Entertainment News

കൊലവെറിയിൽ തുടങ്ങിയ സംഗീതവിപ്ലവം, ഇന്നും അടങ്ങാത്ത തരംഗം! ; അനിരുദ്ധിന്റെ സംഗീതയാത്രയ്ക്ക് 15 വയസ്സ്!

'Why This Kolaveri Di'യിലൂടെ ലോകശ്രദ്ധ നേടിയ തുടക്കം; പിന്നീട് സൂപ്പർതാര ചിത്രങ്ങളുടെയും പാൻ ഇന്ത്യൻ ഹിറ്റുകളുടെയും സംഗീതമുഖമായി മാറിയ അനിരുദ്ധ് രവിചന്ദറിന്റെ 15 വർഷങ്ങൾ

Entertainment Desk

ഒരു വൈറൽ ഗാനത്തിലൂടെ ലോകശ്രദ്ധ നേടിയ തുടക്കം. ഇന്ന് ഇന്ത്യൻ സിനിമയിലെ മുൻനിര സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കുന്ന പദവി. പരീക്ഷണങ്ങളും വ്യത്യസ്തമായ ശബ്ദവിന്യാസങ്ങളും കൊണ്ട് സംഗീതലോകത്ത് സ്വന്തം ഇടം കണ്ടെത്തിയ അനിരുദ്ധ് രവിചന്ദറിന്റെ 15 വർഷങ്ങൾ.

2011 നവംബർ 16. തമിഴ് സംഗീതലോകത്തേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന ഒരു ഗാനം ഇന്റർനെറ്റിൽ തരംഗമായി മാറിയ ദിവസം. 'Why This Kolaveri Di' എന്ന ഗാനത്തിലൂടെ ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ അനിരുദ്ധ് രവിചന്ദറിന് ഇന്ന് ആ ചരിത്രനിമിഷത്തിന്റെ പതിനഞ്ചാം വാർഷികമാണ്. ധനുഷിന്റെ വ്യത്യസ്തമായ ആലാപനവും തമിഴും ഇംഗ്ലീഷും കലർന്ന വരികളും അനിരുദ്ധിന്റെ പുതുമയാർന്ന സംഗീതവുമായിരുന്നു ഗാനത്തിന്റെ കരുത്ത്. ഒരു വൈറൽ ഗാനത്തിൽ ഒതുങ്ങിപ്പോകാതെ ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയ സംഗീതസംവിധായകനായി വളർന്ന അദ്ദേഹത്തിന്റെ യാത്രയുടെ തുടക്കം കൂടിയായിരുന്നു ഇത്.

'3'യിലൂടെ സിനിമയിലേക്ക്

സംഗീതത്തോടുള്ള താൽപര്യം ചെറുപ്പം മുതൽക്കേ ഉണ്ടായിരുന്ന അനിരുദ്ധ് പിയാനോ പരിശീലനവും സംഗീതപഠനവും നടത്തിയിരുന്നു. ചില മ്യുസിക്ക് ട്രൂപ് കളുടെയും, ബാന്റുകളുടെയും ഭാഗമായും പ്രവർത്തിച്ചു. സംവിധായിക ഐശ്വര്യ ആർ. ധനുഷിന്റെ ഷോർട്ട് ഫിലിമുകൾക് സംഗീതം നൽകിയ അനുഭവമാണ് സിനിമയിലേക്കുള്ള വഴിയൊരുക്കിയത്. ധനുഷ് നായകനായ '3'യിലൂടെ 2012-ൽ സ്വതന്ത്ര സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചു. ചിത്രത്തിലെ 'Why This Kolaveri Di' ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ അനിരുദ്ധിന് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല.

ഹിറ്റുകളുടെ തുടർച്ച

'എതിര് നീച്ചൽ', 'വണക്കം ചെന്നൈ' എന്നീ ചിത്രങ്ങളിലൂടെ തന്റെ സംഗീതത്തിലെ വേർസറ്റൈലിറ്റി പ്രകടമാക്കിയ അനിരുദ്ധിന് 2014 നിർണായക വർഷമായി. ധനുഷിന്റെ 'വേലൈ ഇല്ലാ പട്ടധാരി', വിജയ് നായകനായ 'കത്തി' എന്നിവയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും വലിയ ജനപ്രീതി നേടി. തുടർന്ന് 'മാരി', 'നാനും റൗഡി താൻ', 'വേദാളം' തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലെ മുൻനിര സംഗീതസംവിധായകരിലൊരാളായി മാറി അനിരുദ്ധ് രവിചന്ദർ.

