ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡ്ടെക് കമ്പനി 'ബൈജൂസിന്റെ' സ്ഥാപകനും പ്രമുഖ മലയാളി വ്യവസായിയുമായ ബൈജു രവീന്ദ്രന് സിംഗപ്പുരില്‍ തടവ് ശിക്ഷ. കോടതി ഉത്തരവുകള്‍ ലംഘിച്ചതിനും ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്താത്തതിനും കോടതി അലക്ഷ്യത്തിനുമാണ് സിംഗപ്പൂര്‍ കോടതി ആറ് മാസം തടവുശിക്ഷ വിധിച്ചത്.
'തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിന്റെ ഭാഗമായി 'ബൈജൂസ്' എന്ന പേരില്‍ പ്രശസ്തമായ എഡ്യൂ ടെക് ബ്രാന്‍ഡ് ചുരുങ്ങിയ കാലം കൊണ്ടാണ് ആഗോള തലത്തില്‍ പ്രശസ്തമായത്. ഒരു സമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റ പ്രധാന സ്‌പോണ്‍സറായി പോലും ബൈജൂസ് ഉയര്‍ന്നുവന്നു. ഇക്കാലയളവില്‍ ബൈജു രവീന്ദ്രന്‍ രാജ്യത്തെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം നേടുകയും ചെയ്തു. ആഗോള കമ്പനികളില്‍ നിന്ന് വന്‍തോതില്‍ നിക്ഷേപം കിട്ടിയ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളില്‍ ഒന്നാമതും ബൈജൂസ് ആയിരുന്നു.
ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ ബൈജൂസ് കാലതാമസം വരുത്തിയപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി
ശിക്ഷയിലേക്ക് നയിച്ച കേസ്
ബൈജു രവീന്ദ്രന്റെ ആസ്തികളുമായി ബന്ധപ്പെട്ട് 2024 ഏപ്രില്‍ മുതല്‍ കോടതി പുറപ്പെടുവിച്ച ഒന്നിലധികം ഉത്തരവുകള്‍ ബൈജു രവീന്ദ്രന്‍ അനുസരിച്ചില്ലെന്നാണ് കോടതി കണ്ടെത്തിയത്. ബൈജൂസില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിരുന്ന ഖത്തര്‍ പരമാധികാര നിക്ഷേപ നിധിയുടെ ഉപകമ്പനിയായ ഖത്തര്‍ ഹോള്‍ഡിങ്‌സ് ആണ് കേസിലെ പരാതിക്കാരന്‍.
വിധിയുടെ പശ്ചാത്തലത്തില്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ കോടതി ബൈജുവിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോടതിച്ചെലവായി 90,000 സിംഗപ്പൂര്‍ ഡോളറും (ഏകദേശം 70,500 യു.എസ് ഡോളര്‍) പിഴയൊടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ബൈജൂസിന്റെ അനുബന്ധ കമ്പനിയില്‍ ഓഹരികളുള്ള 'ബീയാര്‍ ഇന്‍വെസ്റ്റ്‌കോ പ്രൈവറ്റ് ലിമിറ്റഡ്' എന്ന കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാനും സിംഗപ്പൂര്‍ കോടതി ഉത്തരവിട്ടു. ഈ കേസില്‍ ഖത്തര്‍ ഹോള്‍ഡിങ്‌സിനെ പ്രതിനിധീകരിച്ച് 'ഡ്രൂ ആന്‍ഡ് നേപ്പിയര്‍' എന്ന നിയമസ്ഥാപനവും ബൈജൂസ് ഇന്‍വെസ്റ്റ്മെന്റ്‌സിനെ പ്രതിനിധീകരിച്ച് 'ഫെര്‍വെന്റ് ചേമ്പേഴ്സും' കോടതിയില്‍ ഹാജരായി.
സിംഗപ്പൂരിലെ നടപടിക്കു പുറമെ 1.2 ബില്യണ്‍ ഡോളറിന്റെ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് യു.എസിലെ നിക്ഷേപകരും വായ്പ നല്‍കിയവരും ബൈജു രവീന്ദ്രനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് സിംഗപ്പൂര്‍ കോടതിയില്‍ നിന്നുള്ള ഈ പുതിയ തിരിച്ചടി.
