Business

യുദ്ധത്തിനിടയിലും എണ്ണക്കമ്പനികളുടെ കൊള്ളലാഭം, മുന്നില്‍ ആരാംകോ; മൂന്ന് മാസംകൊണ്ട് നേടിയത് 8.84 ലക്ഷം കോടി

ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടും ആരാംകോയുടെ പാദവാര്‍ഷിക അറ്റാദായം 34% വര്‍ധിച്ച് 3,300 കോടി ഡോളറിലെത്തി (3.14 ലക്ഷം കോടി).

Madism Desk

ഇറാന്‍-അമേരിക്ക യുദ്ധത്തെ തുടര്‍ന്ന് എണ്ണ വില കുതിച്ചുയര്‍ന്ന ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ എണ്ണ കമ്പനികള്‍ നേടിയത് കൊള്ളലാഭം. ഈ മൂന്നു മാസത്തിനിടെ ലോകത്തിലെ എട്ട് പ്രധാന എണ്ണക്കമ്പനികള്‍ നേടിയത് 9,000 കോടിയിലധികം ഡോളറിന്റെ (8.84 ലക്ഷം കോടി രൂപ) ലാഭം. ഈ മാസങ്ങളിലാണ് കാലാവസ്ഥാ വ്യതിയാനം മൂലം യൂറോപ്യന്‍ രാജ്യങ്ങളില്‍ കടുത്ത ഉഷ്ണതരംഗങ്ങള്‍ ഉണ്ടായത്. മനുഷ്യന്റെ ദുരിതകാലങ്ങളില്‍ നിന്നും ലാഭം കൊയ്യുന്ന എണ്ണ-വാതക കമ്പനികള്‍ പരിസ്ഥിതി നാശത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും പുനരുപയോഗ ഊര്‍ജ്ജത്തിലേക്കുള്ള മാറ്റത്തിന് പണം കണ്ടെത്തണമെന്നുമുള്ള ആവശ്യങ്ങള്‍ ഇതോടെ വീണ്ടും ശക്തമായിട്ടുണ്ട്.

യുഎസ്-ഇസ്രായേല്‍-ഇറാന്‍ യുദ്ധം ആഗോള എണ്ണവില ക്രൂഡോയില്‍ ബാരലിന് 126 ഡോളറിന് മുകളിലേക്ക് ഉയര്‍ത്തിയ മാസങ്ങളിലാണ് ഇത്രയും ലാഭമുണ്ടാക്കിയത്. മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 5,000 കോടി ഡോളറില്‍ (4.75 ലക്ഷം കോടി) നിന്നാണ് കമ്പനികള്‍ ലാഭം ഇരട്ടിയോളമാക്കിയത്. ഫോസില്‍ ഇന്ധന വിപണിയിലെ തടസ്സങ്ങള്‍ മുതലെടുത്ത് ഈ എട്ട് കമ്പനികളും ചേര്‍ന്ന് ഓരോ മിനിറ്റിലും ഏഴു ലക്ഷത്തിലധികം ഡോളറിന്റെ ലാഭം കൊയ്‌തെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഒരു വശത്ത് ഇവരുടെ വിപണി മൂല്യം മൂന്ന് ട്രില്യണ്‍ ഡോളറിന് മുകളിലേക്ക് ഉയര്‍ന്നപ്പോള്‍, മറുവശത്ത് ഫോസില്‍ ഇന്ധന കമ്പനികളുടെ കാര്‍ബണ്‍ ഉദ്ഗമനം മാരകമായ ഉഷ്‌നതരംഗങ്ങള്‍ക്ക് കാരണമായെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ ലാഭം കൊയ്തത് സൗദി അറേബ്യ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ആരാംകോയാണ്. ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടും ആരാംകോയുടെ പാദവാര്‍ഷിക അറ്റാദായം 34% വര്‍ധിച്ച് 3,300 കോടി ഡോളറിലെത്തി (3.14 ലക്ഷം കോടി). ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ഉദ്വമനത്തിന് ഉത്തരവാദികളായ കമ്പനികളില്‍ ഒന്നാം സ്ഥാനത്താണ് സൗദി അരാംകോ. ഷെവ്‌റോണ്‍, എക്‌സണ്‍ മൊബീല്‍, ഷെല്‍, ബി.പി എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.

