Movie Reviews

നിങ്ങളുടെ യഥാര്‍ത്ഥ 'സ്വത്വം' എന്താണ്? അജ്ഞാതത്വത്തിന്റെ ഫ്രെയിമുകളിലെ അമ്മയും മകനും; തിയേറ്റര്‍ വിട്ടിറങ്ങിയാലും വേട്ടയാടുന്ന 'ബാലന്‍ ദി ബോയ്'

സിനിമ മുന്നോട്ടുവെക്കുന്ന പ്രധാന ചോദ്യം നിങ്ങളുടെ 'സ്വത്വം' എന്താണ് എന്നതാണ്

Jamsheena Mullappatt

അതിജീവനവും നിഗൂഡതയും സ്‌നേഹവും കെട്ടുപിണഞ്ഞ ഒരമ്മയുടെയും മകന്റെയും സഞ്ചാരം, അതാണ് 'ബാലന്‍ ദി ബോയ്'. പേരും ഊരും മേല്‍വിലാസവും ഇല്ലാത്ത വളരെ ആഴത്തിലുള്ള ജീവിത പരിസരമുള്ള രണ്ട് ജീവനുകള്‍. സിനിമയിലെ അവരുടെ സഞ്ചാരം ആരംഭിക്കുന്നത് ജയിലില്‍ നിന്നാണ്. തങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വം ഒളിപ്പിച്ചു വെച്ചുകൊണ്ട് അവര്‍ ഒരു കഥയുണ്ടാക്കുന്നു. ആ കഥയില്‍ നിന്നാണ് സിനിമയുടെ തുടക്കം. സ്വന്തം ഭൂതകാലത്തിലെ രഹസ്യങ്ങള്‍ മറച്ചുവെച്ച്, മാറി മാറി സ്വീകരിച്ച വ്യക്തിത്വങ്ങളും, അതിന്റെ വൈകാരിക സംഘര്‍ഷങ്ങളും ചിലപ്പോഴൊക്കെ നിസ്സഹായതയും ആ അമ്മയും മകനും എങ്ങനെ മറികടക്കുന്നു എന്നതിലൂടെയാണ് ഇവരുടെ യാത്ര മുന്നോട്ട് പോകുന്നത്. മിസ്റ്ററി ചേര്‍ന്ന ഒരു 'ഇമോഷണല്‍ സര്‍വൈവല്‍ ഡ്രാമ'യാണിത്.

അജ്ഞാതത്വവും അരക്ഷിതാവസ്ഥയും തീര്‍ത്ത ജീവിതം

സിനിമ മുന്നോട്ടുവെക്കുന്ന പ്രധാന ചോദ്യം നിങ്ങളുടെ 'സ്വത്വം' എന്താണ് എന്നതാണ്. നീ ആരാണ്? നിന്റെ ജനനം പറയുന്നതാണോ സത്യം? അതുമല്ല, നീ ജീവിച്ച ജീവിതമാണോ സത്യം?. വ്യത്യസ്ത പ്രദേശങ്ങളിലും സാഹചര്യങ്ങളിലും പല പല പേരുകളും ജീവിത കഥകളും സ്വീകരിക്കുന്ന അമ്മയെയും മകനെയുമാണ് സിനിമ പിന്തുടരുന്നത്. ഇന്ദു, മേരി, ഷെര്‍ളി, അഭിജിത് കുമാര്‍, ബെന്നി, വാസുദേവ്, പവിത്രന്‍ എന്നിങ്ങനെ പല പേരുകളിലാണ് അവര്‍ ജീവിക്കുന്നത്. ഇതിന് പിന്നില്‍ നരകതുല്യമായ ഒരു ഭൂതകാല ജീവിതമുണ്ട് ഇവര്‍ക്ക്. പല പേരുകളും കഥകളും ഉണ്ടെങ്കിലും നിങ്ങള്‍ ജീവിച്ച ജീവിതം ഒരു യാഥാര്‍ത്ഥ്യമാണ്. എത്ര 'നല്ല' ജീവിതം ജീവിച്ചാലും അത് നിങ്ങളെ വേട്ടയാടികൊണ്ടിരിക്കും. ബാലന് ജയിലും അമ്മയ്ക്ക് ഒരു പ്രണയത്തിന്റെ ബാക്കിപത്രമായ നരകകാലവുമാണത്. അതിജീവനത്തിന്റെ മാര്‍ഗമാണ് ഇവര്‍ ബോധപൂര്‍വം സ്വീകരിക്കുന്ന ഈ അജ്ഞാതത്വം.

