Entertainment News

'വി ഹാവ് നോ റോള്‍, ഇനിയെല്ലാം അഡ്ഹോക് സമിതി നോക്കിക്കോളും'; പ്രതികരണവുമായി താരങ്ങൾ

'അഡ്ഹോക് സമിതി' രൂപീകരിച്ചതാണ് അമ്മയിലെ പ്രതിസന്ധികൾക്ക് ആക്കം കൂട്ടിയത്

Kousalya Murugan

താരസംഘടന 'അമ്മ'യില്‍ തര്‍ക്കങ്ങളും ഭിന്നതകളും മറനീക്കി പുറത്തുവരുമ്പോള്‍ അഡ്‌ഹോക് കമ്മിറ്റി വിവാദങ്ങളുടെ കേന്ദ്ര ബിന്ദുവാകുന്നു. ഇനിയുള്ള വിഷയങ്ങള്‍ അഡ്‌ഹോക് കമ്മിറ്റിയുടെ ഉത്തരവാദിത്തമാണെന്നാണ് മുതിര്‍ന്ന താരങ്ങളുടെ നിലപാട്.

ഇനിയുള്ള കാര്യങ്ങളില്‍ അഡ്‌ഹോക് കമ്മിറ്റിയാണ് തീരുമാനിക്കുകയെന്നാണ് മുതിര്‍ന്ന താരം ജഗദീഷ് പ്രതികരിച്ചത്. കമ്മിറ്റിയുടെ ചുമതലയുള്ള രമേഷ് പിഷാരടി, ഗണേഷ് കുമാര്‍ എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും ജഗദീഷ് മാഡിസം ഡിജിറ്റലിനോട് പറഞ്ഞു. "ഇപ്പോള്‍ നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റിയാണ് കാര്യങ്ങള്‍ തീരുമാനീക്കുക, കാര്യങ്ങള്‍ അവര്‍ വിശദീകരിക്കും. വി ഹാവ് നോ റോള്‍. രമേഷ് പിഷാരടിയും ഗണേഷും പറഞ്ഞോളും," ജഗദീഷ് വ്യക്തമാക്കുന്നു.

അഡ്ഹോക് കമ്മിറ്റിയാണ് കാര്യങ്ങൾ തീരുമാനിക്കുക, അവർ പറഞ്ഞോളും കാര്യങ്ങൾ. അതിൽ 'വി ഹാവ് നോ റോൾ'പ്രത്യേകിച്ച് റോളൊന്നുമില്ല. രമേഷ് പിഷാരടിയും ഗണേഷും കാര്യങ്ങൾ പറഞ്ഞോളും
ജഗദീഷ്

താരസംഘടനയിലെ പ്രശ്‌നങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടുകാണുമെന്നാണ് വിഷയത്തില്‍ മാലാ പാര്‍വതി നല്‍കുന്ന പ്രതികരണം. "സംഘടനയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ സാഹചര്യങ്ങള്‍ അഡ്‌ഹോക് കമ്മിറ്റി നോക്കിക്കോളും. നമ്മള്‍ വായ തുറക്കാനില്ല. നിങ്ങള്‍ക്കെല്ലാവര്‍ക്കും മനസ്സിലായിക്കാണണം, മനസ്സിലാവേണ്ടതാണ്. എന്താണ് സംഭവിച്ചതെന്ന് എല്ലാവരും നേരിട്ട് കണ്ടതാണ്, ഞങ്ങള്‍ എന്തു പറയാനാ? അഡ്‌ഹോക് കമ്മിറ്റി പറയും. ഒരാള് നമ്മുടെ നാട് ഭരിക്കുന്ന എം.എല്‍.എയും മറ്റേയാള് നാട് ഭരിച്ചിരുന്ന മന്ത്രിയും ഒക്കെയുള്ള അഡ്‌ഹോക് കമ്മിറ്റിയല്ലേ, അവര്‍ തീരുമാനമെടുക്കട്ടെ, അവരെ ഏല്‍പ്പിച്ചേക്കുവാ ഞങ്ങള്‍," മാലാ പാര്‍വതി പറഞ്ഞു.