യുകെ ആസ്ഥാനമായുള്ള ബി.പി ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 573 കോടി ഡോളറിന്റെ ലാഭമാണ് രേഖപ്പെടുത്തിയത്. ഇത് മുന്‍പാദത്തിലെ 250 കോടി ഡോളര്‍ നേട്ടത്തിന്റെ ഇരട്ടിയിലധികമാണ്. എണ്ണ വില ഉയര്‍ച്ചയിലും കാലാവസ്ഥാ ദുരന്തങ്ങളും കൊണ്ടും സാധാരണക്കാര്‍ വലയുമ്പോള്‍ വന്‍കിട എണ്ണക്കമ്പനികള്‍ ഓഹരിയുടമകളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കുകയാണെന്ന് പരിസ്ഥിതി സംഘടനയായ 'ഗ്ലോബല്‍ വിറ്റ്‌നസ്' വിമര്‍ശിച്ചു. അതേസമയം, വിപണിയില്‍ ക്ഷാമമുള്ള എണ്ണ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച് നല്‍കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ബി.പിയുടെ ചീഫ് എക്‌സിക്യൂട്ടീവ് മെഗ് ഒ നീല്‍ ന്യായീകരിച്ചു. എന്നാല്‍, പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ നിക്ഷേപങ്ങള്‍ ബി.പി വെട്ടിക്കുറയ്ക്കുകയും ഹരിത ഊര്‍ജ്ജ പദ്ധതികള്‍ വിറ്റഴിക്കുകയും ചെയ്യുകയാണെന്ന വിമര്‍ശനവും ശക്തമാണ്.

അമേരിക്കന്‍ കമ്പനികളായ ഷെവ്‌റോണ്‍ (1,220 കോടി ഡോളര്‍), എക്‌സണ്‍ മൊബീല്‍ (1,450 കോടി ഡോളര്‍) നേടിയ വന്‍ ലാഭത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിമര്‍ശിച്ചിരുന്നു. എണ്ണക്കമ്പനികള്‍ യുദ്ധത്തില്‍ നിന്ന് അമിതലാഭം ഉണ്ടാക്കുകയാണെന്നും ഈ പണം പൊതുജനങ്ങള്‍ക്ക് തിരിച്ചുകൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ വേനല്‍ക്കാലത്ത് യൂറോപ്പില്‍ രേഖപ്പെടുത്തിയ കടുത്ത ഉഷ്ണതരംഗത്തില്‍ പതിനായിരക്കണക്കിന് ആളുകളാണ് മരണമടഞ്ഞത്. യുകെ, ദക്ഷിണ കൊറിയ, ജപ്പാന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ താപനില റെക്കോര്‍ഡ് ഉയരത്തിലെത്തി. ഏഷ്യയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും നാശം വിതച്ചപ്പോള്‍, യൂറോപ്പിലും വടക്കേ അമേരിക്കയിലും ഉണ്ടായ കാട്ടുതീ വന്‍ ജീവഹാനിക്കും പരിസ്ഥിതി നാശത്തിനും കാരണമായി. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം വേഗത്തില്‍ ഉപേക്ഷിക്കുകയും പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ വ്യാപിപ്പിക്കുകയും ചെയ്യുക മാത്രമാണ് ജനങ്ങളെ രക്ഷിക്കാനുള്ള ഏക വഴിയെന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ മേധാവി സൈമണ്‍ സ്റ്റീല്‍ ഓര്‍മ്മിപ്പിച്ചു.

The Iran-US conflict triggered a sharp rise in global crude oil prices during April, May, and June, allowing the world's eight largest oil companies to post combined profits of more than 8.84 lakh crore in just three months. The profits nearly doubled compared to the same period last year. Saudi Arabia's state-owned Aramco emerged as the biggest profit-maker, posting 33 billion dollar in quarterly net income despite facing drone and missile attacks. US giants ExxonMobil and Chevron, along with Shell and BP, also recorded massive earnings as oil prices surged above 126 dollar per barrel during the conflict.