Movie Reviews

'EYES', സ്‌റ്റോക്കിങ്ങിൻ്റെ ഭീതിതമായ ആവിഷ്കാരം

പ്രണയത്തിന്റെ പേരിലുള്ള സ്റ്റോക്കിങ്ങും സ്ത്രീയുടെ അവകാശങ്ങൾക്ക് മുകളിൽ പുരുഷന്റെ അധികാരസ്ഥാപനവും ഇന്ത്യൻ സിനിമകളിൽ കാലാകാലങ്ങളായി പ്രകീർത്തിക്കപ്പെടുന്ന വിഷയമാണ്

ഡോ. ആർദ്ര
"Love does not make it's okay to invade in someone's privacy "

പ്രണയപ്പകയുടെ മനശാസ്ത്രത്തെ മുൻനിർത്തി അതിന്റെ പ്രത്യാഘാതങ്ങളെയും, നിയമസാധുതയെയും ആധാരമാക്കി നിർമിച്ച,Eyes എന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വെബ് സീരീസ് വിഷയ ഗൗരവം കൊണ്ടും സമകാലിക പ്രസക്തി കൊണ്ടും,വേറിട്ട അവതരണ ശൈലിയാലും അഭിനയ മികവിനാലും ഏറെ ജനശ്രദ്ധയും പ്രേക്ഷകപ്രീതിയും നേടിയെടുക്കുകയാണ്.

പിന്തുടർന്ന് ശല്യം ചെയ്യൽ, വിഷലിപ്തമായ പ്രണയം (toxic love), പ്രണയനിരാസം അംഗീകരിക്കാൻ വിസമ്മതിക്കുന്നതിന്റെ അപകടകരമായ പ്രത്യാഘാതങ്ങൾ എന്നിവ പരിശോധിക്കുന്ന ഒരു സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ വെബ് സീരീസ് ആണ് ബോബി സഞ്ജയുടെ തിരക്കഥയിൽ മനു അശോകൻ സംവിധാനം ചെയ്ത, EYES. കനി കുസൃതി, നിഖില വിമൽ, ശ്രുതി രാമചന്ദ്രൻ, ദേവ് മോഹൻ, പാർവതി കൃഷ്ണ മുതലായ അഭിനേതാക്കൾ ഈ സീരീസിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു വ്യക്തിയുടെ സമ്മതമില്ലാതെ നിരന്തരം പിന്തുടരുകയോ നിരീക്ഷിക്കുകയോ ചെയ്യുന്ന പ്രവൃത്തിയെയാണ് സ്റ്റോക്കിങ് എന്ന് പറയുന്നത്. പ്രണയത്തിന്റെ പേരിലുള്ള സ്റ്റോക്കിങ്ങും സ്ത്രീയുടെ അവകാശങ്ങൾക്ക് മുകളിൽ പുരുഷന്റെ അധികാരസ്ഥാപനവും ഇന്ത്യൻ സിനിമകളിൽ കാലാകാലങ്ങളായി പ്രകീർത്തിക്കപ്പെടുന്ന വിഷയമാണ്. കുറച്ചു വർഷങ്ങൾക്ക് മുൻപ് വരെ കാല്പനികമായി ദൃശ്യവത്കരിച്ചിരുന്ന ഈയൊരു വിഷയത്തെ അതിന്റെ എല്ലാ ഭീതിദമായ മുഖങ്ങളോടെയും അവതരിപ്പിക്കുകയാണ് eyes.

പ്രണയത്തിന്റെ പേരിൽ ഒരു പുരുഷന് ഒരു സ്ത്രീയോട് അന്ധമായ ആസക്തി (obsesssion) തോന്നുകയും, അത് ഒടുവിൽ പിന്തുടർന്ന് ശല്യം ചെയ്യലായി (stalking) മാറുകയും ചെയ്താൽ എന്ത് സംഭവിക്കും?

ഈ പിന്തുടരൽ മരണത്തിലേക്ക് നയിക്കുന്ന ഒന്നായി മാറിയാലോ? അഞ്ജന നായരുടെ കഥയെ ആധാരമാക്കി, ബോബി-സഞ്ജയ് എഴുതി, മനു അശോകൻ സംവിധാനം ചെയ്ത 'ഐസ്' (Eyes) എന്ന മലയാളം വെബ് സീരീസ്, ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താനാണ് ശ്രമിക്കുന്നത്.