കോവിഡ് കാലത്തെ വളര്‍ച്ച, ആഗോള സ്വപ്‌നങ്ങള്‍
2011-ല്‍ ആണ് തിങ്ക് & ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ സ്ഥാപിതമായ ബൈജൂസ് സ്ഥാപിക്കപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയിലും വിവിധ മത്സര പരീക്ഷകളിലുമുള്ള രാജ്യത്തെ സാഹചര്യങ്ങള്‍ ഫലപ്രഥമായി തിരിച്ചറിഞ്ഞായിരുന്നു ബൈജൂസ് വിപണിയില്‍ ഇടം പിടിച്ചത്.
ഈ മേഖലയില്‍ തങ്ങളുടേതായ ഇടം നേടിയ ബൈജൂസ് കോവിഡ് കാലത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി മുതലെടുത്ത് ത്വരിതഗതിയില്‍ വളര്‍ച്ച നേടി. ഇന്ത്യയിലുടനീളം സ്മാര്‍ട്ട്ഫോണുകള്‍ വിദ്യാഭ്യാസ രംഗത്ത് അഭിവാജ്യ ഘടകമാവുകയും ഓണ്‍ലൈന്‍ പഠനം വര്‍ധിക്കുകയും ചെയ്തു. ഇതോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഭാവിയായി ബൈജൂസ് സ്ഥാനം ഉറപ്പിക്കുകയായിരുന്നു.
ഇതോടെ, ബൈജൂസിന് ഡിമാന്‍ഡ് വര്‍ധിച്ചു. പിന്നാലെ ആഗോള നിക്ഷേപകര്‍ ബൈജൂസിനെ തേടിയെത്തി. ഇക്കാലയളവില്‍ ബൈജൂസ് യുഎസ് ഉള്‍പ്പെടെ ആഗോള വിപണികള്‍ ലക്ഷ്യം വച്ച് നീങ്ങി. പിന്നാലെ വിപണിയില്‍ കുത്തക സൃഷ്ടിക്കാനും നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ്, ഗ്രേറ്റ് ലേണിംഗ്, എപ്പിക് എന്നിവയുള്‍പ്പെടെയുള്ള കമ്പനികളെ ഏറ്റെടുത്തു.
വന്‍ പരസ്യ കാമ്പെയ്നുകള്‍, സെലിബ്രിറ്റി അംഗീകാരങ്ങള്‍, ക്രിക്കറ്റ് സ്‌പോണ്‍സര്‍ഷിപ്പുകള്‍ ബൈജൂസ് ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡായി ഉയര്‍ന്നു. എന്നാല്‍, ദ്രുതഗതിയിലുള്ള കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഒപ്പം പ്രശ്‌നങ്ങളും വളരുകയായിരുന്നു.
എല്ലാം മാറ്റിമറിച്ച 1.2 ബില്യണ്‍ ഡോളറിന്റെ വായ്പ
വിദേശ വായ്പാ ദാതാക്കളില്‍നിന്ന് 2021 നവംബറില്‍ ബൈജൂസ് 1.2 ബില്യണ്‍ ഡോളര്‍ വരുന്ന വലിയ വായ്പ സ്വന്തമാക്കി. ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിന്റെ ആഗോളതലത്തിലേക്കുള്ള വളര്‍ച്ച ആയിട്ടായിരുന്നു ഇതിനെ വിലയിരുത്തിയത്. എന്നാല്‍ ഇതേ വായ്പ പിന്നീട് ബൈജൂസിന്റെ തകര്‍ച്ചയുടെ കേന്ദ്രമായി മാറ്റപ്പെട്ടു.
വായ്പാ ദാതാക്കള്‍ ബൈജൂസിന്റെ ഭരണത്തെയും സുതാര്യതയെയും കുറിച്ച് ആശങ്ക ഉയര്‍ത്തിയതായിരുന്നു തിരിച്ചടിയിലേക്കുള്ള ആദ്യ ചുവടായത്. ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ ബൈജൂസ് കാലതാമസം വരുത്തിയപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. 2021 സാമ്പത്തിക വര്‍ഷത്തില്‍ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ബൈജൂസിന്റെ നിക്ഷേപകര്‍ അമ്പരന്നു. ഏകദേശം 4,588 കോടി രൂപയായിരുന്നു ബൈജൂസിന്റെ നഷ്ടങ്ങള്‍. പിന്നാലെ കമ്പനിയില്‍നിന്ന് കൂട്ടരാജിയുമുണ്ടായി.
