Entertainment News

അജു വർഗീസിന്റെ ചിത്രം വെച്ച് വ്യാജ ലോൺ പരസ്യം; തട്ടിപ്പിൽ വീഴരുതെന്ന് നടന്റെ മുന്നറിയിപ്പ്!

കേരളത്തിൽ എവിടെയായാലും 3 ലക്ഷം വരെ നല്‍കുമെന്ന എന്ന വാഗ്‍ദാനത്തോടെ പ്രചരിക്കുന്ന പരസ്യത്തിനെതിരെയാണ് നടന്റെ നടപടി

Entertainment Desk

അനധികൃതമായി തന്‍റെ ചിത്രം ഉപയോഗിച്ച് പ്രചരിക്കുന്ന ലോൺ പരസ്യത്തിന് മുന്നറിയിപ്പുമായി നടന്‍ അജു വര്‍ഗീസ്. തൻറെ ചിത്രം ഉപയോഗിച്ചുള്ള എ എം ട്രസ്റ്റ് ലോണ്‍ സര്‍വീസസ് എന്ന സ്ഥാപനത്തിന്‍റെ പരസ്യം പങ്കുവെച്ചാണ് അജു വര്‍ഗീസ് സമൂഹ മാധ്യമത്തിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരളത്തിൽ എവിടെയായാലും 3 ലക്ഷം വരെ നല്‍കുമെന്ന എന്ന വാഗ്‍ദാനത്തോടെ പ്രചരിക്കുന്ന പരസ്യത്തില്‍ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന് തോന്നിപ്പിക്കും വിധം നടന്റെ ചിത്രം കാണാം. ഈ പരസ്യവുമായി തനിക്ക് ബന്ധവുമില്ലെന്നും ഇത്തരം വ്യാജ പരസ്യങ്ങളിൽ വിശ്വസിച്ച് സ്വന്തം പണം നഷ്ടപെടുത്തരുതെന്നുമാണ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകിയത്.

അജു വർഗീസിന്റെ കുറിപ്പ്:

എന്റെ അനുമതിയില്ലാതെ ഒരു അനധികൃത ബാങ്കിംഗ് സ്ഥാപനം എന്റെ പേരും ചിത്രവും പ്രമോഷനുകൾക്കായി ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ പരസ്യമായോ സ്ഥാപനമായോ എനിക്ക് യാതൊരു ബന്ധവും ഇല്ല. ദയവായി ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീണ് കഷ്ടപ്പെട്ട് സമ്പാദിച്ച പണം അപകടത്തിലാക്കാതിരിക്കുക,നന്ദി.

കഴിഞ്ഞ ദിവസം ബിഡിഎസ് വിദ്യാര്‍ഥി നിതിന്റെ മരണത്തിൽ 'ഇൻസ്റ്റാ പേ' എന്ന ലോൺ ആപ്പിനെതിരെ ചക്കരക്കൽ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. നിതിനെ ഭീഷണിപ്പെടുത്തി പണം തിരിച്ചടയ്ക്കാൻ പ്രേരിപ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനായിരുന്നു നടപടി. 15,000 രൂപയാണ് നിതിന്‍ വായ്പയായി എടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ ആപ്പില്‍ നിന്ന് സമ്മര്‍ദം ഉണ്ടായിരുന്നു. പിന്നാലെ ലോണ്‍ ആപ്പ് നടത്തിപ്പുകാരായ മൂന്ന് ഇതര സംസ്ഥാന വ്യക്തികളെ കേരള പൊലീസ് പിടികൂടി.

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെത്തുടര്‍ന്ന് കോഴിക്കോട് വടകരയില്‍ നിന്ന് വിഷ്ണു എന്ന യുവാവിനെ കാണാതായതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഏപ്രില്‍ 13 ന് വീട്ടില്‍ നിന്നും കാണാതായ വിഷ്ണുവിനെ പിന്നീട് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തുകയായിരുന്നു.

ഗോള്‍ഡ് ലോണും ബാങ്ക് ലോണും കടന്ന് നിലവില്‍ ലോണ്‍ ആപ്ലിക്കേഷനുകളെയാണ് പുതിയ കാലത്ത് ഇത്തരം അടിയന്തര ഘട്ടങ്ങളില്‍ പലരും ആശ്രയിക്കുന്നത്. എന്നാല്‍ ഈ പ്രവണത മറ്റെന്തിനെക്കാളും നമ്മുടെ ജീവന്‍ വരെ അപഹരിച്ചേക്കാവുന്ന കെണിയാണ്. ഇത്തരം ആപ്ലിക്കേഷനുകള്‍ നടത്തിവരുന്ന ചൂഷണം മൂലം വിവിധ സംസ്ഥാനങ്ങളായി 50ലധികം പേർ ആത്മഹത്യ ചെയ്തതായി കണക്കുകളുണ്ട്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഉള്‍പ്പെടെ വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തിയിരുന്നെങ്കിലും ആപ്പുകള്‍ ഇന്നും നമുക്ക് ചുറ്റും സുലഭമാണ്.

English Summary: Aju Varghese warned the public about a fake loan advertisement using his name and image without consent. He clarified he has no connection with the scheme and urged people not to fall for such scams, amid rising concerns over loan app-related frauds and harassment cases.