സ്റ്റോക്കിങ്ങും പ്രണയപ്പകയിൽ നിന്നുള്ള കൊലപാതകങ്ങളും തടയാൻ കേരളാ പോലീസും മനോരോഗ വിദഗ്ധരും ഒരു സോഫ്റ്റ്‌വെയർ കമ്പനിയും ചേർന്ന് eyes എന്ന ഒരു ടീമും അതേ നാമത്തിലുള്ള സോഫ്റ്റ്‌വെയർ ആപ്പും രൂപീകരിക്കുന്നു. അതിന്റെ ലക്ഷ്യത്തിലേക്കെത്തുന്നതിനിടെ അവർക്ക് നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളുമാണ് ഏഴു എപ്പിസോഡുകളായി ചിത്രീകരിച്ചിട്ടുള്ള കഥയുടെ കേന്ദ്രബിന്ദു.

കണ്ടു പരിചയിച്ച പുരുഷ കേന്ദ്രീകൃതമായ കുറ്റാന്വേഷണ സംഘങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകഥാപാത്രങ്ങളാണ് ഇവിടെ അന്വേഷണത്തെ നയിക്കുന്നത്. പ്രണയപ്പകയിൽ നിന്നുള്ള സ്റ്റോക്കിങ്ങും അതിക്രമങ്ങളും കൊലപാതകങ്ങളും കേരളത്തിൽ ഇപ്പോൾ വലിയ തോതിൽ വർധിച്ചിരിക്കുകയാണല്ലോ. കഴിഞ്ഞ 7 വർഷത്തിനിടെ, 20 ജീവനുകളാണ് പ്രണയപ്പകയിൽ ഒടുങ്ങിത്തീർന്നത്.

ഈയൊരു അവസ്ഥയിൽ, വളരെ വൈകുന്നതിന് മുൻപ് ഇത്തരം അക്രമാസക്തമായ പെരുമാറ്റങ്ങൾ മുൻകൂട്ടി അറിയാൻ സാങ്കേതികവിദ്യയ്ക്കും മനശാസ്ത്രപരമായ ഇടപെടലുകൾക്കും കഴിയുമോ എന്ന ചോദ്യങ്ങൾ ഉയർത്തുന്നതുകൊണ്ട് ഈ സീരീസ് വളരെ സമകാലിക പ്രസക്തമാണ്.

പ്രണയത്തിന്റെ തീവ്രതയ്ക്കും സ്റ്റോക്കിങ്ങിനും അപ്പുറത്തേക്ക്,ഇത്തരം പെരുമാറ്റങ്ങൾ വഷളാകാൻ കാരണമാകുന്ന മനശാസ്ത്രപരവും സാമൂഹികവുമായ ഘടകങ്ങളെ അവതരിപ്പിക്കാനാണ് ഇവിടെ സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങൾക്ക് മേലുള്ള പുരുഷന്റെ അധികാരസ്ഥാപനം ഇപ്പോഴും നമ്മുടെ സമൂഹത്തിൽ പിന്തുടരുന്നതും മനുഷ്യത്വവിരുദ്ധവുമായ പ്രവണതയാണ്. അത് പോലെ, പങ്കാളിയുടെ അറിവോ സമ്മതമോ ഇല്ലാതെ അവരെ പിന്തുടരുന്നത് ഇപ്പോഴും പ്രണയത്തിന്റെ ആവിഷ്കാരങ്ങളായി തെറ്റായി ചിത്രീകരിക്കപ്പെടുന്നുമുണ്ട്.

