Business

ഒരു രൂപ പോലും കടമില്ലാത്ത കമ്പനിയാണ് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ്

സിനിമ മേഖലയിൽ നിന്ന് കാശ് ഇങ്ങോട്ട് കിട്ടാനല്ലാതെ, ആർക്കും അങ്ങോട്ട് കൊടുക്കാനില്ല എന്ന് ടി.എ. ജോസഫ്

Madism Desk

കൊച്ചി: സി.ജെ. റോയിയുടെ മരണത്തിൽ ആദായ നികുതി വകുപ്പിന് എതിരായ ആരോപണങ്ങൾ നിഷേധിച്ച് കോൺഫിഡൻ്റ് ഗ്രൂപ്പ്. കോൺഫിഡന്റ് ഗ്രൂപ്പിൽ നിക്ഷേപം നടത്തിയ എല്ലാവർക്കും ഗുണഫലം ലഭിക്കുമെന്നും, കമ്പനിയുടെ പ്രവർത്തനങ്ങളെ കുറിച്ച് ആർക്കും അനാവശ്യ ആശങ്ക വേണ്ടെന്നും മാനേജിങ് ഡയറക്ടർ ടി.എ. ജോസഫ് പറഞ്ഞു. കമ്പനി സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. ആരെയും കബളിപ്പിക്കാൻ ഉദ്ദേശമില്ല. സി.ജെ. റോയിയുടെ മരണം കമ്പനിയുടെ പ്രവർത്തനങ്ങളെ ഒരുതരത്തിലും ബാധിക്കുന്നില്ല. ആരുടേയും പണം അദ്ദേഹം അടിച്ചുമാറ്റിയിട്ടില്ല. ഏതു പ്രതിസന്ധിയെയും തരണം ചെയ്ത് കോൺഫിഡന്റ് ഗ്രൂപ്പ് മുന്നോട്ട് തന്നെ പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സിനിമാ മേഖലയിൽ നിന്ന് കമ്പനിക്ക് നിക്ഷേപകരുണ്ട് എന്ന വാദവും ടി.എ ജോസഫ് തള്ളി. സിനിമ മേഖലയിൽ നിന്ന് കാശ് ഇങ്ങോട്ട് കിട്ടാനല്ലാതെ ആർക്കും അങ്ങോട്ട് കൊടുക്കാനില്ല എന്ന് അദ്ദേഹം പറഞ്ഞു. മോഹൻലാലുമായുള്ള ബന്ധം കാസനോവ സിനിമയുമായി ബന്ധപ്പെട്ടതാണ്. ആന്റണി പെരുമ്പാവൂർ ഇൻവെസ്റ്റർ അല്ല, നല്ല സുഹൃത്ത് മാത്രമാണ്. ഇരുവരുമായുള്ള സൗഹൃദത്തിന്റെ ഭാഗമായാണ് സിനിമയുമായി ബന്ധപ്പെട്ട പോസ്റ്ററുകളും മറ്റും സി.ജെ. റോയി സോഷ്യൽ മീഡിയകളിൽ പങ്കുവച്ചിരുന്നത്. 'സീറോ ഡെബ്റ്റ് കമ്പനി' ആണ് കോൺഫിഡന്റ് ഗ്രൂപ്പെന്നും ജോസഫ് പറഞ്ഞു.

ചില യുട്യൂബ് ചാനലുകൾ ഞങ്ങളുടെ റോയിയുടെ മരണത്തെ കഴുകന്മാരെ പോലെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ വളരെ സ്ട്രോങ്ങ്‌ ആയ ആളാണ്. പുറത്തു നിന്ന് ഇമോഷണൽ സപ്പോർട്ട്‌ ആവശ്യമുണ്ടായിരുന്ന ആളല്ല. ചെയർമാന്റെ വിയോഗം ഉൾകൊള്ളാൻ പറ്റുന്നില്ല. അദ്ദേഹം ഞങ്ങളുടെ മെന്റർ ആയിരുന്നു, മോട്ടിവേറ്റർ ആയിരുന്നു. ജീവിതം ആഘോഷമാക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ തിയറി, ജോസഫ് കൂട്ടിച്ചേർത്തു.

എസ്ഐടിയുടെ അന്വേഷണം നടക്കുന്നത് കൊണ്ട് തന്നെ പല കാര്യങ്ങളും ഇപ്പോൾ തുറന്ന് പറയാനാവില്ല എന്നും, അത് അന്വേഷണത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്പനിക്ക് കള്ളക്കടത്തും ബിനാമി ഇടപാടുകളും ഉണ്ടെന്നും, കടത്തിലാണെന്നും വരുത്തി തീർക്കാൻ ചില മാധ്യമങ്ങളും ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു. “ആരും ചെയർമാനെ ഹരാസ് ചെയ്തിട്ടില്ല. ചെയർമാന്റെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ ശരിയല്ല. സഹോദരനല്ല അദ്ദേഹത്തിന്റെ കൂടെ നടക്കുന്നത്. അവർക്ക് കമ്പനി കാര്യങ്ങൾ അറിയില്ല. അങ്ങനെ ഭയക്കുന്ന ആളുമല്ല ചെയർമാൻ. അന്വേഷണത്തിൽ ഞങ്ങൾ തൃപ്തരാണ്’ ജോസഫ് പറഞ്ഞവസാനിപ്പിച്ചു.

English Summary: Confident Group Managing Director T.A. Joseph has reassured investors and the public that there is no cause for concern regarding the company’s operations. He emphasized that all investors will receive their due benefits, the group will overcome any challenges and move forward strongly, and the company bears full responsibility for all its Kerala projects.