Auto

വാഹനം തനിയെ ഉരുണ്ടുനീങ്ങാൻ സാധ്യത; കാറുകൾ തിരിച്ചുവിളിച്ച് മെഴ്സിഡസ് ബെൻസ്

ഡോർ ലോക്ക് സംവിധാനത്തിന്‍റെ മൈക്രോ സ്വിച്ചിലെ തകരാറാണ് പ്രശ്നത്തിന് കാരണമെന്നാണ് കണ്ടെത്തൽ

Madism Desk

പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ അപ്രതീക്ഷിതമായി തനിയെ ഉരുണ്ടുനീങ്ങാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെതുടർന്ന് ആഗോളതലത്തിൽ നിരവധി വാഹനങ്ങൾ തിരിച്ചുവിളിക്കാനൊരുങ്ങി മെഴ്‌സിഡസ് ബെൻസ്. ഡോർ ലോക്ക് സംവിധാനത്തിലെ മൈക്രോ സ്വിച്ചിലെ തകരാറാണ് പ്രശ്നത്തിന് കാരണമെന്നാണ് കണ്ടെത്തൽ. ഇതുമൂലം വാഹത്തിന്റെ വാതിൽ പൂർണമായി അടഞ്ഞിട്ടില്ലെങ്കിലും അത് അടഞ്ഞതായി ഇലക്ട്രോണിക് സിസ്റ്റം തെറ്റായി തിരിച്ചറിയാൻ സാധ്യതയുണ്ട്. ഈ തകരാർ ഗുരുതരമായ അപകടങ്ങൾക്ക് വഴിവെച്ചേക്കാമെന്ന് കമ്പനി മുന്നറിയിപ്പ് നൽകി. അതിനാൽ ബന്ധപ്പെട്ട വാഹനങ്ങളുടെ ഉടമകൾ ആവശ്യമായ ജാഗ്രത പാലിക്കണമെന്നും നിർദേശങ്ങൾ ലഭിക്കുന്നതുവരെ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മെഴ്‌സിഡസ് ബെൻസ് അറിയിച്ചു.

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസിന്റെ സി-ക്ലാസ്, ജിഎൽസി മോഡലുകളുടെ ഉടമകൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് കമ്പനി അറിയിച്ചു. ഇറക്കുമതി ചെയ്ത ചില നിർദിഷ്ട യൂണിറ്റുകളെയാണ് ഈ തിരിച്ചുവിളിക്കൽ ബാധിക്കുന്നത്. വാഹനം ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ മെഴ്‌സിഡസ് ബെൻസ് ഇന്ത്യയുടെ ഔദ്യോഗിക പോർട്ടലിൽ വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ നൽകി പരിശോധിക്കാം. സുരക്ഷ ഉറപ്പാക്കാൻ വാഹനത്തിന് എന്തെങ്കിലും തകറുകളുണ്ടോയെന്ന് എത്രയും വേഗം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉടമകളോട് കമ്പനി അഭ്യർഥിച്ചു.

ഇന്ത്യയിലെ കാറുകളെ എങ്ങനെ ബാധിക്കും?

ഡോര്‍ ലോക്ക് സംവിധാനത്തിലെ മൈക്രോ സ്വിച്ചിന്റെ പ്രവർത്തനത്തിലെ തകരാറാണ് പ്രശ്നത്തിന് പ്രധാന കാരണം. ഈ തകരാർ മൂലം വാതിൽ അടഞ്ഞിരിക്കുന്നതുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ ഇലക്ട്രോണിക് സംവിധാനത്തിന് ലഭിക്കാനിടയാകും. അതിന്റെ ഫലമായി ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് പ്രതീക്ഷിച്ച രീതിയിൽ പ്രവർത്തിക്കാതെ വാഹനം, പ്രത്യേകിച്ച് ചരിവുകളുള്ള സ്ഥലങ്ങളിൽ, തനിയെ ഉരുണ്ടുനീങ്ങാനുള്ള സാധ്യത ഉയരും. അതിനാൽ വാഹനം പാർക്ക് ചെയ്തതിന് ശേഷം ഡാഷ്‌ബോർഡിൽ പാർക്കിംഗ് ബ്രേക്ക് സൂചനാ ലൈറ്റ് തെളിയുന്നുണ്ടെന്ന് ഡ്രൈവർമാർ നിർബന്ധമായും ഉറപ്പാക്കണമെന്ന് കമ്പനി നിർദേശിച്ചു.

