Entertainment News

ആമിര്‍ ഖാന്റെ മൂന്നാം വിവാഹത്തിനെതിരെ ഫത്വ, ബന്ധം ശരീഅത്ത് വിരുദ്ധമെന്ന് യു പി ചീഫ് മുഫ്തി; ഗൗരിയോ റീനയോ കിരണോ മതം മാറിയിട്ടില്ലെന്ന് താരം

'ഗൗരി ഒരു ഹിന്ദു പോലുമല്ല, അവള്‍ ക്രിസ്ത്യാനിയാണ്. അതും കൃത്യമായി മതാചാരങ്ങള്‍ പിന്തുടരുന്ന ഒരു ക്രിസ്ത്യാനിയുമല്ല. കാലം കടന്നുപോകുന്തോറും ജീവിതം കൂടുതല്‍ തമാശയായി മാറുകയാണ്'

Entertainment Desk

വിവാദങ്ങള്‍ ഒഴിയാതെ ആമിര്‍ഖാന്‍-ഗൗരി സ്പ്രാറ്റ് വിവാഹം. ലവ് ജിഹാദ് ആരോപണങ്ങള്‍ക്ക് പിന്നാലെ ആമിറിനെതിരെ ഫത്‌വ പുറപ്പെടുവിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് ഷാഹി ചീഫ് മുഫ്തി മൗലാന ചൗധരി ഇഫ്രാഹിം ഹുസൈന്‍. ശരീഅത്ത് നിയമപ്രകാരം ഒരു മുസ്ലിം പുരുഷന് ഇസ്ലാമേതര മതത്തില്‍പ്പെട്ട ഒരു സ്ത്രീയെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്നും ഗൗരി മുസ്ലിം അല്ലാത്തതിനാല്‍ ഈ വിവാഹം ശരീഅത്ത് പ്രകാരം അനുവദനീയമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ മുസ്ലിം പുരുഷന്മാര്‍ മുസ്ലിങ്ങളല്ലാത്ത സ്ത്രീകളെ വിവാഹം കഴിക്കുന്നത് ഇസ്ലാം വിലക്കുന്നുണ്ടെന്ന് മൗലവി പറയുന്നുണ്ട്. ഇത്തരം വിവാഹങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പാപമാണ് ചെയ്യുന്നതെന്നും ഇതിനെ തെറ്റായി കാണാത്തവര്‍ അല്ലാഹുവിന് മുന്നില്‍ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാഹത്തെ ശക്തമായി എതിര്‍ത്ത മൗലവി, ഇത്തരം വിവാഹങ്ങള്‍ ശരീഅത്തിന്റെയും ഇസ്ലാമിന്റെയും പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നും ആരോപിച്ചു. തന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന 'ലൗ ജിഹാദ്' ആരോപണങ്ങള്‍ക്ക് ആമിര്‍ മറുപടി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ വിവാദം. തന്റെ കുടുംബം എപ്പോഴും ഇതരമത ബന്ധങ്ങളെ ഉള്‍ക്കൊള്ളുന്നവരാണെന്നും ഗൗരി സ്പ്രാറ്റോ, റീന ദത്തയോ, കിരണ്‍ റാവുവോ മതം മാറിയിട്ടില്ലെന്നും ആമിര്‍ വ്യക്തമാക്കിയിരുന്നു. തന്റെ മൂന്ന് വിവാഹങ്ങളും സിവില്‍ നിയമപ്രകാരമുള്ള വിവാഹങ്ങളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം ജൂലൈ അഞ്ചിന് മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു ആമിറും അദ്ദേഹത്തിന്റെ ദീര്‍ഘകാല സുഹൃത്തായ ഗൗരി സ്പ്രാറ്റും തമ്മിലുള്ള വിവാഹം. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി, വെല്‍നസ് സംരംഭകയാണ് ഗൗരി സ്പ്രാറ്റ്. റീന ദത്തയായിരുന്നു ആമിറിന്റെ ആദ്യ ഭാര്യ. 16 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2002-ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ജുനൈദ് ഖാന്‍, ഇറ ഖാന്‍ എന്നീ രണ്ട് മക്കളുണ്ട്. പിന്നീട് 2005-ല്‍ ചലച്ചിത്ര പ്രവര്‍ത്തകയായ കിരണ്‍ റാവുവിനെ വിവാഹം കഴിച്ചു. 2011-ല്‍ വാടകഗര്‍ഭധാരണത്തിലൂടെ ഇവര്‍ക്ക് ആസാദ് റാവു ഖാന്‍ എന്ന മകന്‍ ജനിച്ചു. തുടര്‍ന്ന് 2021-ലാണ് ഇവര്‍ വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്.