ഒരു പുരുഷൻ തനിക്ക് കിട്ടുന്ന പ്രണയനിരാസമോ, "വേണ്ട " മറുപടിയോ അംഗീകരിക്കാൻ വിസമ്മതിക്കുന്നത് അവന്റെ തീവ്രമായ സ്നേഹം ആണെന്ന ധാരണ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. മേൽപ്പറഞ്ഞ വസ്തുതകളെ മുൻനിർത്തി, അമിതമായ അഭിനിവേശം (obsession) ഒരിക്കലും പ്രണയമോ സ്നേഹമോ അല്ലെന്നും, തിരസ്കാരം ഒരിക്കലും പ്രതികാരം ചെയ്യാനുള്ള കാരണവുമല്ലെന്നും 'ഐസ്' (Eyes) വ്യക്തമായി പറഞ്ഞുതരുന്നു.

നേർരേഖയിൽ ഉള്ള ഒരു ആഖ്യാനശൈലിയല്ല ഇവിടെ അവലംബിച്ചിരിക്കുന്നത്. Eyes ടീം ഏറ്റെടുക്കുന്ന നാലു കേസുകളിലൂടെയാണ്, നോൺലീനിയർ ആയി കഥ മുന്നോട്ട് കൊണ്ട് പോകുന്നത്. ഈ നാലു കഥകളും ചിലപ്പോഴൊക്കെ അന്വേഷണങ്ങൾക്കിടയിൽ കൂട്ടിമുട്ടുകയും ചെയ്യുന്നു. കൂടാതെ, അന്വേഷണാംഗങ്ങളുടെ വ്യക്തിജീവിതത്തിലെ ചില ഏടുകളും പലപ്പോഴും സന്ദർഭോചിതമായി കഥയിൽ കടന്നു വരുന്നു. ഈയൊരു ആഖ്യാനശൈലി, സീരീസിന്റെ ആദ്യാവസാനം പ്രേക്ഷകരെ കഥയിൽ തളച്ചിടുന്നു.

ഈ പരമ്പര നാല് കഥകളാണ് പരിശോധിക്കുന്നത്: നടി ഋതികയോട് (അനഘ) അമിതമായ ആസക്തി തോന്നുന്ന മിലൻ (വാസു ബോസ്) എന്ന ഫോട്ടോഗ്രാഫർ; കാമുകനായ ഹേമന്തുമായി (ആദി ) ഒരു ടോക്സിക് ബന്ധത്തിൽ അകപ്പെട്ടുപോയ സൂപ്പർമാർക്കറ്റ് ജീവനക്കാരിയായ വർഷ (ആതിര പട്ടേൽ); സജിൻ (ദേവ് മോഹൻ) എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും ഒരു രാഷ്ട്രീയക്കാരന്റെ മകളും അദ്ദേഹത്തിന്റെ ഭാര്യയുമായ ശോഭിതയും (സാനിയ ഇയ്യപ്പൻ); ഒളിച്ചോടിയ ശേഷം പ്രതിസന്ധി നിറഞ്ഞ ഒരു ബന്ധത്തിൽ അകപ്പെടുന്ന മറ്റൊരു ദമ്പതികൾ (പാർവതി കെ. കൃഷ്ണ, ആനന്ദ് മന്മഥൻ).

ഓരോ കഥയും പങ്കാളിയോടുള്ള അന്ധമായ ആസക്തി, അതേ തുടർന്നുള്ള നിയന്ത്രണം, ടോക്സിക് ബന്ധങ്ങൾ എന്നിവയുടെ വിവിധ വശങ്ങളാണ് പര്യവേക്ഷണം ചെയ്യുന്നത്. ആദ്യത്തെ കഥ ഒരു പുരുഷൻ വെറും ആകർഷണത്തെ പ്രണയമായി തെറ്റിദ്ധരിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന ഡില്യൂഷണൽ ഡിസോർഡർ നെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ, മറ്റ് കഥകൾ ദ്രോഹപരമായ ബന്ധങ്ങളുടെ സങ്കീർണ്ണതകളിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നു. നാല് കഥകളും വളരെ നന്നായി അവതരിപ്പിച്ചെങ്കിലും തിരക്കഥയുടെ ബലം കൊണ്ട് അമ്പരപ്പിച്ചത് ദേവ് മോഹൻ അവതരിപ്പിച്ച നാർസിസ്റ്റിക് സ്വഭാവ വൈകല്യമുള്ള ഐഎഎസ് ഓഫീസറുടെ കഥയാണ്. ഒരേ കഥയുടെ യാഥാർഥ്യവും മാനിപുലേറ്റഡ് വേർഷനും ഭംഗിയായി അവതരിപ്പിക്കുവാനും സത്യമേതെന്ന് നേരിട്ട് പറയാതെ,വെളിപ്പെടുത്തുവാനും ശക്തമായ തിരക്കഥയിലൂടെ ബോബി സഞ്ജയ്‌ക്ക് കഴിഞ്ഞിരിക്കുന്നു.