യുകെ ലോജിസ്റ്റിക്‌സ് കമ്പനിയായ ഒസിഐ ലിമിറ്റഡിനെ വായ്പാദാതാക്കളില്‍ നിന്ന് 500 മില്യണിലധികം ഡോളര്‍ കടത്തിയതായും കോടതികളില്‍ ആരോപിക്കപ്പെട്ടു
ബൈജൂസ് പണം പൂഴ്ത്തി എന്ന ആരോപണം ഉയര്‍ത്തി വായ്പാ ദാതാക്കള്‍
2022 -2023 കാലഘട്ടത്തില്‍ ബൈജൂസും വായ്പാ ദാതാക്കളും തമ്മില്‍ ഭിന്നത രൂക്ഷമായി. ഏകദേശം 533 മില്യണ്‍ ഡോളറുമായി ബന്ധപ്പെട്ട് കണക്കുകള്‍ ബൈജൂസിന്റെ പക്കല്‍ ഇല്ലെന്നായിരുന്നു വായ്പാ ദാതാക്കളുടെ ആരോപണം. പിന്നാലെ, നിയമയുദ്ധങ്ങള്‍ വ്യാപിക്കുകയും ചെയ്തു.
2022 അവസാനത്തോടെയും 2023 ന്റെ തുടക്കത്തോടെയും ബൈജൂസും വായ്പാദാതാക്കളും തമ്മിലുള്ള ബന്ധം തകര്‍ന്നു. കമ്പനി വായ്പാ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് വായ്പ ദാതാക്കൾ ആരോപിച്ചു.
ബൈജൂസിന്റെ യുഎസ് അനുബന്ധ സ്ഥാപനമായ ബൈജൂസ് ആല്‍ഫയുടെ നിയന്ത്രണം ഏറ്റെടുക്കാനായിരുന്നു യുഎസിലെ വായ്പാദാതാക്കള്‍ ശ്രമിച്ചത്. ഡെലവെയറിലും ന്യൂയോര്‍ക്കിലും നിയമ നടപടികള്‍ ആരംഭിച്ചു. കോടതി പോരാട്ടങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ബൈജൂസിന്റെ ആരോപണവിധേയരായ വായ്പാദാതാക്കള്‍ ആക്രമണാത്മകമായി പെരുമാറിയതായി. മറുവശത്ത്, കമ്പനി ആസ്തികള്‍ മറച്ചുവെച്ചതായും ഫണ്ടുകള്‍ വിദേശത്തേക്ക് മാറ്റിയതായും വായ്പാദാതാക്കള്‍ ആരോപിച്ചു.
വായ്പയുമായി ബന്ധപ്പെട്ട ഏകദേശം 533 മില്യണ്‍ ഡോളര്‍ നീക്കിയതായി വായ്പാദാതാക്കള്‍ അവകാശപ്പെട്ടു. നിയമയുദ്ധം വേഗത്തില്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചു. യുകെ ലോജിസ്റ്റിക്‌സ് കമ്പനിയായ ഒസിഐ ലിമിറ്റഡിനെ വായ്പാദാതാക്കളില്‍ നിന്ന് 500 മില്യണിലധികം ഡോളര്‍ കടത്തിയതായും കോടതികളില്‍ ആരോപിക്കപ്പെട്ടു. പണം ഒന്നിലധികം സ്ഥാപനങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് ബൈജൂസിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഒരു കമ്പനിയിലേക്ക് എത്തിച്ചതായും ആരോപിക്കപ്പെടുന്നു.
ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍
ഇപ്പോള്‍ ശിക്ഷ വിധിക്കപ്പെട്ട കേസ് ഉള്‍പ്പെടെ സിംഗപ്പൂരിലെ നിയമ നടപടികള്‍ ഒത്തുതീര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഇപ്പോഴും ബൈജു രവീന്ദ്രന്‍ മുന്നോട്ട് വയ്ക്കുന്നത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് എന്നും ബൈജു രവീന്ദ്രന്‍ പറയുന്നു.
English Summary: BYJU'S founder and Malayali entrepreneur Byju Raveendran has been sentenced to six months in prison by a Singapore court. The court imposed the sentence for contempt of court, citing violations of court orders and failure to disclose asset details. The development adds to the ongoing legal and financial troubles surrounding the Bengaluru-based edtech company.