ചെറിയ പാഴ്‌സലുകള്‍ക്ക് നല്‍കിയിരുന്ന ഇറക്കുമതി തീരുവ ഇളവുകള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കിയതോടെ നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി പ്രമുഖ ചൈനീസ് ഓണ്‍ലൈന്‍ ഫാസ്റ്റ്-ഫാഷന്‍ പ്ലാറ്റ്ഫോമായ ഷെയ്ന്‍. ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ 949 കോടിയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. ഹോങ്കോങ്ങില്‍ തങ്ങളുടെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) നടത്തുന്നതിന് മുന്നോടിയായി സമര്‍പ്പിച്ച രേഖകളിലാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3,788 കോടി രൂപ ലാഭമുണ്ടാക്കിയ സ്ഥാനത്താണ് ഈ വലിയ തിരിച്ചടി. അമേരിക്കന്‍ വിപണിയിലെ പുതിയ നിയമങ്ങളും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ഷെയ്‌നിന്റെ വില്‍പനയെ പ്രധാനമായും ബാധിച്ചത്.
'ഡീ മിനിമിസ്' ഇളവ് റദ്ദാക്കല്‍
800 ഡോളറില്‍ താഴെ മൂല്യമുള്ള സാധനങ്ങള്‍ക്ക് അമേരിക്ക നല്‍കിയിരുന്ന നികുതി ഇളവാണ് 2025 ഓഗസ്റ്റ് 29-ലെ എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ട്രംപ് ഭരണകൂടം റദ്ദാക്കിയത്. 'ഡി മിനിമിസ്' എന്നാണ് ഈ ഇളവ് അറിയപ്പെട്ടിരുന്നത്. ഷീന്‍, ടെമു പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെ വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങിയിരുന്ന അമേരിക്കന്‍ ഉപഭോക്താക്കളെ ഇത് നേരിട്ട് ബാധിച്ചു. നിയമവിരുദ്ധമായ മരുന്നുകള്‍ രാജ്യത്തേക്ക് കടത്താന്‍ ഈ ഇളവ് ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണകൂടം ഈ നടപടിയെടുത്തത്.
കുറഞ്ഞ മൂല്യമുള്ള ഇ-കൊമേഴ്സ് ഇറക്കുമതികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ മൂന്ന് യൂറോ നികുതി ഏര്‍പ്പെടുത്തിയതും ഷെയ്‌നിന് തിരിച്ചടിയായി. ചൈനയില്‍ നിന്നുള്ള അന്യായമായ വിപണി മത്സരം തടയാനാണ് യൂറോപ്പ് ഈ നിയമം കൊണ്ടുവന്നത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം കാരണം പല വിപണികളിലും ഉല്‍പ്പന്നങ്ങളുടെ വിതരണം വൈകുന്നതിനും ചിലവ് വര്‍ദ്ധിക്കുന്നതിനും കാരണമായെന്ന് കമ്പനി വ്യക്തമാക്കി.
ന്യൂയോര്‍ക്കില്‍ നിന്നും ലണ്ടനില്‍ നിന്നും ഹോങ്കോങ്ങിലേക്കുള്ള മാറ്റം
ഷെയ്ന്‍ ആദ്യം ന്യൂയോര്‍ക്കിലും ലണ്ടനിലുമാണ് ഐപിഒ നടത്താന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, കമ്പനിയുടെ വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് അവര്‍ക്ക് വിനയായത്. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന നിര്‍ബന്ധിത തൊഴില്‍ പദ്ധതികള്‍ വഴി സിന്‍ജിയാങ് മേഖലയിലെ ഉയിഗുര്‍ മുസ്ലീം ന്യൂനപക്ഷങ്ങളെ ചൂഷണം ചെയ്താണ് ഷെയ്ന്‍ പരുത്തി വസ്ത്രങ്ങള്‍ നിര്‍മിക്കുന്നതെന്ന് അമേരിക്കയും മനുഷ്യാവകാശ സംഘടനകളും ആരോപിച്ചിരുന്നു. തങ്ങളുടെ സപ്ലൈ ചെയിനില്‍ ഇത്തരം ചൂഷണങ്ങള്‍ ഒരുതരത്തിലും ഉപയോഗിക്കുന്നില്ല എന്നാണ് ഷെയ്‌നും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് നിയമമായ 'ഉയിഗുര്‍ ഫോര്‍സ്ഡ് ലേബര്‍ പ്രിവന്‍ഷന്‍ ആക്ട്' പാലിക്കുന്നതിന്റെ ഭാഗമായി, ഈ നിര്‍ബന്ധിത തൊഴില്‍ വിവാദം ഒരു 'റിസ്‌ക്' ആയി ഷെയ്ന്‍ തങ്ങളുടെ അമേരിക്കന്‍, ലണ്ടന്‍ ഐപിഒ ഫയലിങില്‍ ഉള്‍പ്പെടുത്തി.
