Entertainment News

ബേസിൽ ജോസഫ് - അല്ലു അർജുൻ ചിത്രം! ഇന്ത്യൻ സിനിമയെ ഞെട്ടിക്കാൻ മലയാളി സംവിധായകന്റെ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ മൂവി

മലയാളത്തില്‍ നിന്ന് മറുഭാഷയില്‍ ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെ മിന്നും വിജയം നേടുകയും രാജ്യശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത സംവിധായകന്‍ പ്രിയദര്‍ശനാണ്

Entertainment Desk

സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിൽ ബെഞ്ച് മാർക്ക് സൃഷ്ടിച്ച ബേസിൽ ജോസഫ് വീണ്ടും ഞെട്ടിക്കാനൊരുങ്ങുന്നു. ടോവിനോ തോമസ് നായകനായ 'മിന്നൽ മുരളി'യുടെ ആഗോള വിജയത്തോടെ പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ബേസിൽ ജോസഫ്, ഒരു സംവിധായകൻ എന്ന നിലയിൽ മാത്രമല്ല, അസാമാന്യ പ്രകടനം കാഴ്ചവെക്കുന്ന ഒരു മികച്ച അഭിനേതാവ് കൂടിയാണെന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. 'മിന്നല്‍ മുരളി'ക്ക് ശേഷം അഞ്ച് വര്‍ഷം പിന്നിടുമ്പോഴും അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ സിനിമകളൊന്നും വരാത്തതിൽ ആരാധകർക്ക് വലിയ നിരാശയുണ്ട്. എന്നാൽ തന്റെ ആരാധകർക്ക് ഇരട്ടി മധുരം നൽകുന്ന സന്തോഷവുമായാണ് ബേസിൽ വരാനിരിക്കുന്നത്.

എന്നാൽ അടുത്ത ചിത്രം തീർച്ചയായും താന്‍ ചെയ്തിട്ടില്ലാത്ത തരത്തിൽ വലിയ കാന്‍വാസില്‍ ആവും ഒരുക്കുകയെന്ന സൂചനകള്‍ നേരത്തെയുണ്ടായിരുന്ന. ഇപ്പോഴിതാ കാത്തിരിപ്പിനൊടുവിൽ പ്രോജക്റ്റിനെക്കുറിച്ച് പുതിയ വിവരം കൂടി പുറത്തെത്തിയിരിക്കുകയാണ്.

സൂപ്പർസ്റ്റാർ അല്ലു അര്‍ജുനെ നായകനാക്കിയാണ് ബേസില്‍ അടുത്ത ചിത്രം ആലോചിക്കുന്നതെന്ന തരത്തിലെ അഭ്യൂഹങ്ങളെ ശരി വെക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ. അല്ലു അര്‍ജുന്‍റെ സഹോദരന്‍ അല്ലു സിരീഷിന്‍റെ പ്രീ വെഡ്ഡിംഗ് റിസപ്ഷനില്‍ ബേസില്‍ ജോസഫ് പങ്കെടുത്ത ചിത്രങ്ങൾ ഏട്ടത്തിയതോടെ ഈ കൂട്ടുകെട്ടിൽ വരാനിരിക്കുന്ന ഹിറ്റിനെ കുറിച്ച് തെലുങ്ക് മാധ്യമങ്ങളിലടക്കം റിപ്പോര്‍ട്ടുകൾ വന്നിരുന്നു.

പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ശരിയാണെങ്കിൽ മെഗാ ബഡ്ജറ്റിലാണ് ചിത്രമൊരുങ്ങുന്നത്. 300 കോടി ബജറ്റിലാവും ചിത്രം ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. മലയാളം സിനിമകളിൽ ഏറ്റവും ബജറ്റ് ഉള്ള ചിത്രമായി കരുതപ്പെടുന്നത് മോഹൻലാൽ ചിത്രമായ 'എമ്പുരാന്‍' ആണ്. 180 കോടിയായിരുന്നു 'എമ്പുരാൻ' ബജറ്റ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

മലയാളത്തിൽ നിന്ന് അന്യഭാഷയിലേക്ക് ചേക്കേറി ഇന്ത്യൻ സിനിമയെ തന്നെ വിസ്മയിപ്പിച്ച ചരിത്രം സംവിധായകൻ പ്രിയദർശന്റേതാണ്. എന്നാൽ ആ റെക്കോർഡുകൾ ബേസിൽ ജോസഫ് തിരുത്തിക്കുറിക്കുമോ എന്ന ആകാംക്ഷയിലാണ് സിനിമാ ലോകം. പ്രിയദർശൻ പോലും ബോളിവുഡിൽ പരീക്ഷിക്കാത്ത അത്ര വലിയ ക്യാൻവാസിലും ബജറ്റിലുമാണ് അല്ലു അർജുൻ - ബേസിൽ ചിത്രം ഒരുങ്ങുന്നത് എന്നതാണ് ഇതിന് പ്രധാന കാരണം. സംവിധാനത്തിന് പുറമെ മികച്ച അഭിനേതാവ് കൂടിയായ ബേസിൽ, ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുമോ എന്നറിയാനും ആരാധകർക്ക് കൗതുകമേറെയാണ്.

അല്ലു അര്‍ജുന്‍റെ കരിയറിലെ 25-ാം ചിത്രമായിരിക്കും ബേസിലിനൊപ്പം ഒരുങ്ങുന്നതെന്ന പ്രത്യേകതയും ഉണ്ട്. തെന്നിന്ത്യയില്‍ ധാരാളം ആരാധകരുണ്ടായിരുന്ന അല്ലു അർജുൻ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയിൽ ആഘോഷിക്കപ്പെട്ടത് 'പുഷ്പ'യുടെ ബോക്സ് ഓഫീസ് ഹിറ്റോട് കൂടിയാണ്. ഒറ്റ ചിത്രത്തിലൂടെയാണ് ഏത് താരത്തിന്‍റെയും സ്വപ്നമായ പാന്‍ ഇന്ത്യന്‍ സ്വീകാര്യതയിലേക്ക് അല്ലു അർജുൻ എത്തിയത്. 'പുഷ്പ' ഫ്രാഞ്ചൈസി നേടിയ തകർപ്പൻ വിജയത്തിന് ശേഷം അദ്ദേഹത്തെ മുന്‍നിര്‍ത്തി ആലോചിക്കുന്ന പ്രോജക്റ്റുകളൊക്കെയും വൻ ബജറ്റിലാണ്.

അവിടേക്കാണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനുമായ ബേസിൽ എത്തുന്നത്. അല്ലു അര്‍ജുന്‍റെ പിതാവ് അല്ലു അരവിന്ദിന്‍റെ ബാനര്‍ ആയ ​ഗീത ആര്‍ട്സ് ആയിരിക്കും ചിത്രം നിർമിക്കുന്നത്. ഇത് യാഥാര്‍ഥ്യമാവുമ്പോള്‍ ഒരു മലയാളി സംവിധായകന്‍ ഇതുവരെ ചെയ്ത ഏറ്റവും വലിയ കാന്‍വാസ് ചിത്രങ്ങളില്‍ ഒന്നായിമാറും ഈ ചിത്രം മാറും.

English Summary: Basil Joseph is reportedly set to direct a mega-budget pan-Indian film starring Allu Arjun. With an estimated ₹300 crore budget, the project could become one of the biggest films ever helmed by a Malayalam director, marking a major milestone in Indian cinema.