അഭിനയമികവാണ് ഈ സീരീസിന്റെ മറ്റൊരു പ്രധാന ആകർഷണം. പൊലീസ് ഓഫീസർ ആയി കനി കുസൃതിയും മനോരോഗ വിദഗ്ധ ആയി നിഖില വിമലും മികച്ച പ്രകടനം കാഴ്ച വെക്കുന്നു.ശ്രുതി രാമചന്ദ്രൻ പാർവതി കൃഷ്ണ, ജാഫർ ഇടുക്കി, സാനിയ ഇയ്യപ്പൻ തുടങ്ങി വലുതും ചെറുതുമായ റോൾ ചെയ്ത മിക്കവരും തങ്ങളുടെ ഭാഗം മികവുറ്റതാക്കി. എങ്കിലും ഏറ്റവും മികച്ചു നിന്നത് വളരെ വശ്യമായ വ്യക്തിത്വത്തിനുള്ളിൽ പ്രകടമാകാതെ നിന്ന മനോരോഗിയെ അവതരിപ്പിച്ച ദേവ് മോഹൻ തന്നെയാണ്.

എപ്പിസോഡുകളുടെ ദൈർഘ്യമാണ് ഈ സീരീസിന്റെ ഒരു പോരായ്മ യായി തോന്നിയത്. ഒരു മണിക്കൂറോളം നീളമുള്ള ഏഴു എപ്പിസോഡുകളാണ് സീരീസിലേത്. ചെറിയ ചില പോരായ്മകൾ മാറ്റി നിർത്തിയാൽ മലയാളത്തിൽ ഇന്നേ വരെ ഇറങ്ങിയ ഏറ്റവും നല്ല റിയലിസ്റ്റിക് സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ സീരീസ് ആയി eyes നെ അടയാളപ്പെടുത്താം.

മുൻപേ, ഉയരെ എന്ന സിനിമയിലൂടെ മനു അശോകൻ വളരെ മികച്ച സ്ത്രീപക്ഷവാദം അവതരിപ്പിക്കുകയും പുരുഷാധിപത്യത്തി ലൂന്നിയ വിഷലിപ്തമായ പ്രണയ സങ്കീർണതകളെ പൊളിച്ചെഴുതുകയും ചെയ്തിരുന്നു.

പ്രണയമോ പ്രണയത്തിൽ നിന്നുള്ള പിന്മാറ്റമോ മറ്റൊരു ജീവിയുടെയും സ്വകാര്യതയിലേക്കും അവകാശങ്ങളിലേക്കുമുള്ള കടന്നു കയറ്റമല്ല എന്ന് മനു അശോകൻ വീണ്ടും ലോകത്തോട് പറയുന്നു.സ്ത്രീപക്ഷത്തിനൊപ്പം നിൽക്കുമ്പോഴും, ഒരു മനോരോഗിയുടെ അവസ്ഥകളെക്കുറിച്ചും മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ ഒറ്റപ്പെടുത്താതെ റിഹാബിലേറ്റേഷൻ നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും eyes പറയുന്നുണ്ട്.

"സ്നേഹം അവകാശലംഘനത്തിനുള്ള കാരണമല്ല " എന്ന് നാലു കഥകളിലൂടെ eyes ലോകത്തോട് വിളിച്ചു പറയുന്നു.

Director Manu Ashokan’s Eyes explores the idea that love or the decision to walk away from a relationship does not justify violating another person’s privacy or rights. While taking a feminist perspective, the film also examines the experiences of a person with mental health challenges and highlights the need for rehabilitation and social support rather than isolation. Through four stories, Eyes delivers a message that love is never an excuse for violating another person’s rights.