അഡ്ഹോക് കമ്മിറ്റി നോക്കിക്കോളും. കാര്യങ്ങളൊക്കെ കഴിഞ്ഞതാ. നമ്മൾ വായ തുറക്കാനില്ല. കാര്യങ്ങളൊക്കെ നിങ്ങൾക്കെല്ലാവർക്കും മനസ്സിലായിക്കാണണം, മനസ്സിലാവേണ്ടതാണ്. എന്താണ് സംഭവിച്ചതെന്ന് നിങ്ങളെല്ലാവരും നേരിട്ടുകണ്ടതാ. ഞങ്ങൾ എന്തു പറയാനാ? നാട് ഭരിക്കുന്ന എം.എൽ.എയും ഭരിച്ചിരുന്ന മന്ത്രിയും ഒക്കെയുള്ള അഡ്ഹോക് കമ്മിറ്റിയല്ലേ? അപ്പൊ അവർ തീരുമാനമെടുക്കട്ടെ, അവരെ ഏൽപ്പിച്ചേക്കുവാ ഞങ്ങൾ
മാലാ പാർവതി

സംഘടനയിലെ പ്രശ്‌നങ്ങളുടെ പേരില്‍ രാജി പ്രഖ്യാപിച്ച ശ്വേത മേനോന്റെ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിരുന്ന കൈലാഷ്, രാജിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നു മാഡിസം ഡിജിറ്റലിനോട് പ്രതികരിച്ചു. ''ഇപ്പോള്‍ തല്‍ക്കാലം രാജി അയച്ചിട്ടേയുള്ളൂ. അപ്പൊ അതിന്റെയൊരു ഇതൊക്കെ വരട്ടെ. എന്നിട്ട് പറയാം,'' എന്നാണ് കൈലാഷിന്റെ നിലപാട്

ഇപ്പൊ തൽക്കാലം രാജി അയച്ചിട്ടേയുള്ളൂ. അപ്പൊ അതിന്റെയൊരു ഇതൊക്കെ വരട്ടെ.

അതേസമയം, അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങള്‍ വ്യാഴാഴ്ച നടത്തിയ പ്രതികരണത്തിന് പിന്നാലെ പരസ്യ പോര് പ്രഖ്യാപിച്ച ശ്വേത മേനോന്‍ ഉള്‍പ്പെട്ടയുള്ളവരുടെ നിലപാടാണ് സാഹചര്യങ്ങള്‍ വീണ്ടും പൊട്ടിത്തെറിയിലെത്തിച്ചത്. മുന്‍ ഭരണസമിതി അംഗങ്ങള്‍ അടിയന്തരമായി ഓണ്‍ലൈന്‍ യോഗം ചേരുകയും അഡ്ഹോക് കമ്മിറ്റിയുടെ നിയമസാധുതയെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ ബൈലോ പ്രകാരം ഇത്തരമൊരു അഡ്ഹോക് സമിതിക്ക് യാതൊരുവിധ നിയമസാധുതയുമില്ലെന്നാണ് ഒരു വിഭാഗം മുന്‍ ഭാരവാഹികളുടെ വിലയിരുത്തല്‍. പുതിയൊരു ഭരണസമിതിയെ ജനാധിപത്യപരമായി തെരഞ്ഞെടുക്കുന്നത് വരെ സംഘടനയുടെ ചുമതല തങ്ങള്‍ക്ക് തന്നെയാണെന്നും ഇവര്‍ വാദിക്കുന്നു.

ഔദ്യോഗികമായി രാജി സമർപ്പിക്കാത്ത ഒരു ഭരണസമിതി നിലനിൽക്കെത്തന്നെ, സംഘടനയുടെ ഭരണഘടനയിലില്ലാത്ത 'അഡ്ഹോക് സമിതി' രൂപീകരിച്ചതാണ് ഈ പ്രതിസന്ധികൾക്ക് ആക്കം കൂട്ടിയത്. നിലവിലെ ഭരണസമിതിയുടെ കാലാവധി കഴിയും മുൻപ് ഇത്തരമൊരു സമിതി പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നടി ശ്വേതാ മേനോൻ ഇപ്പോൾ നിയമനടപടികളിലേക്കു നീങ്ങുകയാണ്. താൻ നിരപരാധിത്വം തെളിയിക്കാതെ പിന്നോട്ടില്ലെന്നും ആരുടെയും കയ്യിലെ പാവയാകാൻ താല്പര്യമില്ലെന്നും അവർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ നിലവിൽ താൽക്കാലികമായി രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയുടെ തീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണ് മലയാള സിനിമാ ലോകം.

The crisis within AMMA continues as several members step down and hand over responsibilities to a newly formed ad-hoc committee. Meanwhile, actress Shweta Menon is considering legal action, questioning the validity of the committee and alleging attempts to control the organization.