Entertainment News

താരങ്ങള്‍ ബോക്സ് ഓഫീസ് വിജയങ്ങള്‍ക്കപ്പുറം ചിന്തിക്കണം, സ്വതന്ത്ര സിനിമകളെ പിന്തുണയ്ക്കണം; ആദില്‍ ഹുസൈന്‍

'ഇതൊരു മനോഹരമായ യാത്രയായിരുന്നു. വീണ്ടും ജനിക്കുകയാണെങ്കില്‍ ഞാന്‍ ഇത് തന്നെ ചെയ്യും. ഞാന്‍ വീണ്ടും വീണ്ടും ഒരു നടനാകും, കാരണം ഈ ഭൂമിയില്‍ അനുഗ്രഹിക്കപ്പെട്ട വ്യക്തികളില്‍ ഒരാളാണ് ഞാന്‍ എന്നാണ് കരുതുന്നത്'

Madism Desk

നാല് പതിറ്റാണ്ടിലേറെയായി താരപദവിയോ ബോക്സ് ഓഫീസ് കണക്കുകളോ നോക്കാതെ അഭിനയരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് ആദില്‍ ഹുസൈന്‍. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട പ്രൊജക്ടുകള്‍ മുതല്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങള്‍ വരെ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ സ്വതന്ത്ര സിനിമകളെ പ്രമുഖ താരങ്ങള്‍ പിന്തുണയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നടനാകാന്‍ വീടുവിട്ടിറങ്ങേണ്ടി വന്ന കഠിനമായ തീരുമാനത്തെക്കുറിച്ചും അഭിനയം തനിക്ക് ജീവിതത്തില്‍ നല്‍കിയ ലക്ഷ്യബോധത്തെക്കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.

അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'മാക്‌സ്, മിനി ഔര്‍ മ്യാവൂസാക്കി' തിയറ്ററുകളില്‍ എത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ചെറിയ സിനിമകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. ഇത്തരം കഥകള്‍ പ്രേക്ഷകരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രമുഖ താരങ്ങള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

താരമൂല്യം സ്വതന്ത്ര സിനിമകളെ സഹായിക്കും

'ഞാന്‍ അടുത്തിടെ 'കടൈസി വ്യവസായി' എന്ന മനോഹരമായ ഒരു തമിഴ് സിനിമ കണ്ടു. വിജയ് സേതുപതി അതില്‍ ചെറിയൊരു വേഷമാണ് ചെയ്തിരിക്കുന്നത്. എങ്കിലും അദ്ദേഹം ആ സിനിമയുടെ ഭാഗമാണ്. 'ദി ട്രീ ഓഫ് ലൈഫ്' എന്ന ചിത്രത്തില്‍ ബ്രാഡ് പിറ്റും ഇതുപോലെ ചെയ്തിട്ടുണ്ട്. നമ്മുടെ പ്രശസ്തരായ താരങ്ങളും അഭിനേതാക്കളും അല്‍പം കൂടി ധൈര്യം കാണിച്ച് ഇത്തരം ചെറിയ സിനിമകളുടെ ഭാഗമാകണം എന്നാണ് എനിക്ക് തോന്നുന്നത്. അവ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സഹായിക്കുക മാത്രമല്ല, അതില്‍ അഭിനയിക്കുകയും വേണം. അങ്ങനെ ചെയ്യാന്‍ കഴിഞ്ഞാല്‍ അത് ചലച്ചിത്ര രംഗത്തെയാകെ മാറ്റിമറിക്കും', ആദില്‍ ഹുസൈന്‍ പറഞ്ഞു.

അഭിനയം ഒരു കരിയറായി തിരഞ്ഞെടുക്കാന്‍ വീടുവിട്ട് ഇറങ്ങേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. അസമില്‍ വളര്‍ന്ന അദ്ദേഹത്തിന് മാതാപിതാക്കളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ സാധിച്ചില്ല. തുടര്‍ന്നാണ് വീടുവിട്ടിറങ്ങുകയെന്ന കടുത്ത തീരുമാനം അദ്ദേഹത്തിന് എടുക്കേണ്ടി വന്നത്. അഭിനയം എന്ന ജോലിക്ക് വലിയ അര്‍ത്ഥമുണ്ടോ എന്ന് ഹുസൈന്‍ തന്നെ സംശയിച്ച ഒരു കാലമുണ്ടായിരുന്നു. 1990-കളുടെ മധ്യത്തില്‍, ഒരു സാമൂഹിക പ്രവര്‍ത്തകനാകുന്നതാണോ സമൂഹത്തിന് കൂടുതല്‍ ഗുണം ചെയ്യുക എന്ന് പോലും അദ്ദേഹം ചിന്തിച്ചിരുന്നു.

