Business

എ ഐ തരംഗത്തില്‍ ഇന്ത്യക്ക് 'കാലിടറി'; ദക്ഷിണ കൊറിയയ്ക്കും തായ്‌വാനും മുന്നില്‍ വിപണി കിതയ്ക്കുമ്പോള്‍

ആഗോള വിപണി മൂല്യത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഇന്ത്യ ഇപ്പോള്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. വമ്പന്‍ പ്രഖ്യാപനങ്ങളും കോടികളുടെ സബ്സിഡികളും നല്‍കിയിട്ടും ആഗോള നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ ഇന്ത്യന്‍ വിപണിക്ക് എവിടെയാണ് പിഴച്ചത്?

Madism Desk

ആഗോള ഓഹരി വിപണിയില്‍ ഇന്ത്യയുടെ ആധിപത്യത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ഏഷ്യന്‍ വിപണികളില്‍ വന്‍ അഴിച്ചുപണി നടന്നിരിക്കുകയാണ്. നിർമിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സാങ്കേതികവിദ്യയുടെ ആഗോള മുന്നേറ്റം കൃത്യമായി പ്രയോജനപ്പെടുത്തിയ ദക്ഷിണ കൊറിയ, ഇന്ത്യന്‍ ഓഹരി വിപണിയെ മറികടന്ന് ലോകത്തിലെ ആറാമത്തെ വലിയ വിപണിയായി മാറി. തൊട്ടുമുന്‍പ് തായ്‌വാനും ഇന്ത്യയെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. ഇതോടെ, ആഗോള വിപണി മൂല്യത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഇന്ത്യ ഇപ്പോള്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. വമ്പന്‍ പ്രഖ്യാപനങ്ങളും കോടികളുടെ സബ്സിഡികളും നല്‍കിയിട്ടും ആഗോള നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ ഇന്ത്യന്‍ വിപണിക്ക് എവിടെയാണ് പിഴച്ചത്?

എഐ ഹാര്‍ഡ്‌വെയറോ പ്രൊസസറുകളോ മെമ്മറി ചിപ്പുകളോ നിര്‍മിക്കാന്‍ ശേഷിയുള്ള ഒരു വലിയ കമ്പനി പോലും ഇന്ത്യയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല.

കണക്കുകളിലെ കളി; ഇന്ത്യയ്ക്ക് നഷ്ടമായത് ട്രില്യണ്‍ ഡോളറുകള്‍

ബ്ലൂംബെര്‍ഗ് പുറത്തുവിട്ട ഏറ്റവും പുതിയ ഡേറ്റ പ്രകാരം, 2026-ല്‍ ദക്ഷിണ കൊറിയന്‍ ലിസ്റ്റഡ് കമ്പനികളുടെ ആകെ മൂല്യം 86 ശതമാനത്തോളം കുതിച്ചുയര്‍ന്ന് 5 ട്രില്യണ്‍ ഡോളറിലെത്തി. എന്നാല്‍ ഇതേസമയം, ഇന്ത്യന്‍ വിപണിയുടെ മൂല്യം 4.8 ട്രില്യണ്‍ ഡോളറായി താഴേക്ക് പോവുകയാണ് ഉണ്ടായത്. കൊറിയയുടെ ഈ കുതിപ്പിന് പിന്നില്‍ സാംസങ് ഇലക്ട്രോണിക്‌സ് , എസ്.കെ ഹൈനിക്‌സ് എന്നീ രണ്ട് ചിപ്പ് നിര്‍മാണ ഭീമന്മാരുടെ സാന്നിധ്യമാണ്. കൊറിയന്‍ വിപണി മൂല്യത്തിന്റെ പകുതിയോളവും ഈ രണ്ട് കമ്പനികളുടെ സംഭാവനയാണ്. അതേസമയം, തായ്വാന്റെ വിപണി മൂല്യത്തിന്റെ 40 ശതമാനവും നിയന്ത്രിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ കോണ്‍ട്രാക്ട് ചിപ്പ് നിര്‍മാതാക്കളായ ടി.എസ്.എം.സിആണ്.ഇവിടെയാണ് ഇന്ത്യന്‍ വിപണിയുടെ ഘടനാപരമായ പോരായ്മ വ്യക്തമാകുന്നത്. അമേരിക്കന്‍ ചിപ്പ് ഭീമനായ എന്‍വിഡിയയുടെ മാത്രം വിപണി മൂല്യം, ഇന്ന് ഇന്ത്യയിലെ മൊത്തം ലിസ്റ്റഡ് കമ്പനികളുടെ മൂല്യത്തേക്കാള്‍ കൂടുതലാണ്. ലോകം മുഴുവന്‍ എഐ ഹാര്‍ഡ്വെയറിലേക്ക് പണമൊഴുക്കുമ്പോള്‍, ആ റാലിയെ നയിക്കാന്‍ പോന്ന ഒരു കമ്പനി പോലും ഇന്ത്യന്‍ വിപണിയില്‍ ഇല്ല എന്നത് നിക്ഷേപകരെ നിരാശരാക്കുന്നു.

