

വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ വൈദ്യുതി നയം രൂപീകരിക്കാന്‍ കേരളം. സംസ്ഥാനത്ത് സൗരോര്‍ജം ഉള്‍പ്പെടെയുള്ള പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനൊപ്പം ബാറ്ററി സ്റ്റോറേജ്, പമ്പ്ഡ് സ്റ്റോറേജ് തുടങ്ങിയ സംവിധാനങ്ങളും വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു. കെഎസ്ഇബി - യെ സ്വകാര്യവല്‍ക്കരിക്കില്ല മറിച്ച് കൂടുതല്‍ സ്വയംപര്യാപ്തമാക്കും. അതോടൊപ്പം പുനരുപയോഗ ഊര്‍ജ മേഖലയില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വി ഡി സതീശന്‍ ഇത്തരം ഒരു പ്രതികരണം നടത്തിയത്.
മഴയുടെ കുറവ്, വൈദ്യുതി ഉപഭോഗത്തിലുണ്ടായ വലിയ വര്‍ധന, വൈകുന്നേരങ്ങളിലെ ഉയര്‍ന്ന വൈദ്യുതി ആവശ്യകത എന്നിവയാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങള്‍. അത് പരിഹരിക്കാന്‍ ഒഡിഷയില്‍ നിന്നും ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്നും വൈദ്യുതി ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍, തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ എന്നിവയുമായി ചര്‍ച്ച നടത്താന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലവുമായ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി ലഭിക്കുന്ന എല്ലായിടത്ത് നിന്നും വൈദ്യുതി വാങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം 150 മെഗാവാട്ട് വൈദ്യുതി ഒഡീഷയില്‍ നിന്നും വാങ്ങിയിരുന്നു. 150 മെഗാവാട്ട് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്നും വാങ്ങി. വൈദ്യുതി വാങ്ങുന്നതിന് എട്ട് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്.
കേരളം നേരിടുന്ന പ്രതിസന്ധി
മഴക്കുറവ് മാത്രമല്ല യഥാര്‍ത്ഥത്തില്‍ കേരളം നേരിടുന്ന പ്രതിസന്ധി, വര്‍ധിച്ച ഉപഭോഗം, സ്വന്തം ഉത്പാദനത്തിലെ പരിമിതി, രാത്രിയിലെ ഉയര്‍ന്ന ഡിമാന്റ് എല്ലാം ബാധിച്ചു. നമുക്ക് സ്റ്റോറേജ് ഫെസിലിറ്റി ഇല്ല. 2500 മെഗാവാട്ട് റിന്യൂവിബള്‍ എനര്‍ജി, സോളാര്‍ എനര്‍ജി ഉത്പാദിപ്പിക്കുന്നുണ്ട്. പക്ഷേ സ്റ്റോറേജ് ഫെസിലിറ്റി ഇല്ല. പകല്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.
റിന്യൂവിബള്‍ എനര്‍ജി വൈദ്യുതി ബോര്‍ഡിന് കൊടുക്കുകയാണ്. ബോര്‍ഡ് പീക്ക് അവറില്‍ പകരം വൈദ്യുതി വീടുകളിലേക്ക് നല്‍കുന്നു. 2500 മെഗാവാട്ട് സോളാര്‍ എനര്‍ജി ഉത്പാദിപ്പിച്ചിട്ടും സ്റ്റോറേജ് ഫെസിലിറ്റി ഇല്ലാത്തതിനാല്‍ പീക്ക് അവറില്‍ വൈദ്യുതി കിട്ടുന്നില്ല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിനേക്കാള്‍ 925 മെഗാവാട്ട് വൈദ്യുതി ഉപഭോഗം ഈ സെപ്റ്റംബറില്‍ പല കാരണങ്ങള്‍ കൊണ്ട് കൂടിയിട്ടുണ്ട്. അതിനനുസരിച്ചുള്ള പ്ലാനിങ് കഴിഞ്ഞ വര്‍ഷം മുതല്‍ ഉണ്ടായില്ല. ലോങ്ടൈം പര്‍ച്ചേസും ഇല്ല.
