Entertainment News

'എന്റെ വഞ്ചിയില്‍ ദ്വാരങ്ങള്‍ വീണു തുടങ്ങി, എത്ര കാലം ഇങ്ങനെ തുഴയാന്‍ പറ്റും...' മരണത്തെയും സരസമാക്കിയ സലിം കുമാര്‍

വിവാഹമായാലും മരണമായാലും ഒരു മനുഷ്യന്റെ ജീവിതത്തിലെ എല്ലാ അവസ്ഥയിലും ഒരു സലിം കുമാര്‍ തമാശ ഉണ്ടാകും

Entertainment Desk

'ആയുസ്സിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല... എന്റെ വഞ്ചിയില്‍ ദ്വാരങ്ങള്‍ വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാന്‍ യാത്ര തുടരുകയാണ് എനിക്ക് എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാന്‍ പറ്റും എന്നറിയില്ല....' 55-ാം പിറന്നാള്‍ ദിനത്തിലായിരുന്നു സലിം കുമാര്‍ ഇത്തരം ഒരു പ്രതികരണം നടത്തിയത്.

സ്വന്തം ജന്മദിനത്തില്‍, തന്റെ ആരോഗ്യസ്ഥിതിയെ ഇത്രയും സരസമായി പറയാന്‍ കഴിയുന്ന ഒരാള്‍... സലീം കുമാര്‍... മലയാള സിനിമയില്‍ ആയാള്‍ ചെയ്തുവച്ച തമാശകളെ പോലെ, സ്വന്തം ജീവിതത്തെയും പറഞ്ഞുവച്ച വ്യക്തിയായിരുന്നു അദ്ദേഹം.

വിവാഹമായാലും മരണമായാലും ഒരു മനുഷ്യന്റെ ജീവിതത്തിലെ എല്ലാ അവസ്ഥയിലും ഒരു സലിം കുമാര്‍ തമാശ ഉണ്ടാകും. കല്യാണ രാമന്‍ എന്ന സിനിമയിലെ ഹിറ്റ് ഡയലോഗ് താന്‍ പ്രത്യേക താത്പര്യം എടുത്ത് സംവിധായകന്‍ ഷാഫിയോട് ചോദിച്ച് വാങ്ങിയതാണെന്ന് സലിം കുമാര്‍ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍... എന്ന ആ ഡയലോഗ് പിന്നീട് മലയാളത്തിലെ കള്‍ട്ടായി മാറി. നിയമം അറിയില്ലെങ്കില്‍ പഠിക്കണം സാറേ.. എന്ന മുന്നറിയിപ്പും മലയാളികളുടെ സംസാരത്തില്‍ പതിവായി. കണ്ണന്‍ സ്രാങ്ക്, പ്യാരി, തബല ഭാസ്‌കരന്‍, ലീലാ കൃഷ്ണനന്‍ അഡ്വ. മുകുന്ദനുണ്ണി, മണവാളന്‍, വടിവാള്‍ പ്രാഞ്ചി അങ്ങനെ പോകുന്നു കഥാപാത്രങ്ങള്‍.

ട്രോളന്‍മാരുടെ ഇഷ്ട കഥാപാത്രങ്ങളാണ് സലീം കുമാര്‍ ചെയ്തുവച്ച വേഷങ്ങള്‍. എന്തും പറയാന്‍, എന്തും ചെയ്യാന്‍ സലിം കുമാറിന് മലയാളികള്‍ അനുവാദം നല്‍കിയിരുന്നു. അയാള്‍ തമാശ പറഞ്ഞപ്പോള്‍ മലയാളികള്‍ ആര്‍ത്തു ചിരിച്ചു. അയാള്‍ കരഞ്ഞപ്പോള്‍ കൂടെ കരഞ്ഞു. അച്ചന്‍ ഉറങ്ങാത്ത വീടും, ആദാമിന്റെ മകന്‍ അബുവും മലയാളികളില്‍ നൊമ്പരം തീര്‍ത്തു.

നിലപാടുകള്‍ ഉറക്കെ വിളിച്ചുപറയുന്ന സ്വഭാവം പലപ്പോഴും സലീം കുമാറിനെ വാര്‍ത്തകളില്‍ നിറച്ചു. എന്റെ അച്ഛന്‍ കോണ്‍ഗ്രസുകാരന്‍ ആയിരുന്നു, അതുകൊണ്ട് ഞാനും കോണ്‍ഗ്രസാണ് എന്ന് വിളിച്ചു പറഞ്ഞു. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സലീം കുമാര്‍ യുഡിഎഫിനായി സ്വന്തം നാട്ടില്‍ വി ഡി സതീശനായി പ്രചാരണത്തില്‍ ഉണ്ടായിരുന്നു. ആരോഗ്യാവസ്ഥ പരിഗണിക്കാതെയായിരുന്നു അദ്ദേഹം അന്ന് പ്രചാരണത്തിലെത്തിയത്. മുഖ്യമന്ത്രി വി ഡി സതീശന് പറവൂരില്‍ നല്‍കിയ സ്വീകരണമായിരുന്നു സലീം കുമാര്‍ പങ്കെടുത്ത അവസാനത്തെ പൊതു പരിപാടി.

English summary: National Award-winning Malayalam actor and director Salim Kumar passed away on Saturday at the age of 57. He was admitted to a private hospital in Kochi after his health condition worsened and was placed on ventilator support. Salim Kumar had undergone a liver transplant several years ago following liver cirrhosis.

A household name in Kerala, Salim Kumar brought laughter to generations of Malayalees with his unique comic timing, expressive performances and memorable dialogues. While he became one of Malayalam cinema’s most celebrated comedians, he later earned widespread acclaim for his powerful dramatic roles, proving his remarkable versatility as an actor.