Entertainment News

'അമ്മാമ ചില്ലറക്കാരിയല്ല, ഒരു ആടുതോമ ലൈനാണ് പക്കാ ലോക്കൽ'; റീൽസിൽനിന്ന് സ്‌ക്രീനിലേക്ക് എത്തിയ ജെൻസീ വൈബ്

ആദ്യമായാണ് ഡോളി ജൂൺ സിനിമയിൽ മുഖം കാണിക്കുന്നത്. ഇൻസ്റ്റഗ്രാം റീൽസിലൂടെയാണ് ഇവർ താരമായത്.

Entertainment Desk

ചിദംബരം സംവിധാനം ചെയ്ത 'ബാലൻ' തിയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ചിത്രത്തിൽ പ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിച്ചിരിക്കുന്നത് ഇൻസ്റ്റഗ്രാമിൽ താരമായ ഡോളി ജൂൺ ആണ്. ബാലനിലെ അമ്മാമ ചില്ലറക്കാരിയല്ല, ഒരു ആടുതോമ ലൈനാണ്. തോക്കുമെടുത്ത് വെടിപൊടിക്കുമ്പോൾ പ്രേക്ഷകർ ചിരിക്കുകയും കൈയടിക്കുകയും ചെയ്യും. എന്നാൽ സിനിമയിൽ മാത്രമല്ല റിയൽ ലൈഫിലും ആളൽപ്പം മാസാണ്.

ആദ്യമായാണ് ഡോളി ജൂൺ സിനിമയിൽ മുഖം കാണിക്കുന്നത്. ഇൻസ്റ്റഗ്രാം റീൽസിലൂടെയാണ് ഇവർ താരമായത്. പേരക്കുട്ടി റിയോ ഇൻസ്റ്റഗ്രാമിൽ അമ്മാമയ്‌ക്കൊപ്പമുള്ള വീഡിയോ ഇടുന്നത് പതിവായിരുന്നു. ജെൻസീ വൈബ് അമ്മാമയെന്നാണ് റീൽസുകൾക്കു താഴെ വരുന്ന മിക്ക കമന്റുകളും.

റിയോയും അമ്മാമയും ഇൻസ്റ്റഗ്രാമിൽ റീൽസിടുക പതിവായിരുന്നു. അമ്മാമ സംസാരിക്കുന്നതും പെരുമാറുന്നതുമെല്ലാം റിയോ കണ്ടന്റാക്കും. ആരെയും കൂസാത്ത ഉശിരൻ വ്യക്തിത്വമാണ് ഡോളി ജൂൺ. റീൽസിൽ സ്വതസിദ്ധമായ ശൈലിയിൽ പേരക്കുട്ടിയെ ചീത്ത വിളിക്കുക വരെ ചെയ്യും. തുടക്കത്തിൽ ചെറിയ റീച്ചുണ്ടായിരുന്ന ഈ അക്കൗണ്ട് പിന്നീട് വലുതായി. അമ്മാമയുടെ സംസാരം കേൾക്കാൻ മാത്രമായി നിരവധി പേർ ഈ അക്കൗണ്ട് തേടിയെത്തി. അമ്മാമയുടെ റീൽസുകൾ ലക്ഷകണക്കിനു ആളുകളിലേക്ക് എത്തി.

ബാലന്റെ കാസ്റ്റിങ് ഡയറക്ടറായ ഗണപതിയാണ് ഡോളി ജൂണിലേക്ക് എത്തുന്നത്. കഥ കേട്ടയുടനെ റിയൽ ലൈഫിലെ ഡോളി ജൂണുമായി ബാലനിലെ അമ്മാമ കഥാപാത്രത്തിനു സാമ്യതയുണ്ടെന്ന് കണ്ടു. ഉടനെ ഇക്കാര്യം ചിദംബരത്തോട് പറഞ്ഞു. ഗണപതിയാണ് സിനിമയെക്കുറിച്ച് പറയാൻ ഡോളി ജൂണിനെയും പേരക്കുട്ടി റിയോയെയും സമീപിച്ചത്.

''ഗണപതിയാണ് എന്റെ റീൽസ് കണ്ട് സിനിമയെ കുറിച്ച് പറയാൻ വന്നത്. എന്റെ പേരക്കുട്ടി ഇടാറുള്ള റീൽസ് കണ്ടാണ് വിളിച്ചത്. അവൻ കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. എല്ലാവരോടും നന്ദി,'' സിനിമ പ്രൊമോഷനിലെ ഡോളി പറഞ്ഞു.

ബാലന്റെ പ്രിവ്യു ഷോ നടക്കുമ്പോൾ ഡോളിയും കൊച്ചിയിലെത്തിയിരുന്നു. പ്രിവ്യു ഷോയ്ക്കുശേഷം ആസിഫ് അലി, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി അടക്കമുള്ള താരങ്ങൾ അമ്മാമയെ വലിയ കരഘോഷത്തോടെയാണ് വരവേറ്റത്. ടൊവിനോ തോമസും ആസിഫ് അലിയും മറ്റു താരങ്ങളും ഡോളി ജൂണിനൊപ്പം ചിത്രങ്ങളെടുത്തു.

പ്രിവ്യു ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഡോളി ജൂൺ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഗണപതിയോടു പറഞ്ഞത്, 'ബാറിൽ പോയി രണ്ട് പെഗ് അടിക്കണം' എന്നാണ്..!

Balan, directed by Chidambaram, is receiving an excellent response from audiences in theatres. One of the film's notable performers is Instagram star Dolly June, who plays the memorable character Ammama. Her role, marked by a bold and fearless attitude reminiscent of iconic mass characters, has become a crowd favorite, drawing laughter and applause during key scenes. Beyond her on-screen presence, Dolly June is also known for her charismatic and confident personality in real life, making her one of the standout attractions of the film.