താരസംഘടനയായ 'അമ്മ'യില്‍ തര്‍ക്കങ്ങളും ഭിന്നതകളും പുതിയ തലത്തിലേക്ക്. മുന്‍ ഭരണസമിതി അംഗങ്ങള്‍ അടിയന്തരമായി ഓണ്‍ലൈന്‍ യോഗം ചേരുകയും അഡ്‌ഹോക്ക് കമ്മിറ്റിയുടെ നിയമസാധുതയെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയും ചെയ്തതാണ് പ്രതിസന്ധി വഷളാക്കിയത്. നിലവിലെ ബൈലാ പ്രകാരം ഇത്തരമൊരു അഡ്‌ഹോക്ക് സമിതിക്ക് യാതൊരുവിധ നിയമസാധുതയുമില്ലെന്നാണ് ഒരു വിഭാഗം മുന്‍ ഭാരവാഹികളുടെ വിലയിരുത്തല്‍. പുതിയൊരു ഭരണസമിതിയെ ജനാധിപത്യപരമായി തെരഞ്ഞെടുക്കുന്നത് വരെ സംഘടനയുടെ ചുമതല തങ്ങള്‍ക്ക് തന്നെയാണെന്നും ഇവര്‍ വാദിക്കുന്നു.
ഭാരവാഹികളുടെ കൂട്ടരാജി, കടുത്ത വിമര്‍ശനവുമായി ജോയ് മാത്യു
സൂം മീറ്റിങിന് തൊട്ടുപിന്നാലെ മുന്‍ ഭരണസമിതി അംഗങ്ങളായ ജയന്‍ ചേര്‍ത്തല, കൈലാഷ്, ജോയ് മാത്യു എന്നിവര്‍ തങ്ങളുടെ ഔദ്യോഗിക രാജി സംഘടനയുടെ ഇ-മെയിലിലേക്ക് അയച്ചു. നേരത്തെ രാജി പ്രഖ്യാപിച്ചിരുന്നെങ്കിലും, അഡ്‌ഹോക്ക് സമിതി രൂപീകരണവുമായി ബന്ധപ്പെട്ട് തര്‍ക്കം മുറുകിയ പശ്ചാത്തലത്തിലാണ് ഇവര്‍ രാജിയില്‍ ഉറച്ചുനിന്ന് ഔദ്യോഗികമായി കത്ത് നല്‍കിയത്. സംഘടന ഇന്ന് പൊതുജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരായിത്തീര്‍ന്നതിന്റെ പ്രധാന കാരണം താനടക്കമുള്ള പുതിയ ഭരണസമിതിയുടെ പിടിപ്പുകേടാണെന്ന് നടന്‍ ജോയ് മാത്യു തന്റെ രാജിക്കത്തില്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. നിര്‍വാഹകസമിതി അംഗങ്ങള്‍ക്കിടയില്‍ ജനാധിപത്യബോധമോ പരസ്പര ബഹുമാനമോ ഇല്ലെന്നും അദ്ദേഹം കത്തില്‍ തുറന്നടിച്ചു. അതേസമയം, മുന്‍ ഭാരവാഹികളായ ലക്ഷ്മിപ്രിയ, ഉണ്ണി ശിവപാല്‍ എന്നിവര്‍ ഈ സൂം മീറ്റിംഗില്‍ പങ്കെടുത്തതുമില്ല.
നിലപാട് മാറ്റി ശ്വേതാ മേനോന്‍; സംഘടനയ്ക്കുള്ളില്‍ അമര്‍ഷം
വിവാദങ്ങള്‍ക്കിടെ 'അമ്മ'യില്‍ നിന്ന് രാജിവെക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ശ്വേതാ മേനോന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് സംഘടനയ്ക്കുള്ളില്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ്. നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ലെന്നാണ് അവര്‍ വ്യക്തമാക്കിയത്. താന്‍ ജനങ്ങളെ വഞ്ചിച്ചുവെന്നും അമ്മയെ അനാഥമാക്കി എന്നുമുള്ള വിമര്‍ശനങ്ങള്‍ തള്ളിയ ശ്വേത, താന്‍ ആരെയും വഞ്ചിച്ചിട്ടോ സംഘടനയെ അനാഥമാക്കിയിട്ടോ ഇല്ലെന്ന് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, രാജി പ്രഖ്യാപിച്ച ശേഷം ശ്വേതാ മേനോന്‍ നിലപാട് മാറ്റിയത് പൊതുസമൂഹത്തോടുള്ള വഞ്ചനയാണെന്ന തരത്തില്‍ സംഘടനയ്ക്കുള്ളില്‍ നിന്ന് തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ശ്വേത പ്രസിഡന്റായി തുടരുമെന്ന പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെയാണ്, നേരത്തെ പ്രഖ്യാപിച്ച രാജിയില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് വ്യക്തമാക്കി കൈലാഷും ജയന്‍ ചേര്‍ത്തലയും ഔദ്യോഗികമായി ഇമെയില്‍ വഴി രാജി സമര്‍പ്പിച്ചത്.
അവസാന വാക്ക് ജനറല്‍ ബോഡി എന്ന് ഗണേഷ് കുമാര്‍
'അമ്മ'യുടെ അഡ്‌ഹോക്ക് സമിതി യോഗത്തോടെയാണ് തര്‍ക്കങ്ങള്‍ പരസ്യമായത്. അഡ്‌ഹോക്ക് സമിതി കൂടാന്‍ കഴിയില്ലെന്ന് അംഗങ്ങളില്‍ പലരും യോഗത്തില്‍ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, അഡ്‌ഹോക്ക് സമിതിക്ക് നിയമസാധുതയില്ലെന്ന ആരോപണങ്ങള്‍ ഉയരുമ്പോഴും, സംഘടനയുടെ ജനറല്‍ ബോഡി ആണ് എല്ലാ കാര്യങ്ങളിലും അവസാന വാക്കെന്നാണ് കെ.ബി ഗണേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയത്. വരും ദിവസങ്ങളില്‍ ഈ തര്‍ക്കം കോടതിയിലേക്ക് നീങ്ങുമെന്ന സൂചനയാണ് നിലവിലെ സംഭവവികാസങ്ങള്‍ നല്‍കുന്നത്.
A fresh leadership crisis has erupted within the Association of Malayalam Movie Artists (AMMA) after former executive committee members decided to challenge the legality of the newly formed ad hoc committee in court. During an emergency online meeting, a section of former office-bearers argued that the current AMMA bylaws do not permit the formation of such a committee and maintained that the previous executive should continue until a democratically elected committee takes charge.