പുകമൂടിയ മങ്ങിയ ഫ്രയിമുകളിലൂടെയാണ് സിനിമയുടെ തുടക്കം. പല ദേശങ്ങളില്‍ അമ്മയും മകനും എത്തിപ്പെടുന്നുണ്ടെങ്കിലും അവിടെയൊന്നും വേരുപിടിപ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. കാരണം അവള്‍ക്ക് മറ്റാരുടെയും കരുണയോ സ്‌നേഹത്തോടുകൂടിയുള്ള സഹതാപമോ ബന്ധങ്ങളോ ആവശ്യമില്ല. ഒരുപക്ഷേ, അത് ആവശ്യമുണ്ടായിരുന്ന സമയത്ത് ആരും അവള്‍ക്ക് നല്‍കിയിട്ടുണ്ടാകില്ല. ഭൂതകാലം നല്‍കിയ അരക്ഷിതാവസ്ഥയില്‍ ജീവിക്കുന്ന അവള്‍ ബന്ധങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ നിന്നെല്ലാം ഓടിപ്പോകുന്നുണ്ട്. മറ്റാരെക്കാളും സ്വന്തം മകനെ മാത്രം മുറുകെപ്പിടിക്കാന്‍ ആ അമ്മയെ പ്രേരിപ്പിക്കുന്നത് ഒരുപക്ഷെ ഇതാവാം. ആരാലും തിരിച്ചറിയപ്പെടാതിരിക്കാനാണ് അവള്‍ മെനഞ്ഞെടുക്കുന്ന ജീവിത പരിസരങ്ങള്‍ മകനെ പറഞ്ഞു പഠിപ്പിക്കുന്നത്.

മകളായി നോക്കാമെന്ന് പറഞ്ഞ ചായക്കടക്കാരന്റെ അടുത്തുനിന്നും കല്യാണം കഴിക്കാമെന്ന് പറയുന്ന റബര്‍തോട്ടക്കാരനില്‍ നിന്നും അവളും മകനും അപ്രത്യക്ഷരാവുന്നുണ്ട്. അവരുടെ വഴി വേറാരും തിരഞ്ഞെടുക്കാന്‍ അവള്‍ ആഗ്രഹിക്കുന്നില്ല. അവള്‍ തന്നെയാണു അവരുടെ മുന്നോട്ടുള്ള യാത്രയുടെ ലീഡര്‍. ഓരോ സാഹചര്യങ്ങളും അവരുടെ യാത്രയ്ക്ക് പുതിയ തലങ്ങള്‍ നല്‍കുന്നതിനാല്‍ പ്രേക്ഷകരെ കഥയില്‍ നിലനിര്‍ത്താനും ഈ സന്ദര്‍ഭങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഇവര്‍ ആരാണ് എന്ന ചോദ്യം രണ്ടാം പകുതിയിയിലെ ഒരു കഥപറച്ചിലിലൂടെയാണ് പ്രേക്ഷകര്‍ക്ക് മനസിലാക്കാന്‍ സാധിക്കുക.

കൊലപാതകം = അതിജീവനം

ജയില്‍ നിന്നും പുറത്തിറങ്ങാന്‍ സഹായിക്കുന്ന ഷംന ഇത്ത തന്റെയും മകന്റെയും അതിജീവനത്തിന് തടസ്സമാകുന്നതോടെ അവരെ കൊല്ലുന്നുണ്ട്. ഈ ക്രൈം ഇവിടെ അനിവാര്യമാണെന്ന് പ്രേക്ഷകന് തോന്നിയായും തെറ്റില്ല . അല്ലെങ്കില്‍ ഒരു രാക്ഷസനൊപ്പമുണ്ടായിരുന്ന അവളുടെ ഭൂതകാല ജീവിതത്തിലേയ്ക്ക് അവള്‍ക്ക് തിരിച്ചുപോകേണ്ടി വരും. താന്‍ അടിമയായത് പോലെ മകനും അടിമ ആവേണ്ടിവരും. മകന്‍ രാക്ഷസനും അടിമയും ആവാതിരിക്കാന്‍ വേണ്ടിയാണ് അവളുടെ പോരാട്ടംതന്നെ. മറ്റൊന്ന് വളരെ സ്വാതന്ത്രമായ ജീവിതമാണ്. അങ്ങനെയൊരു ജീവിതം അവള്‍ ഒറ്റക്ക് താമസിക്കുന്ന അമ്മച്ചിയില്‍ കാണുന്നുണ്ട്.