സര്‍വിസ് ഉണ്ട്, പക്ഷെ 'ചിപ്പ്' ഇല്ല

മേയിൽ പുറത്തുവന്ന റോയിട്ടേഴ്‌സ് പോള്‍ പ്രകാരം, 2026-ല്‍ നിഫ്റ്റി-50 സൂചിക 8.5 ശതമാനത്തോളം ഇടിവോടെ, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വാര്‍ഷിക നഷ്ടത്തിലേക്ക് നീങ്ങുകയാണ്. വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ ഫണ്ട് പിന്‍വലിക്കലും ആഭ്യന്തര വിപണിയിലെ അമിത വാല്യുവേഷനും ഇതിന് ആക്കം കൂട്ടി. ഇന്ത്യന്‍ വിപണിയില്‍ എഐ സ്വാധീനമില്ലെന്നല്ല, പക്ഷേ അതിന്റെ ഘടന വ്യത്യസ്തമാണ്. ടി.സി.എസ് , ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ നമ്മുടെ മുന്‍നിര ഐടി കമ്പനികള്‍ പ്രധാനമായും എഐ 'സര്‍വീസ്' നല്‍കുന്നവരാണ്. അതായത് മറ്റുള്ളവര്‍ നിര്‍മിക്കുന്ന സാങ്കേതികവിദ്യ ഉപഭോക്താക്കളില്‍ എത്തിക്കുന്നവര്‍ മാത്രം. എന്നാല്‍ യഥാര്‍ത്ഥ ലാഭം കൊയ്യുന്ന എഐ ഹാര്‍ഡ്‌വെയറോ പ്രൊസസറുകളോ മെമ്മറി ചിപ്പുകളോ നിര്‍മിക്കാന്‍ ശേഷിയുള്ള ഒരു വലിയ കമ്പനി പോലും ഇന്ത്യയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല.

