

താരസംഘടനയായ 'അമ്മ'യിലെ നിലവിലെ വിവാദങ്ങളിലും തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിലും കടുത്ത പ്രതികരണവുമായി ശ്വേത മേനോൻ. സംഘടനയുടെ നന്മയെക്കരുതിയാണ് ഇത്രയും ദിവസം മൗനം പാലിച്ചതെന്നും എന്നാൽ തന്റെ വ്യക്തിത്വത്തെ നിരന്തരം അധിക്ഷേപിക്കുന്ന സാഹചര്യത്തിൽ നിരപരാധിത്വം തെളിയിക്കാതെ താൻ പടിയിറങ്ങില്ലെന്നും ശ്വേത വ്യക്തമാക്കി. താൻ ജനങ്ങളെ വഞ്ചിച്ചുവെന്നും 'അമ്മ'യെ അനാഥമാക്കിയെന്നുമുള്ള പ്രചാരണങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് അവർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്വേതയുടെ പ്രതികരണം. തന്നെ അമ്മയുടെ പ്രസിഡന്റ് എന്നാണ് ശ്വേത പോസ്റ്റില്‍ വിശേഷിപ്പിക്കുന്നത്.
ജൂൺ 21-ന് നടന്ന 'അമ്മ'യുടെ വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയെ നിർബന്ധിച്ച് രാജി വെപ്പിക്കുക എന്ന മുൻകൂട്ടി നിശ്ചയിച്ച അജണ്ടയുമായാണ് പത്തോ പതിനഞ്ചോ പേരടങ്ങുന്ന ഒരു സംഘം എത്തിയതെന്ന് ശ്വേത മേനോൻ ആരോപിച്ചു. അവർ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് കൃത്യമായ നിയമപരവും വസ്തുതാപരവുമായ മറുപടി തങ്ങളുടെ പക്കലുണ്ടായിരുന്നു.
ജനറൽ ബോഡി മീറ്റിംഗിൽ വിതരണം ചെയ്ത ആക്ഷേപങ്ങളടങ്ങിയ പ്രമേയം നിയമപരമായി പാസ്സായിട്ടില്ലെന്ന് ശ്വേത ചൂണ്ടിക്കാട്ടി. 'അമ്മ'യുടെ ബൈലോ ആർട്ടിക്കിൾ XII(e) പ്രകാരം ഒരു പ്രമേയം പാസ്സാകണമെങ്കിൽ ഹാജരായ 243 അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 162 പേരുടെ പിന്തുണ വേണമായിരുന്നു. എന്നാൽ ആവശ്യമായ പിന്തുണ ലഭിക്കാത്തതിനാൽ ഈ പ്രമേയത്തിന് യാതൊരു നിയമബലവുമില്ല.
അഡ്ഹോക്ക് കമ്മിറ്റി നിയമവിരുദ്ധം
നിലവിൽ രൂപീകരിച്ചിരിക്കുന്ന അഡ്ഹോക്ക് കമ്മിറ്റിക്കെതിരെ ശക്തമായ ചോദ്യങ്ങളാണ് ശ്വേത മേനോൻ ഉന്നയിക്കുന്നത്. 'അമ്മ'യുടെ ബൈലോയിൽ എവിടെയാണ് 'അഡ്ഹോക്ക് കമ്മിറ്റി' എന്നൊരു സംവിധാനമുള്ളത്?, ബൈലോയിൽ ഇല്ലാത്ത ഒരു കമ്മിറ്റി എങ്ങനെയാണ് നിലവിൽ വന്നത്? എന്ന് ശ്വേത ചോദിക്കുന്നു.
"ഒരു കമ്മിറ്റി പൂർണ്ണമായി ഔദ്യോഗികമായി രാജി വെച്ചാൽ, പുതിയ തിരഞ്ഞെടുപ്പ് നടന്ന് അടുത്ത ഭരണസമിതി വരുന്നത് വരെ പഴയ കമ്മിറ്റി തന്നെ ചുമതലയിൽ തുടരണമെന്നാണ് ബൈലോ വ്യക്തമാക്കുന്നത്. മുൻപ് ലാലേട്ടന്റെ (മോഹൻലാൽ) കമ്മിറ്റി രാജിവെച്ചപ്പോഴും ഈ കീഴ്‌വഴക്കമാണ് സ്വീകരിച്ചത്. അങ്ങനെയെങ്കിൽ ഞങ്ങളുടെ കമ്മിറ്റിയോട് മാത്രം എന്തിനാണ് ഈ വിവേചനം?", ശ്വേത ചോദിക്കുന്നു. അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ നിലവിലെ കമ്മിറ്റിക്ക് മാത്രമേ നിയമപരമായ നിലനിൽപ്പുള്ളൂ എന്നും അഡ്ഹോക്ക് കമ്മിറ്റിയെന്ന് അവകാശപ്പെടുന്നവർ അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിട്ടില്ല; കൈനീട്ടം വിതരണം ചെയ്തു
'അമ്മ' ഒരു ചാരിറ്റി സംഘടനയാണെന്നും ഒട്ടനവധി പേർ ഇതിനെ ആശ്രയിച്ചാണ് കഴിയുന്നതെന്നും ശ്വേത മേനോൻ ഓർമ്മിപ്പിച്ചു. എജിഎം കഴിഞ്ഞിട്ടും സംഘടനയുടെ പ്രവർത്തനങ്ങളിൽ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല. ജൂലൈ ഒന്നിന് നൽകേണ്ട കൈനീട്ടം അംഗങ്ങൾക്ക് കൃത്യമായി എത്തിച്ചിട്ടുണ്ടെന്നും, 'സഞ്ജീവിനി', മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയ എല്ലാ കാര്യങ്ങളും നിലവിലെ കമ്മിറ്റി കൃത്യമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും അവർ വ്യക്തമാക്കി. തന്റെ മൗനത്തെ മുതലെടുത്ത് ചില താല്പര്യക്കാരായ വ്യക്തികൾ സംഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്നും, 'അമ്മ'യെ അത്തരം ശക്തികൾക്ക് വിട്ടുകൊടുക്കാൻ താൻ അനുവദിക്കില്ലെന്നും ശക്തമായ ഭാഷയിൽ ശ്വേത മേനോൻ വ്യക്തമാക്കി.
Actor Shweta Menon has strongly responded to the ongoing controversy within the Association of Malayalam Movie Artists (AMMA), stating that she remained silent for the sake of the organisation but will not step down without clearing her name. In a Facebook post, she rejected allegations that she had betrayed the public or abandoned AMMA, calling such claims completely false.