വാഹന ഉടമകൾക്ക് മെഴ്‌സിഡസ് ബെൻസ് ഇന്ത്യയുടെ ഔദ്യോഗിക പോർട്ടലിന് പുറമെ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് പോർട്ടലും പരിശോധിക്കാം. ഇന്ത്യയിലെ വിവിധ വാഹനങ്ങളുടെ സുരക്ഷാ തിരിച്ചുവിളിക്കൽ വിവരങ്ങളും അപ്‌ഡേറ്റുകളും ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്. ഡീലർഷിപ്പുകൾക്ക് ഉടൻ ബന്ധപ്പെടാൻ കഴിയുന്ന വിധത്തിൽ കോൺടാക്റ്റ് വിവരങ്ങൾ പുതുക്കി നൽകുന്നതും പ്രധാനമാണ്. കൂടുതൽ വിവരങ്ങൾക്കോ സംശയനിവാരണത്തിനോ സമീപത്തെ അംഗീകൃത സർവീസ് സെന്ററുമായോ സർവീസ് മാനേജറുമായോ ബന്ധപ്പെടാവുന്നതാണ്.

എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?

പ്രശ്നത്തിന് ഔദ്യോഗിക പരിഹാരം ലഭിക്കുന്നതുവരെ വാഹനം ഉപയോഗിക്കുമ്പോഴും പാർക്ക് ചെയ്യുമ്പോഴും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കമ്പനി നിർദേശിക്കുന്നു. പ്രത്യേകിച്ച് വാഹനം സുരക്ഷിതമായി പാർക്ക് ചെയ്തിട്ടുണ്ടെന്നും പാർക്കിംഗ് ബ്രേക്ക് ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും ഓരോ തവണയും ഉറപ്പാക്കുന്നത് അപ്രതീക്ഷിത അപകടസാധ്യതകൾ കുറയ്ക്കാൻ സഹായിക്കും. വാഹനം പാർക്ക് ചെയ്ത ശേഷം പുറത്തിറങ്ങുന്നതിന് മുമ്പ് ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം.

ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലെ മോഡിനെ മാത്രം ആശ്രയിക്കാതെ പാർക്കിംഗ് ബ്രേക്ക് ശരിയായി ഏർപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത് കൂടുതൽ സുരക്ഷ ഉറപ്പാക്കും. ചരിവുകളുള്ള സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ ടയറുകൾ റോഡിന്റെ വശത്തേക്ക് തിരിച്ച് വയ്ക്കുന്നതും അധിക സുരക്ഷ നൽകും. സ്ഥിരമായ സാങ്കേതിക പരിഹാരം ലഭിക്കുന്നതുവരെ ഇത്തരം ലളിതമായ മുൻകരുതലുകൾ പാലിക്കുന്നത് അപ്രതീക്ഷിതമായ അപകടസാധ്യതകൾ കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

തിരിച്ചുവിളിക്കൽ നടപടികൾ ആരംഭിക്കുന്നതോടെ ബാധിത വാഹനങ്ങളുടെ ഉടമകളെ മെഴ്‌സിഡസ് ബെൻസ് നേരിട്ട് വിവരം അറിയിക്കുമെന്ന് കമ്പനി അറിയിച്ചു. തുടർന്ന് അംഗീകൃത സർവീസ് സെന്ററുകളിൽ ഡോർ ലോക്ക് സംവിധാനത്തിന്റെ പരിശോധനയും ആവശ്യമായ അറ്റകുറ്റപ്പണികളും സൗജന്യമായി നടത്തും. അതിനാൽ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കുകയും നിർദേശങ്ങൾ പാലിക്കുകയും ചെയ്യുന്നത് വാഹനത്തിന്റെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കാൻ സഹായിക്കും. ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന നിലപാടാണ് കമ്പനി തുടരുന്നതെന്നും മെഴ്‌സിഡസ് ബെൻസ് വ്യക്തമാക്കി.

Mercedes-Benz is preparing to recall thousands of vehicles worldwide after discovering that parked cars could unexpectedly roll away on their own. The issue has been traced to a faulty micro switch in the door locking system. Due to the defect, the vehicle's electronic system may incorrectly detect that a door is fully closed even when it is not. The company warned that this malfunction could lead to serious accidents. Mercedes-Benz has advised owners of the affected vehicles to remain cautious and follow all recommended safety precautions until they receive further instructions from the company.