മങ്ങിയ ഫ്രെയിമുകള്‍ക്ക് പ്രതീക്ഷയുടെ വെളിച്ചം നല്‍കുന്നത് അവള്‍ക്ക് അപ്രതീക്ഷിതമായി ലഭിക്കുന്ന ഒരു ഐഡി കാര്‍ഡില്‍ നിന്നാണ്. ഇതിനിടെ മകനും മേല്‍വിലാസമാകുന്നു. പുതിയ പ്രതീക്ഷയും കടംകൊണ്ട പേരും മേല്‍വിലാസവുമായി, തങ്ങളെ വൈകാരികമായി ശല്യം ചെയ്യാത്ത അമ്മച്ചിയുടെ അടുത്തേക്ക് ഇവര്‍ പോകുന്നു. പിന്നീട് പ്രേക്ഷകര്‍ക്ക് ഒന്നു റിലാക്‌സ് ചെയ്യാവുന്ന ചില മുഹൂര്‍ത്തങ്ങള്‍ രണ്ടാം പകുതിയില്‍ സംഭവിക്കുന്നുണ്ട്. ബാലന് ഇവിടുത്തെ പേര് വാസുദേവ് എന്നാണ്. അവന്‍ സ്‌കൂളില്‍ പോകുന്നു. മറ്റു കുട്ടികളുമായി വൈകാരിക അടുപ്പമുണ്ടാക്കുന്നു. കുറച്ചൂടെ സമാധാനത്തോടെ ഇരുവരും ജീവിക്കുന്നു. ഇതിനിടെ നടക്കുന്ന ചില സംഭവങ്ങള്‍ അത്രമേല്‍ ആഴത്തില്‍ ബന്ധിപ്പിക്കപ്പെട്ട അമ്മയെയും മകനെയും വേര്‍പ്പിരിക്കുന്നുണ്ട്.

സമാനതകളുള്ള കഥാപാത്രങ്ങള്‍

സിനിമയിലെ ഓരോ കഥാപാത്രങ്ങള്‍ക്കും കൃത്യമായ ജീവിതമുണ്ട്. ഇതിലേക്ക് അവിചാരിതമായി എത്തിപ്പെടുന്നതാണ് അബ്ബാസ്. അയാളുടെ 'ജീവിത'മുള്ളത് ഇരിങ്ങാലക്കുടയിലാണ്. എന്നാല്‍ ജീവിക്കുന്നത് കര്‍ണാടകയിലാണ്. അയാളുടെയും യഥാര്‍ത്ഥ സ്വത്വം വെളിപ്പെടുന്നില്ല. ഒരു എക്സ്റ്റന്‍ഡഡ് കാമിയോ റോളില്‍ എത്തുന്ന ടൊവിനോ തോമസിന്റെ അബ്ബാസ് എന്ന കഥാപാത്രത്തിന്റെ അടുത്തെത്തുന്ന 'ബാലന്‍' ഒരു കൗമാരക്കാരനായി തിരിച്ചെത്തി അമ്മയെ തേടി ഒരു യുദ്ധം നടത്തുന്നതോടെ കഥയ്ക്ക് കൂടുതല്‍ ആവേശം കൈവരുന്നു. ഇവിടെ താല്‍പര്യമുണര്‍ത്തുന്ന നിമിഷങ്ങളും വൈകാരികതയും തമ്മില്‍ കൃത്യമായി സന്തുലിതാവസ്ഥ പാലിക്കാന്‍ സംവിധായകനായിട്ടുണ്ട്. ഒട്ടും ധൃതികൂട്ടാതെ, പ്രേക്ഷകര്‍ക്ക് കഥാപാത്രങ്ങളുമായി കണക്റ്റ് ചെയ്യാന്‍ ആവശ്യമായ സമയം നല്‍കിക്കൊണ്ടാണ് കഥയിലെ സര്‍പ്രൈസുകള്‍ ഓരോന്നായി അനാവരണം ചെയ്യുന്നത്.

എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രം അമ്മച്ചിതന്നെയാണ്. ഒരുപക്ഷേ ഷേര്‍ളിയെപ്പോലെ തന്നെയാണ് അമ്മച്ചിയും. ഒറ്റയ്ക്ക്, സ്വന്തം ബുദ്ധി ഉപയോഗിച്ച് സ്വതന്ത്രത്തോടെ ജീവിക്കുന്ന ഉശിരുള്ള ഒരു സ്ത്രീ. അവര്‍ക്ക് ഷേര്‍ളിയെ കൃത്യമായി മനസ്സിലാകുന്നുണ്ട്. ഷേര്‍ളി പറഞ്ഞ തന്റെ ജീവിതകഥയില്‍ അവരുണ്ട് എന്നതിനുള്ള സാക്ഷി ആ അമ്മച്ചിയുടെ കണ്ണില്‍ പൊട്ടിവീഴാന്‍ തിങ്ങിനിറഞ്ഞു നിന്ന കണ്ണീരാണ്. ഒരുപക്ഷെ ഇതായിരിക്കാം അവര്‍ തമ്മിലുള്ള കണക്ഷനും. ഒരു സന്ദര്‍ഭത്തില്‍ സ്വയം പ്രതിരോധിക്കാന്‍ അമ്മച്ചി ഷേര്‍ളിയെ പഠിപ്പിക്കുന്നുമുണ്ട്.