നിര്‍മാണമല്ല, വെറും അസംബ്ലിങ്: മൂല്യശൃംഖലയിലെ പിന്നാക്കാവസ്ഥ

സെന്റര്‍ ഫോര്‍ യൂറോപ്യന്‍ പോളിസി അനാലിസിസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യ ചിപ്പ് ഡിസൈനിലും സോഫ്റ്റ്‌വെയറിലും ശക്തമാണെങ്കിലും ചിപ്പ് നിര്‍മാണത്തിന്റെ മൂല്യശൃംഖലയില്‍ ഇപ്പോഴും വളരെ താഴെയാണ്. നിലവില്‍ ഗുജറാത്തില്‍ സി.ജി പവര്‍, കെയ്ന്‍സ് തുടങ്ങിയ കമ്പനികള്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നുണ്ടെങ്കിലും അവ പ്രധാനമായും ഔട്ട്സോഴ്സ്ഡ് അസംബ്ലി, ടെസ്റ്റിങ്, പാക്കേജിങ് മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതായത്, വിദേശത്ത് നിര്‍മിച്ച ചിപ്പുകള്‍ കൊണ്ടുവന്ന് പാക്കേജ് ചെയ്യുക മാത്രമാണ് ഇവിടെ നടക്കുന്നത്. ലോകം ഇന്ന് ആവശ്യപ്പെടുന്ന അഡ്വാന്‍സ്ഡ് മെമ്മറി ചിപ്പുകളോ ഹൈ-എന്‍ഡ് പ്രൊസസറുകളോ നിര്‍മിക്കാനുള്ള ശേഷി ഇന്ത്യയ്ക്ക് ഇപ്പോഴുമില്ല. ദക്ഷിണ കൊറിയയും തായ്‌വാനും പതിറ്റാണ്ടുകളായി സര്‍ക്കാര്‍ പിന്തുണയോടെയുള്ള വ്യവസായ നയങ്ങളിലൂടെയും ആഭ്യന്തര കമ്പനികള്‍ക്ക് നല്‍കിയ തന്ത്രപരമായ പ്രോത്സാഹനത്തിലൂടെയുമാണ് ഈ ആധിപത്യം നേടിയെടുത്തത്. പ്രഖ്യാപനങ്ങളില്‍ കാണിക്കുന്ന വേഗത ഇന്ത്യ പലപ്പോഴും നടപ്പിലാക്കുന്നതില്‍ കാണിക്കുന്നില്ല എന്നതാണ് വലിയ വിമര്‍ശനം.

വെല്ലുവിളികള്‍ ബാക്കി

76,000 കോടി രൂപയുടെ പ്രോത്സാഹന പാക്കേജുമായി 'ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍' സജീവമായി മുന്നോട്ടുപോകുന്നുണ്ടെന്നത് ആശ്വാസകരമാണ്. ടാറ്റ ഇലക്ട്രോണിക്‌സ് ഡച്ച് കമ്പനിയായ എ എസ് എം എല്ലുമായി ചേര്‍ന്ന് ഗുജറാത്തില്‍ 1100 കോടി ഡോളറിന്റെ ഫ്രണ്ട്-എന്‍ഡ് ഫാബ്രിക്കേഷന്‍ പ്ലാന്റിനായി കരാര്‍ ഒപ്പിട്ടതും മൈക്രോണിന്റെ അസംബ്ലി പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചതും നല്ല തുടക്കങ്ങളാണ്. എന്നാല്‍, വെറുമൊരു പ്ലാന്റ് പ്രഖ്യാപിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്ന് ഐ.ഡി.സി പോലുള്ള ഗവേഷണ സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിസൂക്ഷ്മമായ ചിപ്പ് നിര്‍മാണത്തിന് ആവശ്യമായ തടസ്സമില്ലാത്ത വൈദ്യുതി, വന്‍തോതിലുള്ള ജലലഭ്യത, മികച്ച ഇന്‍ഫ്രാസ്ട്രക്ചര്‍, എല്ലാറ്റിനുമുപരി ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ എന്നിവ ഉറപ്പാക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച് ഇപ്പോഴും വലിയ വെല്ലുവിളിയാണ്. ഈ പ്ലാന്റുകള്‍ പൂര്‍ണസജ്ജമായി നമ്മുടെ ഓഹരി വിപണി സൂചികകളെ സ്വാധീനിക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും.

English Summary: India’s dominance in the global stock market is facing a significant challenge as major shifts unfold across Asian financial markets. South Korea has overtaken India to become the world’s sixth-largest stock market by market capitalization, driven largely by its successful integration of artificial intelligence (AI) technologies into its economy and corporate sector. Earlier, Taiwan had also surpassed India, moving into fifth place globally. As a result, India has slipped to seventh position in global market value rankings.

The development has raised concerns about India's ability to attract international investors despite large-scale government incentives, subsidy programs, and ambitious economic announcements. Analysts argue that AI-driven growth, advanced semiconductor industries, and stronger technology ecosystems have helped South Korea and Taiwan gain investor confidence, while India continues to face challenges related to earnings growth, market valuations, and foreign capital inflows.