നിര്‍ബന്ധിത തൊഴില്‍ എന്ന പരാമര്‍ശം ഉള്ളതുകൊണ്ട് തന്നെ ചൈനീസ് റെഗുലേറ്റര്‍മാര്‍ ഈ ഫയലിങ് അംഗീകരിക്കാന്‍ തയ്യാറായില്ല. ലണ്ടന്‍ അധികാരികള്‍ പച്ചക്കൊടി കാണിച്ചിട്ടും ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കമ്പനിക്ക് ഹോങ്കോങ്ങിലേക്ക് മാറേണ്ടി വന്നു. പുതിയ ഹോങ്കോങ് ഫയലിങില്‍ ഉയിഗുര്‍ വിഷയം നേരിട്ട് പരാമര്‍ശിക്കാതെ, ബ്രാന്‍ഡിനെ ബാധിച്ചേക്കാവുന്ന 'പൊതുവായ നെഗറ്റീവ് പബ്ലിസിറ്റി' എന്ന പേരിലാണ് റിസ്‌കുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്ന് ജൂലൈ 10-ന് ചൈനീസ് റെഗുലേറ്റര്‍മാര്‍ ഈ ലിസ്റ്റിങിന് അനുമതി നല്‍കി. ഇതോടെ കമ്പനി ഹൊങ്കോങ് സ്റ്റോക്ക് മാര്‍ക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു.
2026 മാര്‍ച്ച് അവസാനം വരെയുള്ള കണക്കനുസരിച്ച് ഷെയ്‌ന് 28.1 കോടി സജീവ ഉപഭോക്താക്കളുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 16 ശതമാനത്തിലധികം വര്‍ദ്ധനവാണിത്. ഈ ഉപയോക്താക്കള്‍ ആകെ ഒരു ബില്യണിലധികം ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട്. അതേസമയം, തീരുവ ഇളവുകള്‍ റദ്ദാക്കിയ നഷ്ടം നികത്താന്‍ അമേരിക്കയുടെ വിപണിയില്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിവിധ വഴികള്‍ ആലോചിക്കുന്നുണ്ട് എന്നാണ് ഷെയ്ന്‍ വ്യക്തമാക്കുന്നത്. ഐപിഒയിലൂടെ 4.79 ലക്ഷം കോടി വരെ മൂല്യമാണ് ഷെയ്ന്‍ പ്രതീക്ഷിക്കുന്നത്. ഇത് 2022ലെ കമ്പനിയുടെ ആകെ മൂല്യമായ 9.59 ലക്ഷം കോടിയില്‍ നിന്നും വളരെ കുറവാണ്.
അത്യാധുനിക സാങ്കേതികവിദ്യകളുടെയും 7,500-ലധികം വരുന്ന ഉല്‍പ്പാദന പങ്കാളികളുടെയും കരുത്താണ് തങ്ങളുടെ ബിസിനസിനെ മുന്നോട്ടു നയിക്കുന്നതെന്ന് ഷെയ്ന്‍ അവകാശപ്പെടുന്നു. ചൈനയിലെ ഫാക്ടറികളെ മാത്രം ആശ്രയിച്ച്, ചൈനയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ മാത്രം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഷെയ്‌ന് പാശ്ചാത്യ-ചൈനീസ് റെഗുലേറ്റര്‍മാരെ ഒരുപോലെ തൃപ്തിപ്പെടുത്തുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്.
Chinese fast-fashion giant Shein has reported a sharp financial setback after the Trump administration ended the U.S. "de minimis" duty exemption for low-value imports. The company posted a first-quarter loss of ₹9.49 billion, compared with a ₹37.88 billion profit during the same period last year. The policy change, coupled with new European Union import charges and supply chain disruptions linked to Middle East tensions, has significantly affected Shein's business. Ahead of its Hong Kong IPO, the company also disclosed regulatory challenges related to allegations of forced labor in Xinjiang. Shein maintains that it complies with international labor standards and is considering price increases in the U.S. market to offset higher import costs.