Edu-Career

ഇന്ത്യയില്‍ 250 ജില്ലകളിലെ 25% യുവാക്കളും തൊഴിലോ വിദ്യാഭ്യാസമോ ഇല്ലാത്തവര്‍, പട്ടികയില്‍ എറണാകുളവും; ലേബര്‍ ഫോഴ്‌സ് സര്‍വേ

ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മൂന്നില്‍ രണ്ട് ജില്ലകളിലും 25% യുവജനങ്ങളും 'നീറ്റ്' (NEET - പഠനത്തിലോ തൊഴിലിലോ പരിശീലനത്തിലോ ഏര്‍പ്പെടാത്തവരെ) വിഭാഗത്തില്‍പ്പെടുന്നവരാണ്.

Madism Desk

രാജ്യത്തെ യുവാക്കളുടെ തൊഴില്‍-വിദ്യാഭ്യാസ പങ്കാളിത്തത്തെക്കുറിച്ച് ആശങ്കയുണര്‍ത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്തെ ഏകദേശം 250-ഓളം ജില്ലകളില്‍ 15-നും 29-നും ഇടയില്‍ പ്രായമുള്ള 25 ശതമാനത്തിലധികം യുവാക്കള്‍ ഉല്‍പ്പാദനക്ഷമമായ യാതൊരു ജോലിയിലും ഏര്‍പ്പെടുന്നില്ലെന്നും വിദ്യാഭ്യാസ കോഴ്സുകളിലോ തൊഴില്‍ പരിശീലനങ്ങളിലോ പങ്കെടുക്കുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ ഫോഴ്‌സ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മൂന്നില്‍ രണ്ട് ജില്ലകളിലും 25% യുവജനങ്ങളും 'നീറ്റ്' (NEET - പഠനത്തിലോ തൊഴിലിലോ പരിശീലനത്തിലോ ഏര്‍പ്പെടാത്തവരെ) വിഭാഗത്തില്‍പ്പെടുന്നവരാണ്. ആന്ധ്രാപ്രദേശ്, ഒഡീഷ, അസം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പകുതിയോളം ജില്ലകളിലും സമാനമായ രീതിയില്‍ 25% യുവാക്കള്‍ 'നീറ്റ്' വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.

പ്രധാന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 600-ഓളം ജില്ലകളെ കേന്ദ്രീകരിച്ചായിരുന്നു മന്ത്രാലയത്തിന്റെ സര്‍വേ. ചില ജില്ലകളെ ഒന്നിച്ച് ചേര്‍ത്ത് ഒറ്റ യൂണിറ്റായാണ് സര്‍വേയുടെ ഭാഗമാക്കിയത്. സര്‍വേ പ്രകാരം, ഛത്തീസ്ഗഢിലെ കബീര്‍ധാം, രാജ്‌നന്ദ്ഗാവ്, ഉത്തര്‍ ബസ്തര്‍ കാങ്കര്‍, ഹിമാചല്‍ പ്രദേശിലെ ചമ്പ, കേരളത്തിലെ എറണാകുളം, മധ്യപ്രദേശിലെ മണ്ട്ല ഉള്‍പ്പെടെ ഏകദേശം 25 ജില്ലകളില്‍ 'നീറ്റ്' നിരക്ക് 10 ശതമാനത്തില്‍ താഴെയാണ്. സര്‍വേയില്‍ ഏറ്റവും കുറഞ്ഞ 'നീറ്റ്' നിരക്ക് രേഖപ്പെടുത്തിയത് ഒഡീഷയിലെ നബരംഗ്പൂരിലാണ് (4.1%).

ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്റോള്‍ ചെയ്യാത്തവരും തൊഴില്‍ സേനയില്‍ നിന്ന് പൂര്‍ണ്ണമായി വിട്ടുനിന്നവരുമാണ് 'നീറ്റ്' വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. സര്‍വേയില്‍ പങ്കെടുത്ത മൊത്തം ജില്ലകളില്‍ നാലില്‍ മൂന്നിലും യുവതികളുടെ 'നീറ്റ്' നിരക്ക് 25 ശതമാനത്തിന് മുകളിലാണ് എന്നത് ശ്രദ്ധേയമാണ്. പ്രതിഫലമില്ലാത്ത വീട്ടുജോലികളുടെ ഭാരവും കുടുംബപരമായ ഉത്തരവാദിത്തമെന്ന സമൂഹത്തിന്റെ കല്‍പനയുമാണ് യുവതികളെ പഠനത്തില്‍ നിന്നും തൊഴില്‍ മേഖലയില്‍ നിന്നും അകറ്റുന്നത്. അനുയോജ്യമായ ജോലി ലഭിക്കാത്തതിനാല്‍ ജോലി അന്വേഷിക്കുന്നത് അവസാനിപ്പിച്ചവര്‍, മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍, വീട്ടുജോലികള്‍ അല്ലെങ്കില്‍ പരിചരണ ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍, എന്നിവരാണ് പ്രധാനമായും 'നീറ്റ്' വിഭാഗത്തില്‍ വരുന്നത്.

നേരത്തെ നിതി ആയോഗ് പുറത്തുവിട്ട 'വികസിത് ഭാരത്@2047നായി നൈപുണ്യ വികസനം പുനര്‍വിഭാവനം ചെയ്യല്‍' എന്ന റിപ്പോര്‍ട്ടിലും 15-നും 29-നും ഇടയില്‍ പ്രായമുള്ള 8.7 കോടിയോളം യുവാക്കള്‍ പഠനത്തിലോ ജോലിയിലോ പരിശീലനത്തിലോ ഏര്‍പ്പെടുന്നില്ലെന്നു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവരെ പൂര്‍ണ്ണമായും 'തൊഴിലില്ലാത്തവര്‍' എന്ന് തരംതിരിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. കൂടാതെ, 2026 മാര്‍ച്ചില്‍ അസിം പ്രേംജി സര്‍വകലാശാല പുറത്തുവിട്ട 'സ്റ്റേറ്റ് ഓഫ് വര്‍ക്കിംഗ് ഇന്ത്യ 2026' റിപ്പോര്‍ട്ട് പ്രകാരം 15-25 പ്രായപരിധിയിലുള്ള 40 ശതമാനത്തോളം യുവാക്കള്‍ തൊഴില്‍രഹിതരാണെന്നും ബിരുദം പൂര്‍ത്തിയാക്കുന്നവരില്‍ ഏഴ് ശതമാനം പേര്‍ക്ക് മാത്രമാണ് ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥിരവരുമാനമുള്ള ജോലി ലഭിക്കുന്നതെന്നും ചൂണ്ടിക്കാണിച്ചിരുന്നു.

A government Labour Force Survey has raised concerns over youth participation in employment and education across India. According to the survey released by the Ministry of Statistics, more than 25% of young people aged 15–29 are classified as NEET — not in employment, education or training — in around 250 districts. The situation is particularly notable in Bihar, Uttar Pradesh, Haryana, Punjab and West Bengal, where around two-thirds of districts reportedly have NEET rates above 25%. The survey covered around 600 districts across major states and Union Territories. However, NEET rates were below 10% in around 25 districts, including Ernakulam in Kerala, as well as districts in Chhattisgarh, Himachal Pradesh and Madhya Pradesh. Odisha’s Nabarangpur recorded the lowest NEET rate at 4.1%.