ബെംഗുളൂരു: മൂന്ന് പതിറ്റാണ്ടുകളായ വ്യവസായ ലോകത്ത് നിറഞ്ഞുനിൽക്കുന്ന സിജെ റോയിയുടെ വിയോഗം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിശ്വസിക്കാനായിട്ടില്ല. ഇന്ത്യയിലും വിദേശത്തുമായി മികച്ച ട്രാക്ക് റെക്കോർഡുള്ള ബിസിനസ് ശൃംഖലയാണ് കോൺഫിഡൻഡ് ഗ്രൂപ്പ്. സിനിമാ മേഖലയിൽ ഉൾപ്പെടെ മേഖലകളിൽ അദ്ദേഹത്തിന്റെ വ്യക്തിമുദ്രയുണ്ടായിരുന്നു. റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും ജീവകാരുണ്യ പ്രവർത്തനത്തിലും സജീവമായിരുന്നു റോയ്. കൊച്ചി സ്വദേശിയായ റോയി സ്ലോവാക് റിപ്പബ്ലിക്കിന്റെ ഓണററി കോൺസൽ കൂടിയാണ്.
വ്യവസായികൾക്കിടയിൽ സൗഹാദ്ദവും സൂക്ഷിച്ചിരുന്ന റോയിക്ക് കേരളം, കർണാടക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ വലിയ വ്യവസായ ശൃംഖലയുടെ ഉടമ കൂടിയാണ്. മൂന്ന് പതിറ്റാണ്ടുകൾ നീണ്ടുനിന്ന വ്യവസായ ജീവിതത്തിൽ കടങ്ങളോ, മറ്റു സാമ്പത്തിക പ്രയാസങ്ങളോ അദ്ദേഹത്തിനുണ്ടായിരുന്നില്ല.
മോഹൻലാലിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'കാസനോവ'യിലൂടെയാണ് കോൺഫിഡന്റ് ഗ്രൂപ്പ് സിനിമ നിർമ്മാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഒടുവിൽ ഭാവനയുടെ കരിയറിലെ തൊണ്ണൂറാം ചിത്രം 'അനോമി'യുടെ നിർമ്മാണ പങ്കാളി കൂടിയായിരുന്നു സി.ജെ റോയ്. 'ലേഡീസ് ആൻഡ് ജന്റിൽമാൻ', 'മേം ഹൂം മൂസ', 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം', 'ഐഡന്റിറ്റി' തുടങ്ങിയ ചിത്രങ്ങളും കോൺഫിഡന്റ് ഗ്രൂപ്പ് നിർമ്മിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
English Summary: C.J. Roy, the prominent owner of Confident Group and a successful entrepreneur with over three decades in real estate, hospitality, education, and film production, passed away by suicide in Bengaluru during an Income Tax raid at his office.