നികുതിദായകർക്ക് ആശ്വാസമേകാൻ ആദായനികുതി വകുപ്പിന്റെ പുതിയ നീക്കം. സങ്കീർണ്ണമായ പഴയ ഫോമുകൾക്ക് പകരം ലളിതമായ പുതിയ ഫോമുകൾ അവതരിപ്പിച്ചു. പാൻ കാർഡ് (PAN) ഇല്ലാത്തവർ ഉയർന്ന മൂല്യമുള്ള ഇടപാടുകൾ നടത്തുമ്പോൾ നൽകേണ്ടി വന്നിരുന്ന ഫോം 60-ന് പകരമാണ് ഇനി ഫോം 97 നിലവിൽ വരുന്നത്. അതേസമയം, ഈ വിവരങ്ങൾ നികുതി വകുപ്പിനെ അറിയിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഫോം 61ന് പകരം ഫോം 98 ആണ് നിലവിൽ വന്നിട്ടുള്ളത്.
എന്താണ് ഫോം 97
സാധാരണയായി വലിയ തുകയുടെ ഇടപാടുകൾ നടത്തുമ്പോൾ പാൻ കാർഡ് നിർബന്ധമാണ്. എന്നാൽ പാൻ കാർഡ് ഇല്ലാത്ത വ്യക്തികൾ നിശ്ചിത ഇടപാടുകൾ നടത്തുമ്പോൾ സമർപ്പിക്കേണ്ട സത്യവാങ്മൂലമാണ് ഫോം 97.
മുമ്പ് പ്രതിവർഷം ഏകദേശം 12.5 കോടി ഫോം 60-കൾ ഫയൽ ചെയ്യപ്പെട്ടിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം പല ഇടപാടുകൾക്കും പാൻ നിർബന്ധമാക്കിയതോടെ, ഫോം 97 ഫയൽ ചെയ്യുന്നവരുടെ എണ്ണം 2 കോടിയിൽ താഴെയായി കുറയുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
നികുതി നിയമങ്ങളിലെ പുതിയ പരിഷ്കാരമനുസരിച്ച് പാൻ കാർഡ് ഇല്ലാത്ത വ്യക്തികൾ ഉയർന്ന മൂല്യമുള്ള ചില പ്രത്യേക ഇടപാടുകൾ നടത്തുമ്പോൾ നിർബന്ധമായും ഫോം 97 സമർപ്പിക്കേണ്ടതുണ്ട്. ഹോട്ടലുകളിലോ റെസ്റ്റോറന്റുകളിലോ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ അടയ്ക്കുമ്പോഴും, പാൻ കാർഡ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോഴും ഈ ഫോം ആവശ്യമാണ്. കൂടാതെ, 20 ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള വസ്തുവകകളുടെ ക്രയവിക്രയം നടത്തുമ്പോഴും ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള അൺലിസ്റ്റഡ് ഓഹരികൾ കൈമാറ്റം ചെയ്യുമ്പോഴും ഫോം 97 വഴി വിവരങ്ങൾ അധികൃതരെ അറിയിക്കേണ്ടതുണ്ട്.
അതേസമയം, സാമ്പത്തിക സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചില സുപ്രധാന ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കുകയും അത്തരം സന്ദർഭങ്ങളിൽ ഫോം 97 ഉപയോഗിക്കുന്നത് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള വാഹനങ്ങളുടെ വിൽപനയോ വാങ്ങലോ നടത്തുമ്പോഴും ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുമ്പോഴും ഇനി പാൻ വിവരങ്ങൾ നൽകിയേ മതിയാകൂ. അതുപോലെ തന്നെ മ്യൂച്വൽ ഫണ്ടുകളിലോ ആർ.ബി.ഐ ബോണ്ടുകളിലോ 50,000 രൂപയ്ക്ക് മുകളിൽ നിക്ഷേപം നടത്തുന്നതിനും ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നതിനും പാൻ കാർഡ് നിർബന്ധമാണ്. ഈ മേഖലകളിൽ ഫോം 97 വഴി ഇളവ് നേടാൻ നികുതിദായകർക്ക് സാധിക്കില്ല.
എന്താണ് ഫോം 98?
ഫോം 97 സ്വീകരിക്കുന്ന സ്ഥാപനങ്ങളോ വ്യക്തികളോ (ഉദാഹരണത്തിന് ബാങ്കുകൾ, രജിസ്ട്രാർമാർ) അത് ക്രോഡീകരിച്ച് ആദായനികുതി വകുപ്പിന് നൽകേണ്ട റിപ്പോർട്ടാണ് ഫോം 98. പഴയ ഫോം 61-ന് പകരമായാണ് ഇത് കൊണ്ടുവന്നിരിക്കുന്നത്. 2026-ലെ ആദായനികുതി ചട്ടം 159 അനുസരിച്ചുള്ള ഇടപാടുകൾ നടത്തുന്നവർ ഈ ഫോം ഫയൽ ചെയ്യാൻ ബാധ്യസ്ഥരാണ്.
നികുതിദായകരെ എങ്ങനെ ബാധിക്കും?
ആദായനികുതി വകുപ്പിന്റെ ഈ പുതിയ നീക്കം നികുതി വെട്ടിപ്പ് തടയുന്നതിനൊപ്പം സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ്. പാൻ കാർഡ് ഉപയോഗം സാർവത്രികമാക്കുന്നതിലൂടെ വലിയ തോതിലുള്ള പണമിടപാടുകൾ കൃത്യമായി നിരീക്ഷിക്കാൻ സർക്കാരിന് സാധിക്കും. ഇത് നികുതി ശൃംഖലയ്ക്ക് പുറത്തുള്ള ഇടപാടുകളെ ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമാക്കാൻ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. പഴയ സങ്കീർണ്ണമായ ഫോമുകൾക്ക് പകരം ലളിതമായ ഡിജിറ്റൽ സംവിധാനങ്ങൾ വരുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നികുതി ഭരണസംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കും.
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പാൻ കാർഡ് എടുക്കുന്നത് നടപടിക്രമങ്ങൾ ലഘൂകരിക്കാൻ സഹായിക്കും. നേരത്തെ വാഹനങ്ങൾ വാങ്ങുമ്പോഴും മറ്റും പാൻ കാർഡ് ഇല്ലാത്തവർ നേരിട്ടിരുന്ന നൂലാമാലകൾ ഇനി ഒഴിവാകും. അഞ്ച് ലക്ഷത്തിന് മുകളിലുള്ള വാഹന ഇടപാടുകൾക്ക് പാൻ നിർബന്ധമാക്കിയതോടെ, ഫോം പൂരിപ്പിക്കുന്നതിലെ പിഴവുകളും അതുവഴിയുണ്ടാകാവുന്ന നിയമപ്രശ്നങ്ങളും ഒരു പരിധിവരെ ഇല്ലാതാകും.
English Summary: India’s Income Tax Department has introduced new rules replacing Form 60 and 61 with Form 97 and 98 from April 1. PAN is now mandatory for several major financial transactions, reducing misuse and improving transparency, while limiting the use of Form 97.