ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതാണ് കഴിഞ്ഞകാല ജിഡിപി നിരക്കുകളിൽ വലിയ മാറ്റങ്ങൾ വരുത്തിയത്.

ജിഡിപി കണക്കുകളിൽ അടിമുടി മാറ്റം: എന്താണ് ഡബിൾ ഡിഫ്ലേഷൻ? എന്തിനാണ് ഈ പൊളിച്ചെഴുത്ത്?
പഴയ 'സേവിങ്സ്' അല്ല, പുതിയ 'മൂലധനം'; സ്വർണ്ണപ്പണയത്തിൽ പുതിയ വിപ്ലവം

ഏത് മേഖലയാണോ പരി​ഗണിക്കുന്നത്, അതിന് അനുയോജ്യമായ സൂചിക തന്നെ വിലക്കയറ്റം അളക്കൻ ഉപയോ​ഗിക്കണം. എന്നാൽ, പഴയ രീതിയിൽ സേവന മേഖലയുടെ വളർച്ച കണക്കാക്കാൻ പ്രധാനമായും സാധനങ്ങൾ മാത്രം ഉൾപ്പെടുന്ന ഡബ്ല്യുപിഐ ഉപയോ​ഗിച്ചിരുന്നത് വലിയ പോരായാമയായിരുന്നു. ഇത് തെറ്റായ കണക്കുകൾ നൽകാൻ കാരണമായിരുന്നു.

ഉദാഹരണത്തിന്, മുൻകാലങ്ങളിൽ സാധനങ്ങളുടെ മൊത്തവില കുറഞ്ഞിരിക്കുമ്പോൾ സേവന മേഖലയിലെ യഥാർത്ഥ വിലക്കയറ്റം കണക്കുകളിൽ കൃത്യമായി പ്രതിഫലിച്ചിരുന്നില്ല. ഇത് സാമ്പത്തിക വളർച്ച യാഥാർഥ്യത്തേക്കാൾ കൂടുതലായി കാണിക്കാൻ കാരണമായി. 2025 ജൂലൈ-സെപ്റ്റംബർ പാദത്തിൽ സേവന മേഖലയിലെ വിലക്കയറ്റം വെറും 1.2 ശതമാനം മാത്രമായാണ് പഴയ രീതിയിൽ രേഖപ്പെടുത്തിയത്. മറിച്ചൊരു സാഹചര്യത്തിൽ സാധനങ്ങളുടെ വില കൂടുമ്പോൾ യഥാർത്ഥ വളർച്ച കുറച്ചുകാണിക്കാനും ഇത് കാരണമായിരുന്നു.

എന്നാൽ ഇപ്പോൾ വിവിധ മേഖലകളിലെ യഥാർത്ഥ വളർച്ച കൃത്യമായി അളക്കാൻ പഴയ രീതിയിലെ 180 സൂചികകൾക്ക് പകരം 300-ലധികം പിപിഐ സൂചികകൾ സർക്കാരിന് ലഭ്യമാണ്. ഇത് ഓരോ സൂക്ഷ്മ മേഖലയിലെയും വളർച്ച കൂടുതൽ കൃത്യതയോടെ കണക്കാക്കാൻ സഹായിക്കുന്നു. എന്നിരുന്നാലും പുതിയ മാറ്റങ്ങൾ വന്നെങ്കിലും ജിഡിപി കണക്കുകൾ പൂർണ്ണമായും കുറ്റമറ്റതായി എന്ന് പറയാനാകില്ല.

Summary

India has recently revised its past GDP figures, largely due to a shift from a "single deflation" to a "double deflation" methodology. The Ministry of Statistics and Programme Implementation (MoSPI) now uses the Producer Price Index (PPI) instead of just WPI and CPI to remove the effects of inflation from nominal GDP. By measuring input and output inflation separately, this new approach provides a much more accurate picture of real economic growth and fixes previous issues of overestimating or underestimating the output of the services sector.

Madism Digital
madismdigital.com