ബോളിവുഡിലെ തന്റെ 26 വർഷത്തെ സിനിമാ ജീവിതത്തെക്കുറിച്ചും തുടക്കകാലത്ത് താൻ അനുഭവിച്ചിരുന്ന അരക്ഷിതാവസ്ഥകളെക്കുറിച്ചും മനസ്സുതുറന്ന് നടൻ അഭിഷേക് ബച്ചൻ. തനിക്ക് സിനിമയിൽ അവസരങ്ങൾ ലഭിക്കുമോയെന്ന് ആശങ്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. 2000-ൽ കരീന കപൂറിനൊപ്പം 'റെഫ്യൂജി' എന്ന ചിത്രത്തിലൂടെയാണ് അഭിഷേക് ബച്ചൻ അഭിനയരംഗത്തേക്കു കടന്നുവരുന്നത്. തുടക്കകാലത്ത് ക്യാമറയ്ക്കു മുന്നിൽ നിൽക്കാൻ തനിക്ക് ചെറിയ ബുദ്ധിമുട്ടുകൾ തോന്നിയിരുന്നുവെങ്കിലും ഇപ്പോൾ താൻ കൂടുതൽ കംഫർട്ടബിളാണെന്ന് അദ്ദേഹം പറയുന്നു.
"കരിയറിന്റെ തുടക്കത്തിൽ വലിയ ആവേശമായിരുന്നു. എന്നാൽ അതിനൊപ്പം തന്നെ എനിക്ക് അവസരങ്ങൾ ലഭിക്കുമോ ഇല്ലയോ എന്ന അരക്ഷിതാവസ്ഥയും ഉണ്ടായിരുന്നു. അതിനാൽ അന്ന് തേടിയെത്തുന്ന ഏത് വേഷവും ഞാൻ ചെയ്യുമായിരുന്നു," അഭിഷേക് പറഞ്ഞു.
ആദ്യകാലങ്ങളിൽ ക്യാമറയ്ക്കു മുന്നിൽ ഒരു ചെറിയ അസ്വസ്ഥത ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഞാൻ കൂടുതൽ കംഫർട്ടബിളാണ്. നമ്മൾ നമ്മളായിരിക്കുമ്പോൾ, നമ്മുടെ തീരുമാനങ്ങളിൽ കൂടുതൽ വ്യക്തത വരും. കഴിഞ്ഞ അഞ്ചാറ് വർഷമായി എനിക്ക് എന്താണ് ചെയ്യേണ്ടത്, എന്താണ് ചെയ്യേണ്ടാത്തതെന്ന കാര്യത്തിൽ വ്യക്തമായ ധാരണയുണ്ട്. കരിയറിന്റെ തുടക്കത്തിൽ 'ഇനി അവസരങ്ങൾ ലഭിക്കുമോ ഇല്ലയോ' എന്നൊരു ഭയവും ഒപ്പം വലിയ ആവേശവും ഉണ്ടാകും. അതുകൊണ്ട് മുന്നിൽ വരുന്നതെല്ലാം നമ്മൾ സ്വീകരിക്കും
എന്നാൽ കഴിഞ്ഞ അഞ്ചോ ഏഴോ വർഷങ്ങളായി തനിക്കു ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ സിനിമകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് അഭിനേതാക്കളുടെ വിജയത്തിൽ താൻ ഒരിക്കലും അസൂയപ്പെട്ടിരുന്നില്ല. അവർ എന്ത് ചെയ്യുന്നുവെന്നതിനെക്കുറിച്ച് തനിക്ക് ആശങ്ക ഇല്ലായിരുന്നു. എന്നാൽ ഒരു കഥാപാത്രം ലഭിക്കുമ്പോൾ 'എനിക്കിത് ചെയ്യാൻ കഴിയുമോ' എന്ന് സ്വന്തം കഴിവുകളെക്കുറിച്ച് ആശങ്ക തോന്നിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുരു, ബ്ലഫ്‌മാസ്റ്റർ, ബണ്ടി ഔർ ബബ്ലി, ധൂം സീരീസ്, യുവ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള അഭിഷേകിന്റെ സമീപകാല ചിത്രങ്ങളായ 'ദി ബിഗ് ബുൾ', 'ദസ്വി', 'ഘൂമർ', 'ഐ വാണ്ട് ടു ടോക്ക്', 'ബീ ഹാപ്പി' എന്നിവയ്ക്കു ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ല.
ഷാരൂഖ് ഖാൻ നായകനാകുന്ന 'കിങ്' എന്ന ചിത്രത്തിലാണ് അഭിഷേക് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സുഹാന ഖാൻ, ദീപിക പദുകോൺ, അനിൽ കപൂർ, ജാക്കി ഷ്രോഫ്, അർഷാദ് വർസി, റാണി മുഖർജി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം സിദ്ധാർത്ഥ് ആനന്ദ് ആണ് സംവിധാനം ചെയ്യുന്നത്. മുംബൈ, വാർസോ, ജിഡാൻസ്ക്, കേപ്ടൗൺ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയ്ക്ക് അനിരുദ്ധ് രവിചന്ദറും സച്ചിൻ-ജിഗറും ചേർന്നാണ് സംഗീതം ഒരുക്കുന്നത്.
Actor Abhishek Bachchan reflected on his 26-year journey in Bollywood, saying he has gained clarity and confidence about the roles he wants to choose. He also stated that he has never felt jealous of other actors' success and remains focused on improving his own craft.