Business

എഐ നിക്ഷേപം വർധിക്കുന്നു; പിരിഞ്ഞു പോകേണ്ടവർക്ക് പോകാമെന്ന് മൈക്രോസോഫ്റ്റ്, 60,000ത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും

എഐ നിക്ഷേപങ്ങൾക്ക് അനുസരിച്ചുള്ള വരുമാനം ലഭിക്കുമോയെന്ന ആശങ്ക നിക്ഷേപകർക്കിടയിൽ ഉയരുന്നതിനിടയിലാണ് മൈക്രോസോഫ്റ്റിന്റെ നടപടി

Madism Desk

എഐ നിക്ഷേപം വർധിക്കുന്നതിനിടെ ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ടെക് ഭീമൻ മൈക്രോസോഫ്റ്റ്. പിരിഞ്ഞുപോകേണ്ടവർക്ക് സ്വമേധയാ പോകാമെന്നാണ് മൈക്രോസോഫ്റ്റ് അറിയിച്ചത്. ഇതോടെ 60,000ത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്നാണ് റിപ്പോർട്ട്.

ഇന്ത്യ, യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളിലെ യോഗ്യരായ ജീവനക്കാർക്ക് ആനുകൂല്യങ്ങളോടെ സ്വമേധയാ ജോലി വിടാൻ അവസരമൊരുക്കുന്ന പദ്ധതിയാണ് കമ്പനി പ്രഖ്യാപിച്ചത്. കമ്പനി വിടാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങന്നത്.

എഐ സേവനങ്ങൾ, കോപൈലറ്റ്, ധനകാര്യം, മാനവവിഭവശേഷി, എക്സ്ബോക്സ്, വിൻഡോസ്, ഉപകരണങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാർ പദ്ധതിയുടെ പരിധിയിൽ വരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ മാർക്കറ്റിങ്, വാണിജ്യ വിഭാഗം, സുരക്ഷാ വിഭാഗം എന്നിവിടങ്ങളിലെ ജീവനക്കാരെ പദ്ധതിയിൽനിന്ന് ഒഴിവാക്കും.

എഐ നിക്ഷേപം വർധിക്കുന്നു

ഡാറ്റാ സെന്ററുകൾ, ചിപ്പുകൾ തുടങ്ങിയ എഐ അടിസ്ഥാനസൗകര്യങ്ങൾക്കായി മൈക്രോസോഫ്റ്റും മറ്റ് പ്രമുഖ ടെക് കമ്പനികളും വൻതോതിൽ പണം ചെലവഴിക്കുന്നതിനിടെയാണ് പുതിയ നീക്കം. എഐ നിക്ഷേപങ്ങൾക്ക് അനുസരിച്ചുള്ള വരുമാനം ലഭിക്കുമോയെന്ന ആശങ്ക നിക്ഷേപകർക്കിടയിൽ ഉയർന്നുവരുന്നതിനിടയിലാണ് മൈക്രോസോഫ്റ്റിന്റെ നടപടി.

കമ്പനിക്ക് പുറത്തുള്ള അവസരങ്ങൾ പരിഗണിക്കുന്നവർക്ക് എല്ലാവിധ പിന്തുണയോടെ മാറാനുള്ള അവസരം നൽകുമെന്നറിയിച്ച് ജീവനക്കാർക്ക് അധികൃതർ കത്തയച്ചതായും റിപ്പോർട്ടിൽ പറയുന്നു. മാറുന്ന ബിസിനസ് ആവശ്യങ്ങൾക്കനുസരിച്ച് ജീവനക്കാരുടെ എണ്ണം ക്രമീകരിക്കാൻ വിവിധ വിഭാഗങ്ങളെ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.

മുമ്പും സ്വമേധയാ വിരമിക്കൽ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിൽ നിന്നുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ജീവനക്കാർക്ക് പുതിയ ഓഫർ നൽകുന്നതെന്നും കമ്പനി വ്യക്തമാക്കി. മൈക്രോസോഫ്റ്റിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ 2,23,000 മുഴുവൻ സമയ ജീവനക്കാരാണ് കമ്പനിക്കുണ്ടായിരുന്നത്.

തുടരുന്ന പിരിച്ചുവിടൽ

ഈ വർഷം ഇത് രണ്ടാം തവണയാണ് ജീവനക്കാരെ പിരിച്ചുവിടാൻ മൈക്രോസോഫ്റ്റ് ഒരുങ്ങുന്നത്. യുഎസിലെ കമ്പനിയുടെ ജീവനക്കാരിൽ ഏകദേശം 9,000 ഓളം പേർക്ക് സമാന രീതിയിൽ സ്വമേധയാ ജോലി വിടാനുള്ള അവസരം നൽകിയിരുന്നു. ജൂലൈയിൽ എക്സ്ബോക്സ് ഗെയിമിങ് വിഭാഗത്തിന്റെ പുനഃസംഘടനയുടെ ഭാഗമായി 4,800 ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.

പുതിയ പ്രഖ്യാപനത്തിന് പിന്നാലെ തിങ്കളാഴ്ച മൈക്രോസോഫ്റ്റിന്റെ ഓഹരിവില ഏകദേശം ഒരു ശതമാനം ഉയർന്നു. ഈ വർഷം ഇതുവരെ ഓഹരിവിലയിൽ ഏകദേശം പത്ത് ശതമാനം വർധനയുണ്ടായിട്ടുണ്ട്. എഐ മേഖലയിലെ വൻ നിക്ഷേപങ്ങൾ എത്രത്തോളം വരുമാനവും ലാഭവും വർധിപ്പിക്കുമെന്ന് നിക്ഷേപകർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടെയാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ വീണ്ടും മൈക്രോസോഫ്റ്റ് ഒരുങ്ങുന്നത്.

Microsoft has announced a voluntary exit scheme for eligible employees in India, the US, the UK and Canada as it seeks to control costs amid rising AI investments. The programme could cover around 60,000 employees across participating teams.