ഗിരീഷ് എ ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ് ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. തിയറ്ററുകളിൽ റിലീസ് ചെയ്ത് 18 ദിവസം പിന്നിടുമ്പോൾ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ രണാങ്കണങ്ങളിൽ ഇടംനേടി രണ്ടാമത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയമായി മാറിക്കഴിഞ്ഞു. ആഗോളതലത്തിൽ 270 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിച്ച നായക കഥാപാത്രത്തിനായി ആദ്യം ആലോചിച്ചിരുന്നത് മറ്റ് താരങ്ങളെയായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘മിർച്ചി മലയാളത്തിന്’ നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ എഴുത്തുകാരൻ കിരൺ ജോഷിയും എഡിറ്റർ ആകാശ് ജോസഫ് വർഗീസും ഇക്കാര്യം വ്യക്തമാക്കിയത്.
നിവിൻ പോളിക്ക് മുൻപ് ആസിഫ് അലിയെയും ടൊവിനോ തോമസിനെയുമാണ് ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നതെന്ന് എഡിറ്റർ ആകാശ് ജോസഫ് വർഗീസ് പറഞ്ഞു. "ബെത്‌ലഹേമിന്റെ കഥ ആദ്യം ആസിഫ് ഇക്കയോട് പറഞ്ഞിട്ടുണ്ടായിരുന്നു. ടൊവിനോയോട് നേരിട്ടല്ല, മാനേജരോടോ അങ്ങനെ ആരോടോ ആണ് സംസാരിച്ചത്. കൃത്യമായി എന്താണെന്ന് അറിയില്ലെങ്കിലും ആദ്യഘട്ടത്തിൽ ടൊവിയുടെ മാനേജരോടും പിന്നീട് ആസിഫ് ഇക്കയോടും കഥ പറഞ്ഞിരുന്നു," ആകാശ് വ്യക്തമാക്കി.
തുടക്കത്തിൽ മറ്റൊരു പ്രൊഡക്ഷൻ കമ്പനിക്ക് വേണ്ടിയാണ് ഈ പ്രോജക്ട് ആലോചിച്ചിരുന്നതെന്ന് തിരക്കഥാകൃത്ത് കിരൺ ജോഷി കൂട്ടിച്ചേർത്തു. മൂന്ന്-നാല് വർഷം മുൻപ് തയ്യാറാക്കിയ കഥ പിന്നീട് പല മാറ്റങ്ങളിലൂടെ കടന്നുപോവുകയും ഭാവന സ്റ്റുഡിയോസിന്റെ കൈകളിൽ എത്തുകയുമായിരുന്നു. പ്രൊഡക്ഷൻ ഹൗസ് മാറിയതോടെയാണ് ചിത്രത്തിലെ നായക കഥാപാത്രത്തിലേക്ക് നിവിൻ പോളി എത്തുന്നത്.
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ജനപ്രിയ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി ഒരുക്കിയ ഈ ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഗിരീഷ് എ ഡി - ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിന്റെ ഈ സൂപ്പർഹിറ്റ് ചിത്രം വരും ദിവസങ്ങളിൽ അന്യഭാഷകളിലും പുതിയ ബോക്‌സ് ഓഫീസ് ചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.
Girish A.D.’s Bethlehem Family Unit has become a major box-office success, but Nivin Pauly was not the first choice for its lead role. The makers revealed that Asif Ali and Tovino Thomas were considered before the project eventually reached Nivin after several changes