Business

അദാനിയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി ടിക്‌ടോക് സ്ഥാപകന്‍ ഷാങ് യിമിങ്; എഐ തരംഗത്തില്‍ ആസ്തി എട്ടിരട്ടിയായി

2019 മാര്‍ച്ചില്‍ ബ്ലൂംബെര്‍ഗ് ആദ്യമായി സമ്പത്ത് കണക്കാക്കുമ്പോള്‍ 13 ബില്യണ്‍ ഡോളറായിരുന്നു 43-കാരനായ ഷാങിന്റെ ആസ്തി. ഏഴ് വര്‍ഷത്തിനുള്ളില്‍ ഇത് എട്ടിരട്ടിയിലധികമായി ഉയര്‍ന്നു.

Business Desk

ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി ബൈറ്റ്ഡാന്‍സ് സ്ഥാപകന്‍ ഷാങ് യിമിങ്. ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായ ടിക്‌ടോകിന്റെ മാതൃകമ്പനിയാണ് ബൈറ്റ്ഡാന്‍സ്. ബ്ലൂംബെര്‍ഗ് ബില്യണെയര്‍ ഇന്‍ഡക്‌സ് പ്രകാരം 105 ബില്യണ്‍ ഡോളറിലധികം (ഏകദേശം 10 ലക്ഷം കോടി രൂപ) ആസ്തി രേഖപ്പെടുത്തിയതോടെയാണ് ഷാങ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. 2019 മാര്‍ച്ചില്‍ ബ്ലൂംബെര്‍ഗ് ആദ്യമായി സമ്പത്ത് കണക്കാക്കുമ്പോള്‍ 13 ബില്യണ്‍ ഡോളറായിരുന്നു 43-കാരനായ ഷാങിന്റെ ആസ്തി. ഏഴ് വര്‍ഷത്തിനുള്ളില്‍ ഇത് എട്ടിരട്ടിയിലധികമായി ഉയര്‍ന്നു. പരമ്പരാഗത വ്യവസായ സാമ്രാജ്യങ്ങളെക്കാള്‍ നിര്‍മ്മിത ബുദ്ധി (എഐ) മേഖലയിലുണ്ടാകുന്ന മുന്നേറ്റമാണ് ഷാങിന്റെ സമ്പത്ത് വര്‍ധിക്കാന്‍ കാരണമായത്.

ബ്ലാക്ക് റോക്ക്, ഫിഡെലിറ്റി, ടി റോ പ്രൈസ് തുടങ്ങിയ ആഗോള നിക്ഷേപ സ്ഥാപനങ്ങള്‍ ബൈറ്റ്ഡാന്‍സിന്റെ മൂല്യം ഉയര്‍ത്തിയതോടെ ഈ മാസം മാത്രം അദ്ദേഹത്തിന്റെ സമ്പത്തില്‍ 12 ബില്യണ്‍ ഡോളറിലധികം വര്‍ധനവുണ്ടായി. ജൂണില്‍ അദാനിയുടെ സമ്പത്ത് 120 ബില്യണ്‍ ഡോളര്‍ വരെ ഉയര്‍ന്നിരുന്നെങ്കിലും എംഎസ്‌സിഐ സൂചികയിലെ മാറ്റങ്ങളും ക്രൂഡോയില്‍ വിലക്കയറ്റവും ആഗോള വിപണിയിലെ തിരിച്ചടികളും കാരണം അദ്ദേഹത്തിന്റെ ആസ്തി താഴേക്ക് പതിക്കുകയായിരുന്നു. ഇതിനുമുമ്പ് മുകേഷ് അംബാനിയെ മറികടന്ന് ഷാങ് രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

ഷാങ് തന്റെ ആസ്തി വളര്‍ത്തിയതെങ്ങനെ?