കഥയിൽ ഇടക്ക് വരുന്ന ജീന്‍ പോള്‍ ലാല്‍ അവതരിപ്പിച്ച പവിത്രന്‍ എന്ന പൊലീസുകാരന് തന്റെ ഈഗോയാണ് വലുത്. അതുകാരണം അയാള്‍ക്ക് പ്രണയം നഷ്ടപ്പെടുന്നുണ്ട്. മകനെ അമ്മയില്‍ നിന്നും വേര്‍പ്പെടുത്തി ആനന്ദിക്കുന്ന ഇടുങ്ങിയ ചിന്താഗതിക്കാരനാണയാള്‍. ക്ലൈമാക്‌സില്‍, പവിത്രന്‍ ജയിച്ചു എന്ന് വിശ്വസിച്ച് സംതൃപ്തിയടങ്ങുമ്പോള്‍, വര്‍ഷങ്ങളായുള്ള അന്വേഷണങ്ങളുടെ ഉത്തരത്തിലേയ്ക്ക് ബാലന്‍ കുതിച്ചുപായുന്നുണ്ട്. പാച്ചിലിനൊടുവില്‍ പരസ്പരം നഷ്ടമായ ഇടത്ത്‌നിന്ന് ആ അമ്മയും മകനും തങ്ങളെ വീണ്ടെടുക്കുന്നു. അവിടെവെച്ച് അവന്‍ പുതിയ പേര് സ്വീകരിക്കുന്നു, പുതിയ കഥയും.

സാങ്കേതിക മികവ്

കെട്ടുറപ്പുള്ള തിരക്കഥയും സംവിധാനവുമാണ് സിനിമയുടെ നട്ടെല്ല്. അമ്മയായി അഭിനയിച്ച ഫര്‍സാനയും മകനായി ജീവിച്ച ആദിശേഷും, കൗമാരക്കാരനായ  മുഹമ്മദ് സിനാനും സിനിമയ്ക്ക് ജീവന്‍ പകര്‍ന്നു. കഥയുടെ സ്വാഭാവികത നിലനിര്‍ത്തുന്നതില്‍ ജീന്‍ പോള്‍, അമ്മച്ചി അടക്കമുള്ള സഹതാരങ്ങളുടെ പ്രകടനങ്ങളും തുല്യ പങ്കുവഹിച്ചിട്ടുണ്ട്. കഥാപാത്രങ്ങള്‍ക്ക് താരഭാരം ഇല്ലാത്തത് കൊണ്ടുതന്നെ മുന്‍വിധിയില്ലാതെ സമീപിക്കാവുന്ന സിനിമയാണ് 'ബാലന്‍ ദി ബോയ്'.

ഒരു കാഴ്ചക്കാരി എന്ന നിലയില്‍ എന്നെ വേട്ടയാടുന്നത് ആ കുഞ്ഞാണ്. അവന്റെ ആഴത്തിലുള്ള കണ്ണുകളാണ്. അഞ്ചോ, ആറോ വയസ്സ് പ്രായമുള്ള അവന്‍ എങ്ങനെയായിരിക്കാം തന്റെ ജീവിതാനുഭങ്ങളോട് വൈകാരികമായി പോരാടുന്നുണ്ടാവുക. 'ഞാന്‍ ആരാണ്?, ആരോക്കെയാണ് എന്റെ ആളുകള്‍?, എന്തുകൊണ്ടാണ് എന്റെ ജീവിതം ഇങ്ങനെ ആയത്?' എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ അവനെ വേട്ടയാടിയിട്ടുണ്ടാകുമോ?.