സൂപ്പർതാരങ്ങൾക്കൊപ്പം പുതിയ പരീക്ഷണങ്ങൾ

രജനികാന്തിന്റെ 'പേട്ട', 'ദർബാർ', വിജയ്‌യുടെ 'മാസ്റ്റർ', 'ബീസ്റ്റ്', കമൽഹാസന്റെ 'വിക്രം' തുടങ്ങിയ ചിത്രങ്ങളിലൂടെ അനിരുദ്ധിന്റെ സംഗീതം താരങ്ങളുടെ സ്ക്രീൻ സാന്നിധ്യത്തെ എലിവേറ്റ് ചെയ്യുന്ന പ്രധാന ഘടകമായി മാറി. പ്രത്യേകിച്ച് 'വിക്രം' ചിത്രത്തിലെ പശ്ചാത്തലസംഗീതവും 'പത്തല പത്തല' പോലുള്ള ഗാനങ്ങളും അന്നത്തെ വലിയ ഹിറ്റുകളായിരുന്നു 2023-ൽ 'ജയിലർ', 'ലിയോ', ഷാരൂഖ് ഖാന്റെ 'ജവാൻ' എന്നിവയിലൂടെ അനിരുദ്ധിന്റെ സംഗീതം ഭാഷാതിർത്തികൾ മറികടന്നു. ഹിന്ദി സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കടന്നുവരവായിരുന്നു 'ജവാൻ'. വ്യത്യസ്ത സംഗീതശൈലികൾ കൂട്ടിച്ചേർത്ത് ഓരോ ചിത്രത്തിനും അനുയോജ്യമായ ശബ്ദലോകം സൃഷ്ടിക്കാനുള്ള കഴിവാണ് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നത്.

ഗാനങ്ങൾ ഒരുക്കുന്നതിൽ മാത്രമല്ല, പശ്ചാത്തലസംഗീതത്തിലൂടെയും സിനിമയുടെ വൈകാരികതയും താരങ്ങളുടെ സാന്നിധ്യവും ശക്തമാക്കുന്നതിൽ അനിരുദ്ധ് സ്വന്തമായൊരു ശൈലി രൂപപ്പെടുത്തിയിട്ടുണ്ട്. മെലഡികൾ മുതൽ റോക്ക്, ഹിപ്-ഹോപ്പ്, ഇലക്ട്രോണിക് സംഗീതം വരെയുള്ള പരീക്ഷണങ്ങൾ അദ്ദേഹത്തിന്റെ സൃഷ്ടികളിൽ കാണാം.

'Why This Kolaveri Di' പുറത്തിറങ്ങിയിട്ട് പതിനഞ്ച് വർഷം പിന്നിടുമ്പോൾ ആഘോഷിക്കപ്പെടുന്നത് ഒരു ഗാനത്തിന്റെ വിജയം മാത്രമല്ല, മറിച്ച് ആ വിജയത്തെ മറികടന്ന് ഓരോ ഘട്ടത്തിലും സ്വയം പുതുക്കിയെടുത്ത ഒരു സംഗീതസംവിധായകന്റെ വളർച്ച കൂടിയാണ്. തുടക്കത്തിലെ അതേ ഊർജം നിലനിർത്തിക്കൊണ്ട് പുതിയ സംഗീതലോകങ്ങൾ തേടുന്ന അനിരുദ്ധിന്റെ യാത്രയ്ക്ക് ഇനിയും ഏറെ ദൂരം ബാക്കിയുണ്ട്.

Anirudh Ravichander completes 15 years in music, marking the anniversary of his breakthrough song 'Why This Kolaveri Di'. From his debut with 3 to blockbuster soundtracks like Vikram, Jailer, Leo and Jawan, explore the musical journey of the Rockstar who transformed contemporary Indian film music with his distinctive sound and experimentation.