കേവലം 5,600 രൂപയുടെ നിക്ഷേപത്തിൽ ആരംഭിച്ച സംരംഭത്തെ ഇന്ന് 420 കോടി മൂല്യമുള്ള ബിസിനസ് സാമ്രാജ്യമായി വളർത്തിയെടുത്തിരിക്കുകയാണ് ജെറ്റ് സെറ്റ് ഗോയുടെ സ്ഥാപകയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കനിക തെക്രിവാൾ. വെല്ലുവിളികളെ അതിജീവിച്ച് സ്വന്തം സ്വപ്നം യാഥാർഥ്യമാക്കിയ കനികയുടെ സംരംഭക യാത്ര നിരവധി യുവാക്കൾക്ക് പ്രചോദനമാണ്.
2021-ൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വയം പര്യാപ്ത ശതകോടീശ്വരി വനിതയായി തിരഞ്ഞെടുക്കപ്പെട്ട കനിക, 2016-ലും 2017-ലും ഫോർബ്‌സിന്റെ 30 അണ്ടര്‍ 30 പട്ടികയിൽ ഇടം നേടിയിരുന്നു. കൂടാതെ, പ്രശസ്തമായ ഷാർക്ക് ടാങ്ക് ഇന്ത്യ സീസൺ 5-ൽ വിധികർത്താവായും അവർ ശ്രദ്ധ നേടി.
ജീവിതത്തിലെ പ്രതിസന്ധികൾക്ക് മുന്നിൽ വഴങ്ങാതെ മുന്നേറിയ കനികയുടെ കഥ, സംരംഭകത്വം സ്വപ്നം കാണുന്നവർക്കും വിജയത്തിലേക്കുള്ള യാത്രയിൽ പോരാടുന്നവർക്കും വലിയ പ്രചോദനമാണ്. ചെറിയൊരു നിക്ഷേപത്തിൽ നിന്ന് ഇന്ത്യയിലെ പ്രമുഖ പ്രൈവറ്റ് ജെറ്റ് ശൃംഖലകളിലൊന്നായ ജെറ്റ് സെറ്റ് ഗോയെ കെട്ടിപ്പടുത്ത അവരുടെ നേട്ടം, ആത്മവിശ്വാസവും കഠിനാധ്വാനവും ഉണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ലെന്നതിന്റെ തെളിവാണ്.
ഒരു സാധാരണ പരമ്പരാഗത മാർവാടി കുടുംബത്തിൽ ജനിച്ച കനിക തെക്രിവാളിന് ബാല്യകാലം മുതൽക്കേ സാമ്പത്തിക കാര്യങ്ങളോടും സംരംഭകത്വത്തോടും പ്രത്യേക താൽപര്യമുണ്ടായിരുന്നു. ഇംഗ്ലണ്ടിലെ കോവെൻട്രി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം സ്വന്തം ബിസിനസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരിക്കെയാണ് ജീവിതത്തെ മാറ്റിമറിച്ച വലിയ വെല്ലുവിളി അവരെ തേടിയെത്തിയത്.
ക്യാന്‍സറിനോടുള്ള പോരാട്ടവും അതിജീവനവും
21-ാം വയസ്സിൽ കനികയ്ക്ക് സ്റ്റേജ് 2 ഹോഡ്ജ്കിൻസ് ലിംഫോമ എന്ന ക്യാൻസർ സ്ഥിരീകരിച്ചു. നാല് മാസം മാത്രമേ ആയുസ്സുണ്ടാകൂ എന്നായിരുന്നു നിരവധി ഡോക്ടർമാരുടെ വിലയിരുത്തൽ. എന്നാൽ ആത്മവിശ്വാസവും മനോബലവും കൈവിടാതെ അവർ ചികിത്സ തുടർന്നു. മുംബൈയിലെ വിദഗ്ധ ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായ ചികിത്സ സ്വീകരിച്ച കനിക ഒടുവിൽ ക്യാൻസറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് ശക്തമായി തിരിച്ചെത്തി.
ആ അനുഭവം തന്റെ ജീവിതവീക്ഷണത്തെ പൂർണമായും മാറ്റിമറിച്ചെന്ന് കനിക പിന്നീട് തുറന്നു പറഞ്ഞിരുന്നു. "ക്യാൻസറിനെ അതിജീവിച്ചപ്പോഴാണ് ജീവിതം വളരെ ചെറുതാണെന്നും, മറ്റുള്ളവരുടെ പ്രതീക്ഷകൾക്കല്ല, സ്വന്തം സ്വപ്നങ്ങൾക്കായാണ് ജീവിക്കേണ്ടതെന്നും, ആ സ്വപ്നങ്ങളെ ആകാശത്തോളം ഉയർത്താൻ ധൈര്യത്തോടെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഞാൻ തിരിച്ചറിഞ്ഞത്," എന്നായിരുന്നു അവരുടെ വാക്കുകൾ. ഇന്ന് അവരുടെ ജീവിതയാത്ര പ്രതിസന്ധികളെ അതിജീവിച്ച് വിജയത്തിലേക്ക് എത്താൻ ആഗ്രഹിക്കുന്നവർക്ക് വലിയ പ്രചോദനമാണ്.
വ്യോമയാന മേഖലയിലെ പുരുഷാധിപത്യം അവസാനിപ്പിച്ച വനിത
പുരുഷന്മാരുടെ ആധിപത്യമുള്ള വ്യോമയാന മേഖലയിലേക്ക് കടന്നുവരുമ്പോൾ നിരവധി പരിഹാസങ്ങളും അധിക്ഷേപങ്ങളും അവർക്ക് നേരിടേണ്ടി വന്നിരുന്നു. 2014ൽ അവർ ജെറ്റ്‌സെറ്റ്‌ഗോ എന്ന സ്ഥാപനത്തിന് തറക്കല്ലിട്ടു. വിമാന ബിസിനസ്സിന് പകരം കപ് കേക്കുകൾ ഉണ്ടാക്കി വിൽക്കാൻ ഉപദേശിച്ചവരുണ്ടായിരുന്നു. എന്നാൽ പുറത്തുനിന്ന് പണം സമാഹരിക്കാതെ സ്വന്തമായി 5600 രൂപ മാത്രം നിക്ഷേപിച്ച് അവർ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ജെറ്റ് ശൃംഖലയ്ക്ക് രൂപം നൽകി.
ഇന്ന് മുംബൈ, ഡൽഹി, ബെംഗളൂരു, ന്യൂയോർക്ക്, ദുബായ് എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള ജെറ്റ്‌സെറ്റ്‌ഗോയ്ക്ക് ഇന്ത്യയിൽ ഏറ്റവും വലിയ പ്രൈവറ്റ് ജെറ്റ്, ഹെലികോപ്റ്റർ വ്യൂഹമാണുള്ളത്. പ്രമുഖ വ്യവസായി പുനീത് ഡാൽമിയ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് എന്നിവരുടെ വലിയ പിന്തുണയും ഈ സ്ഥാപനത്തിനുണ്ട്.
Starting with an investment of just ₹5,600, Kanika Tekriwal, Founder and CEO of JetSetGo, has built her venture into a business empire valued at ₹420 crore. Overcoming numerous challenges, her entrepreneurial journey has become an inspiration for countless young dreamers.
Recognized as India's youngest self-made woman billionaire in 2021, Kanika was also featured in Forbes 30 Under 30 in both 2016 and 2017. She further gained widespread recognition as a judge on Shark Tank India Season 5.