ഒരു യൂണിറ്റ് വൈദ്യുതി 4 രൂപ 29 പൈസയ്ക്ക് ലഭ്യമാകുന്ന ലോംഗ് ടൈം പര്‍ച്ചേസിന്റെ 25 വര്‍ഷത്തേക്കുള്ള കരാര്‍ കഴിഞ്ഞ സര്‍ക്കാര്‍ റദ്ദാക്കി. പകരം എഗ്രിമെന്റ് വച്ചില്ല. ദീര്‍ഘകാലത്തേയ്ക്ക് കരാര്‍ വയ്ക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനുമായി ഞങ്ങള്‍ ബന്ധപ്പെട്ടു. 85 ശതമാനം വൈദ്യുതി അവരുടെ സ്ഥാപനങ്ങളിലുളളത് സ്റ്റേറ്റുകള്‍ക്ക് കൊടുക്കും. പതിനഞ്ച് ശതമാനം മാത്രമേ അവരുടെ ഉപയോഗത്തിന് എടുക്കുകയുള്ളൂ. 280 മെഗാവാട്ട് അവരുടെ കൈവശമുണ്ട്. ഞങ്ങള്‍ സംസാരിച്ച് നാല് രൂപ അറുപത്തിയഞ്ച് പൈസയ്ക്ക് 150 മെഗാവാട്ട് വൈദ്യുതി വാങ്ങിയിരുന്നു. ഇന്ന് തന്നെ ഒരു ടീം മുംബൈയില്‍ എത്തി ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനുമായി ചര്‍ച്ച നടത്തും. കൂടുതല്‍ വൈദ്യുതി എത്തിക്കാനുള്ള ശ്രമം തുടരും. എന്‍.ടി.പി.സിയുമായും ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ മുപ്പത് രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്ന വാര്‍ത്തകള്‍ തെറ്റാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഹിമാചല്‍പ്രദേശ് ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തിയിരുന്നു. പകല്‍ അവര്‍ 130 മെഗാവാട്ട് വൈദ്യുതി തരാമെന്ന് സമ്മതിച്ചിരുന്നു. പക്ഷേ രാത്രി 80 മെഗാവാട്ട് മാത്രമേ നല്‍കൂ. രണ്ടിനും ഒരേ റേറ്റാണ്. 13 രൂപയോളം വരും. രാത്രി 80 മെഗാവാട്ട് കിട്ടുന്നതിന് വേണ്ടി പകലും വൈദ്യുതി വാങ്ങേണ്ടി വരും. അങ്ങനെ നോക്കുമ്പോള്‍ മുപ്പത് രൂപയ്ക്ക് അടുത്ത് വരും. പ്രാേയാഗികത നോക്കി മാത്രമേ സര്‍ക്കാര്‍ തീരുമാനമെടുക്കൂ. എന്‍.ടി.പി.സി, എന്‍.സി.പി.എല്‍, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക ഗവണ്‍മെന്റുകള്‍ എന്നിവരൊക്കെയായി ചര്‍ച്ച നടത്തിയിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ 38 രൂപയ്ക്കാണ് വൈദ്യുതി വാങ്ങുതിന് എഗ്രീമെന്റ് വച്ചത്. പത്ത് രൂപയ്ക്ക് താഴെ മാത്രമേ വാങ്ങാവൂ എന്ന്് നമുക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ സീലിങ് ഉണ്ട്. പത്ത് രൂപയ്ക്ക് താഴെ വാങ്ങാനുള്ള ശ്രമമാണ് നമ്മള്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നും മുഖ്യമന്ത്രി അറിയിച്ചു.
Kerala is preparing a new comprehensive electricity policy to address the ongoing power crisis and meet rising future demand. Chief Minister V. D. Satheesan said the state will increase the use of renewable energy, particularly solar power, while expanding battery storage and pumped-storage systems. The government also plans to encourage private investment in the renewable-energy sector. Satheesan clarified that KSEB will not be privatised; instead, the public utility will be made more self-reliant. The new policy is expected to factor in Kerala’s projected rise in electricity demand through 2030 and beyond.