ലോകത്തിലെ ഏറ്റവും ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പുകളിലൊന്നായ ടിക്ടോകിലൂടെയാണ് ഷാങ് തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തതെങ്കിലും ബൈറ്റ്ഡാന്‍സിന്റെ എഐ മേഖലയിലെ വന്‍ മുന്നേറ്റമാണ് നിലവിലെ കുതിച്ചുചാട്ടത്തിന് പ്രധാന കാരണം. ബൈറ്റ്ഡാന്‍സ് പുറത്തിറക്കിയ 'ദൗബാവോ' ചാറ്റ്‌ബോട്ട് നിലവില്‍ 300 ദശലക്ഷത്തിലധികം പ്രതിമാസ ഉപയോക്താക്കളോടെ ചൈനയിലെ ഏറ്റവും ജനപ്രിയ എഐ പ്ലാറ്റ്ഫോമാണ്. ഇവരുടെ 'സീഡാന്‍സ്' വീഡിയോ ജനറേഷന്‍ ടൂളിലാണ് കൂടുതല്‍ നിക്ഷേപം വന്നത്. അദാനിയുടെയും മുകേഷ് അംബാനിയുടെയും പരമ്പരാഗത വ്യവസായങ്ങളെ മറികടക്കുന്ന സമ്പത്ത് എഐ രംഗം എങ്ങനെ സൃഷ്ടിക്കുന്നുവെന്നത് ഷാങിന്റെ ഈ വളര്‍ച്ച വ്യക്തമാക്കുന്നുവെന്ന് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎസില്‍ ടിക്ടോകിനെ ചുറ്റിപ്പറ്റി വര്‍ഷങ്ങളായി നിലനിന്നിരുന്ന നിയന്ത്രണപരവും ഭൗമരാഷ്ട്രീയപരവുമായ അനിശ്ചിതത്വങ്ങള്‍ക്ക് ശേഷമാണ് ഷാങിന്റെ സമ്പത്തിലുണ്ടായ ഈ വളര്‍ച്ച. ഈ വര്‍ഷം തുടക്കത്തില്‍ ടിക്ടോകിന്റെ യുഎസ് പ്രവര്‍ത്തനങ്ങളുടെ ചില ഭാഗങ്ങള്‍ അമേരിക്കന്‍ നിക്ഷേപകര്‍ക്ക് കൈമാറിയിരുന്നു. ഇത് രാജ്യത്ത് ആപ്പിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം മറികടക്കാന്‍ കമ്പനിയെ സഹായിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബൈറ്റ്ഡാന്‍സിന്റെ കൈവശമുള്ള വന്‍തോതിലുള്ള സോഷ്യല്‍ മീഡിയ ഡാറ്റ എഐ മോഡലുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്നുണ്ടെന്നും പ്രതിസന്ധികളിലും എഐ നിക്ഷേപങ്ങളില്‍ വ്യക്തമായ ശ്രദ്ധ പുലര്‍ത്താന്‍ ഷാങിന് കഴിഞ്ഞുവെന്നും റിസര്‍ച്ച് ഫര്‍മ്മായ ഒമ്ദിയയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ആരാണ് ഷാങ് യിമിങ്?

2012-ല്‍ ബീജിങില്‍ ബൈറ്റ്ഡാന്‍സ് സ്ഥാപിച്ച അദ്ദേഹം, 2021 നവംബറില്‍ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് സ്ഥാനമൊഴിഞ്ഞു. ഇപ്പോള്‍ ദൈനംദിന ഭരണത്തിന് പുറത്തുനിന്നാണ് നേതൃത്വം നല്‍കുന്നത്. 43-ാം വയസ്സില്‍ തന്നെ ഏഷ്യയിലെ ഒന്നാം സ്ഥാനത്തെത്തിയ അദ്ദേഹം ലോകത്തിലെ ഏറ്റവും സമ്പത്തുള്ള 20 പേരുടെ ലിസ്റ്റില്‍ പതിനെട്ടാമതായി ഇടംപിടിച്ചു. പട്ടികയിലുള്ള ഭൂരിഭാഗം പേരും 50 മുതല്‍ 90 വയസ്സിന് മുകളിലുള്ളവരാണ്.

ഏഷ്യയിലെ ഒന്നാം സ്ഥാനം സ്വന്തമാക്കുന്നതിനു മുമ്പുതന്നെ ഷാങ് ചൈനയിലെ ഏറ്റവും ധനികനായിരുന്നു. ടിക്ടോകിന്റെ ആഗോള വളര്‍ച്ചയും ബൈറ്റ്ഡാന്‍സിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന എഐ ബിസിനസുമായിരുന്നു ഇതിന് കരുത്തുപകര്‍ന്നത്. ബൈറ്റ്ഡാന്‍സ് ഒരു സ്വകാര്യ കമ്പനിയായതിനാല്‍ 10% റിസ്‌ക് ഡിസ്‌കൗണ്ട് ബാധകമാക്കിയാണ് ബ്ലൂംബെര്‍ഗ് അദ്ദേഹത്തിന്റെ അന്തിമ ആസ്തി കണക്കാക്കിയത്. ചൈനയും അമേരിക്കയും സാങ്കേതികവിദ്യാ രംഗത്ത് കടുത്ത മത്സരം തുടരുമ്പോള്‍, ഊര്‍ജ്ജ-റീട്ടെയില്‍ മേഖലകളിലെ പരമ്പരാഗത ബിസിനസുകളെ മറികടന്ന് സാങ്കേതികവിദ്യയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വന്‍ സമ്പത്ത് സൃഷ്ടിക്കുന്നതിന്റെ ഉത്തമോദാഹരണമായി ഷാങ് യിമിങിന്റെ ഈ കുതിച്ചുചാട്ടം വിലയിരുത്തപ്പെടുന്നു.

ByteDance founder Zhang Yiming has overtaken Indian industrialist Gautam Adani to become Asia’s richest person, with a net worth of more than $105 billion, according to the Bloomberg Billionaires Index. Zhang, 43, founded ByteDance, the parent company of TikTok, in 2012. His wealth has increased more than eightfold from $13 billion in March 2019. The sharp rise in ByteDance’s valuation, driven largely by growing investments in its artificial intelligence business, has added more than $12 billion to Zhang’s wealth this month alone. ByteDance’s AI chatbot Doubao reportedly has more than 300 million monthly users in China, while its Seedance video-generation tool has also attracted significant investment.