Entertainment News

പുതിയ സിനിമ മാർക്കറ്റിംഗ് രീതികളെ വിമർശിച്ച് ‘ആക്ഷൻ കിംഗ്’ അർജുൻ

പഴയകാല സിനിമ പ്രചാരണവും ഇന്നത്തെ മാർഗങ്ങളും താരതമ്യം ചെയ്ത് അർജുൻ

Entertainment Desk

ഡിജിറ്റല്‍ യുഗത്തിലെ സിനിമ പ്രചാരണ രീതികളെ വിമര്‍ശിച്ച് തമിഴ് നടന്‍ അര്‍ജുന്‍ സര്‍ജ. ഇന്നത്തെ പല പ്രചാര രീതികളും കാണുമ്പോള്‍ വാസ്തവത്തില്‍ ചിരി വരാറുണ്ടെന്നാണ് അര്‍ജുന്റെ പ്രതികരണം. സിനിമയുടെ കളക്ഷന്‍ ഉള്‍പ്പെടെ പ്രചാരണ വിഷയമാക്കുന്നതിനെയും അര്‍ജുന്‍ വിമര്‍ശിച്ചു. ഗലാട്ട പ്ലസ്സിനു നല്‍കിയ അഭിമുഖത്തില്‍ ആണ് പഴയകാല സിനിമ പ്രമോഷനും പുതിയകാല രീതികളെയും താരതമ്യം ചെയ്തത്.

സിനിമയുടെ പ്രദർശനത്തിനും പ്രചാരണ പരിപാടികൾക്കുമായി അനന്ത സാധ്യതകളാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. ഇതൊന്നുമില്ലാതിരുന്ന കാലത്ത് തൊണ്ണൂറുകളിൽ പല ചിത്രങ്ങളും വിജയിപ്പിച്ചവരാണ് നമ്മൾ എന്നായിരുന്നു അർജുൻ നടത്തിയ പ്രതികരണം. പല സ്ഥലങ്ങളിലായി സ്ഥാപിക്കുന്ന പോസ്റ്ററുകളും പ്രസ് മീറ്റുകളുമല്ലാതെ അന്നത്തെ കാലത്ത് വേറെ സാധ്യതകളൊന്നുമില്ല. പരിചിതമായ ചില മുഖങ്ങളുണ്ടാവും അവരോട് ചിത്രത്തിന്റെ റിലീസ് തീയതിയും ബന്ധപ്പെട്ട കാര്യങ്ങളും പറയും. അവർ ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടിയും നൽകും. ഇത്രമാത്രമായിരുന്നു ഒരുകാലത്തെ റിലീസ് പ്രവർത്തനങ്ങളെന്നും അർജുൻ പറഞ്ഞു.

എന്നാൽ, ഇന്ന് കാണുന്ന പല മാർഗ്ഗങ്ങളും കാണുമ്പോൾ വാസ്തവത്തിൽ ചിരി വരാറുണ്ട്. സാധാരണക്കാരായ ആളുകൾ പോലും ചിത്രത്തിന്റെ ദിനം പ്രതിയുള്ള കളക്ഷൻ എത്രയാണെന്ന് എക്‌സിൽ പറയുന്ന കാലഘട്ടമാണ് ഇതെന്നും അർജുൻ പറഞ്ഞു. ഒരാഴ്ചത്തെ കളക്ഷൻ തുകയെല്ലാം ആളുകൾ പറയുന്നുണ്ട്. ഇതെല്ലം എത്രത്തോളം സത്യമെന്ന് പറയാൻ സാധിക്കുമെന്നും അറിയില്ല. പലപ്പോഴും ഇതെല്ലം ചില നയതന്ത്രങ്ങളുടെ ഭാഗമായാണ് അനുഭവപ്പെടാറുള്ളത്. സിനിമയ്ക്കുള്ളിലെ രാഷ്ട്രീയം വളരെ വ്യത്യസ്തമാണെന്നും അർജുൻ കൂട്ടിച്ചേർത്തു

തമിഴ് ചലച്ചിത്ര ലോകത്തെ ശ്രദ്ധേയനായ നടനും നിർമ്മാതാവും സംവിധായകനുമാണ് അർജുൻ സർജ. ആക്ഷൻ സിനിമകളിലൂടെ തന്റേതായ മാർക്ക് സൃഷ്ടിച്ചെടുത്തതിനാൽ തന്നെ മാധ്യമങ്ങളും ആരാധകരും 'ആക്ഷൻ കിംഗ്' എന്ന് വിളിക്കുന്ന താരമാണ് അർജുൻ.150-ലധികം സിനിമകളിൽ അഭിനയിക്കുകയും,11 സിനിമകൾ സംവിധാനം ചെയ്യുകയും നിരവധി സിനിമകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. 'മുതൽവൻ' എന്ന ഹിറ്റ് തമിഴ് ചിത്രത്തിലൂടെ മലയാളത്തിലും മറ്റു ഭാഷകളിലുമായി നിരവധി ആരാധകരെ അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്.

English Summary: Actor Arjun Sarja criticized modern film promotion trends, saying they often seem exaggerated compared to the simple and effective promotional methods of the past.