Entertainment News

‘പുരസ്കാരങ്ങളിലെ സ്വജനപക്ഷപാതം മോദി അവസാനിപ്പിച്ചു’; ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരത്തിന് പിന്നാലെ അനന്ത് നാഗ്

സിനിമാ പുരസ്‌കാരങ്ങൾ കൂടുതൽ ജനാധിപത്യപരമാക്കിയതും മോദിയാണെന്ന് അനന്ത് നാഗ് പറഞ്ഞു.

Entertainment Desk

സിനിമാ പുരസ്‌കാര നിർണയത്തിലെ സ്വജനപക്ഷപാതം പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനിപ്പിച്ചെന്ന് നടൻ അനന്ത് നാഗ്. ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ 2024ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരത്തിന് ബുധനാഴ്ച അനന്ത് നാഗിനെ തിരഞ്ഞെടുത്തിരുന്നു. സിനിമാ പുരസ്‌കാരങ്ങൾ കൂടുതൽ ജനാധിപത്യപരമാക്കിയതും മോദിയാണെന്ന് അനന്ത് നാഗ് പറഞ്ഞു. പുരസ്‌കാര ജേതാവായി പേര് പ്രഖ്യാപിച്ചതിന് പിന്നാലെ പിടിഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‌സിനിമാ പുരസ്‌കാര നിർണയത്തിൽ നേരത്തെ സ്വജനപക്ഷപാതവും പ്രിയപ്പെട്ടവർക്ക് അനുകൂലമായ സമീപനവുമെല്ലാം നിലനിന്നിരുന്നുവെന്നും അത് മോദിയാണ് മാറ്റിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. അർഹരായവരുടെ പേരുകൾ ശുപാർശ ചെയ്യാൻ ആളുകളോട് ആവശ്യപ്പെട്ടത് മോദിയാണെന്നും അതുവഴി പുരസ്‌കാര നിർണയ പ്രക്രിയ ആദ്യമായി പൊതുജനങ്ങളിലേക്ക് കൊണ്ടുവന്നെന്നും അനന്ത് നാഗ് വ്യക്തമാക്കി.

79-ാം വയസിൽ തനിക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇപ്പോഴും ഈ അംഗീകാരത്തിന്റെ സന്തോഷം ഉൾക്കൊള്ളാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുരസ്‌കാരം തന്റെ ജന്മനാടായ കർണാടകയിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു. പുരസ്‌കാരം പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച അനന്ത് നാഗ്, ഈ രാജ്യത്ത് തനിക്ക് ലഭിച്ച അവസരത്തോടും ഏറെ നന്ദിയുണ്ടെന്നും കൂട്ടിച്ചേർത്തു.

അഭിനയരംഗത്ത് 50 വർഷം പൂർത്തിയാക്കിയ അനന്ത് നാഗ് പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുക്കുമോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യാത്ര ചെയ്യുന്നതിനോടുള്ള താൽപര്യക്കുറവും ആരോ​ഗ്യപ്രശ്നങ്ങളുമാണ് ഇതിന് കാരണം. എന്നാൽ ഇത്രയും വലിയ പുരസ്‌കാരം ലഭിച്ച സാഹചര്യത്തിൽ ചടങ്ങിലേക്ക് ക്ഷണിച്ചാൽ പങ്കെടുക്കാതിരിക്കാൻ കഴിയില്ലെന്നും പുരസ്‌കാരം നേരിട്ട് ഏറ്റുവാങ്ങണമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 22ന് ഗുജറാത്തിലെ കെവാഡിയയിൽ നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിലാണ് അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം സമ്മാനിക്കുക.

Veteran Kannada actor Anant Nag, recipient of the 2024 Dadasaheb Phalke Award, credited Prime Minister Narendra Modi with ending nepotism and favouritism in film awards. Nag said he was surprised by the honour and dedicated it to Karnataka. He is expected to receive the award at the National Film Awards ceremony.