താരസംഘടനയായ 'അമ്മ'യില്‍നിന്ന് രാജിവെച്ചതിന് പിന്നില്‍ ടിനി ടോം ഉള്‍പ്പെടെയുള്ള സംഘത്തിന്‍ കുപ്രചരണവും ഉപദ്രവവുമെന്ന് അൻസിബ ഹസ്സൻ. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹന്‍സിബ ഗുരുതര സ്വഭാവമുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. 'അമ്മ' കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പിലേക്ക് മതസ്ഥാപനങ്ങളെ തിരഞ്ഞെടുക്കരുതെന്ന ധാർമികതയെ വർഗീയ വാദിയാക്കി ചിത്രീകരിക്കാനുള്ള ആയുധമാക്കി മാറ്റിയെന്നും ജിഹാദിയെന്നും ആളുകളെ മതപരിവർത്തനം നടത്താൻ പ്രവർത്തിക്കുന്ന വ്യക്തിയാണെന്നും ടിനി ടോം പ്രചരിപ്പിച്ചുവെന്നും അന്‍സിബ വെളിപ്പെടുത്തി.
എല്ലാ പരിധികളും ലംഘിക്കുന്ന തരത്തിലെ ഉപദ്രവമാണ് ടിനി ടോമിന്റെ നേതൃത്വത്തിൽ നടക്കുന്നത്. അയാൾക്ക് പിന്നിൽ ഒരു സംഘം തന്നെയുണ്ട്. മറ്റൊരു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ നീന കുറിപ്പിനെ ഉപയോഗിച്ച് വ്യാജ പരാതി നൽകുകയും ചെയ്തുവെന്നും അൻസിബ തുറന്നടിച്ചു.
'എന്നെ കുറിച്ച് അവിഹിത കഥകള്‍ പ്രചരിപ്പിക്കുന്നു. ഇതൊന്നും എന്നോടല്ല, മറ്റ് പലരോടും പറഞ്ഞ് എന്റെ ചെവിയിലെത്തും. അത് ഞാന്‍ സഹിച്ചു. ഒരു പെണ്ണിനെ മോശക്കാരിയാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്. ഒരു പെണ്ണിനെ തകര്‍ക്കാന്‍ എളുപ്പം അവിഹിതമാണല്ലോ. അത് പോട്ടെന്ന് വെച്ചു. ഞാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറെ ഉള്‍പ്പെടെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു. ഇത്രയൊക്കെ പറയുന്ന ആളുടെ കൂടെ എങ്ങനെ ജോലി ചെയ്യും. അറപ്പ് തോന്നും', അൻസിബ പറയുന്നു.
അമ്മയുടെ പരിപാടികളിലേക്ക് മതസ്ഥാപനങ്ങൾക്ക് അവസരം നൽകിയാൽ ഭാവിയിൽ സൃഷ്ടിക്കാൻ സാധ്യതയുള്ള പ്രശ്നങ്ങളെ മുൻപിൽ കണ്ടായിരുന്നു ആ തീരുമാനത്തെ എതിർത്തത്. എന്നാൽ അതോടുകൂടി ടിനി ടോം അടക്കമുള്ളവർക്ക് തന്നോട് വിരോധമുണ്ടാവുകയും എല്ലാ പരിധികളെയും ലംഘിച്ച് തൊഴിലിനെ പോലും ബാധിക്കുന്ന തരത്തിൽ ഉപദ്രവിക്കുകയുമാണ്. ടിനി ടോം എക്സിക്യൂട്ടീവ് അംഗമായ നീന കുറിപ്പിനെ കയ്യേറ്റം ചെയ്യാൻ പോലും ശ്രമിച്ചിട്ടുണ്ട്. സ്ത്രീകളോട് വളരെ മോശമായി സംസാരിക്കുന്ന വ്യക്തിയാണ് അയാൾ. നീന കുറിപ്പുമായി ബന്ധപ്പെടുത്തി സൃഷ്ടിച്ച വ്യാജ പരാതിക്ക് പിന്നിലും ടിനി ടോം തന്നെയാണ്. ഇനിയും ഉപദ്രവിക്കുമോ എന്ന ഭയം തന്നെ വേട്ടയാടുന്നുവെന്നും, രാജിയുമായി ബന്ധപ്പെട്ട് കേൾക്കുന്ന അറക്കുന്ന കഥകൾ കാരണം സമാധാനമായി തൊഴിൽ ചെയ്യാൻ പോലും സാധിക്കുന്നില്ലെന്നും അൻസിബ പറഞ്ഞു.
ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നുമുള്ള രാജി സ്വീകരിച്ചതിനെ കുറിച്ചും രാജിയെക്കുറിച്ചും അമ്മയുടെ പ്രസിഡന്റ് ശ്വേതാ മേനോൻ നടത്തിയ പ്രസ്താവനകൾക്ക് വിരുദ്ധമാണ് അൻസിബയുടെ ഇന്നത്തെ പ്രതികരണം. നേരത്തെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് അന്‍സിബ രാജിവെച്ചതെന്നും ഇക്കാര്യത്തില്‍ യാതൊരുവിധ ദുരൂഹതകള്‍ക്കും സാധ്യതയില്ലെന്ന തരത്തിലായിരുന്നു ശ്വേതാ മേനോന്‍ ആദ്യഘട്ടത്തില്‍ പ്രതികരിച്ചത്. എന്നാല്‍ ദൃശ്യം-3 സിനിമയുടെ പ്രമോഷന്‍ വേളയില്‍ ഇത്തരം വിവാദങ്ങളിലേക്ക് കൂടുതല്‍ കടക്കേണ്ടതില്ലെന്ന അന്‍സിബയുടെ തീരുമാനമാണ് ആ ഘട്ടത്തില്‍ പ്രതികരിക്കാതിരിക്കാന്‍ പ്രേരിപ്പിച്ചതെന്നുമാണ് വിവരം. ആരോപണങ്ങളില്‍ ടിനി ടോം ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
English Summary: Ansiba Hassan alleges that Tiny Tom is behind the smear campaign against her and her resignation from AMMA, accusing him of harassment, false allegations, and unethical behavior.