'1996-ല്‍ ഞാന്‍ എന്റെ ഗുരുവിന്റെ അടുത്ത് പോയി ചോദിച്ചു, 'എന്തിനാണ് എനിക്ക് ഈ പേരും പ്രശസ്തിയും ലഭിക്കുന്നത്? അഭിനയം സമൂഹത്തിന് എങ്ങനെയാണ് ഗുണം ചെയ്യുന്നത്? ഒരുപക്ഷേ ഞാന്‍ ഒരു സാമൂഹിക പ്രവര്‍ത്തകനാകുകയോ അല്ലെങ്കില്‍ ഒരു എന്‍.ജി.ഒ തുടങ്ങുകയോ ചെയ്യേണ്ടതല്ലേ?'. എന്നാല്‍ അദ്ദേഹം എന്നോട് പറഞ്ഞു, 'നീ പ്രേക്ഷകര്‍ക്ക് നല്‍കുന്നത് ഏറ്റവും അപൂര്‍വമായ ഒരു സമ്മാനമാണ്, അത് സഹാനുഭൂതിയാണ്. നിന്റെ കഥാപാത്രങ്ങളിലൂടെ ആളുകളില്‍ സഹാനുഭൂതി വളര്‍ത്താന്‍ നീ സഹായിക്കുന്നു. നീ ഒരു വില്ലന്‍ വേഷമാണ് ചെയ്യുന്നതെങ്കില്‍ പോലും, ആളുകള്‍ ആ കഥാപാത്രത്തിന്റെ പശ്ചാത്തലം മനസ്സിലാക്കുകയും മറ്റുള്ളവരോട് കൂടുതല്‍ കരുണയോടെ പെരുമാറാന്‍ തുടങ്ങുകയും ചെയ്യുന്നു'. ആ വാക്കുകള്‍ എന്നില്‍ വലിയ സ്വാധീനം ചെലുത്തി. എനിക്ക് സമൂഹത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കാനുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു', ആദില്‍ പറയുന്നു.

'ഇതൊരു മനോഹരമായ യാത്രയായിരുന്നു. വീണ്ടും ജനിക്കുകയാണെങ്കില്‍ ഞാന്‍ ഇത് തന്നെ ചെയ്യും. ഞാന്‍ വീണ്ടും വീണ്ടും ഒരു നടനാകും, കാരണം ഈ ഭൂമിയില്‍ അനുഗ്രഹിക്കപ്പെട്ട വ്യക്തികളില്‍ ഒരാളാണ് ഞാന്‍ എന്നാണ് കരുതുന്നത്. ഞാന്‍ സത്യസന്ധമായി സ്‌നേഹിക്കുന്ന ഒരു കാര്യം ചെയ്യാന്‍ എനിക്ക് സാധിക്കുന്നുണ്ട്. അതിനായി എനിക്ക് ഭക്ഷണം കഴിക്കാതെ പോലും ഇരിക്കാന്‍ കഴിയും. അതിനുപുറമേ എനിക്ക് പണവും ലഭിക്കുന്നുണ്ട്. വലിയ തുകയൊന്നും ലഭിക്കുന്നില്ലെങ്കിലും ജീവിക്കാനുള്ളത് കിട്ടുന്നുണ്ട്. ആളുകളില്‍ നിന്ന് സ്‌നേഹം ലഭിക്കുന്നു, ലോകമെമ്പാടും സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ കഴിയുന്നു, ഇതെല്ലാം എന്റെ ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നു. എന്തുകൊണ്ടാണ് ഞാന്‍ ജീവിച്ചിരിക്കുന്നത്, എന്തുകൊണ്ടാണ് ഈ ഭൂമിയില്‍ നിലനില്‍ക്കുന്നത് എന്ന് ഇത് എന്നോട് പറയുന്നു', ആദില്‍ ഹുസൈന്‍ വ്യക്തമാക്കി.

'രാഷ്ട്രീയമല്ല, കലയാണ് എന്റെ ലക്ഷ്യം'

സാമൂഹികമോ രാഷ്ട്രീയമോ ആയ എല്ലാ വിഷയങ്ങളിലും അഭിനേതാക്കളും പ്രശസ്തരും പ്രതികരിക്കണം എന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. അത്തരം സമ്മര്‍ദ്ദങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് സമ്മതിച്ച അദ്ദേഹം, സമൂഹത്തില്‍ താന്‍ വഹിക്കാന്‍ ആഗ്രഹിക്കുന്ന പങ്കിനെക്കുറിച്ചും വ്യക്തമാക്കി. താനൊരു രാഷ്ട്രീയ പ്രവര്‍ത്തകനോ, രാഷ്ട്രീയക്കാരനോ, സോഷ്യല്‍ സയന്റിസ്റ്റോ അല്ലെന്നും മറിച്ച് അഭിനയത്തിനും കലയുടെ വിശാലമായ ലക്ഷ്യത്തിനുമായി സമര്‍പ്പിക്കപ്പെട്ട വ്യക്തിയാണെന്നും അദ്ദേഹം കരുതുന്നു. ആളുകള്‍ തന്നെ ഒരു രാഷ്ട്രീയ നടനായി കണക്കാക്കിയില്ലെങ്കിലും തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ ഒരു രാഷ്ട്രീയ നടനേ അല്ല. ഞാന്‍ ഒരു കലാകാരന്‍ മാത്രമാണ്. അഭിനയത്തിലൂടെ ഞാന്‍ കല പരിശീലിക്കുന്നു. മനുഷ്യ സമൂഹത്തില്‍ കലയുടെ പങ്കിനെ ഞാന്‍ സ്‌നേഹിക്കുന്നു. അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് ഞാന്‍ ശ്രമിക്കുന്നത്', ആദില്‍ കൂട്ടിച്ചേര്‍ത്തു.

Veteran actor Adil Hussain has urged leading stars to support independent films, saying their involvement can help smaller projects reach wider audiences and transform Indian cinema. Speaking about his latest film Max, Mini Aur Meowzaki, Hussain reflected on leaving home to pursue acting, the life-changing advice from his mentor about art fostering empathy, and why he believes cinema has a meaningful social role. He also clarified that he sees himself as an artist dedicated to the power of storytelling rather than a political figure.