വൈകാരികത നിറഞ്ഞ കഥ തികഞ്ഞ പക്വതയോടെയും നിയന്ത്രണത്തോടെയും കൈകാര്യം ചെയ്യാനുള്ള തന്റെ കഴിവ് സംവിധായകന്‍ ചിദംബരം വീണ്ടും തെളിയിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഈ സിനിമയെങ്കിലും സൂക്ഷ്മമായ കാര്യങ്ങളിലുള്ള ശ്രദ്ധയും കഥയോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനവും ഇതിലും പ്രകടമാണ്. ജിത്തു മാധവന്റെ എഴുത്തുകള്‍ ഭാവിയില്‍ മലയാള സിനിമ കൂടുതല്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നു ചിത്രം അടിവരയിടുന്നു.

ഒരു കാഴ്ചക്കാരി എന്ന നിലയില്‍ എന്നെ വേട്ടയാടുന്നത് ആ കുഞ്ഞാണ്. അവന്റെ ആഴത്തിലുള്ള കണ്ണുകളാണ്. അഞ്ചോ, ആറോ വയസ്സ് പ്രായമുള്ള അവന്‍ എങ്ങനെയായിരിക്കാം തന്റെ ജീവിതാനുഭങ്ങളോട് വൈകാരികമായി പോരാടുന്നുണ്ടാവുക. 'ഞാന്‍ ആരാണ്?, ആരോക്കെയാണ് എന്റെ ആളുകള്‍?, എന്തുകൊണ്ടാണ് എന്റെ ജീവിതം ഇങ്ങനെ ആയത്?' എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ അവനെ വേട്ടയാടിയിട്ടുണ്ടാകുമോ?. അവന്റെ ആകെയുള്ള സ്ഥിരമായ ബന്ധം അല്ലെങ്കില്‍ സുരക്ഷിതമായ ഇടം അമ്മ മാത്രമാണ്. 'ലിറ്റില്‍ ഫളവര്‍' സ്‌കൂള്‍ അവനൊരു പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ആ സ്ഥലവും നഷ്ടപ്പെടുന്നുണ്ട്. സിനിമയില്‍ ബാലന്റെ വികാരങ്ങള്‍ പലപ്പോഴും വാക്കുകളിലൂടെ അല്ല, നിശ്ശബ്ദതയിലൂടെയാണ് പ്രകടമാകുന്നത്.

ഷൈജു ഖാലിദിന്റെ ചായാഗ്രഹണം ചിത്രത്തിന്റെ മൂഡിനെ മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്. ഇരുണ്ട വെളിച്ചത്തിലേക്ക് കേന്ദ്രീകരിക്കുന്ന ഫ്രെയിമുകള്‍ കഥയുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. വൈകാരികമായ നിമിഷങ്ങളെയും ഉദ്വേഗഭരിതമായ രംഗങ്ങളെയും ഒരുപോലെ ദൃശ്യഭംഗികൊണ്ട് സമ്പന്നമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതം ചിത്രത്തില്‍ കഥപറച്ചിലില്‍ വളരെ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. പ്രേക്ഷകരെ വേട്ടയാടുന്ന തരത്തിലുള്ള സംഗീതത്തിലൂടെ പല പ്രധാന രംഗങ്ങളെയും അദ്ദേഹം മറ്റൊരു തലത്തിലേക്ക് എത്തിച്ചു. സ്‌നേഹം, അതിജീവനം, സത്യം എന്നീ പ്രമേയങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് തൃപ്തികരമായ ഒരു ക്ലൈമാക്‌സാണ് ചിത്രം സമ്മാനിക്കുന്നത്. ലളിതമായ ഒരു കഥാപരിസരമാണെന്ന് തോന്നാമെങ്കിലും, സങ്കീര്‍ണ്ണമായ മനുഷ്യരും അതിലും സങ്കീര്‍ണ്ണമായ അവരുടെ ജീവിതങ്ങളും നിറഞ്ഞ ഒന്നാണ് 'ബാലന്‍ ദി ബോയ്'. തിയേറ്റര്‍ വിട്ടിറങ്ങിയാലും പ്രേക്ഷകന്റെ ചിന്തകളെയും ഹൃദയത്തെയും ഒരുപോലെ സ്വാധീനിക്കാനും വേദനിപ്പിക്കാനും ഈ ചിത്രത്തിന് സാധിക്കും എന്നത് തീര്‍ച്ചയാണ്.

Balan the Boy is an emotional survival drama that follows a mother and son living under false identities while hiding a traumatic past. Constantly moving from place to place, they create new names and stories to protect themselves from those who threaten their freedom. The film explores themes of identity, survival, love, and belonging, asking whether a person is defined by birth or by the life they live. As the mystery of their past gradually unfolds, the story balances suspense and emotion with remarkable maturity. Strong performances, stunning cinematography, and an affecting score make it a deeply moving and memorable film.