'സത്യം എന്തെന്നാല്‍ ഞങ്ങളുടേത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു കുടുംബമാണ്. എന്റെ രണ്ട് സഹോദരിമാരും വിവാഹം കഴിച്ചിരിക്കുന്നത് ഹിന്ദുക്കളെയാണ്. എന്റെ മകള്‍ വിവാഹം കഴിച്ചിരിക്കുന്നതും ഒരു ഹിന്ദുവിനെയാണ്. എന്റെ കസിന്‍ മന്‍സൂര്‍ വിവാഹം കഴിച്ചിരിക്കുന്നത് ഒരു ക്രിസ്ത്യാനിയെയാണ്. ഗൗരിയോ, കിരണോ, റീനയോ മതം മാറിയിട്ടില്ല. ഞങ്ങളുടേത് സിവില്‍ വിവാഹങ്ങളായിരുന്നു. ഗൗരി ഒരു ഹിന്ദു പോലുമല്ല, അവള്‍ ക്രിസ്ത്യാനിയാണ്. അതും കൃത്യമായി മതാചാരങ്ങള്‍ പിന്തുടരുന്ന ഒരു ക്രിസ്ത്യാനിയുമല്ല. കാലം കടന്നുപോകുന്തോറും ജീവിതം കൂടുതല്‍ തമാശയായി മാറുകയാണ്', ലൗ ജിഹാദ് ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് ആമിര്‍ പറഞ്ഞു.

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും സിനിമാ മേഖലയിലെ ഏതാനും പ്രമുഖരും ഉള്‍പ്പെടെ 150-ഓളം അതിഥികള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു ആമിറിന്റെ വിവാഹം. മക്കളായ ജുനൈദ് ഖാന്‍, ഇറ ഖാന്‍, ഇറയുടെ ഭര്‍ത്താവ് നൂപുര്‍ ശിഖാരെ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആമിറും ഗൗരിയും കഴിഞ്ഞ 25 വര്‍ഷമായി പരസ്പരം അറിയുന്നവരാണെങ്കിലും രണ്ടു വര്‍ഷം മുന്‍പ് ബെംഗളൂരുവില്‍ വെച്ച് ആമിറിന്റെ കസിന്‍ നുഷ്രത് ഖാന്‍ വഴിയാണ് ഇവര്‍ വീണ്ടും അടുത്തത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്റെ 60-ാം ജന്മദിനാഘോഷ വേളയിലാണ് ആമിര്‍ ഗൗരിയെ മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്. ഇവരുടെ സൗഹൃദം പിന്നീട് പ്രണയമായി മാറുകയും രണ്ട് വര്‍ഷത്തെ ഡേറ്റിംഗിന് ശേഷം ജൂലൈ അഞ്ചിന് വിവാഹിതരാവുകയുമായിരുന്നു.

Actor Aamir Khan's recent marriage to longtime partner Gauri Spratt has sparked fresh controversy after Uttar Pradesh Shahi Chief Mufti Maulana Chaudhary Ibrahim Hussain reportedly issued a fatwa, claiming the marriage violates Islamic Sharia because Gauri is not Muslim. The remarks came shortly after Aamir rejected "love jihad" allegations, clarifying that none of his wives—Reena Dutta, Kiran Rao, or Gauri Spratt—had converted to Islam and that all his marriages were conducted under India's civil law. Aamir also highlighted his family's long history of interfaith marriages, emphasizing inclusivity and mutual respect. The actor married Bengaluru-based entrepreneur Gauri Spratt in a private ceremony attended by close family and friends.