പാല്‍, ഇന്ധനം, സ്വര്‍ണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളുടെ വിലകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലെ കുടുംബങ്ങളുടെ ജീവിതച്ചെലവ് കുത്തനെ ഉയരുകയാണ്. വീട്ടുചെലവുകള്‍ നിയന്ത്രണത്തിലാക്കാന്‍ പല കുടുംബങ്ങളും നിര്‍ബന്ധിതമായി ചെലവുകള്‍ കുറയ്ക്കാന്‍ തുടങ്ങിയിരിക്കുന്നതായിയാണ് റിപ്പോര്‍ട്ട്. ഒരു ലിറ്റര്‍ പാലിന്റെ വില വര്‍ധിക്കുന്നത് മുതല്‍ പെട്രോള്‍ അടിക്കാനുള്ള ചെലവ് കൂടുന്നത് വരെയും സ്വര്‍ണം വാങ്ങാന്‍ ബുദ്ധിമുട്ട് നേരിടുന്നത് വരെയും കുടുംബ ബജറ്റിന് വലിയ സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്.
സാധാരണക്കാരായ കുടുംബങ്ങള്‍ ആദ്യം കുറയ്ക്കാൻ സാധ്യതയുള്ള ചെലവുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് പുറത്തു നിന്നുള്ള ഭക്ഷണച്ചെലവുകളാണ്. റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നതും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഓര്‍ഡറുകളും പലരും നിയന്ത്രിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ധനവില വര്‍ധനവ് കാരണം ഭക്ഷ്യവിതരണവും ഡെലിവറി സേവനങ്ങളുടെയും ചെലവുകള്‍ കൂടുതല്‍ ഉയര്‍ന്നിരിക്കുന്നത് ഈ പ്രവണതയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.
സ്വകാര്യ വാഹനങ്ങളുടെ ഉപയോഗവും ഗണ്യമായി കുറയ്ക്കാന്‍ കുടുംബങ്ങള്‍ തയ്യാറെടുക്കുന്നുണ്ട്. പെട്രോള്‍-ഡീസല്‍ വിലകള്‍ ഉയര്‍ന്നതിനാല്‍ പലരും കാര്‍ ഉപയോഗം പരിമിതപ്പെടുത്തി പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാനോ, കാര്‍പൂളിങ് തിരഞ്ഞെടുക്കാനോ, അത്യാവശ്യ യാത്രകള്‍ മാത്രം നടത്താനോ തുടങ്ങിയ മാറ്റങ്ങളിലേക്ക് നീങ്ങുന്നു. സ്വര്‍ണവില ഉയര്‍ന്നതോടെ ആഭരണങ്ങള്‍ വാങ്ങുന്നതും ആഘോഷങ്ങള്‍ നടത്തുന്നതും കുറയാന്‍ സാധ്യതയുണ്ട്. പാലിന്റെ വില ഉയര്‍ന്നതോടെ പല വീടുകളിലും ദൈനംദിന ശീലങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങിയിട്ടുണ്ട്. ചായയും കാപ്പിയും കുടിക്കുന്നത് നിയന്ത്രിക്കുക, വിലകൂടിയ ഡയറി ഉല്‍പ്പന്നങ്ങള്‍ കുറയ്ക്കുക, ബദല്‍ ഉല്‍പ്പന്നങ്ങളിലേക്ക് മാറുക തുടങ്ങിയ രീതികള്‍ സ്വീകരിക്കുന്നു. അടുത്തിടെ പ്രമുഖ ഡയറി ബ്രാന്‍ഡുകള്‍ ഒരു ലിറ്ററിന് 2 രൂപ വരെ വിലവര്‍ധനവ് നടപ്പാക്കിയത് കുടുംബ ബജറ്റിനെ കൂടുതല്‍ ബാധിക്കുന്ന ഘടകമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വിനോദച്ചെലവുകള്‍ കുറയ്ക്കുന്നതും കുടുംബങ്ങള്‍ ആലോചിക്കുന്ന മേഖലകളിലൊന്നാണ്. സിനിമ കാണുന്നതും, മാള്‍ സന്ദര്‍ശനം, ചെറിയ യാത്രകള്‍, വാരാന്ത്യ വിനോദപരിപാടികള്‍ തുടങ്ങിയവയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിങ്, അനാവശ്യ സബ്‌സ്‌ക്രിപ്ഷനുകള്‍, ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ വാങ്ങല്‍ എന്നിവയിലും ചിലവ് ചുരുക്കുന്നതിന്റെ ഭാഗമാകാൻ സാധ്യതയയുണ്ട്. എന്നാല്‍ കുട്ടികളുടെ പഠനം, ആരോഗ്യപരിചരണം, ഇഎംഐ തവണകള്‍, വാടക തുടങ്ങിയ നിര്‍ബന്ധിത ചെലവുകള്‍ കുറയ്ക്കാന്‍ കഴിയാത്തതിനാല്‍, കുടുംബങ്ങള്‍ ദൈനംദിന ജീവിതത്തിലെ മറ്റ് മേഖലകളിലാണ് ആദ്യം ചെലവ് ചുരുക്കാന്‍ ശ്രമിക്കുന്നത്. സാമ്പത്തിക അനിശ്ചിതത്വവും വര്‍ധിച്ചുവരുന്ന ജീവിതച്ചെലവും ഇടത്തരം കുടുംബങ്ങളുടെ ദീര്‍ഘകാല സാമ്പത്തിക ആസൂത്രണങ്ങളെ കൂടുതല്‍ പരിമിതപ്പെടുത്തുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
English Summmary: Rising prices of milk, fuel, gold, and essential goods are forcing Indian families to cut household expenses. Many are reducing spending on dining, travel, shopping, and entertainment to manage increasing living costs.